Tuesday, July 25, 2017 Last Updated 2 Min 10 Sec ago English Edition
Todays E paper
Tuesday 25 Jul 2017 03.13 PM

കേന്ദ്രഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ചില ഇത്തിള്‍കണ്ണികള്‍ തഴച്ചുവളരുന്നു: കുമ്മനം

ഇനിയും ചില ഇത്തിള്‍കണ്ണികള്‍ പാര്‍ട്ടിയിലുണ്ടെന്നും ശ്രദ്ധയില്‍പെട്ടാല്‍ എത്ര ഉന്നതനായാലും അവയെയും ഇല്ലാതാക്കുമെന്നും കുമ്മനം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.
Kummanam Rajashekharan, medical  bribe scam

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തെ പിടിച്ചുലച്ച വിവാദ വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തുമായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനമധ്യത്തില്‍ പാര്‍ട്ടിയെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണെന്നു കുമ്മനം കത്തില്‍ പറയുന്നു. കേന്ദ്ര ഭരണത്തിന്റെയും ബി.ജെ.പിയെന്ന വടവൃക്ഷത്തിന്റെയും തണലില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നുവരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്. അത് ശ്രദ്ധയില്‍പെട്ടപ്പോള്‍തന്നെ പിഴുതെറിഞ്ഞുവെന്നും ആശുപത്രി കിടക്കയില്‍ നിന്നു പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സമീപകാല വിവാദങ്ങളെ കുറിച്ച് തുറന്നുപറച്ചിലാണ് കുമ്മനം കത്തിലൂടെ നടത്തിയിരിക്കുന്നത്.

ഇനിയും ചില ഇത്തിള്‍കണ്ണികള്‍ പാര്‍ട്ടിയിലുണ്ടെന്നും ശ്രദ്ധയില്‍പെട്ടാല്‍ എത്ര ഉന്നതനായാലും അവയെയും ഇല്ലാതാക്കുമെന്നും കുമ്മനം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവത്തിന്റെ ചുവടുപിടിച്ച് ബി.ജെ.പി കേരള ഘടകം മുഴുവന്‍ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്നും പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണം. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അഴിമതിയല്ല. കേന്ദ്രസര്‍ക്കാരിനോ ബി.ജെ.പിയ്‌ക്കോ ഇതിന് ബന്ധമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു.

ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആര്‍ക്കെങ്കിലും അഹിവിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു എന്നതാണ് സംഭവിച്ചത്. ആ വ്യക്തിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതോടെ അഴിമതിയോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്ന അടിയുറച്ച പ്രമാണം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞുവെന്നും കുമ്മനം പറയുന്നു.

മറ്റു പാര്‍ട്ടികള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ചുവെച്ചാണ് ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കുമ്മനം കത്തില്‍ പറയുന്നു. കോടതികളും അന്വേഷണ ഏജന്‍സികളും കുറ്റക്കാരാണെന്നു പറഞ്ഞിട്ടും പാര്‍ട്ടി കോടതി കുറ്റവിമുക്തരാക്കിയെന്നും മനഃസാക്ഷിക്കു മുന്നില്‍ കുറ്റക്കാരല്ലെന്നുമുള്ള അപഹാസ്യ നിലപാടുമായി ജനസേവനത്തിന് ഇറങ്ങിയവരാണ് ബി.ജെ.പിക്ക് നേരെ വാളോങ്ങുന്നത്. എല്ലാ പുഴുക്കുത്തുകളേയും അകറ്റി അഗ്നിയില്‍ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ടുപോകാന്‍ ഈ അവസരം നാം പ്രയോജനപ്പെടുത്തണം. വ്യാജപ്രചാരണം നടത്തിയ പാര്‍ട്ടിയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കഴെ തിരിച്ചറിയാന്‍ കഴിയണമെന്നും പറഞ്ഞാണ് ദീര്‍ഘമായ കത്ത് കുമ്മനം അവസാനിപ്പിക്കുന്നത്.

Ads by Google
TRENDING NOW