Tuesday, July 17, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 11.20 AM

മകളുടെ ജീവിതം തിരിച്ചുപിടിക്കാൻ ഹനീഫക്കൊരു കൈത്താങ്ങുവേണം

uploads/news/2017/07/130870/gulf260717c.jpg

ജിദ്ദ: മൂന്നര പതിറ്റാണ്ട്​ ചോര നീരാക്കിയിട്ടും ഒരു കരയിലെത്തിക്കാൻ കഴിയാത്ത കുടുംബത്തി​െൻറ പ്രതിസന്ധികൾക്ക്​​ മുമ്പിൽ പകച്ചു നിൽക്കുകയാണ്​ ഹനീഫ.

മൂന്നാമത്തെ മകളുടെ ഭർത്താവി​െൻറ വൃക്കരോഗമാണ്​ പടുവാർദ്ധക്യത്തിലും പ്രവാസം തുടരാൻ നിർബന്ധിതനായ ഇൗ പാലക്കാട്​ മലമ്പുഴ സ്വദേശിയുടെ പുതിയ വേദന.

ദുർവിധിയുടെ പിടിയിലായിരുന്നു എന്നും ഹനീഫയുടെ ജീവിതം. പ്രാരബ്​ധങ്ങളുടെ കടലിൽ നിന്ന്​ കുടുംബത്തെ രക്ഷിക്കാനാണ്​ 25ാം വയസിൽ ജിദ്ദയിലെത്തിയത്​. 62ാം വയസിലും ശറഫിയ്യക്കടുത്തുള്ള പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഇയാൾക്ക്​ ഇതല്ലാതെ ജീവിതം തുഴയാൻ മറ്റൊരു മാർഗവും മുന്നിലില്ല. ഇൗ കാലത്തിനിടയിൽ വിധേയമായത്​ രണ്ടു ഹൃദയ ശസ്​ത്രക്രിയകൾക്കാണ്​.

ഹൃദ്​രോഗം തളർത്തിയ വർഷങ്ങൾക്കിടയിലും മൂന്നു പെൺമക്കളെ വിവാഹം ചെയ്​തയച്ചു. ഇതോടെ പ്രവാസം അവസാനിപ്പിക്കാമെന്നായിരുന്നു ഹനീഫയുടെ ചിന്ത. ​

വാർധക്യത്തി​െൻറയും തളരുന്ന ഹൃദയത്തി​െൻറയും ബുദ്ധിമുട്ടുകളിൽ ഇനി ഒരടി മുന്നോട്ടുവയ്യ എന്ന്​ ജീവിതം കിതയ്​ക്കുന്നുണ്ട്​. നെഞ്ചിലെ വടുകെട്ടിയ വലിയ മുറിപ്പാടുകൾ മാത്രമാണ്​ സാമ്പാദ്യമെങ്കിലും നാട്ടിലേക്ക്​ മടങ്ങാമെന്ന്​ കരുതി ഭാണ്ഡം മുറുക്കാനൊരുങ്ങിയതാണ്​.

അപ്പോഴാണ്​ അശനിപാതം പോലെ ആ ദുരന്തം കുടുംബത്തിന്​ മേൽ പതിച്ചത്​. മൂന്നാമത്തെ മകളുടെ ഭർത്താവും നിലവിൽ വീട്ടിലെ കാര്യങ്ങൾ നോക്കുന്നയാളുമായ അബ്​ദുൽ മജീദി​നെ ദുർവിധി പിടികൂടിയത്​ വൃക്കരോഗത്തി​െൻറ രൂപത്തിൽ.

ഹനീഫയുടെ ഭാര്യയും ഇളയ മകളും മാത്രമുള്ള വീട്ടിൽ ആൺതുണയെന്ന നിലയിലാണ്​ മജീദ്​ അവിടെ കഴിയുന്നത്​. ​നല്ല ആരോഗ്യവാനായിരുന്ന മജീദിന്​ പെട്ടന്നാണ്​ രോഗം ബാധിച്ചത്​.

പരിശോധനയിൽ രണ്ടുവൃക്കയും തകരാറിലാണെന്ന്​ കണ്ടെത്തി. അടിയന്തിരമായി വൃക്ക മാറ്റിവെച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന അവസ്​ഥ​. പതിനായിരങ്ങൾക്ക്​ മുകളിൽ വില വരുന്ന മരുന്നുകൾ കൊണ്ടാണ്​ ഇപ്പോൾ ജീവൻ നിലനിർത്തുന്നത്​.

മജീദിന്​ പകരം വൃക്ക നൽകാൻ ഭാര്യ സജ്​ന സന്നദ്ധയാണ്​. ​പക്ഷേ, ശസ്​ത്രക്രിയക്കുള്ള അനുമതിപത്രം നേടുക​ അത്രയെളുപ്പമായിരുന്നില്ല. എന്തുചെയ്യണമെന്ന്​ ഒരു എത്തുംപിടിയും കിട്ടിയില്ലെങ്കിലും വിവരം അറിഞ്ഞയുടൻ നാട്ടിൽ പോയ ഹനീഫ അവശതകൾ അവഗണിച്ച്​ വി​ല്ലേജ്​ ഒാഫീസ്​ മുതൽ സെക്രട്ടറിയേറ്റ്​ വരെ കയറിയിറങ്ങി വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്കുള്ള അനുമതി സമ്പാദിച്ചു.

ഇതിനിടക്ക്​, മലമ്പുഴ എം.എൽ.എ വി.എസ്​ അച്യുതാനന്ദൻ മണ്ഡലം സന്ദർശിക്കാനെത്തിയപ്പോൾ ഹനീഫയുടെ ഭാര്യ തങ്ങളുടെ ദുരവസ്​ഥ കാട്ടി നിവേദനം നൽകി. ദയനീയസ്ഥിതി തിരിച്ചറിഞ്ഞ അദ്ദേഹം ഉടനടി എം.എൽ.എ ഫണ്ടിൽ നിന്ന്​ 25,000 രൂപ അനുവദിച്ചു. പക്ഷേ, ഭീമമായ ചികിത്സ ചെലവിനിടയിൽ അതുകൊണ്ട്​ ഒന്നും ആകുമായിരുന്നില്ല. ഒടുവിലിപ്പോൾ ആഗസ്​ത്​​ 10ാം തിയതി ശസ്​​ത്രക്രിയക്കുള്ള തിയതി കുറിച്ച്​ നൽകിയിരിക്കുകയാണ്​ ഡോക്​ടർമാർ.

മൊത്തം 10 ലക്ഷത്തിലേറെ രൂപയാണ്​ പ്രാഥമികമായി വേണ്ടിവരിക. സഹകരണ ബാങ്കിൽ വീട്​ പണയപ്പെടുത്തി മൂന്നുലക്ഷം രൂപ നിലവിൽ സമാഹരിച്ചിട്ടുണ്ട്​. ബാക്കി തുകക്ക്​ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായനായി നിൽക്കുകയാണ്​ ഹനീഫ. മകളുടെ ജീവിതം കാക്കാൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഹനീഫ സുമനസുകളുടെ സഹായം തേടുകയാണ്​.

ചികിത്സാ സഹായത്തിനായി മകൾ സജ്​നയുടെ പേരിൽ ബാങ്ക്​ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​, കരുണയുള്ളവർ കനിയുമെന്ന പ്രതീക്ഷയിൽ. ഹനീഫയുടെ ഫോൺ നമ്പർ: 050 654 1981. അക്കൗണ്ട്​ വിശദാംശങ്ങൾ: Sajna. H, Canara Bank, A/C number : 0743101019873, IFSC: CNRB 0000743, Malampuzha, palakkad

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Wednesday 26 Jul 2017 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW