Tuesday, November 21, 2017 Last Updated 26 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ് : റണ്‍മല , വിക്കറ്റ്‌ മഴ

uploads/news/2017/07/131425/s1.jpg

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ ഡ്രൈവിങ്‌ സീറ്റില്‍. ആദ്യം ബാറ്റു ചെയ്‌ത് 600 റണ്‍സ്‌ എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 154 റണ്‍സ്‌ വഴങ്ങി അഞ്ചു ശ്രീലങ്കന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌.
അര്‍ധസെഞ്ചുറി നേടിയ ഏയ്‌ഞ്ചലോ മാത്യൂസും(54 റണ്‍സ്‌) ആറു റണ്‍സുമായി ദില്‍രുവന്‍ പെരേരയുമാണ്‌ ക്രീസില്‍.
രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയ മുഹമ്മദ്‌ ഷമിയും ഓരോ വിക്കറ്റ്‌ വീതം നേടിയ ഉമേഷ്‌ യാദവും അശ്വിനുമാണ്‌ ലങ്കന്‍ മുന്‍നിരയെ തകര്‍ത്തത്‌. ഇന്ന്‌ ശേഷിക്കുന്ന അഞ്ചു വിക്കറ്റുകള്‍ ക്ഷണത്തില്‍ വീഴ്‌ത്താനായാല്‍ ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഇന്ത്യക്കാകും.
നേരത്തെ രണ്ട്‌ സെഞ്ചുറിയും രണ്ട്‌ അര്‍ധസെഞ്ചുറിയും പിറന്ന ഒന്നാമിന്നിങ്‌സിനൊടുവില്‍ ഇന്ത്യ 600 റണ്‍സിനു പുറത്താകുകയായിരുന്നു. ആദ്യദിനം ശിഖര്‍ ധവാനും(190) ചേതേശ്വര്‍ പൂജാരയും(153) സെഞ്ചുറി നേടിയപ്പോള്‍ ഇന്നലെ അജിന്‍ക്യ രഹാനെയും(57) അരങ്ങേറ്റക്കാരന്‍ ഹര്‍ദ്ദിക്‌ പാണ്ഡ്യയും(50) മിന്നുന്ന അര്‍ധസെഞ്ചുറികളുമായി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചു.
രണ്ടാം ദിനം മൂന്നിന്‌ 399 റണ്‍സെന്ന നിലയിലാണ്‌ ഇന്ത്യ ബാറ്റിങ്‌ തുടങ്ങിയ ഇന്ത്യക്ക്‌ പൂജാരയുടെ വിക്കറ്റാണ്‌ ആദ്യം നഷ്‌ടമായത്‌. തലേന്നത്തെ സ്‌കോറായ 141 റണ്‍സിന്റെ കൂടെ 12 റണ്‍സ്‌ കൂടിമാത്രമേ പൂജാരയക്ക്‌ കൂട്ടിച്ചേര്‍ക്കാനായുള്ളു. 265 പന്തില്‍ നിന്ന്‌ 13 ബൗണ്ടറികളോടെയാണ്‌ പൂജാര 153 റണ്‍സെടുത്തത്‌.
പിന്നാലെ രഹാനെയും പുറത്തായി. 130 പന്തില്‍ 57 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. മൂന്നു ബൗണ്ടറികളും ആ ഇന്നിങ്‌സില്‍ ഉള്‍പ്പെടും. തുടര്‍ന്ന്‌ വാലറ്റക്കാരുടെ ഊഴമായിരുന്നു.
രവിചന്ദ്രന്‍ അശ്വിന്‍ 60 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളോടെ 47 റണ്‍സ്‌ നേടിയപ്പോള്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ(16) ക്ഷണത്തില്‍ പുറത്തായി.
ഇതിനു ശേഷമായിരുന്നു പാണ്ഡ്യ ഷോ. തന്റെ അരങ്ങേറ്റ ടെസ്‌റ്റില്‍ ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ക്കുകയായിരുന്നു പാണ്ഡ്യ. 49 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളും മുന്നു സിക്‌സറും സഹിതമാണ്‌ പാണ്ഡ്യ അരങ്ങേറ്റത്തില്‍ത്തന്നെ അര്‍ധസെഞ്ചുറി തികച്ചത്‌.
പത്താമനായി ഇറങ്ങിയ മുഹമ്മദ്‌ ഷമിയും തട്ടുപൊളിപ്പന്‍ ബാറ്റിങ്‌ പുറത്തെടുത്തപ്പോള്‍ ഇന്ത്യ ക്ഷണത്തില്‍ 600ലെത്തി.
30 പന്തില്‍ നിന്ന്‌ മൂന്നു സിക്‌സറുകളുടെ അകമ്പടിയോടെ 30 റണ്‍സാണ്‌ ഷമി നേടിയത്‌. രവീന്ദ്ര ജഡേജ 15 റണ്‍സ്‌ നേടി പുറത്തായപ്പോള്‍ 11 റണ്‍സുമായി ഉമേഷ്‌ യാദവ്‌ പുറത്താകാതെ നിന്നു.
ലങ്കയ്‌ക്കു വേണ്ടി ആറു വിക്കറ്റ്‌ വീഴ്‌ത്തിയ പേസര്‍ നുവാന്‍ പ്രദീപാണ്‌ ബൗളിങ്ങില്‍ തിളങ്ങിയത്‌. ഏറെക്കാലത്തിനു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ പ്രദീപിന്റെ മികച്ച ബൗളിങ്ങിന്‌ മൂന്നു വിക്കറ്റ്‌ നേടി ലാഹിരു കുമാര പിന്തുണ നല്‍കി.
ആദ്യ ദിനം ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിങ്‌സിന്‌ അടിത്തറ നല്‍കിയത്‌ ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും ഇന്നിങ്‌സാണ്‌.
കളിയുടെ തുടക്കത്തില്‍ തന്നെ 12 റണ്‍സെടുത്ത അഭിനവ്‌ മുകുന്ദിനെ നഷ്‌ടപ്പെട്ട ഇന്ത്യക്കായി രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ഒത്തുചേരുകയായിരുന്നു.
ഇരുവരും 253 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്‌. ഇരട്ട സെഞ്ചുറിക്ക്‌ പത്ത്‌ റണ്‍സകലെ വച്ച്‌ ധവാന്‍ പുറത്തായി.
168 പന്തില്‍ 31 ഫോറിന്റെ അകമ്പടിയോടെ 190 റണ്‍സടിച്ച ധവാന്‍ ടെസ്‌റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയാണ്‌ നേടിയത്‌.

Ads by Google
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
TRENDING NOW