Tuesday, July 17, 2018 Last Updated 20 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 03.11 PM

ഓര്‍ഡിനറി ജീവിതത്തിനൊരു ഡബിള്‍ബെല്‍

കെ.എസ്.ആര്‍.ടി.സിയിലെ ആദ്യ വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ.ആര്‍.രോഹിണിയുടെ ജീവിതത്തിലൂടെ...
uploads/news/2017/07/130603/rohiniksrtc.jpg

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തുന്ന സ്ത്രീകളുടെ എണ്ണം കുറവല്ല. സ്ത്രീസുരക്ഷയും സംവരണവും പ്രധാനവിഷയങ്ങളാകുന്ന ഇക്കാലത്ത് പുരുഷന്മാരെപ്പോലെ സ്ത്രീകളും പല മേഖലകളിലും ചുക്കാന്‍ പിടിക്കുന്നുണ്ട്.

വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീര്‍ന്ന പെണ്‍മനസ്സുകളല്ല ഇന്നുള്ളത്. അവര്‍ വളരെ ശക്തരാണ്. സമൂഹത്തിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാനും അവര്‍ക്കായി. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്ന ഓരോരുത്തരും അറിയേണ്ട വ്യക്തിത്വമാണ് തൊടുപുഴ വഴിത്തല സ്വദേശി ആര്‍.കെ.രോഹിണിയുടേത്.

കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടര്‍ പദവിയില്‍ നിന്നു കേരളത്തിലെ ആദ്യ വനിത സ്റ്റേഷന്‍ മാസ്റ്റര്‍ പദവിയിലേക്കെത്തിയ കെ.ആര്‍.രോഹിണി. ഓരോ സ്ത്രീയും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് രോഹിണിയുടേത്.

ദാരിദ്രം നിറഞ്ഞ ബാല്യകാലത്ത് യാതനകളെ അവഗണിച്ചാണ് രോഹിണി പഠിച്ചു മുന്നേറിയത്. വേണ്ടത്ര വിദ്യാഭ്യാസവും നേടി കേരളത്തിലെ ആദ്യ മൂന്ന് വനിതാ കണ്ടക്ടര്‍മാരില്‍ ഒരാളായി രോഹിണി മാറി. വിവാഹശേഷം രോഹിണിയ്ക്ക് കൂട്ടായി ഭര്‍ത്താവ് സുരേഷുമെത്തി.

തിരക്കേറിയ ജീവിതത്തിലും രോഹിണിക്കൊപ്പം കുടുംബവുമുണ്ട്. പിറവം കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റേഷന്‍ മാസ്റ്ററായി ചുമതലയേല്‍ക്കുന്ന കെ.ആര്‍.രോഹിണിയുടെ മാതൃകാപരമായ ജീവിതത്തിലൂടെ...

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ വനിത സ്റ്റേഷന്‍ മാസ്റ്റര്‍. എന്തുതോന്നുന്നു ?


പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. കണ്ടക്ടറായി കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കെത്തിയ ആദ്യ മൂന്ന് വനിതകളില്‍ ഒരാളാണ് ഞാന്‍. 1997 ലാണ് ജോലി തുടങ്ങിയത്. പി.എസ്.സി.വഴിയാണ് കണ്ടക്ടര്‍ ജോലി ലഭിച്ചത്. സ്റ്റേഷന്‍ മാസ്റ്ററായപ്പോള്‍ എന്നെക്കാളേറെ സന്തോഷിച്ചത് കുടുംബവും സുഹൃത്തുക്കളുമാണ്. ജൂണ്‍ അഞ്ചിനാണ് ഞാന്‍ സ്റ്റേഷന്‍ മാസ്റ്ററായി പിറവം ഡിപ്പോയില്‍ ജോലിക്കെത്തിയത്.

കണ്ടക്ടറായി ജോലിയ്ക്കെത്തിയപ്പോള്‍ ?


ചെങ്ങന്നൂരായിരുന്നു ആദ്യ പോസ്റ്റിംഗ്. ആ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. 1997 ഫെബ്രുവരി 17. രണ്ട് മാസം അവിടെ ജോലി ചെയ്തു. ചെങ്ങന്നൂരില്‍ ഡബ്ബിള്‍ ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. രണ്ട് മാസത്തിന് ശേഷം ഞാന്‍ കോട്ടയത്തേക്ക് സ്ഥലം മാറി.

അക്കാലത്ത് ഈ മേഖലയിലേക്ക് സ്ത്രീകള്‍ എത്തുന്നതേയുള്ളൂ. 1997 ല്‍ സ്ത്രീകളെ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍മ്മാരായി വിളിച്ചെങ്കിലും പിന്നീട് സ്ത്രീകളെ പി.എസ്.സി.വിളിച്ചത് 2002 മുതലാണ്. യഥാര്‍ത്ഥത്തില്‍ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് എന്നെയൊരു ജോലിക്ക് പ്രേരിപ്പിച്ചത്.

പഠന ശേഷം എന്തു ചെയ്യുമെന്ന ചിന്തയ്ക്കിടയിലാണ് പി.എസ്.സിയുടെ പത്രവാര്‍ത്ത കണ്ടത്. ദൈവഭാഗ്യം കൊണ്ടാണ് അന്നെനിക്ക് ജോലി ലഭിച്ചു. 1993 ല്‍ പി.എസ്.സി.ടെസ്റ്റ് എഴുതി. 1997 ല്‍ ജോലി കിട്ടി. ജോലി ലഭിച്ച ശേഷമായിരുന്നു വിവാഹം.

ദൂരയാത്രകള്‍ക്ക് പോയിട്ടുണ്ടോ ?


തൊടുപുഴ നിന്ന് തൃശ്ശൂര്‍ വരെ മാത്രമേ ദൂരയാത്ര ഉണ്ടായിട്ടുള്ളൂ. രാവിലെ ഏഴ് മണിക്ക് കയറിയാല്‍ രാത്രി ഒന്‍പത് മണി വരെ ഡ്യൂട്ടി ഉണ്ടാവും. ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും ഭാഗത്തു നിന്നു പൂര്‍ണ്ണ പിന്തുണ ലഭിച്ചു. അതുകൊണ്ടാണ് കണ്ടക്ടറില്‍ നിന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പദവി വരെയെത്താന്‍ എനിക്കായത്.

മറക്കാനാവാത്ത അനുഭവങ്ങളെന്തെങ്കിലും?


സ്റ്റേഷന്‍ മാസ്റ്ററായെന്ന വാര്‍ത്ത പത്രത്തില്‍ വായിച്ച് ഒരുപാട് പേര്‍ വിളിച്ചഭിനന്ദിച്ചു. ആദ്യമായാണ് എനിക്ക് ഇങ്ങനെയൊരു അനുഭവം. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമാണത്.

കോട്ടയത്ത് കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് വൈക്കം, തൊടുപുഴ ഭാഗത്തു നിന്ന് സ്ഥിരമായി ബസില്‍ കയറുന്ന പെണ്‍കുട്ടികളുണ്ടായിരുന്നു. അവരുമായി നല്ല സൗഹൃദവും എനിക്കുണ്ടായിരുന്നു. എന്റെ ജോലിയും എന്നോടുള്ള ഇഷ്ടവും കൊണ്ട് പലരും ഈ ജോലിക്കായി പി.എസ്.സി എഴുതാറുണ്ടെന്ന് പറയാറുണ്ട്.

സ്ത്രീയെന്ന നിലയില്‍ എന്തെങ്കിലും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ ?


ബസില്‍ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നൂറില്‍ നൂറുപേരും നല്ല സ്വഭാവത്തിനുടമകളായിരിക്കണമെന്നില്ലല്ലോ. പലപ്പോഴും മദ്യപിച്ചെത്തുന്നവര്‍ മോശമായ രീതിയില്‍ സംസാരിച്ചിട്ടുണ്ട്. ചിലരാവട്ടെ, അവര്‍ പറയുന്നിടത്ത് നിര്‍ത്തിയില്ലെന്ന പേരില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അവര്‍ പെരുമാറിയിട്ടുണ്ട്.

കണ്ടക്ടറായി ജോലിക്ക് കയറിയ ആദ്യ നാളുകളില്‍ അത്ഭുത ജീവിയെ കാണുന്നതുപോലെയാണ് ആളുകള്‍ നോക്കിയിരുന്നത്. സ്ത്രീകള്‍ ഇത്തരം ജോലികളില്‍ സജീവമാകാതിരുന്നതിനാലാവാം.

കണ്ടക്ടറായി ബസില്‍ കയറുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്. അക്കാലത്ത് ഇടയ്ക്കെപ്പോഴോ ജോലി ഉപേക്ഷിക്കണമെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും മനശക്തി കൊണ്ട് അന്ന് ജോലിയില്‍ തുടര്‍ന്നു.

Ads by Google
Loading...
TRENDING NOW