Sunday, July 08, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.24 AM

രാമന്‍ രാമനെ കണ്ടു!

uploads/news/2017/07/131077/bft1.jpg

കണ്ണാടിയില്‍ നമ്മളെയല്ല; നമ്മുടെ രൂപമാണ്‌ കാണുന്നത്‌. കണ്ണാടി കാണ്‍മോളവും നമ്മുടെ മുഖമാണ്‌ ഏറ്റവും നല്ലതെന്ന്‌ കരുതുന്നവരാണ്‌ ഏറെയും.
കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കിനിന്നാല്‍ ഉള്ളിലെ ചൈതന്യത്തെ കണ്ടെത്താനാവും. അതുകൊണ്ടാണ്‌ ഗുരുദേവന്‍ കണ്ണാടി പ്രതിഷ്‌ഠിച്ചത്‌. ഉള്ളിലേക്കു നോക്കുകയാണ്‌ പ്രധാനം. എന്നാല്‍, ഉള്ളിലേക്കു ചുഴിഞ്ഞു നോക്കാനോ അന്യരെ അറിയാനോ നാം ശ്രമിക്കാറില്ല. അസ്‌തിത്വദര്‍ശനത്തിലൂടെ സാര്‍ത്ര്‌ പറയുന്നത്‌ 'അപരന്‍ നരകമാണ്‌' എന്നാണല്ലോ.
മത്സരങ്ങളുടെ ലോകത്ത്‌ 'ഞാന്‍' എന്ന ഭാവം ഉണ്ടാകാതെയിരിക്കില്ല.
ഞാനും ഞാനും തമ്മിലുള്ള മത്സരം!
ഞാനും അവരും തമ്മിലുള്ള മത്സരം!
ഞാനും നിങ്ങളും തമ്മിലുള്ള മത്സരം!
തനിക്ക്‌ ഈ ലോകത്ത്‌ പ്രാധാന്യമുണ്ടെന്നു കരുതിയാണ്‌ പല മഹാന്മാരും വി.ഐ.പികളും ജീവിക്കുന്നത്‌. അവരെ അവഗണിച്ചുനോക്കുക. പബ്ലിസിറ്റിയുടെ വെള്ളിവെളിച്ചത്തില്‍ സംതൃപ്‌തരായി നിഷ്‌കാമകര്‍മ്മം അനുഷ്‌ഠിക്കുന്നവര്‍പോലും കോപിക്കും!
ഞാനല്ലാതെ മറ്റൊരു രാമന്‍ ഈ ഭൂമിയിലുണ്ടോ? എന്നായിരുന്നു പരശുരാമന്റെ ചോദ്യം. രാമനോടാണ്‌ അദ്ദേഹം ചോദിച്ചത്‌. അതും വഴിയില്‍വച്ച്‌! ശ്രീരാമനാകട്ടെ, പരശുരാമന്റെ അംശമായിരുന്നു താനും! ഒരാള്‍ മറ്റൊരാളായി പരിണമിക്കുന്ന മാനസികാവസ്‌ഥ. ദ്വന്ദ്വവ്യക്‌തിത്വം. മനസിന്റെ മായാജാലം!
ഈ സമാഗമത്തില്‍ മനഃശാസ്‌ത്രമുണ്ട്‌, മനുഷ്യസ്വഭാവമുണ്ട്‌, അസ്‌തിത്വദര്‍ശനമുണ്ട്‌, വെറും കുസൃതിയുമുണ്ട്‌!

എപ്പോഴായിരുന്നു ശ്രീരാമനും പരശുരാമനും തമ്മില്‍ കണ്ടത്‌?
വിവാഹം കഴിഞ്ഞ്‌ രാമനും സീതയും അയോദ്ധ്യയിലേക്ക്‌ യാത്രയായ നേരം. സഹോദരന്മാര്‍, വധുക്കള്‍, രാജാവ്‌, രാജ്‌ഞിമാര്‍, പരിവാരങ്ങള്‍, സൈന്യങ്ങള്‍ എന്നിവരെല്ലാം കൂടെയുണ്ട്‌. ആനകളും കുതിരകളും കാലാള്‍പ്പടയും അകമ്പടി സേവിച്ചു. കുഴലിന്റെയും കൊമ്പിന്റെയും ശബ്‌ദം മുഴങ്ങി. വെണ്‍കൊറ്റക്കുടകള്‍, ചാമരങ്ങള്‍, ആലവട്ടങ്ങള്‍ എന്നിവ വേറെ! അകിലിന്റെയും ചന്ദനത്തിന്റെയും കസ്‌തൂരിയുടെയും ഗന്ധം എങ്ങും വ്യാപിച്ചു.
ആ യാത്ര മെല്ലെ നീങ്ങുമ്പോള്‍ അകലെ ഒരു രൂപം തെളിഞ്ഞു. അടുത്തുവന്നപ്പോള്‍ എല്ലാവര്‍ക്കും ആളെ മനസിലായി. സാക്ഷാല്‍ പരശുരാമന്‍! കോപംകൊണ്ട്‌ വിറയ്‌ക്കുകയാണ്‌ അദ്ദേഹം!
എല്ലാവരും ഭയന്നു. ക്ഷത്രിയരുടെ ജന്മശത്രുവാണല്ലോ ഭാര്‍ഗവരാമന്‍. തന്റെ അച്‌ഛനായ ജമദഗ്നി മഹര്‍ഷിയെക്കൊന്ന കാര്‍ത്തവീര്യാര്‍ജുനനോട്‌ പകരം വീട്ടിയ ദിവ്യന്‍. ഇരുപത്തിയൊന്നുവട്ടം ഭൂമി ചുറ്റി ക്ഷത്രിയരെ കൊന്നൊടുക്കിയ മഹാമുനി. പോരെങ്കില്‍, ശിവന്റെ ശിഷ്യനും. കാണുന്നവരുടെ മനസ്‌ നടുപ്പിക്കുന്ന മഴുവുമുണ്ട്‌ കൈയില്‍.
ദശരഥന്‍ പരശുരാമന്റെ കാലുപിടിച്ചു യാചിച്ചു. ഒന്നും ചെയ്യരുതെ എന്ന്‌.
പരശുരാമനുണ്ടോ വകവയ്‌ക്കുന്നു! അദ്ദേഹം രാമനെ നോക്കി.
'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍
മാനവനായ ഭവാന്‍ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാന്‍! -മുനിയുടെ ശബ്‌ദം മുഴങ്ങി.
ഭൂമി വിറച്ചു; സാഗരങ്ങള്‍ കലങ്ങി; മലകള്‍ നടുങ്ങി; നാലു ദിക്കുകളിലും ഇരുട്ടുവന്നു നിറഞ്ഞു.
''ത്രയംബകം വില്ലൊടിച്ച നീ എന്റെ കൈയിലുള്ള വിഷ്‌ണുവിന്റെ വില്ല്‌ ഖണ്ഡിക്കുമോ? അതിന്‌ നിനക്ക്‌ ശക്‌തിയുണ്ടോ? അതു കുലയ്‌ക്കാന്‍ നിനക്ക്‌ കരുത്തില്ലെങ്കില്‍, ഞാന്‍ എല്ലാവരേയും കൊല്ലും!''- കോപം കലര്‍ന്ന ഭൃഗുരാമവചനങ്ങള്‍ കേട്ട്‌ രാമനൊഴികെ എല്ലാവരും നിശ്‌ചലരായി നിലകൊണ്ടു.
രാമന്‍ പുഞ്ചിരിച്ചു.
രണ്ടു രാമന്‍മാരും കണ്ണില്‍ക്കണ്ണില്‍ നോക്കി. ദ്വന്ദ്വവ്യക്‌തിത്വ ദര്‍ശനമായിരുന്നില്ലേ അത്‌?
മഹാവിഷ്‌ണുവിന്റെ രണ്ട്‌ അവതാരങ്ങള്‍ കണ്ടുമുട്ടുന്ന അപൂര്‍വരംഗം!
ക്ഷത്രിയ-ബ്രാഹ്‌മണ സമാഗമമായി രാമ-പരശുരാമ സംഗമത്തെ കണക്കാക്കുന്നവരുണ്ടാകാം. എന്തായാലും, ബ്രാഹ്‌മണനായ പരശുരാമനാണ്‌ ക്ഷാത്രവീര്യത്തോടെ രാമനോട്‌ എതിരിടുന്നത്‌ എന്നത്‌ മറക്കുകവയ്യ. ശ്രീരാമ-പരശുരാമ സമാഗമത്തിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ സാധാരണക്കാര്‍ ചിന്തിച്ചുപോകും. അതും രാമന്റെ വിവാഹഘോഷയാത്രക്കിടയില്‍.
ഇതേ പരശുരാമന്‍തന്നെയാണല്ലോ മഴുവെറിഞ്ഞ്‌ കേരളവും സൃഷ്‌ടിച്ചത്‌. അദ്ദേഹം ശ്രീകൃഷ്‌ണക്ഷേത്രങ്ങളോ രാമക്ഷേത്രങ്ങളോ അല്ല, 108 ദുര്‍ഗാലയങ്ങളാണ്‌ കേരളത്തിന്റെ രക്ഷയ്‌ക്കായി സ്‌ഥാപിച്ചത്‌ എന്നും മറക്കരുത്‌.
'പരശുരാമക്ഷേത്രം' എന്നാണല്ലോ മലയാളനാടിന്റെ പേര്‌. ഐതരേയആരണ്യകം, ഋഗ്വേദം, സ്‌കന്ദപുരാണം, കേരളമാഹാത്മ്യം, കേരളോല്‌പത്തി, കേരളവംശകാവ്യം എന്നീ ഗ്രന്ഥങ്ങളിലെല്ലാം പരശുരാമനെ പരാമര്‍ശിക്കുന്നുണ്ട്‌.
കഥകളിയാസ്വാദകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്‌ ശ്രീരാമന്റെ മുന്നില്‍ നില്‍ക്കുന്ന കോപാകുലനായ പരശുരാമന്‍.
പുരാണങ്ങളില്‍ ശ്രീരാമനും പരശുരാമനും ബലരാമനുമുണ്ട്‌. ശ്രീരാമനൊഴികെയുള്ള രാമന്മാര്‍ യുദ്ധഘട്ടങ്ങളിലൊന്നും രംഗത്തു വരുന്നില്ല. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഇടപെടുന്നുമില്ല. ഭാരതയുദ്ധകാലത്ത്‌ ബലരാമന്‍ മനഃപൂര്‍വം തീര്‍ത്ഥയാത്രയ്‌ക്കു പോവുകയായിരുന്നു!

Ads by Google
Thursday 27 Jul 2017 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW