Tuesday, December 12, 2017 Last Updated 48 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.46 AM

മയക്കുമരുന്നു കേസ്‌: ചാര്‍മിയെ അന്വേഷണസംഘം വിളിച്ചുവരുത്തി

uploads/news/2017/07/131120/d4.jpg

ഹൈദരാബാദ്‌: ടോളിവുഡിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്‌ ചോദ്യംചെയ്യുന്നതിനായി നടി ചാര്‍മി കൗറിനെ തെലങ്കാന എക്‌സൈസിന്റെ പ്രത്യേക അന്വേഷണസംഘം(എസ്‌.ഐ.ടി) വിളിച്ചുവരുത്തി. നംപള്ളിയിലെ എസ്‌.ഐ.ടിയുടെ ഓഫീസില്‍ ഇന്നലെ രാവിലെയാണു ചാര്‍മി ഹാജരായത്‌. ചോദ്യംചെയ്യല്‍ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരിക്കണമെന്നു ചൂണ്ടിക്കാട്ടി ചാര്‍മി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
രാവിലെ പത്തു മുതല്‍ വൈകിട്ട്‌ അഞ്ചു വരെയുള്ള സമയത്ത്‌ വനിതാ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലേ ചാര്‍മിയെ ചോദ്യംചെയ്യാവൂ എന്നു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചാര്‍മിയുടെ സമ്മതമില്ലാതെ അവരുടെ തലമുടി, രക്‌തം, നഖങ്ങള്‍ എന്നിവയുടെ സാംപിള്‍ പരിശോധനയ്‌ക്കായി ശേഖരിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണു ചാര്‍മി ചോദ്യംചെയ്യലിനായി ഹാജരായത്‌. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എസ്‌.ഐ.ടി. പുറത്തുവിട്ടിട്ടില്ല.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്‌ തെലുങ്ക്‌ സിനിമാ മേഖലയില്‍നിന്ന്‌ എസ്‌.ഐ.ടിയുടെ മുന്നില്‍ ഹാജരാകുന്ന ഏഴാമത്തെയാളാണു ചാര്‍മി. ഡയറക്‌ടര്‍മാര്‍, അഭിനേതാക്കള്‍ എന്നിവരുള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള 12 പേര്‍ക്കാണ്‌ എസ്‌.ഐ.ടി. നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. സംവിധായകന്‍ ചിന്ന എന്ന ധര്‍മ റാവു, പുരി ജഗന്നാഥ്‌, ഛായാഗ്രഹകന്‍ ശ്യാം കെ. നായിഡു, നടന്‍മാരായ പി. സുബ്ബ രാജു, തരുണ്‍ കുമാര്‍, പി. നവദീപ്‌ എന്നിവരെ നേരത്തേ എക്‌സൈസ്‌ ചോദ്യംചെയ്‌തിരുന്നു. നടി മുമൈത്‌ ഖാനോട്‌ ഇന്നു ഹാജരാകാന്‍ എസ്‌.ഐ.ടി. ആവശ്യപ്പെട്ടിട്ടുണ്ട്‌.
മയക്കുമരുന്ന്‌ ഇടപാടിലെ മുഖ്യസൂത്രധാരനായ കല്‍വിന്‍ മസ്‌കരാനസിനെ നേരത്തേ അറസറ്റ്‌ ചെയ്‌തിരുന്നു. ഇയാളുടെ ഫോണില്‍നിന്നാണു നടിയുടെയും മറ്റു ചലച്ചിത്രപ്രവര്‍ത്തകരുടെയും കോള്‍ലിസ്‌റ്റ്‌ കണ്ടെടുത്തത്‌. എന്നാല്‍, കേസ്‌ കെട്ടിച്ചമച്ചതാണെന്നാണ്‌ ഇയാളുടെ അഭിഭാഷകന്റെ അവകാശവാദം. കേസുമായി ബന്ധപ്പെട്ട്‌ 19 പേരെ അറസ്‌റ്റ്‌ ചെയ്‌ത അന്വേഷണസംഘം ഏഴു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.

Ads by Google
Thursday 27 Jul 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW