Saturday, June 16, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 02.02 AM

റിമി ടോമിയുടെ മൊഴിയെടുത്തു; സംഭവവുമായി ബന്ധമില്ലെന്നു റിമി

Rimi Tomy,

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ പ്രത്യേക അന്വേഷണസംഘം ഗായികയും നടിയും ടിവി അവതാരകയുമായ റിമി ടോമിയുടെ മൊഴിയെടുത്തു. ഫോണിലൂടെയാണ്‌ പോലീസ്‌ റിമിയുമായി സംസാരിച്ചത്‌. വിദേശത്തു പോകരുതെന്ന്‌ റിമിക്കു നിര്‍ദേശം നല്‍കിയെന്നു സൂചനയുണ്ട്‌. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞത്‌ എപ്പോഴാണെന്നും എങ്ങനെയെന്നും പോലീസ്‌ ആരാഞ്ഞു.

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിലെ റിമിയുടെ നീക്കങ്ങളില്‍ പോലീസിനു നേരത്തേ സംശയമുണ്ടായിരുന്നു. ദിലീപും റിമിയും തമ്മില്‍ സാമ്പത്തിക, ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. റിമിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ്‌ രഹസ്യമായി പരിശോധിക്കുകയും ചെയ്‌തു. റിമിയുടെ ശബ്‌ദസാമ്പിള്‍ ശേഖരിക്കാനാണ്‌ പോലീസ്‌ റിമിയെ വിളിച്ചതെന്നും സൂചനയുണ്ട്‌. ഇതു വിശകലനം ചെയ്‌തശേഷം അടുത്ത നടപടിയിലേക്കു കടക്കും.

ദിലീപിന്റെയും കാവ്യയുടെയും അടുത്ത സുഹൃത്താണു റിമി. ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും നേരത്തേ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട്‌ അകന്നു. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ്‌ ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോ, നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതിനു പിന്നാലെ ആരെല്ലാമായി സംസാരിച്ചു, ദിലീപുമായി സംസാരിച്ചിരുന്നോ, വിദേശത്ത്‌ നടത്തിയ താരനിശ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ്‌ റിമിയോടു പോലീസ്‌ സംസാരിച്ചത്‌. സംഭവത്തിനുശേഷം റിമിയും ദിലീപും തമ്മില്‍ സംസാരിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

റിമി നല്‍കിയ മറുപടികള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മൊഴി വിശദമായി പരിശോധിച്ച്‌ വിലയിരുത്തിയതിനു ശേഷം ആവശ്യമെങ്കില്‍ വിളിച്ചുവരുത്താനും ആലോചിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണു പോലീസ്‌ ചെയ്‌തതെന്ന്‌ റിമി ടോമി പറഞ്ഞു. വിദേശ ഷോകള്‍ക്കു പോകരുതെന്നു പോലീസ്‌ പറഞ്ഞിട്ടില്ല. സ്‌റ്റേജ്‌ ഷോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണു ചോദിച്ചത്‌. ഇല്ലാത്ത കാര്യമാണു ഹവാലയും സാമ്പത്തിക ഇടപാടുമെല്ലാം. നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ്‌ അറിഞ്ഞത്‌. തുടര്‍ന്നു കാവ്യയെ ഫോണില്‍ വിളിച്ചിരുന്നെന്നും ആക്രമിക്കപ്പെട്ട നടിക്കു മെസേജ്‌ അയച്ചിരുന്നെന്നും റിമി പറഞ്ഞു.

ഇതില്‍ അസ്വാഭാവികതയില്ല. അമേരിക്കന്‍ ഷോയിലെ കാര്യങ്ങള്‍ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചു. ദിലീപുമായി ബിസിനസ്‌ പങ്കാളിത്തമോ സാമ്പത്തിക ഇടപാടുകളോ ഇല്ല. താനും ഇരയായ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും റിമി വിശദീകരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW