Tuesday, July 17, 2018 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.41 AM

റഷ്യയ്‌ക്കെതിരേ കൂടുതല്‍ ഉപരോധവുമായി യു.എസ്‌.

uploads/news/2017/07/131110/in4.jpg

വാഷിങ്‌ടണ്‍: റഷ്യയ്‌ക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ബില്ലിന്‌ യു.എസ്‌. ജനപ്രതിനിധിസഭ വന്‍ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കി. യു.എസ്‌. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇതില്‍ ഇളവു വരുത്താന്‍ പ്രസിഡന്റിന്‌ അധികാരമില്ലെന്നും വ്യക്‌തമാക്കുന്ന ബില്ലിനു ലഭിച്ച അംഗീകാരം ഡോണള്‍ഡ്‌ ട്രംപിനും തിരിച്ചടിയായി.
യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന ആക്ഷേപം അന്വേഷിക്കുന്നതിനിടെയുള്ള ജനപ്രതിനിധിസഭയുടെ തീരുമാനം റഷ്യയുമായി "അമിത സൗഹൃദം" പുലര്‍ത്തുന്നെന്ന ആരോപണം നേരിടുന്ന ട്രംപിനു വ്യക്‌തിപരമായ ആഘാതവുമായി.
ഇറാന്‍, ഉത്തര കൊറിയ എന്നിവര്‍ക്കും എതിരേ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിക്കുന്ന ബില്ലിന്‌ ജനപ്രതിനിധി സഭയില്‍ കക്ഷിഭേദമില്ലാതെ പിന്തുണ ലഭിച്ചതോടെ മൂന്നിനെതിരേ 419 വോട്ടിനാണ്‌ അംഗീകരിക്കപ്പെട്ടത്‌.
ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നു എന്നാണ്‌ ഇറാനും അവരുടെ സൈന്യമായ ഇസ്ലാമിക്‌ റവലൂഷനറി ഗാര്‍ഡ്‌ കോറിനും എതിരായ കുറ്റപ്പെടുത്തല്‍. മിസൈല്‍ പദ്ധതിയുടെ പേരിലാണ്‌ ഉത്തര കൊറിയയ്‌ക്കെതിരായ അധികനടപടി.
റഷ്യയുടെയും ഇറാന്റെയും ഉത്തര കൊറിയയുടെയും പ്രതികരണം രൂക്ഷമായിരുന്നു. റഷ്യയുമായുള്ള ബന്ധത്തില്‍ ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തിയ നടപടി തിരിച്ചടിക്കുമെന്ന്‌ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പു നല്‍കി. സ്വന്തം കാര്യത്തിനു മാത്രം പ്രാധാന്യം കല്‍പ്പിച്ച്‌ യൂറോപ്പിന്റെ താല്‍പര്യങ്ങളെ ഹനിക്കുന്ന യു.എസ്‌. സമീപനം ശരിയല്ല. യൂറോപ്പിന്റെ സാമ്പത്തിക താല്‍പര്യങ്ങളെയും ബാധിക്കുന്ന കാര്യങ്ങളില്‍ യു.എസ്‌. ഏകപക്ഷീയമായ നടപടി സ്വീകരിച്ചാല്‍ ഉചിതമായി പ്രതികരിക്കുമെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്‌ ഴാങ്‌ ക്ലോഡ്‌ ജങ്കര്‍ പറഞ്ഞു.
ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ യു.എസ്‌. ആഘാതമേല്‍പ്പിക്കുന്നു എന്നായിരുന്നു റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റയാബ്‌കോവിന്റെ പ്രതികരണം.

Ads by Google
Thursday 27 Jul 2017 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW