Tuesday, July 10, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 01.20 AM

ഹനുമാന്റെ നയതന്ത്രവും 'പാസ്‌വേഡും'

uploads/news/2017/07/130768/bft1.jpg

'പബ്ലിക്‌ റിലേഷന്‍സ്‌', 'ഡിപ്ലോമസി', 'പാസ്‌വേഡ്‌' തുടങ്ങിയ ആശയങ്ങള്‍ പുതിയ കാലത്തിന്റെ മുഖമുദ്രയാണ്‌. എന്നാല്‍, ഹനുമാന്‍ സമര്‍ഥനായ ഒരു പബ്ലിക്‌ റിലേഷന്‍ ഓഫീസറോ നയതന്ത്രജ്‌ഞനോ എന്നു സംശയിച്ചുപോകും.
ഒരു നയതന്ത്രജ്‌ഞനും പി.ആര്‍.ഒയ്‌ക്കും അത്യാവശ്യമായ ഗുണങ്ങള്‍ ഏതൊക്കെയാണ്‌? -സംഭാഷണചാതുര്യം, വ്യക്‌തമായ ലക്ഷ്യം, ആത്മാര്‍ഥത, വിശേഷബുദ്ധി, കൂടെയുള്ളവര്‍ വാരിക്കുഴിയില്‍ വീണാല്‍ കരകയറ്റാനുള്ള ഉചിതജ്‌ഞത.
ഇവയെല്ലാം ഹനുമാനുണ്ട്‌! മാത്രമല്ല, മഹാവീരനും മഹാശക്‌തനും മധുരഭാഷിയായ ജ്‌ഞാനി കൂടിയാകുന്നു മാരുതി.
ഇനി പാസ്‌വേഡിനെക്കുറിച്ച്‌. ഹനുമാന്‍ അശോകവനികയില്‍ സീതയോടു പറയുന്ന അടയാളവാക്യവും സീത തിരിച്ചു പറഞ്ഞുകൊടുക്കുന്ന അടയാളവാക്യവുമല്ലേ, 'പാസ്‌വേഡ്‌?'
മനസിന്റെ വാതിലുകള്‍ തുറക്കുന്ന പാസ്‌വേഡ്‌?
ഈ 'പാസ്‌വേഡ്‌' മറ്റാര്‍ക്കും രാമനും സീതയും പറഞ്ഞുകൊടുത്തില്ലെന്നുമോര്‍ക്കണം!
ലോകത്തിലാദ്യമായുണ്ടായ 'രാജ്യാന്തര ഉടമ്പടി'യുടെയും സൂത്രധാരന്‍ വായൂപുത്രനല്ലേ? രാമ-സുഗ്രീവ സഖ്യം!
ഈ കരാര്‍ ഉണ്ടാക്കിയതാകട്ടെ, നയതന്ത്രജ്‌ഞനായ ഹനുമാന്റെ നിര്‍ദേശപ്രകാരമായിരുന്നു. രാമന്റെ ശക്‌തി സുഗ്രീവനേയും സുഗ്രീവന്റെ കരുത്ത്‌ രാമനേയും ബോധ്യപ്പെടുത്തുന്ന 'ഡിപ്ലോമസി' ഹനുമാനു സ്വന്തമായിരുന്നു!
രാമനും സീതയ്‌ക്കും സുഗ്രീവനും ജാംബവാനും ഹനുമാന്റെ പ്രായോഗിക ബുദ്ധിതന്ത്രങ്ങളില്‍ വിശ്വാസവുമുണ്ടായിരുന്നു.
ഋഷ്യമൂകാചലത്തിന്റെ താഴ്‌വരയില്‍ സീതാന്വേഷണത്തിനായി എത്തിയ രാമലക്ഷ്‌മണന്മാര്‍ ആരാണെന്നറിഞ്ഞുവരാന്‍ സുഗ്രീവന്‍ നിയോഗിച്ചത്‌ മന്ത്രിയായിരുന്ന ഹനുമാനെയാണ്‌. 'പബ്ലിക്‌റിലേഷന്‌' യോജിച്ചയാള്‍!
ബ്രഹ്‌മചാരിയുടെ വേഷത്തില്‍ രാമലക്ഷ്‌മണന്മാരെ ചെന്നുകണ്ട്‌ ഹനുമാന്‍ നമസ്‌കരിച്ചു. അദ്ദേഹത്തിന്റെ വിനീതമായ ചോദ്യങ്ങള്‍ രാമനെ സന്തോഷിപ്പിച്ചു. എന്തൊരു ഇമ്പമാണ്‌ ഹനുമാന്റെ സ്വരത്തിന്‌! എന്തൊരു ഭംഗിയാണ്‌ ഉച്ചാരണത്തിന്‌!
ശ്രീരാമന്‌ ഹനുമാനോട്‌ ആദരവും സ്‌നേഹവും തോന്നി. പരമാര്‍ഥമെല്ലാം അറിയിക്കുകയും ചെയ്‌തു. ഈ സംഭാഷണം ലോകത്തിലാദ്യത്തെ രാജ്യാന്തര ഉടമ്പടിക്ക്‌- ശ്രീരാമ-സുഗ്രീവ സഖ്യത്തിന്‌-വഴിതുറന്നു!
