Saturday, November 25, 2017 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 02.02 AM

കോവളം കൊട്ടാരം ആര്‍.പി. ഗ്രൂപ്പിന്‌ , സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരം: വി.എസ്‌.

uploads/news/2017/07/131501/k1.jpg

തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധമായ 4.13 ഹെക്‌ടര്‍ ഭൂമിയും പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്‌ഥതയിലുള്ള ആര്‍.പി. ഗ്രൂപ്പിനു കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്‌ഥാനത്തിലാണു തീരുമാനം.
ഇക്കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടാണ്‌ കൈവശാവകാശം വിട്ടുകൊടുക്കുന്നത്‌.
കൊട്ടാരം വിട്ടുകൊടുക്കുന്നതിനെ എതിര്‍ത്തിരുന്ന സി.പി.ഐയില്‍ നിന്നു മന്ത്രി പി. തിലോത്തമന്‍ മാത്രമാണ്‌ ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്‌. കൊട്ടാരം കൈമാറാനുള്ള സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന്‌ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പ്രതികരിച്ചു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഉടമസ്‌ഥതയിലായിരുന്ന 64.5 ഏക്കര്‍ ഭൂമിയും 1962-ലാണു സര്‍ക്കാര്‍ ഏറ്റെടുത്തത്‌. 1970-ല്‍ കൊട്ടാരവും ഭൂമിയും കേന്ദ്ര സര്‍ക്കാരിന്റെ വിനോദസഞ്ചാര വകുപ്പിനു കൈമാറി. ഐ.ടി.ഡി.സിയുടെ അശോക ബീച്ച്‌ റിസോര്‍ട്ട്‌ 2002 വരെ ഇവിടെ പ്രവര്‍ത്തിച്ചു. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൊട്ടാരവും സ്‌ഥലവും 2002-ല്‍ കേന്ദ്ര സര്‍ക്കാര്‍ ലീല വെന്‍ച്വര്‍ ലിമിറ്റഡിനു വിറ്റു. കൊട്ടാരം പൈതൃക സ്‌മാരകമായി നിലനിര്‍ത്തണമെന്ന രാജകുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ 2004-ല്‍ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിട്ടു. അപ്പോഴേക്കും ഈ വസ്‌തു ലീല വെഞ്ചേഴ്‌സ്‌ ലിമിറ്റഡ്‌ എം.ഫാര്‍ ഗ്രൂപ്പിനു വിറ്റു.
കൊട്ടാരവും ഭൂമിയും ഏറ്റെടുത്തുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ എം.ഫാര്‍ ഗ്രൂപ്പിന്റെ ഹര്‍ജി പരിഗണിച്ച്‌ 2005-ല്‍ ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന്‌ കൊട്ടാരം ഏറ്റെടുക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്നു കണ്ട്‌ 2011-ല്‍ ഹൈക്കോടതി അസാധുവാക്കി. അതിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി കഴിഞ്ഞ വര്‍ഷം നിരസിക്കപ്പെട്ടു. എം.ഫാറില്‍ നിന്നാണ്‌ കൊട്ടാരവും അനുബന്ധ സ്‌ഥലവും ആര്‍.പി. ഗ്രൂപ്പ്‌ ഏറ്റെടുത്തത്‌. ഹൈക്കോടതിവിധി അനുസരിച്ച്‌ കൊട്ടാരവും ഭൂമിയും കൈമാറിക്കിട്ടാത്തതിനെതിരേ ആര്‍.പി. ഗ്രൂപ്പ്‌ കോടതിയലക്ഷ്യത്തിനു ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ട്‌.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമവകുപ്പിന്റെ ഉപദേശം തേടി. സുപ്രീകോടതി പ്രത്യേകാനുമതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അപ്പീലിനു സാധ്യതയില്ലെന്നാണ്‌ നിയമവകുപ്പും അഡ്വക്കേറ്റ്‌ ജനറലും അഭിപ്രായപ്പെട്ടത്‌. ഇതെല്ലാം കണക്കിലെടുത്താണ്‌ വേണ്ടിവന്നാല്‍ കോടതിയില്‍ സിവില്‍ കേസ്‌ ഫയല്‍ ചെയ്യാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട്‌ കൊട്ടാരവും അനുബന്ധ ഭൂമിയും ആര്‍.പി. ഗ്രൂപ്പിനു കൈമാറാന്‍ തീരുമാനിച്ചത്‌.

Ads by Google
Friday 28 Jul 2017 02.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW