Saturday, November 25, 2017 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

പി.ടി. ഉഷയ്‌ക്കെതിരേ കേരളാ അത്‌ലറ്റിക്‌ അസോസിയേഷന്റെ രൂക്ഷ വിമര്‍ശനം, 'പൊട്ടന്മാരാക്കാമെന്ന്‌ ഉഷ കരുതരുത്‌ '

uploads/news/2017/07/131426/s2.jpg

കോട്ടയം: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌ മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്‌ കേരളത്തിന്റെ കൗമാര വിസ്‌മയം പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയ്‌ക്കെതിരേ കേരളാ അത്‌ലറ്റിക്‌ അസോസിയേഷന്‍.
സെലക്ഷന്‍ കമ്മിറ്റി ടീം തെരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചത്‌ യഥാസമയം ഉഷ ചൂണ്ടിക്കാട്ടിയില്ലെന്നും സര്‍ക്കാരിന്റെ നിരീക്ഷക എന്ന നിലയിലുള്ള ഉത്തരവാദിത്തം പാലിക്കുന്നതില്‍ ഉഷ പരാജയപ്പെട്ടെന്നും അസോസിയേഷന്‍ ആരോപിച്ചു.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ എക്‌സിക്യൂട്ടീവ്‌ യോഗത്തിലാണ്‌ ഉഷയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്‌. മലയാളികളെ പൊട്ടന്മാരാക്കാമെന്ന്‌ ഉഷ കരുതരുതെന്നും ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ്‌ ദേശീയ അത്‌ലറ്റിക്‌ ഫെഡറേഷനെ അറിയിക്കുമെന്നും കേരളാ അത്‌ലറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.
ടീം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണമെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്ത്യന്‍ ടീമിലേക്ക്‌ സെലക്ഷന്‍ ലഭിച്ച ഉഷയുടെ ശിഷ്യയും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന ദേശീയ ഇന്റര്‍സ്‌റ്റേറ്റ്‌ മീറ്റില്‍ പങ്കെടുത്തിട്ടില്ല. ആ താരത്തിനു സെലക്ഷന്‍ നല്‍കുകയും ചിത്രയെ ഒഴിവാക്കുകയും ചെയ്യുന്നതില്‍ എന്തു നീതിയാണുള്ളതെന്നും ബാബു ചോദിച്ചു.
ഓഗസ്‌റ്റ് നാലുമുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക മീറ്റില്‍ 24 അംഗ ഇന്ത്യന്‍ ടീമാണ്‌ പങ്കെടുക്കുന്നത്‌. ഈ മാസമാദ്യം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വിസ്‌മയിപ്പിച്ച പ്രകടനവുമായി സ്വര്‍ണം നേടിയാണ്‌ ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിന്‌ യോഗ്യത നേടിയത്‌. എന്നാല്‍ ലണ്ടനിലേക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന്‌ ചിത്രയെ ഒഴിവാക്കുകയായിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക്‌ അടിസ്‌ഥാനമാക്കിയാണു ടീമിനെ തെരഞ്ഞെടുത്തതെന്നും പ്രകടന സ്‌ഥിരതയില്ലാത്തതിനാലാണ്‌ ചിത്ര ഒഴിവാക്കപ്പെട്ടതെന്നുമാണ്‌ ഫെഡറേഷന്റെ വിശദീകരണം.
ഇതിനായി ഏഷ്യന്‍ മീറ്റിനു ശേഷം ആന്ധ്രാപ്രദേശിനെ ഗുണ്ടൂരില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ മത്സരഫലങ്ങളാണ്‌ എ.എഫ്‌.ഐ. ഉയര്‍ത്തിക്കാട്ടിയത്‌.
ഭുവനേശ്വറില്‍ 4:17.92 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ചിത്രയ്‌ക്ക് ഗുണ്ടൂരില്‍ 4:28.87 സെക്കന്‍ഡ്‌ സമയം കുറിക്കാനേ കഴിഞ്ഞുള്ളുവെന്നും സ്‌ഥിരതയില്ലാത്തതിന്റെ തെളിവാണിതെന്നും എ.എഫ്‌.ഐ. പറയുന്നു. ഏഷ്യന്‍ മീറ്റില്‍ ലോകകനിലവാരമുള്ള താരങ്ങളോടു മത്സരിച്ചാണ്‌ ചിത്ര മികച്ച സമയം കുറിച്ചതെന്ന കാര്യം എ.എഫ്‌.ഐ. മനപ്പൂര്‍വം മറച്ചുവയ്‌ക്കുകയായിരുന്നു.
ടീമിനെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഉഷയും പങ്കെടുത്തിരുന്നു. തെറ്റായ തീരുമാനത്തിലൂടെ ചിത്രയെ തഴയുമ്പോള്‍ ഉഷ മൗനം പാലിക്കുകയായിരുന്നുവെന്ന്‌ വിമര്‍ശനം ഉയര്‍ന്നതിനേത്തുടര്‍ന്ന്‌ വിശദീകരണവുമായി കഴിഞ്ഞ ദിവസം ഉഷ രംഗത്തു വന്നിരുന്നു.
ടീമില്‍നിന്ന്‌ പി.യു. ചിത്രയെ ഒഴിവാക്കിയതില്‍ ദുഃഖമുണ്ടെന്നു പറഞ്ഞ ഉഷ നിരീക്ഷകരുടെ യോഗത്തില്‍ ചിത്രക്കായി താന്‍ സംസാരിച്ചില്ലെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. എ.എഫ്‌.ഐ. നിയമങ്ങള്‍ അനുസരിച്ചുള്ള യോഗ്യത നിലനിര്‍ത്താന്‍ ചിത്രയ്‌ക്കു കഴിയാതെ പോയെന്നും സെലക്ഷന്‍ കമ്മിറ്റിയുടെ നിയമാവലിയില്‍ ഇടപെടാന്‍ താന്‍ ആരുമല്ലെന്നും ഉഷ പറഞ്ഞിരുന്നു.

Ads by Google
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW