Friday, June 08, 2018 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 02.58 PM

മദയാനയെ തളച്ച കണ്ണന്‍!

'' മദയാന മധുരയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.കണ്ണില്‍ക്കണ്ടതെല്ലാം പിഴുതെറിഞ്ഞും അടിച്ചു തകര്‍ത്തുമാണ് അവന്റെ മുന്നേറ്റം. നിരവധി മലകളും കൊട്ടാരങ്ങളും വീടുകളും അവന്റെ തലോടലില്‍ തകര്‍ന്നുവീണു.''
uploads/news/2017/07/131239/Weeklypuranam270717.jpg

പരമകൃഷ്ണഭക്തനായിരുന്നു മധുരയിലെ വിക്രമപാണ്ഡ്യ രാജാവ്. ധര്‍മിഷ്ഠനും നീതിമാനും. പോരെങ്കിലോ കാരുരുക്കിന്റെ ശക്തിയും. അതിനാല്‍ മറ്റുള്ള രാജാക്കന്‍മാരെയൊക്കെ വരുതിയിലാക്കാന്‍ വിക്രമപാണ്ഡ്യനു കഴിഞ്ഞു. എന്നാല്‍ വിക്രമപാണ്ഡ്യനെ കൂസാത്ത ഒരു രാജാവുണ്ടായിരുന്നു.

അദ്ദേഹത്തോട് കടുത്ത അസൂയയുമായി കഴിഞ്ഞിരുന്ന ചോളരാജാവ്. എങ്ങനെയും വിക്രമപാണ്ഡ്യനുമേല്‍ വിജയം വരിക്കണം. അതുമാത്രമായിരുന്നു ഊണിലും ഉറക്കത്തിലും ചോളരാജാവിന്റെ ചിന്ത.

പക്ഷേ അതു നേരായ വഴിക്കുനടക്കില്ലെന്ന് മൂപ്പര്‍ക്കും അറിയാം. പിന്നെന്താണൊരു മാര്‍ഗം.? കുറുക്കുവഴി തന്നെ ശരണം.! ചോളരാജാവും അതേ വഴിക്കു നീങ്ങി. മന്ത്രവാദത്തില്‍ വിദഗ്ധരായ ചില ആളുകളുടെ സഹായം ചോളന്‍ തേടി.

ക്ഷപണകന്‍മാരെന്നു പേരുള്ള മന്ത്രവാദികളെയാണ് ചോളരാജാവ് ഇതിനായി തെരഞ്ഞെടുത്തത്. എനിക്ക് എങ്ങനെയും വിക്രമപാണ്ഡ്യനെ തകര്‍ക്കണം. അങ്ങനെയായാല്‍ എനിക്കുള്ള സ്വത്തിന്റെ പാതി ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്... ചോളരാജാവ് അറിയിച്ചു.

എങ്കില്‍പ്പിന്നെ ഞങ്ങള്‍ക്കെന്താ വിരോധം. വിക്രമപാണ്ഡ്യന്‍ തോറ്റു എന്നുതന്നെ കരുതിക്കോളിന്‍.. ക്ഷപണകന്‍മാര്‍ വാക്കും നല്‍കി. ചോളരാജാവിന് സമാധാനമായി. വൈകാതെ ക്ഷപണകന്‍മാര്‍ ജോലി ആരംഭിച്ചു.

മന്ത്രവാദം ! വീരനായ ഒരുത്തനെയാണ് തോല്‍പ്പിക്കേണ്ടിയിരിക്കുന്നത്. അത് ചില്ലറക്കാര്യമല്ല. ക്ഷപണകന്‍മാര്‍ വലിയൊരു ഹോമകുണ്ഡം തീര്‍ത്തു. അതില്‍ അഗ്‌നിപകര്‍ന്ന് ദുര്‍മന്ത്രവാദം തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞതോടെ മന്ത്രത്തിന്റെ ശക്തികൂടി. ഒരു ദിവസം ഹോമകുണ്ഡത്തില്‍നിന്നും കട്ടിയായി പുക ഉയരാന്‍ തുടങ്ങി.

ഹാവൂ.. അതുകണ്ട ചോളരാജാവിന് മനം കുളിര്‍ത്തു. വൈകിയില്ല, പുകച്ചുരുളുകള്‍ക്കിടയില്‍നിന്നും ഒരു മദയാന ഉയര്‍ന്നുവന്നു. മാത്രമോ, അതിന്റെ തുമ്പിക്കൈയില്‍ ഒരു ഇരുമ്പുലക്കയും! ചോളമഹാരാജാവേ.. ഇനി അങ്ങയുടെ നാളുകളാണ്.

എന്തിനേയും തകര്‍ത്തെറിയാന്‍ കഴിവുള്ളവനാണ് ഈ കൊമ്പന്‍.. ക്ഷപണകന്മാര്‍ അറിയിച്ചു. തുമ്പിക്കൈയില്‍ ഇരുമ്പുലക്കയുമായി അപ്പോഴേക്കും മദയാന മധുരയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. കണ്ണില്‍ക്കണ്ടതെല്ലാം പിഴുതെറിഞ്ഞും അടിച്ചു തകര്‍ത്തുമാണ് അവന്റെ മുന്നേറ്റം.

നിരവധി മലകളും കൊട്ടാരങ്ങളും വീടുകളും അവന്റെ തലോടലില്‍ തകര്‍ന്നുവീണു. ഈ വിവരം ചാരന്‍മാര്‍ വിക്രമപാണ്ഡ്യനെ അറിയിച്ചു. പ്രഭോ.. നമ്മെ തകര്‍ക്കുകയാണ് അവന്റെ ലക്ഷ്യം. അവനു പിന്നാലെ ചോളരാജാവും പരിവാരങ്ങളുമുണ്ട്.

എന്തെങ്കിലും ചെയ്‌തേ കഴിയൂ.. എന്തുചെയ്യാന്‍..! ഇനി ഒരു വഴിമാത്രം.! എന്തിനും പരിഹാരം കാണാന്‍ കഴിയുന്ന ഭഗവാനെ അഭയം പ്രാപിക്കുക. വിക്രമപാണ്ഡ്യന്‍ ഭഗവദ്പൂജയില്‍ മുഴൂകി. പരമഭക്തനല്ലേ വിളിക്കുന്നത്. ഭഗവാന് അധികനേരം മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല.

ഒരു ചെറുപുഞ്ചിരിയുമായി കൃഷ്ണന്‍ പ്രത്യക്ഷനായി. ആര്‍ത്തലച്ചുവരുന്ന കൊടുങ്കാറ്റുപോലെയായിരുന്നു മദയാനയുടെ വരവ്. അവന്റെ മുന്നില്‍ പുഞ്ചിരിയുമായി കൃഷ്ണന്‍. മദയാന അടുത്തെത്തിയതും കൃഷ്ണന്‍ അവന്റെ തുമ്പിക്കൈയില്‍ പിടികൂടി.

എന്നിട്ട് ഒറ്റക്കറക്കാണ്..! കൊടുങ്കാറ്റുപോലെ വന്ന മദയാന ഒരു ശലഭംപോലെ അകലേക്കു പറന്നു. അവന്‍ കറങ്ങിച്ചെന്നുവീണത് ഒരു സമതലത്തിലായിരുന്നു. വീണതും മദയാന ഒരു കൂറ്റന്‍ മലയായി മാറി. പില്‍ക്കാലത്ത് അത് ഗജശൈലം എന്ന പേരില്‍ പ്രശസ്തവുമായി.

Ads by Google
Ads by Google
Loading...
TRENDING NOW