Tuesday, December 12, 2017 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.52 AM

പുനര്‍വിന്യസിക്കപ്പെട്ട ഭാഷാധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നു പുറത്താക്കുന്നു

uploads/news/2017/07/131160/k4.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹൈസ്‌കൂളുകളിലെ തൊഴില്‍ നഷ്‌ടപ്പെട്ട ഭാഷാധ്യാപകര്‍ പുനര്‍വിന്യാസത്തില്‍നിന്നു പുറത്ത്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കപ്പെട്ട എയ്‌ഡഡ്‌ സ്‌കൂള്‍ ഭാഷാധ്യാപകരെ പുറത്താക്കാന്‍ പൊതുവിദ്യാഭ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവിട്ടു. പി.എസ്‌.സി. പട്ടികയുണ്ടെങ്കിലും ഇല്ലെങ്കിലും ഇവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കേണ്ടെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. വീണ്ടും പുനര്‍വിന്യസിക്കപ്പെടുന്നതുവരെ ഇവരുടെ ശമ്പളം മുടങ്ങും.
തസ്‌തിക നിര്‍ണയത്തെത്തുടര്‍ന്നു സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിട്ടുള്ള അധിക ഒഴിവുകളില്‍ നിശ്‌ചിത ശതമാനംമാത്രം പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.
കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്നു തൊഴില്‍ നഷ്‌ടപ്പെട്ട അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക്‌ പുനര്‍വിന്യസിച്ചിരുന്നു. പി.എസ്‌.സി. പട്ടിക നിലവിലില്ലാത്ത സ്‌കൂളുകളിലേക്കായിരുന്നു പുനര്‍വിന്യാസം. സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ്‌, മലയാളം ഭാഷാധ്യാപക തസ്‌തികയിലേക്ക്‌ എയ്‌ഡഡ്‌ സ്‌കൂളില്‍നിന്നുള്ളവരെ പുനര്‍വിന്യസിക്കരുതെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിരുന്നു. തങ്ങളുടെ തൊഴിലവസരം നഷ്‌ടപ്പെടുന്നെന്ന്‌ ചൂണ്ടിക്കാട്ടി റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്‌. എന്നാല്‍, തൊഴില്‍ നഷ്‌ടപ്പെട്ട എയ്‌ഡഡ്‌ സ്‌കൂള്‍ ഭാഷാധ്യാപകരെ ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക്‌ പുനര്‍വിന്യസിച്ചു. പി.എസ്‌.സി. പട്ടിക നിലവില്ലാത്ത സ്‌കൂളുകളിലേക്കായിരുന്നു ഈ നിയമനം.
തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ക്കു പുനര്‍വിന്യസിക്കപ്പെടുന്നതുവരെ ശമ്പളം ലഭിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കുന്നുണ്ട്‌. അതിനാല്‍, ഈ വര്‍ഷം തൊഴില്‍ നഷ്‌ടപ്പെടുന്ന എല്ലാ അധ്യാപകരെയും പുനര്‍വിന്യസിക്കാനായി ഭാഷാധ്യാപകരെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്കു താല്‍ക്കാലികമായി നിയമിക്കുകയായിരുന്നു. പരാതിയുയര്‍ന്ന സാഹചര്യത്തിലാണ്‌ ഭാഷാധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്‌.
പി.എസ്‌.സി. വഴി നിയമനം നടക്കാത്തതിനാലാണ്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭാഷാധ്യാപകരുടെ ഒഴിവുണ്ടാകുന്നത്‌.
പി.എസ്‌.സി. പട്ടിക നിലവിലില്ലാത്ത വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ തല്‍ക്കാലികമായി സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിച്ചിട്ടുണ്ടെങ്കില്‍ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിയില്‍ത്തന്നെ ഇവരെ സ്‌കൂളുകളില്‍നിന്നു പിന്‍വലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്‌. പി.എസ്‌.സി. വഴി നിയമനം നടക്കുന്നതുവരെ താമസംവരുത്തരുതെന്നും ഇതില്‍ വ്യക്‌തമാക്കുന്നു. ഇതിനു പുറമെയാണ്‌ തസ്‌തിക നിര്‍ണയത്തിലൂടെയുണ്ടായ അധിക ഒഴിവുകളുടെ നിശ്‌ചിതശതമാനംമാത്രം പി.എസ്‌.സിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ മതിയെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചത്‌. ബാക്കി ഒഴിവുകളില്‍ നിയമനം നല്‍കിയിട്ടുള്ള സംരക്ഷിത അധ്യാപകരെ നിലനിര്‍ത്താനാണ്‌ തീരുമാനം. ചുരുക്കത്തില്‍ 2017-18 അധ്യയന വര്‍ഷം അധികമായുണ്ടായ ഒഴിവുകള്‍ പൂര്‍ണമായും പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്യില്ലെന്ന്‌ ഉറപ്പായി.
പി.എസ്‌.സി. വഴി നിയമനം നടത്തേണ്ട സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒഴിവുകളില്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍നിന്നുള്ള സംരക്ഷിതാധ്യാപകരെ പുനര്‍വിന്യസിക്കുക സര്‍ക്കാരിന്റെ നയമല്ലെന്നു സര്‍ക്കുലറില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

വി.എ. ഗിരീഷ്‌

Ads by Google
Thursday 27 Jul 2017 01.52 AM
YOU MAY BE INTERESTED
TRENDING NOW