Thursday, July 27, 2017 Last Updated 21 Min 10 Sec ago English Edition
Todays E paper
Thursday 27 Jul 2017 01.46 AM

സ്വകാര്യത മൗലികാവകാശം, സോപാധികം : കേന്ദ്രം

uploads/news/2017/07/131127/d3.jpg

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്നും എന്നാല്‍ അതു സോപാധികമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
ആധാറുമായി ബന്ധപ്പെട്ട കേസില്‍ സ്വകാര്യത മൗലികാവകാശമാണോ അല്ലയോ എന്നതു സംബന്ധിച്ചു നടക്കുന്ന വാദത്തിനിടെയാണ്‌ കേന്ദ്രം നിലപാട്‌ വ്യക്‌തമാക്കിയത്‌. സ്വകാര്യത ഭരണഘടനയുടെ 21-ാം വകുപ്പ്‌ പ്രകാരം മൗലികാവകാശമല്ലെന്നായിരുന്നു കേന്ദ്രം ഇതുവരെ വാദിച്ചിരുന്നത്‌. എന്നാല്‍, മുന്‍ നിലപാട്‌ മാറ്റിക്കൊണ്ട്‌ സ്വകാര്യത മൗലികാവകാശമാണെങ്കിലും അത്‌ സോപാധികമാണെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. വാദം ഇന്നും തുടരും. ഇതിനിടെ, സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു പശ്‌ചിമബംഗാള്‍, പുതുച്ചേരി, കര്‍ണാടക, പഞ്ചാബ്‌ എന്നീ സംസ്‌ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഭരണഘടനയുടെ 21-ാം വകുപ്പില്‍ ഉള്ളതെല്ലാം അന്തിമമല്ലെന്നു കെ.കെ. വേണുഗോപാല്‍ വാദിച്ചു. ജീവിക്കാനുള്ള അവകാശം മൗലികമാണെങ്കിലും ഗൗരവമുള്ള കുറ്റങ്ങള്‍ക്കു വധശിക്ഷ നല്‍കുന്നത്‌ ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌. സ്വകാര്യത സംബന്ധിച്ച കാര്യങ്ങളിലും കേസിന്റെ സ്വഭാവം അനുസരിച്ചായിരിക്കും കാര്യങ്ങളെന്ന്‌ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സ്വാകാര്യത മൗലികാവകാശമാണെങ്കിലും അത്‌ കേസിന്റെ അടിസ്‌ഥാനത്തില്‍ മാറുമെന്നല്ലേ പറയുന്നതെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ചോദിച്ചു.
സ്വകാര്യത ഒറ്റ നിയമമല്ലെന്നും അതു ഭരണഘടനയുടെ വിവിധ വകുപ്പുകളില്‍ പരന്നു കിടക്കുന്നതാണെന്നും കെ.കെ. വേണുഗോപാല്‍ വാദിച്ചു. സ്വകാര്യതയുടെ ചില വശങ്ങള്‍ ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്‌. ആധാറിന്റെ കാര്യത്തില്‍ സ്വകാര്യത മൗലികാവകാശമല്ല. ഇക്കാര്യത്തില്‍ പ്രായോഗികമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന്‌ അധികാരമുണ്ട്‌. ആയിരക്കണക്കിന്‌ പാവപ്പെട്ടവരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ്‌ ആധാര്‍ കൊണ്ടുവന്നതെന്നും ചില ഉന്നതരാണ്‌ സ്വകാര്യത ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുന്നത്‌. -കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ സ്വകാര്യത ഉന്നതരുടെ മാത്രം ആശങ്കയാണെന്ന വാദം തെറ്റാണെന്ന ബെഞ്ചിലെ മറ്റൊരംഗം ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ ചൂണ്ടിക്കാട്ടി. പൗരന്‍മാരുടെ വിവരങ്ങള്‍ നിയമവിധേയമായാണ്‌ ശേഖരിക്കേണ്ടത്‌. അത്‌ സര്‍ക്കാര്‍ സംവിധാനത്തില്‍ സുരക്ഷിതമായിരിക്കുകയും വേണം. ചന്ദ്രചൂഡ്‌ പറഞ്ഞു. ആധാറല്ല, സ്വകാര്യത മൗലികാവകാശമാണോ എന്നാണ്‌ ഒന്‍പതംഗ ബെഞ്ച്‌ പരിഗണിക്കുന്നതെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഓര്‍മിപ്പിച്ചു.

Ads by Google
Thursday 27 Jul 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW