Saturday, May 19, 2018 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.22 AM

ഉടഞ്ഞുവീണ മഹാസഖ്യം

uploads/news/2017/07/131075/bft3.jpg

ലാലു പ്രസാദ്‌ യാദവുമായുള്ള കൂട്ടുകെട്ട്‌ നിതീഷ്‌ കുമാര്‍ മതിയാക്കിയിരിക്കുന്നു. ഇന്ത്യ ഭരിക്കാന്‍, ബി.ജെ.പിക്കു ബദലായുള്ള രാഷ്‌്രടീയസഖ്യമായി കൊട്ടിഘോഷിക്കപ്പെട്ട ബിഹാര്‍ മോഡല്‍ ഇതോടെ തകര്‍ന്നടിഞ്ഞു. ദേശീയ രാഷ്‌ട്രീയത്തില്‍ വളരെ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നതാണ്‌ ബിഹാര്‍ മുഖ്യമന്ത്രിപദത്തില്‍നിന്നുള്ള നിതീഷിന്റെ രാജി. ബി.ജെ.പിയുമായി ചേര്‍ന്ന്‌ മറ്റൊരു സര്‍ക്കാരിനുള്ള സാധ്യത ഉറപ്പാക്കിയിട്ടാണ്‌ നിതീഷ്‌ രാജിക്കു തുനിഞ്ഞതെന്നാണു സൂചനകള്‍.
ഏതാനും ആഴ്‌ച മുന്‍പാണ്‌ അഴിമതി സംബന്ധിച്ച്‌ ആര്‍.ജെ.ഡി. നേതാവ്‌ ലാലു പ്രസാദ്‌ യാദവിനും മക്കള്‍ക്കുമെതിരേ ഗുരുതരമായ സൂചനകള്‍ ഉയര്‍ന്നത്‌. അത്‌ സി.ബി.ഐ. അന്വേഷിക്കുകയും ഏതാണ്ട്‌ ആയിരം കോടിയുടെ ബിനാമി ഇടപാടുകള്‍ കണ്ടെത്തുകയും ചെയ്‌തു. 2008-ല്‍ നിതീഷിന്റെ പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങളാണ്‌ ഇപ്പോള്‍ സി.ബി.ഐയുടെ അന്വേഷണത്തിനു വിധേയമായത്‌. ലാലുവിന്റെ മകളും ലോക്‌സഭാംഗവുമായ മിസയും ഭര്‍ത്താവും ഡല്‍ഹിയിലും ഹരിയാനയിലും ഭൂസ്വത്ത്‌ സമ്പാദിച്ചതും അന്വേഷണത്തിനു വിധേയമായി. അഴിമതിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത നിതീഷിനെ ഇതൊക്കെ വല്ലാതെ അലട്ടിയിരുന്നു.
ലാലുവിന്റെ രണ്ടു മക്കള്‍ നിതീഷ്‌ മന്ത്രിസഭയിലുണ്ട്‌. അതിലൊരാള്‍, തേജസ്വി യാദവ്‌ ഉപമുഖ്യമന്ത്രിയുമാണ്‌. തേജസ്വിക്കെതിരേയുള്ള ആരോപണവും സി.ബി.ഐ. ഏറെക്കുറെ സ്‌ഥിരീകരിച്ചിരുന്നു. ഇതു മാത്രമല്ല ബിഹാര്‍ മുഖ്യമന്ത്രിയെ അസ്വസ്‌ഥനാക്കിയത്‌. ലാലുവിന്റെ പാര്‍ട്ടിക്കാര്‍ പലവിധത്തില്‍ നടത്തുന്ന അഴിമതികള്‍ സംബന്ധിച്ച എത്രയോ പരാതികള്‍ അദ്ദേഹത്തിന്റ മുന്നിലെത്തിയിരുന്നു. ഇതിനു പരിഹാരം കാണാന്‍ ആര്‍.ജെ.ഡിയുമായി പലവട്ടം സംസാരിച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. അതിനെല്ലാം പിന്നാലെയാണ്‌ സി.ബി.ഐ. അന്വേഷണം നടന്നതും അഴിമതിക്കഥകള്‍ ശരിവയ്‌ക്കപ്പെട്ടതും.
നേരത്തേ ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നടന്ന തട്ടിപ്പാണ്‌ അതില്‍ പ്രധാനപ്പെട്ടത്‌. 2006-ലാണ്‌ വിവാദ വിവാദ ഇടപാടുകള്‍ നടന്നത്‌. അന്നുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങും കൂട്ടരും അന്വേഷണം തടയുകയാണു ചെയ്‌തത്‌. 2008-ല്‍ ജനതാദള്‍ യു നേതാക്കള്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ചാണു സൂചിപ്പിച്ചത്‌. അന്ന്‌ യു.പി.എയും പ്രധാനമന്ത്രിയും കാത്തുസൂക്ഷിച്ച അഴിമതിയും ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളുമാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌.
റെയില്‍വേയുടെ, ഐ.ആര്‍.സി.ടി.സിയുടെ, അധീനതയിലുള്ള രണ്ടു പ്രമുഖ ഹോട്ടലുകള്‍ നവീകരിക്കാനും നടത്താതിനുമായി സ്വകാര്യ വ്യക്‌തിക്കു നല്‍കിയതിലായിരുന്നു തട്ടിപ്പ്‌. അക്ഷരാര്‍ഥത്തില്‍ അതൊരു കച്ചവടമായിരുന്നു. രണ്ടും ഐ.ആര്‍.സി.ടി.സിയുടെ ഹെറിറ്റേജ്‌ ഹോട്ടലുകളായിരുന്നു. ടെന്‍ഡര്‍ ചട്ടങ്ങളിലും മറ്റും തിരിമറി നടത്തിക്കൊണ്ടു കൈമാറ്റം ചെയ്‌തത്‌ ലാലുവിന്റെ സ്വന്തക്കാരായ സുജാത ഹോട്ടല്‍സിനാണ്‌. അതിനു പ്രതിഫലമായി പട്‌ന നഗരഹൃദയത്തില്‍ മൂന്നേക്കര്‍ ഭൂമി ലാലുവിന്റെ വിശ്വസ്‌തനും എം.പിയുമായിരുന്ന പ്രേംചന്ദ്‌ ഗുപ്‌തയുടെ കുടുംബത്തിനു കിട്ടുന്നു. കണ്ണായ സ്‌ഥലത്തെ ഈ മൂന്നേക്കറില്‍ ഏതാണ്ട്‌ ഏഴര ലക്ഷം ചതുരശ്ര അടിയുള്ള ഒരു വലിയൊരു മാള്‍ ഉയര്‍ന്നുവരുന്നു. അതിന്റെ ഉടമസ്‌ഥര്‍ ഡിലൈറ്റ്‌ മാര്‍ക്കറ്റിങ്‌ കമ്പനി പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌. ഈ ഡിലൈറ്റ്‌ കമ്പനി ഒരു ലാലു പ്രൈവറ്റ്‌ ലിമിറ്റഡാണെന്നാണ്‌ സി.ബി.ഐയുടെ കണ്ടെത്തല്‍. അതിലുള്ളത്‌ പ്രധാനമായും ആര്‍.ജെ.ഡി. അധ്യക്ഷനും കുടുംബവുമാണ്‌ എന്നര്‍ഥം.
ബിഹാറില്‍ നല്ലൊരു ഭരണമാണ്‌ മുന്‍പ്‌ എന്‍.ഡി.എ. കാഴ്‌ചവച്ചിരുന്നത്‌. ബി.ജെ.പിയും നിതീഷിന്റെ പാര്‍ട്ടിയും ഒരു മനസോടെയാണ്‌ അന്നു നീങ്ങിയത്‌. ചില്ലറ ഭിന്നതകള്‍ സ്വാഭാവികമായിരുന്നുവെങ്കിലും പരിഹരിക്കാന്‍ അവര്‍ക്കായി. എന്നും നിതീഷിനു പ്രാധാന്യം ലഭിക്കുകയും ചെയ്‌തിരുന്നു. അഴിമതി പുരളാത്ത ഭരണകൂടമായിരുന്നു അതെന്നു മാത്രമല്ല ബിഹാറില്‍ ഇത്രയേറെ വികസനം കൊണ്ടുവന്ന ഒരു സര്‍ക്കാരും വേറെയില്ല. എന്നാല്‍ നരേന്ദ്ര മോഡിയെ ബി.ജെ.പി. പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ നിതീഷിനു ചില സംശയങ്ങളുണ്ടായി. മുസ്ലിം വോട്ടുകള്‍ നഷ്‌ടമാകുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എന്നാല്‍ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പക്ഷെ ബി.ജെ.പി. അവിടെ വലിയ വിജയം കരസ്‌ഥമാക്കി. ജെ.ഡി.യുവിനു കിട്ടിയത്‌ വെറും രണ്ടു സീറ്റ്‌! അതോടെ മുഖ്യമന്ത്രിപദം ഒഴിഞ്ഞ അദ്ദേഹം പീന്നീട്‌ മഹാഗഡ്‌ബന്ധന്‍ (മഹാസഖ്യം) ഉണ്ടാക്കി ബി.ജെ.പിയെ നേരിട്ടു. താന്‍ എക്കാലവും എതിര്‍ത്തിരുന്ന ലാലുവിനെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുപ്പുവിജയത്തിനായി കൂടെക്കൂട്ടി. അങ്ങനെ 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടിയെങ്കിലും സമാധാനത്തോടെ മുന്നോട്ടുപോകാന്‍ അദ്ദേഹത്തിനായില്ല. അതിനൊക്കെ പുറമെയാണ്‌ കോടികളുടെ അഴിമതിക്കേസില്‍ പെട്ടയാളെ ചുമക്കേണ്ട ഗതികേടും വന്നത്‌.
ഇനിയെന്ത്‌ എന്നത്‌ സ്വാഭാവികമായ ചോദ്യമാണ്‌. കുറേക്കാലമായി നിതീഷ്‌ കുമാര്‍ പ്രധാനമന്ത്രിയുമായും ബി.ജെ.പിയുമായും അടുപ്പം പുലര്‍ത്തിയിരുന്നു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാക്കിയ രാംനാഥ്‌ കോവിന്ദിനെ പിന്തുണയ്‌ക്കാന്‍ അദ്ദേഹം തയാറായത്‌ ഓര്‍ക്കുക. എന്നാലും സംസ്‌ഥാന സര്‍ക്കാരിനെയും കൂട്ടുമുന്നണിയെയും നിലനിര്‍ത്താന്‍ നിതീഷ്‌ കുറെയേറെ ശ്രമിച്ചു എന്നു വ്യക്‌തം. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചെന്നുകണ്ടതും അതിനുവേണ്ടിയാണ്‌. മന്ത്രിസഭയില്‍ നിന്നു ലാലുവിന്റെ മകന്റെ രാജിയാണ്‌ നിതീഷിനു വേണ്ടിയിരുന്നത്‌. എന്നാല്‍ അഴിമതിക്കാരനോടു പൊറുക്കാനും അത്‌ കണ്ടില്ലെന്നു നടിക്കാനുമാണ്‌ നിതീഷിനോടു രാഹുല്‍ ആവശ്യപ്പെട്ടത്‌. അതിനുശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, രാജിവയ്‌ക്കുന്ന പ്രശ്‌നമില്ലെന്ന്‌ ഇന്നലെ ഉച്ചയോടെ ആര്‍.ജെ.ഡി. നിയമസഭാകക്ഷി യോഗത്തിനു ശേഷം ലാലുവും മകന്‍ തേജസ്വിയും പരസ്യമായി പ്രഖ്യാപിച്ചു. ഞാനാണ്‌ നിതീഷിനെ മുഖ്യമന്ത്രിയാക്കിയതെന്നും ലാലു തുറന്നടിച്ചു. അതോടെയാണ്‌ രാജിയാണു പോംവഴി എന്ന്‌ മുഖ്യമന്ത്രി തീരുമാനിച്ചത്‌.
മറ്റൊരു മാര്‍ഗം കണ്ടതിനുശേഷമാണ്‌ നിതീഷ്‌ ആ നീക്കം നടത്തിയതെന്നു തീര്‍ച്ച. അത്‌ ബി.ജെ.പി. നേരത്തേതന്നെ വാഗ്‌ദാനം ചെയ്‌ത പിന്തുണയാണ്‌. ബിഹാറിലെ പുതിയ സര്‍ക്കാരില്‍ ബി.ജെ.പി. ചേരുമോ അതോ നിതീഷിന്‌ പുറത്തുനിന്നു പിന്തുണ നല്‍കുമോ എന്നതൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും അവിടെ ബദല്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. ജെ.ഡി.യുവിന്‌ നിയമസഭയില്‍ 71 അംഗങ്ങളുണ്ട്‌; ബി.ജെ.പി- എന്‍ഡിഎയ്‌ക്ക്‌ 58 പേരും. 243 അംഗ സഭയില്‍ ഇവര്‍ക്ക്‌ 124 പേരുടെ പിന്തുണയുണ്ട്‌ എന്ന്‌ വ്യക്‌തം.
പക്ഷേ, അതൊന്നുമല്ല ബിഹാറിലെ രാഷ്‌ട്രീയസ്‌ഥിതിയുടെ പ്രാധാന്യം. ബി.ജെ.പിയും നരേന്ദ്ര മോഡിയും കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നതാണു കാണേണ്ടത്‌. ബി.ജെ.പിക്കെതിരേ, എന്‍.ഡി.എയ്‌ക്കെതിരേ ദേശീയ ബദല്‍ എന്ന നിലയ്‌ക്കാണ്‌ ബിഹാറിലെ 2015-ലെ മഹാസഖ്യത്തെ ചിത്രീകരിച്ചിരുന്നത്‌. അതിന്റെ മഹത്വം നാടുനീളെ പറഞ്ഞുനടന്നവര്‍ സി.പി.എം. അടക്കം അനവധിയാണ്‌. ആ മഹാസഖ്യമാണു തകര്‍ന്നുവീണത്‌. ഇനി അത്തരത്തില്‍ മറ്റൊരു സഖ്യത്തിനുള്ള സാധ്യത വളരെ വിദൂരമാണ്‌. യു.പിയിലെ മുലായം സിങ്‌ യാദവ്‌ പോലും ഇപ്പോള്‍ കോണ്‍ഗ്രസ്‌ കൂട്ടുകെട്ടിനെക്കുറിച്ചു ചിന്തിക്കാന്‍ തയാറല്ല. ബൊഫോഴ്‌സ്‌ അടക്കമുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ വേളയില്‍ തന്നെയാണ്‌ ഇതും സംഭവിക്കുന്നതെന്നത്‌ ചെറിയ കാര്യമല്ല. കോണ്‍ഗ്രസിന്‌ എണീറ്റുനില്‍ക്കാന്‍ തന്നെ പ്രയാസകരമാക്കുന്നു സാഹചര്യങ്ങള്‍.
കേരളത്തിലും ഇതിന്റെ ചലനങ്ങള്‍ ഉണ്ടാകുമെന്നത്‌ കാണാതെ പൊയ്‌ക്കൂടാ. ഇവിടത്തെ ജെ.ഡി.യു, എം.പി. വീരേന്ദ്രകുമാറും മറ്റും, ഇപ്പോള്‍ യു.ഡി.എഫിലാണ്‌. ജെ.ഡി.യു. ബിഹാറിലും കേന്ദ്രത്തിലും ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും ഇന്നത്തെ നിലയ്‌ക്ക്‌ കേരളത്തിലെ അതിന്റെ നേതാക്കള്‍ക്ക്‌ വിഷമകരമാകും. കേരളത്തില്‍ അവര്‍ ഇനി എങ്ങോട്ട്‌ എന്നത്‌ കണ്ടറിയേണ്ടിയിരിക്കുന്നു. മറ്റൊരു പ്രാദേശികകക്ഷിയായി അവര്‍ക്കു നിലനില്‍ക്കാന്‍ കഴിയുമായിരിക്കും. യു.ഡി.എഫ്‌. പിന്തുണയോടെ രാജ്യസഭയിലെത്തിയ വീരേന്ദ്രകുമാറിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ആകാംക്ഷ ഉണര്‍ത്തുന്നതുതന്നെയാണ്‌.

കെ.വി.എസ്‌. ഹരിദാസ്‌

Ads by Google
Thursday 27 Jul 2017 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW