Tuesday, September 12, 2017 Last Updated 0 Min 32 Sec ago English Edition
Todays E paper
എം.ആര്‍ കൃഷ്ണന്‍
Friday 28 Jul 2017 12.05 PM

ജെ.ഡി.യുവിലെ പ്രശ്‌നം: നഷ്ടം യു.ഡി.എഫിന്; വീരേന്ദ്രകുമാര്‍ തയാറായാല്‍ രാജ്യസഭാസീറ്റ് ഇടതുമുന്നണി നല്‍കും

JDU, LDF, UDF

തിരുവനന്തപുരം: നിതീഷ്‌കുമാറിന്റെ ചതിയോടെ രാജ്യസഭാഗംത്വം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുന്ന എം.പി. വീരേന്ദ്രകുമാര്‍ തയാറായാല്‍ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ ഇടതുമുന്നണി തയാറാകും. ദേശീയതലത്തില്‍ ജെ.ഡി.യുവിലുണ്ടായ പ്രശ്‌നങ്ങള്‍ കേരളത്തില്‍ ആത്യന്തികമായി യു.ഡി.എഫിനാണ് ദോഷം ചെയ്യുക. ജെ.ഡി.യു വിടും എന്ന നിലപാടില്‍ വീരേന്ദ്രകുമാര്‍ ഉറച്ചുനിന്നാല്‍ അത് യു.ഡി.എഫിന് ഒരു രാജ്യസഭാസീറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ജെ.ഡി.യുവിടുന്നുവെന്ന് പറയുമ്പോള്‍ അയോഗ്യത ഒഴിവാക്കാന്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവയ്‌ക്കേണ്ടിവരും. അങ്ങനെ വന്നാല്‍ യു.ഡി.എഫിന് ആ സീറ്റ് നഷ്ടമാകും.

ജെ.ഡി.യുവിടുകയും രാജ്യസഭാംഗമായി തുടരുകയും ചെയ്യാന്‍ നിതീഷ്‌കുമാര്‍ ജെ.ഡി.യു പ്രസിഡന്റായിരിക്കുന്ന സാഹചര്യത്തില്‍ വീരേന്ദ്രകുമാറിന് കഴിയില്ല. അല്ലെങ്കില്‍ പാര്‍ട്ടിയുടെ ദേശീയകൗണ്‍സിലില്‍ നിതീഷ്‌വിരുദ്ധര്‍ക്ക് ഭൂരിപക്ഷം ലഭിക്കണം. അല്ലെങ്കില്‍ ജെ.ഡി.യു വിട്ടാല്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് രാജ്യസഭയിലേക്ക് ഉണ്ടായാല്‍ അത് ഇടതുമുന്നണിക്കായിരിക്കും നേട്ടം. അതേസമയം വീരേന്ദ്രകുമാറിന് രാജ്യസഭാംഗത്വം നിലനിര്‍ത്തണമെങ്കില്‍ കേരളത്തില മുന്നണി മാറേണ്ടിയും വരും.
നിലവില്‍ വീരേന്ദ്രകുമാറും കൂട്ടരും യു.ഡി.എഫിന്റെ ഭാഗമായിതന്നെയാണ് നില്‍ക്കുന്നത്. മുന്നണിമാറ്റം ചര്‍ച്ചയിലില്ലെന്നും അവര്‍ പറയുന്നു.

അതേസമയം ദേശീയമായി കെട്ടുപാടുകള്‍ പൊട്ടിക്കഴിഞ്ഞാല്‍ മുന്നണിമാറ്റത്തിനുള്ള സാദ്ധ്യത വര്‍ദ്ധിക്കും. സംസ്ഥാനനിയമസഭയില്‍പോലും അംഗത്വമില്ലാത്ത പാര്‍ട്ടിക്ക് നിലവിലുള്ള രാജ്യസഭാ സീറ്റും നഷ്ടപ്പെടുത്തുന്നത് ചിന്തിക്കാനാവില്ലെന്നാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെ നിലപാട്. ആ സാഹചര്യത്തില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലും ചില മാറ്റങ്ങള്‍ക്ക് ഈ ദേശീയപ്രതിസന്ധി വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും നഷ്ടം യു.ഡി.എഫിനായിരിക്കും. എന്തായാലും ബി.ജെ.പിയുമായി യോജിച്ച നിതീഷ്‌കുമാറുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് വീരേന്ദ്രകുമാറിന്റെ നിലപാട്. ആ സാഹചര്യത്തില്‍ എന്തായാലും പാര്‍ട്ടി വിടുകയേ മാര്‍ഗ്ഗമുള്ളു. പാര്‍ട്ടിവിട്ട് പഴയ എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ചാലും വേറെ ഏതെങ്കിലും പാര്‍ട്ടി രൂപീകരിച്ചാലും ജെ.ഡി.യുവില്‍ നിതീഷ്‌കുമാറിന് ഭൂരിപക്ഷമുള്ളിടത്തോളം കാലം രാജ്യസഭാംഗത്വത്തില്‍ തുടരാന്‍ വീരേന്ദ്രകുമാറിന് കഴിയില്ല. അത് അദ്ദേഹത്തിന്റെ അയോഗ്യതയിലായിരിക്കും അവസാനിക്കുക. അതുകൊണ്ടുതന്നെ അംഗത്വം രാജിവയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. അത്തരത്തിലുണ്ടായാല്‍ ഇനി രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷത്തിലേറെ സമയമുള്ളതുകൊണ്ടുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകും. നിയമസഭയില്‍ മൃഗീയഭൂരിപക്ഷമുള്ള ഇടതുമുന്നണിക്ക് വളരെ എളുപ്പത്തില്‍ തന്നെ ആ സീറ്റ് കൈയടക്കാനും കഴിയും. അത് യു.ഡി.എഫിനുള്ള നഷ്ടകച്ചവടവുമാകും.

യു.ഡി.എഫിന്റെ ഭാഗമായ എസ്.ജെ.ഡിയുടെ പ്രതിനിധിയായാണ് വീരേന്ദ്രകുമാര്‍ രാജ്യസഭയില്‍ എത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടുണ്ടായ നാണംകെട്ട പരാജയത്തിന് കോണ്‍ഗ്രസ് നല്‍കിയ പാരിതോഷികമായിരുന്നു രാജ്യസഭാംഗത്വം. അതിനുശേഷം വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ജെ.ഡി.യുമായി ലയിച്ച് ഒറ്റപാര്‍ട്ടിയായാണ് നിലകൊണ്ടത്. അതാണ് ഇപ്പോള്‍ യു.ഡി.എഫിനും വീരേന്ദ്രകുമാറിനും തിരിച്ചടിയായിരിക്കുന്നതും.

കേരളത്തില്‍ അടുത്ത രാജ്യസഭാതെരഞ്ഞെടുപ്പ് നടക്കേണ്ടത് 2018ലാണ്. ഇപ്പോഴത്തെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പൊഫ്ര: പി.ജെ. കുര്യന്‍, സി.പി.നാരായണന്‍, ജോയി എബ്രഹാം എന്നിവരുടെ സീറ്റുകളാണ് അപ്പോള്‍ ഒഴിയുന്നത്. വീരേന്ദ്രകുമാറിന് 2022 വരെ കാലാവധിയുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷത്തിലേറെയുള്ളതുകൊണ്ടുതന്നെ വീരേന്ദ്രകുമാര്‍ രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും. നിലവില്‍ നിയമസഭയിലെ കക്ഷിനില അനുസരിച്ച് അത് ഇടതുമുന്നണിക്ക് അനുകൂലമായിരിക്കും. നിതീഷ്‌കുമാറിന്റെ നിലപാടിനോട് യോജിക്കാത്ത വീരേന്ദ്രകുമാറിന് ഒരിക്കലും ജെ.ഡി.യു പ്രതിനിധിയായി രാജ്യസഭയില്‍ തുടരാനും കഴിയില്ല. അത് സഭയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മാത്രമല്ല, അത്തരത്തില്‍ തുടരുകയാണെങ്കില്‍ സഭയില്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കേണ്ട ബാദ്ധ്യതയും അദ്ദേഹത്തിനുണ്ടാകും. അതുകൊണ്ടുതന്നെ വീരേന്ദ്രകുമാറും യു.ഡി.എഫും വല്ലാത്ത വെട്ടിലുമാണ്.

മൊത്തത്തില്‍ ഇത് യു.ഡി.എഫിനുണ്ടാക്കുക കനത്ത നഷ്ടമായിരിക്കും. 2018ല്‍ നടക്കുന്ന മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒന്നില്‍ മാത്രമേ അവര്‍ക്ക് വിജയിക്കാന്‍ കഴിയുകയുള്ളു. അതിനിടിയിലാണ് ജെ.ഡി.യുവിലെ പ്രതിസന്ധി മറ്റൊരു ഊരാകുടുക്കുകൂടി സൃഷ്ടിച്ചിരിക്കുന്നത്. ഇത് യു.ഡി.എഫിനെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അതേസമയം രാജ്യസഭാ അംഗത്വം വീണ്ടും ലഭിക്കാന്‍ വീരേന്ദ്രകുമാറിന് മുന്നില്‍ മറ്റുവഴികളുമുണ്ട്. ഏറെ നാളായി നടക്കുന്ന ഇടതുമുന്നണി പ്രവേശനം ആണ് അതിന്റെ ഏറ്റവും പ്രധാനമാര്‍ഗ്ഗം. എന്തായാലും എന്നായാലും തങ്ങള്‍ക്ക് ഇടതുമുന്നണിയിലേക്ക് മടങ്ങിപ്പോയേ മതിയാകൂവെന്നാണ് ജെ.ഡി.യുവിലെ ഒരുവിഭാഗം പറയുന്നത്. അത് നേരത്തെയായാല്‍ ഒരു സീറ്റ് സംരക്ഷിക്കുകയും അതോടൊപ്പം അണികള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെതന്നെ വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്‍കാമെന്ന തരത്തിലുള്ള ചില ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ നടന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ നിര്‍ണ്ണായകമായ പല രാഷ്ട്രീയമാറ്റങ്ങളും കേരളത്തിലെ മുന്നണികളിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Ads by Google
Advertisement
LATEST NEWS
TRENDING NOW