Tuesday, October 17, 2017 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.24 AM

ഇരട്ട എന്‍ജനില്‍ ഇന്ത്യ കുതിക്കുന്നു

uploads/news/2017/07/131034/2.jpg

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പരയില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ തുടക്കം. ഗാളില്‍ ഇന്നലെ ആരംഭിച്ച ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നിന്‌ 399 റണ്‍സ്‌ എന്ന നിലയില്‍ കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുകയാണ്‌ ഇന്ത്യ.
ഏകദിന ശൈലിയില്‍ ബാറ്റുവീശി ഇരട്ടസെഞ്ചുറിക്ക്‌ അടുത്തെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാനും(190) ലങ്കന്‍ ബൗളര്‍മാര്‍ക്ക്‌ ക്ഷമയുടെ നെല്ലിപ്പലക കാട്ടിക്കൊടുത്തു ക്രീസില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയുടെയും(144 നോട്ടൗട്ട്‌) മിന്നുന്ന പ്രകടനങ്ങളാണ്‌ ഇന്ത്യക്ക്‌ കരുത്തായത്‌.
രണ്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 253 റണ്‍സിന്റെ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ്‌ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 39 റണ്‍സുമായി അജിന്‍ക്യ രഹാനെയാണ്‌ പൂജാരയ്‌ക്കു കൂട്ടായി ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 113 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ട്‌ ഉയര്‍ത്തിയിട്ടുണ്ട്‌.
ധവാനു പുറമേ 12 റണ്‍സ്‌ നേടിയ ഓപ്പണര്‍ അഭിനവ്‌ മുകുന്ദിന്റെയും മൂന്നു റണ്‍സ്‌ നേടിയ വിരാട്‌ കോഹ്ലിയുടെയും വിക്കറ്റുകളാണ്‌ ഇന്ത്യക്ക്‌ ഇന്നലെ നഷ്‌ടമായത്‌.
വിദേശയ പര്യടനങ്ങളിലെ ടെസ്‌റ്റു മത്സരങ്ങളില്‍ അപൂര്‍വമായി മാത്രമേ ഒന്നാം ദിനം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഇത്തരത്തില്‍ ആധികാരിക പ്രകടനം പുറത്തെടുത്തിട്ടുണ്ടാകൂ.
ലോകത്തില്‍ ബാറ്റിങ്ങിന്‌ അനുകൂലമായ മികച്ച പിച്ചുകളില്‍ ഒന്നില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിക്ക്‌ ബാറ്റിങ്‌ തെരഞ്ഞെടുക്കാന്‍ രണ്ടാമത്‌ ആലോചിക്കേണ്ടി വന്നില്ല.
തുടക്കം പതര്‍ച്ചയോടെയായിരുന്നു. 26 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത ഓപ്പണര്‍ അഭിനവ്‌ മുകുന്ദ്‌ പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 27 റണ്‍സ്‌ മാത്രമേ എത്തിയിരുന്നുള്ളു.
എന്നാല്‍ പിന്നെ ഒരു വിക്കറ്റ്‌ വീഴ്‌ത്താന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക്‌ 253 റണ്‍സ്‌ വഴങ്ങേണ്ടി വന്നു. രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ചേര്‍ന്ന്‌ ലങ്കന്‍ ബൗളര്‍മാരെ മാറിമാറി ശിക്ഷിക്കുകയായിരുന്നു.
കരിയറിലെ അഞ്ചാം ടെസ്‌റ്റ് സെഞ്ചുറി കുറിച്ച ധവാന്‍, 168 പന്തില്‍ നിന്ന്‌ 31 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ്‌ 190 റണ്‍സ്‌ നേടിയത്‌. 24ാം ടെസ്‌റ്റിലാണ്‌ ധവാന്‍ അഞ്ചാം സെഞ്ചുറി കുറിച്ചത്‌. ധവാന്റെ അഞ്ചു സെഞ്ചുറികളില്‍ നാലും പരമ്പരയിലെ ആദ്യ ടെസ്‌റ്റിലാണെന്ന പ്രത്യേകതയുമുണ്ട്‌.
ടെസ്‌റ്റ് മല്‍സരത്തിന്റെ രണ്ടാം സെഷനില്‍ ഏറ്റവുമധികം റണ്‍െസടുക്കുന്ന ഇന്ത്യന്‍ താരമെന്ന അഞ്ചു പതിറ്റാണ്ടു പഴക്കമുള്ള റെക്കോഡും ധവാന്‍ തകര്‍ത്തു. 1961-62ല്‍ ഒരു ടെസ്‌റ്റിന്റെ രണ്ടാം സെഷനില്‍ 110 റണ്‍സെടുത്ത പോളി ഉമ്രിഗറിന്റെ റെക്കോഡാണ്‌ ധവാന്‍ പഴങ്കഥയാക്കിയത്‌.
ധവാന്‍ പുറത്തായതിനു പിന്നാലെ നായകന്‍ കോഹ്ലിയും മടങ്ങിയപ്പോള്‍ ഇന്ത്യ തകര്‍ച്ച നേരിടുമെന്ന്‌ തോന്നിപ്പിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ രഹാനെയെ കൂട്ടുനിര്‍ത്തി പൂജാര ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു.
നങ്കൂരമിട്ട്‌ കളിക്കുന്ന ചേതേശ്വര്‍ പൂജാര 247 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ്‌ 144 റണ്‍സെടുത്തത്‌. 94 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെയാണ്‌ രഹാനെ 39 റണ്‍സെടുത്തത്‌.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ ടെസ്‌റ്റ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്‌. ലങ്കന്‍ നിരയില്‍ ധനുഷ്‌ക ഗുണതിലകയുടെയും ആദ്യ ടെസ്‌റ്റാണിത്‌. ഇന്ത്യന്‍ താരം ആര്‍.അശ്വിന്റെ 50-ാം ടെസ്‌റ്റു കൂടിയാണിത്‌. പരമ്പരയിലാകെ മൂന്നു ടെസ്‌റ്റുകളാണുള്ളത്‌. അഞ്ച്‌ ഏകദിനങ്ങളും ഒരു ട്വന്റി20 യും പരമ്പരയുടെ ഭാഗമാണ്‌.
ഇന്ത്യയും ശ്രീലങ്കയും ഇതുവരെ പരസ്‌പരം ഏറ്റുമുട്ടിയത്‌ 38 ടെസ്‌റ്റ് മത്സരങ്ങളിലാണ്‌. 16 എണ്ണത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍, ഏഴെണ്ണത്തില്‍ ശ്രീലങ്ക ജയിച്ചു. 15 മത്സരങ്ങള്‍ സമനിലയിലായി. 1982ല്‍ ആയിരുന്നു ആദ്യ പരമ്പര. അവസാന പരമ്പര 2015ലും. അതില്‍ 2-1ന്‌ ഇന്ത്യ ജയിച്ചു.

Ads by Google
Advertisement
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
TRENDING NOW