Saturday, December 16, 2017 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.46 AM

സംസ്‌ഥാന സര്‍ക്കാരിനെതിരേ കേന്ദ്രക്കമ്മിറ്റിയില്‍ വി.എസ്‌., 'മൂന്നാറില്‍ തെറ്റായ നയം പിന്തുടരുന്നു'

uploads/news/2017/07/131126/d2.jpg

ന്യൂഡല്‍ഹി: വിവിധവിഷയങ്ങളില്‍ കേരള സര്‍ക്കാരിനെതിരേ സി.പി.എം. കേന്ദ്രക്കമ്മിറ്റിയില്‍ വി.എസ്‌. അച്യുതാനന്ദന്റെ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സംസ്‌ഥാനത്തെ പ്രമുഖനേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ്‌ സര്‍ക്കാരിന്റെ വീഴ്‌ചകള്‍ക്കെതിരേ അദ്ദേഹം തുറന്നടിച്ചത്‌. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളും പരാതികളും അടങ്ങിയ ഇംഗ്ലീഷിലുള്ള കത്ത്‌ അടുത്ത പോളിറ്റ്‌ ബ്യൂറോ യോഗം ചര്‍ച്ചചെയ്യുമെന്ന്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പരിസ്‌ഥിതി വിഷയങ്ങളില്‍ സി.പി.എം. പിന്തുടര്‍ന്ന നയങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നാണ്‌ വി.എസിന്റെ പ്രധാന വിമര്‍ശനം. മൂന്നാര്‍ വിഷയത്തിലെടുത്ത സര്‍ക്കാര്‍ നിലപാട്‌ വി.എസ്‌. എടുത്തുപറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ തുടങ്ങിയത്‌. ഇതിനു കടകവിരുദ്ധമായ സമീപനമാണ്‌ പിണറായി സര്‍ക്കാരിന്റേതെന്നാണ്‌ ആക്ഷേപം. അതുപോലെ സംസ്‌ഥാനത്ത്‌ പകര്‍ച്ചപ്പനി പടര്‍ന്ന്‌ പിടിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഫലപ്രദമായ നടപടിയുണ്ടായില്ലെന്ന വിമര്‍ശനവും വി.എസ്‌. ഉന്നയിച്ചു. സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ജാഗ്രതക്കുറവുണ്ടായെന്നും ആരോപിച്ചു.
ഇത്തരം നടപടികളും ജാഗ്രതക്കുറവും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്‌ഛായയെ ബാധിക്കും. അതുകൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം
ഇടപെടണമെന്നാണ്‌ വി.എസിന്റെ ആവശ്യം. അതേസമയം, തന്നെ യെച്ചൂരിയുടെ രാജ്യസഭാഗംത്വ വിഷയം കേന്ദ്രക്കമ്മിറ്റി ചര്‍ച്ചചെയ്യുന്നതിന്‌ തൊട്ടുമുമ്പായി പിണറായി വിജയന്‍ ദേശീയപത്രത്തിന്‌ നല്‍കിയ അഭിമുഖവും ചര്‍ച്ചയായി. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വമുള്ള യെച്ചൂരി രാജ്യസഭാംഗമാകുന്നത്‌ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു പിണറായി അഭിമുഖത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്‌. എന്നാല്‍ താന്‍ നല്‍കിയ സുദീര്‍ഘമായ അഭിമുഖത്തില്‍നിന്ന്‌ ചെറിയഭാഗം മാത്രമാണ്‌ ഓണ്‍െലെനില്‍ പ്രസിദ്ധീകരിച്ചതെന്ന്‌ പിണറായി വിശദീകരിച്ചു.
സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക്‌ വീണ്ടും മത്സരിക്കണമെന്ന ബംഗാള്‍ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ കേന്ദ്രക്കമ്മിറ്റി, പകരം ആരെ മത്സരിക്കണമെന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ ബംഗാള്‍ സംസ്‌ഥാന നേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നാളെയാണ്‌. അതിനാല്‍ ഇന്നു തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. യെച്ചൂരിയാണെങ്കില്‍ പിന്തുണയ്‌ക്കാമെന്നറിയിച്ചിരുന്ന കോണ്‍ഗ്രസ്‌ പുതിയ സാഹചര്യത്തില്‍ നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ല. പ്രതിപക്ഷത്തിനു പൊതു സമ്മത സ്‌ഥാനാര്‍ഥിയുണ്ടാവുകയാണെങ്കില്‍ പിന്തുണയ്‌ക്കാമെന്നും ഇല്ലെങ്കില്‍ സ്വന്തം സ്‌ഥാനാഥിയെ നിര്‍ത്താമെന്നുമാണ്‌ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയിലെ തീരുമാനം. സി.പി.എമ്മിന്‌ തനിച്ച്‌ വിജയിക്കാനുള്ള അംഗബലം ബംഗാള്‍ നിയമസഭയിലില്ല.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്‌ ഏപ്രിലില്‍ െഹെദരബാദില്‍ നടത്താനും തീരുമാനിച്ചു. സെപ്‌റ്റംബറോടെ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 27 Jul 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW