Thursday, July 27, 2017 Last Updated 4 Min 31 Sec ago English Edition
Todays E paper
Thursday 27 Jul 2017 01.52 AM

ജയിലില്‍ ദിലീപ്‌ വി.ഐ.പി; അന്വേഷണം തുടങ്ങി

uploads/news/2017/07/131151/k5.jpg

കൊച്ചി: യുവനടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ പ്രതിയായി ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ജയിലില്‍ പ്രത്യേക ഭക്ഷണവും സഹായിയും. ജയില്‍ ജീവനക്കാര്‍ക്കു വേണ്ടി തയാറാക്കുന്ന ഭക്ഷണം അടുക്കളയിലിരുന്നു കഴിക്കാനും അനുവാദം.
മറ്റു തടവുകാര്‍ക്കു നല്‍കുന്നതിനപ്പുറം പരിഗണനകളൊന്നും ദിലീപിനു നല്‍കുന്നില്ലെന്ന അധികൃതരുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ജയില്‍വകുപ്പ്‌ അന്വേഷണം ആരംഭിച്ചു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ താരത്തിനു സൗകര്യമൊരുക്കുന്നതിനു പിന്നില്‍ ചില ജീവനക്കാരാണെന്നാണ്‌ ആക്ഷേപം.
തടവുപുള്ളികള്‍ ഏറ്റവും കുറഞ്ഞ സെല്ലിലാണ്‌ ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്‌. ഏതുസമയത്തും ഫോണ്‍ ചെയ്ായനും മൊബൈല്‍ ഫോണിലൂടെ ഓണ്‍ലൈനുകളില്‍ വരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ച്‌ സെല്ലിലേക്കു മടങ്ങിയതിനു ശേഷം ദിലീപിനെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടുപോയാണ്‌ ഭക്ഷണം നല്‍കുന്നത്‌. സ്‌പെഷല്‍ വിഭവങ്ങളുമുണ്ട്‌.
പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ശാരീരിക ബുദ്ധിമുട്ടുള്ള തടവുകാര്‍ക്കു മാത്രമാണു ജയിലില്‍ സഹായികളെ അനുവദിക്കാറുള്ളത്‌. എന്നാല്‍ തുണി അലക്കല്‍, പാത്രം കഴുകല്‍, ശൗചാലയം വൃത്തിയാക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ജയിലില്‍ ദിലീപിനു സഹായിയുണ്ട്‌. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും കുളിക്കാനും മറ്റും പ്രത്യേക സൗകര്യവും നല്‍കുന്നു. തടവുകാര്‍ ജയില്‍ വളപ്പിലെ ടാങ്കിനു ചുറ്റുംനിന്ന്‌ ഒരുമിച്ചാണു കുളിക്കാറുള്ളത്‌. ഇതിനു പ്രത്യേക സമയവും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. എന്നാല്‍ മറ്റു തടവുപുള്ളികളുടെ കുളിയും മറ്റും കഴിഞ്ഞ്‌ താരത്തിനു പ്രത്യേക സൗകര്യമാണ്‌ അധികൃതര്‍ ഒരുക്കുന്നത്‌.
ദിലീപ്‌ ജയിലിലെത്തി ഏതാനും ദിവസത്തിനുള്ളില്‍ പൊതുഅവധി ദിവസം ഇരട്ടക്കൊലക്കേസിലെ പ്രതി സന്ദര്‍ശനം നടത്തിയത്‌ ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ബന്ധുക്കളല്ലാത്ത ചില വ്യവസായ പ്രമുഖര്‍ക്കും ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. അടുത്ത ബന്ധുക്കളെ ഒഴികെ മറ്റാരെയും സന്ദര്‍ശനത്തിന്‌ അനുവദിക്കരുതെന്ന അന്വേഷണ സംഘത്തിന്റെ നിര്‍ദേശം മറികടന്നായിരുന്നു ജയില്‍ അധികൃതര്‍ പ്രവര്‍ത്തിച്ചത്‌. ഇതിനു പിന്നില്‍ സാമ്പത്തിക ഇടപെടലുകള്‍ ഉണ്ടെന്ന ആക്ഷേപവും ജയില്‍ വകുപ്പ്‌ അന്വേഷിക്കുന്നുണ്ട്‌.

ജയില്‍ സൂപ്രണ്ടിനോട്‌ വിശദീകരണം തേടി

കടുങ്ങല്ലൂര്‍(ആലുവ): അന്വേഷണ സംഘത്തിന്റെ നിര്‍ദേശം മറികടന്നു നടന്‍ ദിലീപിനെ സബ്‌ജയിലില്‍ സന്ദര്‍ശിക്കാന്‍ ബിസിനസ്‌ പങ്കാളിക്ക്‌ അനുമതി നല്‍കിയ ജയില്‍ സൂപ്രണ്ടിനോടു ജയില്‍ വകുപ്പും അന്വേഷണ സംഘവും വിശദീകരണം തേടി. കഴിഞ്ഞ തിങ്കളാഴ്‌ച സഹോദരന്‍ അനൂപ്‌ ദിലീപിനെ ആലുവ സബ്‌ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ദിലീപിന്റെ ബിസിനസ്‌ പങ്കാളിയും ഹോട്ടല്‍ വ്യാവസായിയുമായ ശരത്തും ഒപ്പമുണ്ടായിരുന്നു. ഈ സംഭവം ഇന്നലെ 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണു സൂപ്രണ്ടിനോടു വിശദീകരണം തേടിയത്‌. അടുത്ത ബന്ധുക്കളെ മാത്രമേ ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുവദിക്കൂവെന്ന്‌ അന്വേഷണസംഘം നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണു ശരത്തിനു സബ്‌ജയിലില്‍ പ്രവേശനാനുമതി നല്‍കിയത്‌. രണ്ടാഴ്‌ച മുന്‍പും ഇത്തരത്തില്‍ മറ്റൊരാളെ ദിലീപിനെ കാണാന്‍ അനുവദിച്ചിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ അന്നു ജയില്‍ എ.ഡി.ജി.പി. അന്വേഷണത്തിനു നിര്‍ദേശം നല്‍കി. ജയില്‍ സന്ദര്‍ശക രജിസ്‌റ്റര്‍ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്‌തിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ്‌ പുതിയ വിവാദം. തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്ന ജയില്‍ ഉദ്യോഗസ്‌ഥനെതിരേ വകുപ്പുതല നടപടി ഉണ്ടാകുമെന്നു ഉന്നത ഉദ്യോഗസ്‌ഥന്‍ സൂചിപ്പിച്ചു.

Ads by Google
Thursday 27 Jul 2017 01.52 AM
YOU MAY BE INTERESTED
TRENDING NOW