Tuesday, July 17, 2018 Last Updated 27 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.46 AM

ഇന്നലെ രാജി, ഇന്നു സത്യപ്രതിജ്‌ഞ : ലാലുവിനെ തള്ളി , നിതീഷ്‌ ബി.ജെ.പിക്കൊപ്പം

uploads/news/2017/07/131125/d1.jpg

പട്‌ന: മഹാസഖ്യബാന്ധവം അവസാനിപ്പിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രിപദം രാജിവച്ച ജനതാദള്‍ യുണൈറ്റഡ്‌ (ജെ.ഡി.യു) നേതാവ്‌ നിതീഷ്‌ കുമാര്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത്‌ പുതിയ സര്‍ക്കാരിന്‌.

ഭരണത്തില്‍ സഖ്യകക്ഷിയായിരുന്ന ലാലു പ്രസാദ്‌ യാദവിന്റെ രാഷ്‌ട്രീയ ജനതാ ദളു (ആര്‍.ജെ.ഡി) മായുള്ള ഭിന്നതയാണ്‌ ബിഹാറിനെ അപ്രതീക്ഷിത രാഷ്‌ട്രീയ നാടകങ്ങള്‍ക്കു വേദിയാക്കിയത്‌. ഇന്നലെ വൈകിട്ട്‌ ഗവര്‍ണര്‍ കേസരിനാഥ്‌ ത്രിപാഠിയെ സന്ദര്‍ശിച്ച്‌ നിതീഷ്‌ രാജിക്കത്തു കൈമാറി മണിക്കൂറുകള്‍ക്കകം പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ജെ.ഡി.യുവിന്‌ ബി.ജെ.പി. പിന്തുണ പ്രഖ്യാപിച്ച്‌ കത്തുനല്‍കി.

ഇന്നു വൈകിട്ട്‌ അഞ്ചിന്‌ നിതീഷിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു-ബി.ജെ.പി. സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്‌ഞ ചെയ്യും. സുശീല്‍ മോഡി ഉപമുഖ്യമന്ത്രിയാകും. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ അശ്വമേധത്തിനു തടയിടാനുള്ള പ്രതിപക്ഷനിരയുടെ മഹാസഖ്യമെന്ന പരീക്ഷണവും പാതിവഴിയില്‍ പൊലിഞ്ഞു.

അഴിമതിക്കേസില്‍ സി.ബി.ഐ. പ്രതിയാക്കിയ ഉപമുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവുമായ തേജസ്വി യാദവിന്റെ രാജിയെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ നിതീഷിന്റെ രാജിയില്‍ കലാശിച്ചത്‌. 234 സീറ്റുള്ള ബിഹാര്‍ നിയമസഭയില്‍ ആര്‍.ജെ.ഡിയാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി. 80 സീറ്റുള്ള ആര്‍.ജെ.ഡിക്കു പിന്നില്‍ ജെ.ഡി.യുവാണ്‌ രണ്ടാമത്‌; 71 സീറ്റ്‌. ബിജെ.പി: 53, കോണ്‍ഗ്രസ്‌: 27 എന്നിങ്ങനെയാണ്‌ മറ്റു പ്രമുഖ പാര്‍ട്ടികളുടെ അംഗബലം. മഹാസഖ്യത്തിലെ പ്രബലര്‍ തമ്മിലുള്ള ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ്‌ നിതീഷിന്റെ രാജി. ആര്‍.ജെ.ഡി. അധ്യക്ഷനും തേജസ്വിയുടെ പിതാവുമായ ലാലു പ്രസാദ്‌ യാദവ്‌ രാജിയാവശ്യം തള്ളി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ദേശീയ രാഷ്‌ട്രീയത്തില്‍വരെ ചലനമുണ്ടാക്കാന്‍ പോന്ന നീക്കവുമായി നിതീഷ്‌ സഖ്യകക്ഷിയെ ഞെട്ടിച്ചത്‌. വസതിയില്‍ പാര്‍ട്ടി എം.എല്‍.എമാരുമായി കൂടിക്കാഴ്‌ച നടത്തി കാര്യങ്ങള്‍ വിശദീകരിച്ചശേഷമാണ്‌ രാജിക്കത്തു സമര്‍പ്പിക്കാന്‍ നിതീഷ്‌ രാജ്‌ഭവനിലേക്കു യാത്രയായത്‌.

മനഃസാക്ഷിയുടെ തീരുമാനമെന്നാണ്‌ രാജി സംബന്ധിച്ച്‌ രാജ്‌ഭവനുപുറത്ത്‌ മാധ്യമപ്രവര്‍ത്തകരോടു നിതീഷ്‌ പ്രതികരിച്ചത്‌. അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു മുഖ്യമന്ത്രിപദം ഉപേക്ഷിച്ചതിന്‌ അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. അഴിമതിവിരുദ്ധ പോരാട്ടത്തിലെ നിതീഷിന്റെ നിലപാടിന്‌ 125 കോടി ജനതയുടെ പിന്തുണയുണ്ടെന്നായിരുന്നു മോഡിയുടെ ട്വീറ്റ്‌.

നിതീഷിനെ തങ്ങളുടെ കൂടാരത്തില്‍ തിരികെയെത്തിക്കാനുള്ള ബി.ജെ.പി. തന്ത്രങ്ങളുടെ പര്യവസാനമാണ്‌ ബിഹാറില്‍ അരങ്ങേറിയതെന്ന്‌ ലാലു പ്രസാദ്‌ യാദവ്‌ പറഞ്ഞു. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയവൈരം മറന്ന്‌ ബിഹാറില്‍ മൊട്ടിട്ട ആര്‍.ജെ.ഡി-ജെ.ഡി.യു-കോണ്‍ഗ്രസ്‌ സഖ്യം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ക്കേറ്റ വന്‍തിരിച്ചടിയായാണ്‌ ഇതു വിലയിരുത്തപ്പെടുന്നത്‌.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിരയുടെ സ്‌ഥാനാര്‍ഥിയായിരുന്ന രാംനാഥ്‌ കോവിന്ദിനെ പിന്തുണയ്‌ക്കാനുള്ള ജെ.ഡി.യു. തീരുമാനം നിതീഷും സംഘവും ബി.ജെ.പിയിലേക്കു ചായുകയാണെന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

ബിഹാര്‍ സഖ്യത്തില്‍ ഉടലെടുത്ത അസ്വാരസ്യം പൊട്ടിത്തെറിയിലേക്കു നീങ്ങുന്നതു തടയാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അനുരഞ്‌ജനനീക്കവും പാഴായി. ചെറുതും വലുതുമായ 18 പ്രതിപക്ഷപ്പാര്‍ട്ടികളുടെ ഐക്യനീക്കവും ഇതോടെ ത്രിശങ്കുവിലായി.

ആകെ സീറ്റ്‌: 243
ആര്‍.ജെ.ഡി. 80
ജെ.ഡി.യു: 71
ബി.ജെ.പി: 53
കോണ്‍ഗ്രസ്‌: 27
എല്‍.ജെ.പി: 2
ആര്‍.എല്‍.എസ്‌.പി: 2
എച്ച്‌.എ.എം: 1
സി.പി.ഐ. (എം.എല്‍): 3
സ്വതന്ത്രര്‍: 4
കേവല ഭൂരിപക്ഷത്തിന്‌ ആവശ്യം: 122 സീറ്റ്‌

Ads by Google
Thursday 27 Jul 2017 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW