Friday, June 22, 2018 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 02.02 AM

വെടിവച്ച്‌ മയക്കിയിട്ടും വരുതിയിലാകാതെ അരിക്കൊമ്പന്‍

Arikomban,

രാജകുമാരി: ശാന്തമ്പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ വെടിവച്ചു മയക്കിയെങ്കിലും കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു.

ആനയിറങ്കല്‍ മുത്തമ്മകോളനിക്കു സമീപം ഇന്നലെ വൈകുന്നേരം നാലരയോടെയാണ്‌ അരിക്കൊമ്പനെ മൂന്നുതവണ മയക്കുവെടി വച്ചത്‌. ഇവിടെയെത്തിച്ച കുങ്കിയാനകളായ കലീം, വെങ്കിടേഷ്‌ എന്നിവയുടെ സഹായത്തോടെ മയക്കുവെടിയേറ്റ അരിക്കൊമ്പനെ പിടികൂടിയെങ്കിലും പൂര്‍ണമായും മയക്കത്തിലായിരുന്നില്ല.

ഈ അവസ്‌ഥയില്‍ ഒറ്റയാനെ വരുതിയില്‍ നിര്‍ത്താനാവില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ ദേഹത്ത്‌ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്‌. തുടര്‍ച്ചയായി രണ്ടുദിവസവും മയക്കുവെടിയേറ്റതിനാലും അരിക്കൊമ്പന്‍ ക്ഷീണിതനായതിനാലും ഇനി ഒരാഴ്‌ച്ചക്കുശേഷം മാത്രമേ ദൗത്യം പുനരാരംഭിക്കുകയുള്ളൂ എന്ന്‌ വനംവകുപ്പ്‌ ഉന്നത ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

ബുധനാഴ്‌ചയും മൂലത്തുറയ്‌ക്കു സമീപംവച്ച്‌ അരിക്കൊമ്പനെ മയക്കുവെടിവച്ചെങ്കിലും രാത്രിയായിട്ടും മയങ്ങി വീഴാത്തതിനാല്‍ പിടികൂടാനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു. മൂലത്തുറയ്‌ക്കു സമീപം ഏലത്തോട്ടത്തില്‍ വന്‍മരത്തില്‍ ചാരിനിന്ന അരികൊമ്പനെ ബുധനാഴ്‌ച്ച രാത്രി മുഴുവന്‍ നിരീക്ഷിക്കാന്‍ വനംവകുപ്പ്‌ സംവിധാനമൊരുക്കിയെങ്കിലും അര്‍ദ്ധരാത്രിക്കുശേഷം എപ്പോഴോ കൊമ്പന്‍ മയക്കം വിട്ടെഴുന്നേറ്റ്‌ പോയി. ഇന്നലെ രാവിലെ മുതല്‍ ആനയെ കണ്ടെത്താന്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ശ്രമം നടത്തി. ഉച്ചയോടെ ആനയിറങ്കല്‍ പുതുപ്പരട്ട്‌ കോളനിക്ക്‌ എതിര്‍വശത്തെ യൂക്കാലിപ്‌സ്‌റ്റ്‌ തോട്ടത്തില്‍ ആനയെ കണ്ടെത്തിയെങ്കിലും വെടിവയ്‌ക്കാനായില്ല.

നൂറിലധികം പേരുള്‍പ്പെടുന്ന വനംവകുപ്പ്‌ സംഘത്തെ കണ്ടതോടെ കാട്ടാന രണ്ടു കിലോമീറ്ററിലധികം അകലെ ആനയിറങ്കല്‍ ജലാശയത്തിനു സമീപത്തെ പച്ചമരമെന്ന സ്‌ഥലത്തെത്തി. എലിഫെന്റ്‌ സ്‌ക്വാഡുള്‍പ്പെടെയുള്ള സംഘം പച്ചമരക്കുടിയിലെത്തിയതോടെ അരിക്കൊമ്പന്‍ മുത്തമ്മകോളനിക്കു സമീപത്തെ വനത്തിലേക്ക്‌ ഓടി. ഇവിടെവച്ചാണു മയക്കു വെടിവച്ചത്‌. മൂന്നു തവണ വെടിവെച്ചശേഷമാണ്‌ ഓട്ടം അവസാനിപ്പിച്ചത്‌. കുങ്കിയാനകള്‍ അരിക്കൊമ്പനെ തട്ടി നീക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മയക്കം വിട്ട്‌ ആന തിരികെ വനത്തിലേക്കു കയറിപ്പോകുമെന്നാണ്‌ ഉദ്യോഗസ്‌ഥരുടെ പ്രതീക്ഷ. അരികൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങുകയാണെങ്കില്‍ ഒരാഴ്‌ച്ചക്കുശേഷം വീണ്ടും ഇതിനെ പിടികൂടാനുള്ള ശ്രമം ആരംഭിക്കും. ഹൈറേഞ്ച്‌ സര്‍ക്കിള്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ ദീപക്‌ മിശ്ര, മൂന്നാര്‍ ഡിഎഫ്‌ഒ നരേന്ദ്രബാബു, വനംവകുപ്പ്‌ സീനിയര്‍ വെറ്റനറി സര്‍ജന്‍ ഡോ. ജയകുമാര്‍, ഡോ.മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌.

Ads by Google
Friday 28 Jul 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW