Tuesday, November 21, 2017 Last Updated 24 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.56 AM

സ്വകാര്യത മൗലികാവകാശമല്ലെന്നു കേന്ദ്രം

uploads/news/2017/07/131474/d2.jpg

ന്യൂഡല്‍ഹി: സ്വകാര്യതയെന്ന അവകാശത്തിന്‌ വിവിധ വശങ്ങളുള്ളതിനാല്‍ അതിനെ മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
സ്വകാര്യതയുടെ എല്ലാതലവും ഒരുപോലെ മൗലികാവകാശമായി കണക്കാക്കാന്‍ ആവില്ലെന്നും വ്യക്‌തമാക്കി. ആധാര്‍കേസില്‍ സ്വകാര്യത മൗലികാവകാശമാണോയെന്ന്‌ പരിശോധിക്കുന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ച്‌ മൂമ്പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ്‌ ഈ വാദമുയര്‍ത്തിയത്‌.
ഇതു മൗലികാവകാശമായി അംഗീകരിച്ചാല്‍ അത്‌ പാവപ്പെട്ടവരുടെ അടിസ്‌ഥാന അവകാശങ്ങള്‍ ഇല്ലായ്‌മ ചെയ്യലാകും. സ്വകാര്യത മൗലികാവകാശമാണെന്ന കാര്യം മറ്റു പല കേസുകളിലും ഉന്നയിക്കാം. എന്നാല്‍, ഈ കേസില്‍ അത്‌ മൗലികാവകാശമാകുന്നില്ലെന്ന്‌ അദ്ദേഹം വാദിച്ചു. സര്‍ക്കാരിന്‌ വേണമെങ്കില്‍ ഒരു സ്‌ത്രീയ്‌ക്ക്‌ എത്ര കുട്ടികള്‍ ഉണ്ടെന്ന വിവരം ആരായാമെന്ന്‌ ഈ ഘട്ടത്തില്‍ കോടതി നിരീക്ഷിച്ചു. എന്നാല്‍, അവര്‍ എത്ര ഗര്‍ഭച്‌ഛിദ്രം നടത്തിയെന്നും വെളിപ്പെടുത്തണമെന്നു നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ അഭിപ്രായപ്പെട്ടു. സ്വകാര്യത മൗലികാവകാശമായി കണക്കാക്കുമ്പോള്‍ തന്നെ അത്‌ സമ്പൂര്‍ണമായ മൗലികാവകാശമല്ലെന്നാണ്‌ സര്‍ക്കാര്‍ വാദിച്ചത്‌. സ്വകാര്യതയെന്ന അവകാശം വിവിധതലങ്ങളുള്ളതാണ്‌. വിവരങ്ങളുടെ സ്വകാര്യത അവകാശമല്ല. അത്‌ മൗലികാവകാശത്തില്‍ വരുന്നതുമല്ല. സാമൂഹിക ക്ഷേമപദ്ധതികള്‍ക്കായി സര്‍ക്കാര്‍ തിരിച്ചറിയല്‍ പദ്ധതികള്‍ ഉപയോഗിക്കുമ്പോള്‍ അതിനെ സ്വകാര്യതയെന്ന അവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അവകാശവാദമുന്നയിക്കാന്‍ കഴിയില്ല. പൊതുവിതരണ സംവിധാനം പോലുള്ള ക്ഷേമപദ്ധതികള്‍, സ്‌കൂള്‍ അഡ്‌മിഷന്‍, മൊബൈല്‍ നമ്പര്‍ പരിശോധന പോലുള്ളവയ്‌ക്കാണ്‌ ആധാര്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.
ആധാറിനെ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെടുത്തണമെന്ന ഡി.പിഴ വാധ്‌വ കമ്മിറ്റിയുടെ ശിപാര്‍ശയ്‌ക്ക് സുപ്രീംകോടതി അംഗീകാരം നല്‍കിയിട്ടുണ്ട്‌. പാവപ്പെട്ടവര്‍ക്ക്‌ കിടപ്പാടം, ഭക്ഷണം നല്‍കല്‍ തുടങ്ങിയ പദ്ധതികള്‍ക്കും ആധാര്‍ ഉപയോഗിക്കുന്നു. ജീവിക്കാനുള്ള അവകാശവും ഭക്ഷണത്തിനുള്ള അവകാശവും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്‌. പാവപ്പെട്ടവരാണ്‌ ഇതിന്റെയെല്ലാം ഗുണഭോക്‌താക്കള്‍. അര്‍ഹരായവരിലേക്ക്‌ തന്നെ ക്ഷേമപദ്ധതികളുടെ ഗുണം എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്‌ ആധാര്‍ നിര്‍ബന്ധമാക്കിയത്‌. പാവപ്പെട്ടവരുടെ മനുഷ്യാവകാശം ഉള്‍പ്പെടെയുള്ള വിവിധ അവകാശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണത്‌. ഈ കേസില്‍ സ്വകാര്യതയെന്ന വിഷയം സ്വാഭാവികമായി കടന്നുവന്നതാണെന്നും സര്‍ക്കാര്‍ വാദിച്ചു.

Ads by Google
Friday 28 Jul 2017 01.56 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW