Thursday, July 27, 2017 Last Updated 28 Min 25 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.24 AM

ചിത്രത്തിനു പുറത്തു തന്നെ

uploads/news/2017/07/131033/1.jpg

ന്യൂഡല്‍ഹി: കേരളം ഒന്നടങ്കം മികച്ച പിന്തുണയുമായി അണിനിരന്നിട്ടും ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ കേരളത്തിന്റെ വിസ്‌മയ താരം പി.യു. ചിത്ര പുറത്തുതന്നെ.
ചിത്രയ്‌ക്ക് യോഗ്യത നേടാനായില്ലെന്ന്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ അറിയിച്ചതോടെ, ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിനു പങ്കെടുക്കാനാകില്ലെന്ന്‌ ഉറപ്പായി.
ഏഷ്യന്‍ അത്‌ലറ്റിക്‌ മീറ്റില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍നിന്ന്‌ പുറത്താക്കിയത്‌ വിവാദമായ പശ്‌ചാത്തലത്തില്‍ ദേശീയ കായിക മന്ത്രാലയം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ(സായി)യോടു വിശദീകരണം തേടിയിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ്‌ ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയിട്ടില്ലെന്ന്‌ ഫെഡറേഷന്‍ അറിയിച്ചത്‌.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക്‌ അടിസ്‌ഥാനമാക്കിയാണു ടീമിനെ തെരഞ്ഞെടുത്തതെന്നും എന്നാല്‍ പ്രകടന സ്‌ഥിരതയില്ലാത്തതിനാലാണ്‌ ചിത്ര ഒഴിവാക്കപ്പെട്ടതെന്നുമാണ്‌ ഫെഡറേഷന്റെ വിശദീകരണം.
ഇതിനായി ഏഷ്യന്‍ മീറ്റിനു ശേഷം ആന്ധ്രാപ്രദേശിനെ ഗുണ്ടൂരില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ മത്സരഫലങ്ങളാണ്‌ എ.എഫ്‌.ഐ. ഉയര്‍ത്തിക്കാട്ടുന്നത്‌.
ഭുവനേശ്വറില്‍ 4:17.92 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ചിത്രയ്‌ക്ക് ഗുണ്ടൂരില്‍ 4:28.87 സെക്കന്‍ഡ്‌ സമയം കുറിക്കാനേ കഴിഞ്ഞുള്ളുവെന്നും സ്‌ഥിരതയില്ലാത്തതിന്റെ തെളിവാണിതെന്നും എ.എഫ്‌.ഐ. പറയുന്നു.
ഏഷ്യന്‍ മീറ്റില്‍ ലോകകനിലവാരമുള്ള താരങ്ങളോടു മത്സരിച്ചാണ്‌ ചിത്ര മികച്ച സമയം കുറിച്ചതെന്ന കാര്യം എ.എഫ്‌.ഐ. മനപ്പൂര്‍വം മറച്ചുവയ്‌ക്കുകയാണ്‌.
അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പിനുള്ള 24 അംഗ ഇന്ത്യന്‍ അത്‌ലറ്റുകളുടെ ലിസ്‌റ്റ് കഴിഞ്ഞ ദിവസം രാജ്യാന്തര ഫെഡറേഷന്‌ അയച്ച സാഹചര്യത്തില്‍ ചിത്രയ്‌ക്ക് അവസരം ലഭിക്കില്ലെന്ന്‌ ഏകദേശം ഉറപ്പായിരുന്നു. എന്‍ട്രി നല്‍കേണ്ട അവസാന ദിവസം തിങ്കളാഴ്‌ചയായിരുന്നു.
ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌ മീറ്റില്‍ മികച്ച പ്രകടനം നടത്തി വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്‌ക്കുവേണ്ടി സ്വര്‍ണം നേടിയ താരമാണ്‌ ചിത്ര.
ഓഗസ്‌റ്റ് നാലുമുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനു പിന്നില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ഗൂഢ താല്‍പര്യമാണെന്നു ചൂണ്ടിക്കാട്ടി ചിത്രയുടെ പരിശീലകന്‍ എന്‍.എസ്‌. സിജിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ കോടതി ഇന്നു വിധിപറയാനിരിക്കുകയാണ്‌.
ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തില്‍നിന്നുള്ള എംപിമാര്‍ കേന്ദ്ര കായികമന്ത്രി വിജയ്‌ ഗോയലിനെയും കായിക സെക്രട്ടറിയെയും കണ്ടിരുന്നു.
ഇടത്‌ എംപിമാരായ പി.കരുണാകരന്‍, പി.കെ.ശ്രീമതി, ഡോ. എ.സമ്പത്ത്‌, എം.ബി. രാജേഷ്‌, പി.കെ.ബിജു എന്നിവരാണ്‌ മന്ത്രിയെ സമീപിച്ചത്‌. ചിത്രയെ തഴഞ്ഞത്‌ അംഗീകരിക്കാനാകില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
പിന്‍തുണയറിയിച്ച്‌ മുന്‍കാല കായിക താരങ്ങളും രാഷ്ര്‌ടീയ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും ചിത്രയ്‌ക്ക് അനുകൂലമായ പ്രചരണങ്ങളുണ്ടായി. നേരത്തെ കേരള കായികമന്ത്രി എ.സി. മൊയ്‌തീനും വിഷയത്തില്‍ കേന്ദ്രത്തിന്‌ കത്തയച്ചിരുന്നു.

Ads by Google
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
TRENDING NOW