ഇതല്ലേ, മികച്ച പബ്ലിക്‌ റിലേഷന്‍?
രാമനും സുഗ്രീവനുമായുള്ള 'എഗ്രിമെന്റ്‌' നടന്നില്ലായിരുന്നെങ്കില്‍ രാമകഥ എങ്ങനെ മുമ്പോട്ടു പോകുമായിരുന്നു? ഹനുമാനാണ്‌ രാമന്റെ മുമ്പില്‍ ഈ ആശയം വച്ചത്‌. 'സുഗ്രീവന്റെ ശത്രുവായ ബാലിയെ വധിക്കണം; സുഗ്രീവന്‍ സീതയെ കണ്ടുപിടിക്കും' - ഇതായിരുന്നു കരാറിലെ വ്യവസ്‌ഥ!
ഹനുമാന്‍ സത്യമേ പറയൂ എന്ന്‌ നിശ്‌ചയമുണ്ടായിരുന്നു സുഗ്രീവന്‌. അതുകൊണ്ട്‌ വ്യവസ്‌ഥകള്‍ സമ്മതിച്ചു.
ഒരു ശുഭമുഹൂര്‍ത്തത്തില്‍ ഹനുമാന്‍ അഗ്നി ജ്വലിപ്പിച്ചു. ആ അഗ്നിയെ സാക്ഷിയാക്കി ശ്രീരാമനും സുഗ്രീവനും സഖ്യം ചെയ്‌തു. ഇരുവര്‍ക്കും പ്രയോജനകരമായ സഖ്യം! മഹാവിഷ്‌ണുവിന്റെ ഭക്‌തനും ധീരനും പരാക്രമിയുമായിരുന്ന ബാലിയെ ശ്രീരാമന്‍ വധിച്ചത്‌ ഈ സഖ്യത്തിന്റെ ശക്‌തികൊണ്ടാണ്‌. ശ്രമകരമായ ഒരു ദൗത്യം സുഗ്രീവനുവേണ്ടി ഹനുമാന്‍ നടത്തിയെടുത്തു എന്നു പറയാം.
ഇതല്ലേ, ഒരു മികച്ച പി.ആര്‍.ഒയുടെ വിജയം?
ബാലിവധം നടന്നു. സുഗ്രീവന്‌ രാജ്യം കിട്ടി. സുഗ്രീവന്‍ സുഖത്തില്‍ മതിമറന്നു. സീതയെ ഓര്‍ത്ത്‌ ദുഃഖിച്ച്‌ ശ്രീരാമന്‍ തൊട്ടടുത്ത മലയില്‍ കഴിയുന്നുണ്ടെന്ന കാര്യവും മറന്നു. അപ്പോഴും ഹനുമാന്‍, സുഗ്രീവനോട്‌ അഭിപ്രായം തുറന്നുപറഞ്ഞു: ''ശ്രീരാമന്‍ ബാലിയെ വധിച്ചു. കരാര്‍ നിറവേറ്റി. സുഗ്രീവനും വ്യവസ്‌ഥ പാലിക്കണം. അല്ലെങ്കില്‍ ബാലിയെ കൊന്നപോലെ സുഗ്രീവനേയും രാമന്‍ കൊല്ലും!''
ഹനുമാന്‍ ആത്മാര്‍ഥതയോടെ സത്യം പറഞ്ഞു. കരാറുണ്ടാക്കാന്‍ സൂത്രധാരത്വം വഹിക്കുക മാത്രമല്ല അതു നടപ്പാക്കാനും ഹനുമാന്‍ മുഖംനോക്കാതെ ശ്രമിച്ചു.
സീതയെ അന്വേഷിച്ചു പോകാന്‍ വാനരപ്പടയെ തയാറാക്കാന്‍ സുഗ്രീവന്‍ ഉടന്‍ ഉത്തരവിട്ടു. ഏഴു ദ്വീപുകളിലേയും വാനരന്മാരെല്ലാം പതിനാലു ദിവസത്തിനകം വന്നുചേരണം! വരാത്തവര്‍ക്ക്‌ വധശിക്ഷ വിധിക്കും! അതിനു മാറ്റമില്ല! കടുപ്പമുള്ളതാണ്‌ സുഗ്രീവന്റെ ആജ്‌ഞ. 'സുഗ്രീവാജ്‌ഞ' എന്ന്‌ ചൊല്ലു പോലുമുണ്ട്‌!
ശ്രീരാമനും ഹനുമാനെ ഇഷ്‌ടമായി. അതുകൊണ്ടുതന്നെ രണ്ടു കാര്യങ്ങള്‍ ഏല്‍പിച്ചു: ഒന്ന്‌ - പേരു കൊത്തിയ മോതിരം. രണ്ട്‌ - അടയാള വാക്യം. സീതയെ കണ്ടെത്തിയാല്‍ അടയാള വാക്യം പറഞ്ഞ്‌ മോതിരം സീതയ്‌ക്കു കൊടുക്കണം! സീതയെ ആശ്വസിപ്പിക്കണം! ഈ അടയാള വാക്യമല്ലേ, ഇന്നത്തെ പാസ്‌വേഡ്‌?
അശോകവനിയിലെത്തിയ ഹനുമാനാകട്ടെ, മരച്ചില്ലയില്‍ മറഞ്ഞിരുന്ന്‌ രാമനാമമാണ്‌ ആദ്യം ചൊല്ലിയത്‌! സീതയ്‌ക്കു ഭയമകറ്റി, ആശ്വാസം നല്‍കാന്‍!
ഉചിതമായ മനഃശാസ്‌ത്ര സമീപനം!
ഇതല്ലേ, മികച്ച കമ്മ്യൂണിക്കേഷന്‍?
നയതന്ത്രജ്‌ഞത!
തലയിലണിഞ്ഞിരുന്ന ചൂഡാരത്നം നല്‍കി, അടയാളവാക്യവും പറഞ്ഞാണ്‌ ഹനുമാനെ ലങ്കയില്‍ നിന്ന്‌ സീത തിരിച്ചയയ്‌ക്കുന്നത്‌.
രാമ-രാവണ യുദ്ധഭൂമിയില്‍ ഇന്ദ്രജിത്തിന്റെ ബ്രഹ്‌മാസ്‌ത്രമേറ്റ്‌ ശ്രീരാമനും ലക്ഷ്‌മണനും പോലും നിലംപതിച്ചപ്പോള്‍, യുദ്ധക്കളത്തില്‍ മയങ്ങിവീണ ജാംബവാന്‍ ഉണര്‍ന്ന്‌ അന്വേഷിച്ചത്‌ ഹനുമാനെയായിരുന്നു. ഹനുമാന്‍ മരിച്ചുപോയോ? എന്നാല്‍ എല്ലാവരും മരിച്ചതു തന്നെ! ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ? എങ്കില്‍ മറ്റെല്ലാവരും ജീവിക്കും! -ഇതായിരുന്നു മുറിവേറ്റുകിടന്ന ജാംബവാന്‍ പറഞ്ഞത്‌.
കൈലാസത്തിലെ ഋഷഭാദ്രി മലയിലെ മൃതസഞ്‌ജീവിനി എന്ന മരുന്നു കൊണ്ടുവന്നാലേ രാമലക്ഷ്‌മണന്മാരടക്കമുള്ളവര്‍ രക്ഷപ്പെടുകയുള്ളൂ. ഇതിന്‌ ഹനുമാന്‍ തന്നെ പോകണം - ജാംബവാന്‍ നിര്‍ദേശിച്ചു.
ഇനി, ഏതൊരു 'ഡിപ്ലോമാറ്റി'നും ഉണ്ടായിരിക്കേണ്ട 'വിഷന്‍' അല്ലെങ്കില്‍ 'നൈപുണ്യ'ത്തെക്കുറിച്ച്‌.
ഏല്‍പിച്ച കാര്യം സമര്‍പ്പണപൂര്‍വം ചെയ്യുന്നതിനപ്പുറമുള്ള മനസുണ്ടായിരിക്കുക എന്നതാണ്‌ പ്രധാനം. അതും ഹനുമാന്റെ രീതിയാണ്‌.
സീതയെ അശോകവനിയില്‍ കണ്ടശേഷം അംഗുലീയം നല്‍കി മടങ്ങിയാല്‍ മതിയായിരുന്നു. എന്നാല്‍, സാക്ഷാല്‍ രാവണനെ നേരിട്ടുകണ്ട്‌ സംസാരിക്കണം എന്നുകൂടി വായൂപുത്രന്‍ നിശ്‌ചയിച്ചു, മനഃപൂര്‍വം ലങ്കയില്‍ പരാക്രമം കാട്ടി ബോധം കെട്ടപോലെ അഭിനയിച്ച്‌ രാക്ഷസ സൈന്യത്തിന്‌ പിടികൊടുത്തു. രാവണന്റെ മുമ്പിലെത്തി അദ്ദേഹത്തോടു സംസാരിച്ചു!
പട്ടാഭിഷേകസമയത്ത്‌ സീത തന്റെ രത്നമാല നല്‍കിയത്‌ ഹനുമാനാണ്‌. ബുദ്ധിക്കും ഭക്‌തിക്കും ശക്‌തിക്കുമുള്ള അംഗീകാരം!
എന്നാല്‍, രാമനാമം ഉള്ളിടത്തോളം കാലം ജീവിക്കണം എന്നു മാത്രമായിരുന്നു ഹനുമാന്റെ ആഗ്രഹം. അവിടെനിന്ന്‌ ഹിമാലയത്തിലേക്കു പോയ ഹനുമാനെ, യുഗങ്ങള്‍ കഴിഞ്ഞാണ്‌ നമ്മള്‍ കാണുന്നത്‌! പാഞ്ചാലിക്കായി സൗഗന്ധികപുഷ്‌പം തേടിപ്പോയ ഭീമന്റെ വഴിമുടക്കിക്കിടക്കുന്ന രൂപത്തില്‍!

Ads by Google
Wednesday 26 Jul 2017 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW