Saturday, May 19, 2018 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.29 AM

ആ മരം; ഈ മരം- അറിവിന്റെ മരം

uploads/news/2017/07/131406/bft1.jpg

മരം ഒരു അറിവാണ്‌.
ജ്‌ഞാനത്തിന്റെ വൃക്ഷം.
മരത്തില്‍ മഹാതത്വം ഉറങ്ങുന്നു.
'ആ മരം, ഈ മരം' എന്ന്‌ വൃക്ഷങ്ങളെ നോക്കി ജപിക്കാനാണല്ലോ രത്നാകരന്‍ എന്ന കാട്ടാളനോട്‌ സപ്‌തര്‍ഷികള്‍ പറഞ്ഞത്‌. അങ്ങനെ 'രാമ, രാമ' എന്ന്‌ കീര്‍ത്തനം ചെയ്യാന്‍ പഠിച്ച രത്നാകരന്‍ വാല്‌മീകിയായി പരിണമിച്ചു.
ഇതിഹാസങ്ങളിലെല്ലാം കാടുണ്ട്‌; മരങ്ങളുമുണ്ട്‌.
ആലും മാവും കൂടിച്ചേര്‍ന്നാല്‍ 'ആത്മാവാ'യി! തേന്മാവും മുല്ലവള്ളിയും ഭാര്യാ-ഭര്‍തൃ ബന്ധത്തെ സൂചിപ്പിക്കുന്നു. രാമനും സീതയുമാണിവര്‍. വടവൃക്ഷമാകട്ടെ, പ്രപഞ്ചത്തിന്റെ അടയാളമാകുന്നു.
പനകളും പാലമരങ്ങളും യക്ഷികള്‍ക്കും യക്ഷന്മാര്‍ക്കും ഗന്ധര്‍വന്മാര്‍ക്കുമുള്ളവയാണ്‌. കൂവളം ശിവമയവുംവിരക്‌്തവുമാണ്‌. പൂമരങ്ങളും പുല്‍മേടുകളും നിറഞ്ഞ പഞ്ചവടി യുവമിഥുനങ്ങളുടെ മനസിലെ സ്വപ്‌നരാജ്യംതന്നെ. ലങ്കയിലെ അശോകവനം ശുഭങ്ങളുടെ ഭാവികാലത്തെ സൂചിപ്പിക്കുന്നു.
മരത്തില്‍നിന്ന്‌ മണ്ണിലേക്കും തിരിച്ചും ചാടിക്കളിക്കുന്ന വാനരന്മാര്‍ ക്ഷണപ്രഭാചഞ്ചലമായ മനസിനെക്കുറിക്കുന്നു.
പക്ഷേ, മരങ്ങളെക്കുറിച്ചുള്ള മനനം ഇത്രമാത്രമല്ല.
വന്‍മരത്തണലുകളിലെ ഗുരു-ശിഷ്യ സംവാദങ്ങളിലൂടെയാണ്‌ സംസ്‌കൃതിയുടെ വിത്തുകള്‍ മുളച്ചത്‌. വൃക്ഷശിഖരങ്ങളില്‍നിന്നുള്ള ആദ്യ ചുവടുവയ്‌പില്‍ വാനരന്‍ നരനായി മാറി! ഈ യാത്രയാണ്‌ പരിണാമ ചരിത്രം.
രാമായണത്തില്‍ മാത്രമല്ല, എല്ലാ സദ്‌ചിന്തകളിലും കാട്‌ നിറയുന്നു. വൃക്ഷം ബ്രഹ്‌മമെന്ന്‌ നമ്മള്‍ അറിയുന്നു. മരങ്ങളില്‍ വടവൃക്ഷത്തെയാണ്‌ ഉദാഹരണമായി ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടാറുള്ളത്‌.
ഒരു പട്ടാണിപ്പയറില്‍നിന്നാണല്ലോ ഗ്രിഗര്‍ മെന്‍ഡല്‍ പ്രകൃതിയുടെ വൈവിധ്യത്തിന്റെ രഹസ്യം കണ്ടുപിടിച്ചത്‌! 8023 പയര്‍വിത്തുകളാണ്‌ അദ്ദേഹം ശേഖരിച്ചു പഠിച്ചത്‌!
പയര്‍വിത്തില്‍ ജീനുകളുടെയും ക്രോമസോമുകളുടെയും രഹസ്യമുറങ്ങുന്നുണ്ടായിരുന്നു. ടെസ്‌റ്റ്ട്യൂബിലെ പയര്‍വിത്തില്‍നിന്ന്‌ ജനിതക എന്‍ജിനീയറിങ്‌ ലാബറട്ടറിയിലേക്ക്‌ നമ്മള്‍ വളര്‍ന്നുകഴിഞ്ഞു!
മനുഷ്യനെപ്പോലും ക്ലോണിങ്ങിലൂടെ സൃഷ്‌ടിക്കാനുള്ള സാധ്യതയുടെ തുടക്കം ഒരു പയര്‍വിത്തില്‍നിന്നാണ്‌! ആണവവിഘടനത്തിന്റെ രഹസ്യം കണ്ടെത്തിയതുപോലെ പ്രധാനമായിരുന്നു ഈ കണ്ടുപിടിത്തവും.
പയര്‍വിത്തിന്‌ ഇത്രയൊക്കെ രഹസ്യങ്ങള്‍ ഉള്ളില്‍വയ്‌ക്കാനുള്ള ശക്‌തിയുണ്ടെങ്കില്‍ വടവൃക്ഷത്തിന്റെ വിത്തിന്റെ കാര്യം പറയാനുണ്ടോ? ചെറിയ വിത്തില്‍നിന്ന്‌ ആല്‍മരം ഉണ്ടാകുന്നതുപോലെ മൂലപ്രകൃതിയില്‍നിന്ന്‌ ലോകമുണ്ടായി. 'സംസാരവൃക്ഷം' എന്നാണല്ലോ പറയുന്നത്‌. അണുവിലും അണുവായി ആല്‍മരത്തിന്റെ വിത്തില്‍ മുകുളം നിദ്രകൊള്ളുന്നു.
മുകളിലോട്ടു വേരുകളും താഴോട്ടു ശാഖകളുമുള്ള അരയാലിനെക്കുറിച്ച്‌ ആചാര്യന്മാര്‍ പറയുന്നുണ്ട്‌. നാശമില്ലെന്നു തോന്നിപ്പിക്കുന്ന അരയാലിന്റെ ഇലകളാണ്‌ വേദങ്ങള്‍; വേടുകളാണ്‌ കര്‍മങ്ങള്‍.
'ഊര്‍ദ്ധ്വമൂലമധഃശാഖം
അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദംസി യസ്യ പര്‍ണാനി
യസ്‌തം വേദസ വേദവിത്‌'
എന്ന്‌ ഗീത.

മണ്ണില്‍ വീഴുന്ന ആത്മതത്വത്തിന്റെ വിത്തുമുളച്ചാണ്‌ നാം അനുഭവിക്കുന്ന ലോകം ഉണ്ടാകുന്നത്‌. ഈ മഹാവൃക്ഷത്തെ അറിയുന്നയാളാണ്‌ ജ്‌ഞാനി. പൂക്കുകയും കായ്‌ക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന വൃക്ഷത്തെപ്പോലെയാണ്‌ ജീവിതം. എന്നാല്‍, വൃക്ഷമാണെന്ന ബോധം നമുക്കുണ്ടാകുന്നുമില്ല. രാമായണത്തിലെ ലക്ഷ്‌മണോപദേശത്തിലും ഇക്കാര്യംതന്നെയാണ്‌ മറ്റൊരു രീതിയില്‍ പറയുന്നത്‌.
'ആയുസുപോകുന്നതേതുമറിവീല
മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍'
-എന്നാണ്‌ രാമന്റെ ദര്‍ശനം.

മായാസാഗരതീരത്താണ്‌ സംസാരവൃക്ഷം നിലകൊള്ളുന്നത്‌. ഇത്‌ കല്‍പ്പവൃക്ഷമാണെന്ന്‌ നമ്മള്‍ കരുതും. സത്യത്തില്‍, ചോദിക്കുന്നതെന്തും ആ വൃക്ഷം തരികയില്ല. നമ്മുടെ ഉള്ളിലെ ഇച്‌ഛയ്‌ക്കൊത്താണ്‌ സംസാരവൃക്ഷത്തിലെ ഫലത്തിന്റെ സ്വഭാവം. പാപത്തിന്റെ ഫലവും ആനന്ദത്തിന്റെ ഫലവും നന്മയുടെ പൂക്കളുമൊക്കെ 'ഉള്ളിലിരിപ്പു'പോലെ നമുക്കുകിട്ടുന്നു. കര്‍മഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന ഈ വൃക്ഷം നമ്മുടെ ലോകംതന്നെ.
ഓരോ ജീവകണത്തിനും ലക്ഷ്യമുണ്ടെന്നും ചുമതലയുണ്ടെന്നും വൃക്ഷം നമ്മെ ഓര്‍മിപ്പിക്കുന്നു. കര്‍മങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. നമ്മുടെ വഴി നമ്മള്‍ കണ്ടെത്തുകതന്നെ വേണം. അല്ലെങ്കില്‍ ജീവിതം നിരര്‍ത്ഥകമാകും.
മരത്തിലെ ഇണപ്പക്ഷികളിലൊന്നിനെ കാട്ടാളന്‍ അമ്പെയ്‌തു വീഴ്‌ത്തിയപ്പോള്‍ വാല്‌മീകി 'മാനിഷാദ!' എന്നു ദുഃഖിച്ചു. അദ്ദേഹം നിസഹായനായിരുന്നു. കാലംതന്നെയായിരുന്നല്ലോ വേടന്‍. എങ്കിലും, മഹര്‍ഷിയുടെ ദുഃഖം ആദ്യകാവ്യമായി വിരിഞ്ഞു. ദുഃഖത്തിന്‌ മറ്റൊരു രീതിയില്‍ ഫലമുണ്ടായി. ദുഃഖത്തില്‍ ലക്ഷ്യം സ്വയംഭൂവായി.
കര്‍മഗതിയോര്‍ത്ത്‌ നിസഹായരാവുകയല്ല, പുതിയ വഴി വെട്ടിത്തുറക്കുകയാണ്‌ ധര്‍മം.
വാല്‌മീകി മുതല്‍ മഹാത്മജിവരെ ഈ സത്യം മനസിലാക്കിയവരായിരുന്നു.

Ads by Google
Friday 28 Jul 2017 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW