Sunday, July 22, 2018 Last Updated 26 Min 37 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Wednesday 26 Jul 2017 01.39 AM

യെച്ചൂരിയെ പാര്‍ട്ടി 'തോല്‍പ്പിച്ചു' : കോണ്‍ഗ്രസുമായി ബന്ധം വേണ്ട; രാജ്യസഭയിലേക്കും പോകേണ്ട

uploads/news/2017/07/130811/d2.jpg

ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്കു മത്സരിക്കണമെന്ന പശ്‌ചിമ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട്‌ തള്ളി. മുപ്പതിനെതിരേ അമ്പതു വോട്ടുകള്‍ക്കാണു ബംഗാളിന്റെ ആവശ്യം തള്ളിയത്‌. രാജ്യസഭാ തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുകയോ അവരുടെ പിന്തുണ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

കോണ്‍ഗ്രസുമായി യാതൊരു വിധ തെരഞ്ഞെടുപ്പ്‌ ധാരണയും ആവശ്യമില്ലെന്ന്‌ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാട്‌ ഉയര്‍ത്തിപിടിക്കാന്‍ സാധിച്ചത്‌ കാരാട്ട്‌പക്ഷത്തിന്റെ വിജയവുമായി. യെച്ചൂരി വീണ്ടും മത്സരിക്കുന്നതു തടയാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതു പാര്‍ട്ടി കേരള ഘടകമാണ്‌. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച വരുന്ന ദിവസം തന്നെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും യെച്ചൂരി മത്സരിക്കേണ്ടെന്ന നിലപാട്‌ വ്യക്‌തമാക്കിയിരുന്നു. ബംഗാള്‍ ഘടകവും കേരളത്തില്‍നിന്നു വി.എസ്‌. അച്യുതാനന്ദനുമാണ്‌ യെച്ചൂരിക്കൊപ്പം സജീവമായുണ്ടായിരുന്നത്‌.

മറ്റു സംസ്‌ഥാനഘടകങ്ങളുടെ നിലപാട്‌ യെച്ചൂരി മത്സരിക്കേണ്ടെന്നായിരുന്നു. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിലപാട്‌ അനുസരിക്കുമെന്നും പോളിറ്റ്‌ ബ്യൂറോ യോഗത്തില്‍ വ്യക്‌തമാക്കിയ യെച്ചൂരി പക്ഷേ, ചര്‍ച്ചയ്‌ക്ക്‌ അവസാനം വോട്ടെടുപ്പിലേക്ക്‌ നീങ്ങിയിട്ടും തടഞ്ഞില്ല. യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ്‌ കേന്ദ്ര കമ്മിറ്റി ബലപരീക്ഷണത്തിന്‌ വേദിയാകുന്നത്‌. പോളിറ്റ്‌ ബ്യൂറോയ്‌ക്കൊപ്പം കേന്ദ്ര കമ്മിറ്റിയിലും കാരാട്ട്‌പക്ഷം മോധാവിത്വം സ്‌ഥാപിച്ചതോടെ യെച്ചൂരിയുടെ നേതൃത്വം തന്നെ വരുംനാളുകളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ആഹ്‌ളാദത്തോടെയാണ്‌ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പുറത്തുവന്നത്‌.

ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി അടുത്ത മാസം 18നാണ്‌ അവസാനിക്കുന്നത്‌. യെച്ചൂരിയടക്കം ആറു പേരുടെ ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്‌ നടക്കുക. ഇതില്‍ അഞ്ചെണ്ണം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‌ ഉറപ്പുള്ള സീറ്റുകളാണ്‌. ശേഷിക്കുന്ന സീറ്റില്‍ സീതാറാം യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്‌ക്കാമെന്നു കോണ്‍ഗ്രസ്‌ നേതൃത്വം നിലപാട്‌ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മത്സരിക്കുന്നത്‌ തെറ്റായ സന്ദേശം നല്‍കുമെന്നും രാജ്യസഭയില്‍ രണ്ടു തവണ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ മൂന്നാംമൂഴം നല്‍കുന്നതു കീഴ്‌ വഴക്കങ്ങള്‍ക്ക്‌ എതിരാണെന്നും കാരാട്ട്‌ പക്ഷം വാദിച്ചു. യെച്ചൂരി രാജ്യസഭയില്‍ അഭിഭാജ്യ ഘടകമാണെന്നു വാദിച്ച ബംഗാള്‍ ഘടകം മൂന്നാമൂഴം നല്‍കിയില്ലെങ്കില്‍ 2020 ഓടെ രാജ്യസഭയില്‍ ബംഗാളില്‍നിന്ന്‌ സി.പി.എമ്മിന്‌ അംഗങ്ങളുണ്ടാകില്ലെന്നും ബംഗാള്‍ ഘടകവും വാദിച്ചു.

എന്നാല്‍ കാരാട്ട്‌ പക്ഷത്തിന്‌ ഭൂരിപക്ഷമുള്ള പോളിറ്റ്‌ ബ്യൂറോ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളി. തുടര്‍ന്ന്‌ നടന്ന കേന്ദ്ര കമ്മിറ്റിയില്‍ ബംഗാള്‍ ഘടകം വീണ്ടും വിഷയം ഉന്നയിക്കുകയായിരുന്നു. ചര്‍ച്ചയില്‍ കേരള ഘടകം കാരാട്ട്‌ പക്ഷത്തിനൊപ്പം നിന്നു. എന്നാല്‍ വി.എസ്‌ അച്ചുതാനന്ദന്‍ യെച്ചൂരിക്ക്‌ അനുകൂല നിലപാട്‌ പ്രകടമാക്കി കുറിപ്പ്‌ നല്‍കി. കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായ വി.എസിനു വോട്ടവകാശമില്ല. യെച്ചൂരിയെ പിന്തുണയ്‌ക്കാമെന്നറിയിച്ച കോണ്‍ഗ്രസ്‌ പകരം മറ്റേതെങ്കിലും നേതാവിനെയാണ്‌ സ്‌ഥാനാര്‍ഥിയാക്കുന്നതെങ്കില്‍ പിന്തുണ നല്‍കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസിനു തനിച്ച്‌ വിജയിക്കാനുള്ള അംഗബലവും നിലവില്‍ ബംഗാള്‍ നിയമസഭയിലില്ല.

Ads by Google
ജിനേഷ്‌ പൂനത്ത്‌
Wednesday 26 Jul 2017 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW