Saturday, December 09, 2017 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 03.52 PM

നഷ്ടപ്പെട്ടു പോയ അവസരം

''അദ്ദേഹം പറഞ്ഞു: എന്നെ കാണാന്‍ വരുമ്പോള്‍ പുതിയ വസ്ത്രം ധരിക്കേണ്ടതില്ല. ഉണ്ണി എങ്ങനെയാണോ, അതുപോലെ വന്നാല്‍ മതി.''
uploads/news/2017/07/130609/Weeklyaanmanasuunni.jpg

നിമിത്തങ്ങളില്‍ വിശ്വസിക്കുന്ന ആളാണു ഞാന്‍. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങള്‍ നമ്മെ ഇഷ്ടപ്പെട്ട പല രംഗത്തുനിന്നും അകറ്റും. അപ്പോഴും ദൈവം നിശബ്ദമായി നമ്മുടെ ഭാവി അതിലെവിടെയോ കുറിച്ചിടും. നമുക്കതു മനസിലാകുന്നത് നാം അതേ ലക്ഷ്യത്തില്‍ എത്തിച്ചേരുമ്പോള്‍ ആയിരിക്കും.

എന്റെ സ്‌കൂള്‍ പഠനം ഗുജറാത്തിലെ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു ഞാന്‍ സ്‌പോര്‍ട്‌സില്‍ താരമായിരുന്നെങ്കിലും ആര്‍ട്‌സില്‍ പിന്നിലായിരുന്നു.

പക്ഷേ കലാരംഗത്തോടായിരുന്നു കൂടുതല്‍ താല്‍പര്യം. ആ ആഗ്രഹത്തിനു പുറകെ പോയിട്ടാണ് ഏഴാംക്ലാസില്‍ വച്ച് ഇംഗ്ലീഷ് ഡ്രാമയില്‍ ഒരു വേഷം തരപ്പെടുത്തിയെടുത്തത്.

വില്ല്യം ഷേക്‌സ്പിയര്‍ എഴുതിയ 'ദി ഷോ മസ്റ്റ് ഗോ ഓണ്‍' ആയിരുന്നു കഥ. സംവിധാനം ചെയ്യുന്നത് ഞങ്ങളുടെ ഇംഗ്ലീഷ് മാഷ്. അതിലെ ജോയ് എന്ന കഥാപാത്രം ആയിരുന്നു എന്റേത്. ഞാന്‍ അതിയായി സന്തോഷിച്ചു.

എന്റെ അഭിനയരംഗത്തേക്കുള്ള ചുവടുവയ്പ്പ് അനശ്വരമാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ആ കഥാപാത്രം തന്റെ ഡയലോഗ് പറയുന്നതിനു മുമ്പായി ഒരു വിസില്‍ അടിക്കണം.

അന്ന് സ്‌കൂളിലൊക്കെ കുട്ടികള്‍ വായില്‍ വിരല്‍ തിരുകിവച്ച് വിസില്‍ അടിക്കാന്‍ മിടുക്കരായിരുന്നു. എനിക്കാണെങ്കില്‍ അന്നും ഇന്നും അറിയില്ല വിസില്‍ അടിക്കാന്‍.

ആ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് ആ അവസരം നഷ്ടപെട്ടു. നന്നായി വിസില്‍ അടിക്കുന്ന മറ്റൊരു പയ്യന്‍ ആ വേഷം ചെയ്തു.

ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിനുശേഷം ഞാന്‍ അഭിനയത്തില്‍ നിന്ന്- എന്തിന്, കലാപരിപാടികള്‍ നടക്കുന്ന സ്ഥലത്തുനിന്നുപോലും- ഒരു അകലം പാലിച്ചു.

സത്യം പറഞ്ഞാല്‍ അതിനുശേഷം ഞാന്‍ അഭിനയിക്കുന്നത് സിനിമയിലാണ്. അന്ന് ആ സംഭവം എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

എന്നിരുന്നാലും, ആ പ്ലേയുടെ പേര് എന്റെ വിധിയായി ദൈവം കാത്തുവച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 'ദി ഷോ മസ്റ്റ് ഗോ ഓണ്‍'; കളി തുടരുകതന്നെ വേണം.

സിനിമയില്‍ വന്നപ്പോഴും മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടായി. പഠനമൊക്കെ കഴിഞ്ഞു നില്‍ക്കുമ്പോള്‍, എന്റെ അഭിനയമോഹം കണ്ടിട്ട് അച്ഛനാണ് ലോഹിതദാസ് സാറിന്റെ വിലാസം സംഘടിപ്പിച്ചു തരുന്നത്. ഞാന്‍ വിശാലമായിത്തന്നെ സാറിനു കത്തെഴുതി. ഒന്നുരണ്ടു ഫോട്ടോസും കൂടെവച്ചു.

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ സാര്‍ തിരിച്ചുവിളിച്ചു. ചെന്നു കാണാന്‍. ഞാന്‍ പുതിയ ജീന്‍സും ഷര്‍ട്ടുമൊക്കെ ധരിച്ച് അദ്ദേഹത്തെ കാണാന്‍ ചെന്നു.

എന്നെ കണ്ടപ്പോള്‍ത്തന്നെ ചോദിച്ചു, ഉണ്ണി ഇങ്ങനെ ടിപ് ടോപ് ആയാണോ എപ്പോഴും നടക്കുന്നതെന്ന്. ഞാന്‍ പറഞ്ഞു: അല്ല, സാറിന്റെ മുന്നില്‍ ആദ്യം വരുന്നതല്ലേ, ആദ്യത്തെ മതിപ്പ് കളയാതെ ഇരിക്കാനാണ് ഇങ്ങനെയൊക്കെ വന്നതെന്ന്.

അദ്ദേഹം പറഞ്ഞു: എന്നെ കാണാന്‍ വരുമ്പോള്‍ പുതിയ വസ്ത്രം ധരിക്കേണ്ടതില്ല. ഉണ്ണി എങ്ങനെയാണോ, അതുപോലെ വന്നാല്‍ മതിയെന്ന്.

മലയാളത്തിന്റെ ഏറ്റവും പ്രിയങ്കരനായ തിരക്കഥാകൃത്തിന്റെ
അങ്ങേയറ്റം ലാളിത്യം കലര്‍ന്ന വാക്കുകളാണ് ഒരുപക്ഷേ എന്നെ സിനിമയില്‍ ഉറപ്പിച്ചത്.

അന്ന് മറ്റേതെങ്കിലും വ്യക്തിയുടെ മുമ്പില്‍ കയ്‌പ്പേറിയ ഒരനുഭവമാണ് എനിക്കുണ്ടായിരുന്നതെങ്കില്‍ ഒരുപക്ഷേ ഞാന്‍ എന്ന സിനിമാനടന്‍ ഉണ്ടാകുമായിരുന്നില്ല.

അപ്പോഴും മറുചിന്തയില്‍ ആ പഴയ ഏഴാം ക്ലാസിലെ സംഭവം ഓര്‍മയില്‍ എത്തും. അന്ന് റിഹേഴ്‌സല്‍ ക്യാമ്പില്‍ കണ്ണുനിറഞ്ഞു നിന്ന എന്റെ കാതില്‍ മുഴങ്ങിയ ഷേക്‌സ്പീരിയന്‍ നാടകത്തിന്റെ തലക്കെട്ട്. 'ദി ഷോ മസ്റ്റ് ഗോ ഓണ്‍'.

തയ്യാറാക്കിയത് :
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
TRENDING NOW