Wednesday, December 06, 2017 Last Updated 39 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 07.48 AM

''സ്‌റ്റോപ്പ് റിവഞ്ച് കെ.എസ്.ആര്‍.ടി.സി, സ്‌റ്റോപ്പ് മൈ ലൈഫ്'' എന്ന് ഫേസ്ബുക്ക് പോസ്റ്റ്; എംപാനല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

uploads/news/2017/07/130520/empanal.jpg

പാലോട്: ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. എംപാനല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. പാലോട് ഡിപ്പോയിലെ ജീവനക്കാരന്‍ ഇളവട്ടം മുത്തുകാവ് പ്രഭ വിലാസത്തില്‍ സുനില്‍ കുമാറി (44)നെയാണ് ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ബിന്ദുവാണ് മൃതദേഹം കണ്ടത്.

''സ്‌റ്റോപ്പ് റിവഞ്ച് കെ.എസ്.ആര്‍.ടി.സി, സ്‌റ്റോപ്പ് മൈ ലൈഫ്'' എന്ന സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത ശേഷമാണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.32 ന് ഈ പോസ്റ്റിട്ടശേഷം 7.33ന് ഗുഡ്‌ബൈ എന്നു മറ്റൊരു സ്‌ക്രീന്‍ ഷോട്ടു കൂടി ഇട്ടു. മാനസികസംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചതെന്നു പോലീസ് പറയുന്നു. എംപാനല്‍ ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറച്ചതുകാരണം സുനില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സിയില്‍ ഡബിള്‍ ഡ്യൂട്ടികള്‍ ഒന്നരയാക്കി ഷെഡ്യൂള്‍ പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് സ്ഥിരം ജിവനക്കാര്‍ക്കു വരെ ജോലിയില്ല. ഇതോടെ കൃത്യമായി ജോലി ലഭിച്ചിരുന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ഡ്യൂട്ടി നഷ്ടപ്പെട്ടു. ആഴ്ചയിലൊരിക്കല്‍ പോലും ജോലി ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. പിരിച്ചുവിടാതെ തന്നെ സ്വയം പിരിഞ്ഞു പോകാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഡബിള്‍ ഡ്യൂട്ടി ചെയ്യാന്‍ വന്ന സുനില്‍കുമാറിനെ സിംഗിള്‍ ഡ്യൂട്ടി നല്‍കിയ ശേഷം ഇനി പറഞ്ഞിട്ട് വന്നാല്‍ മതിയെന്നു അറിയിച്ചു. പന്ത്രണ്ട് വര്‍ഷത്തോളമായി പാലോട് ഡിപ്പോയിലെ ജീവനക്കാരനാണ് സുനില്‍.

വായ്പയെടുത്തു വീട് വച്ചതിന്റെ ബാധ്യത തീര്‍ക്കാനുണ്ട്. മക്കളായ അശ്വതി ചെമ്പഴന്തി എസ്.എന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയും ആതിര ആനാട് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുമാണ്. നേരത്തേ തിരുവമ്പാടിയില്‍ ദേവദാസ് എന്ന ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഇതേ കാരണത്താലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെ എംപാനല്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചും ഗ്രാമീണ മേഖലയിലെ യാത്രാദുരിതത്തെക്കുറിച്ചും കഴിഞ്ഞദിവസം 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW