Tuesday, July 25, 2017 Last Updated 6 Min 11 Sec ago English Edition
Todays E paper
ജിനേഷ്‌ പൂനത്ത്‌
Tuesday 25 Jul 2017 06.39 AM

യെച്ചൂരിയെ പിന്തുണച്ച്‌ വി.എസ്‌; എതിര്‍ത്ത്‌ മറുപക്ഷം

uploads/news/2017/07/130516/vs.jpg

ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വവുമായി ബന്ധപ്പെട്ട വിഷയം ഡല്‍ഹിയില്‍ തുടരുന്ന കേന്ദ്രക്കമ്മിറ്റി യോഗം ഇന്നു ചര്‍ച്ചചെയ്യും. യെച്ചൂരി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും മത്സരിക്കേണ്ടതില്ലെന്നു പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചു. മത്സര ആവശ്യം തള്ളിയെങ്കിലും കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന്‌ ബംഗാള്‍ഘടകം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ യോഗത്തിന്റെ അവസാന ദിവസമായ ഇന്നു വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയത്‌. മത്സരിക്കാനില്ലെന്ന്‌ യെച്ചൂരി ഇന്നലെ പോളിറ്റ്‌ ബ്യൂറോയെ അറിയിച്ചു.

എന്നാല്‍ മത്സരിക്കേണ്ടെന്ന്‌ കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചാലുണ്ടാകുന്ന മാനക്കേട്‌ ഒഴിവാക്കാനുള്ള പ്രതിരോധമായി ഈ നീക്കത്തെ
വിലയിരുത്തുന്നു. യെച്ചൂരി മത്സരിക്കണമെന്ന്‌ ബംഗാള്‍ഘടകം ശക്‌തമായി ആവശ്യപ്പെടുമ്പോള്‍ തന്നെ കേരളഘടകം ഇതിനെതിരാണ്‌. എന്നാല്‍, യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രക്കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന്‌ കത്ത്‌ നല്‍കി. ഇതും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. യെച്ചൂരിയുടെ രാജ്യസഭാകാലാവധി അടുത്ത മാസം പതിനെട്ടിനാണ്‌ അവസാനിക്കുന്നത്‌. നിലവില്‍ ബംഗാളില്‍ നിന്ന്‌ അദ്ദേഹം ഉള്‍പ്പെടെ ആറു പേരുടെ കാലാവധിയാണ്‌ അവസാനിക്കുന്നത്‌. ഇതില്‍ അഞ്ച്‌ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌ വിജയിക്കാന്‍ സാധിക്കും. നിലവിലെ കക്ഷിനിലയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക്‌ വിജയിക്കാന്‍ സാധിക്കൂ.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വിജയിക്കുന്നത്‌ അണികള്‍ക്ക്‌ തെറ്റായസന്ദേശം നല്‍കുമെന്നും ഇതംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ്‌ കാരാട്ട്‌ പക്ഷത്തിന്റെ നിലപാട്‌. മാത്രമല്ല, രണ്ടുതവണ പൂര്‍ത്തിയായതിനാല്‍ സി.പി.എമ്മിന്റെ കീഴ്‌വഴക്കമനുസരിച്ച്‌ മൂന്നാം തവണയും സീറ്റ്‌ നല്‍കാനാവില്ലെന്നും അവര്‍ വാദിക്കുന്നു. കാരാട്ട്‌ പക്ഷത്തിന്‌ ഭൂരിപക്ഷമുള്ള പി.ബി, യെച്ചൂരിയുടെ സ്‌ഥാനാര്‍ഥത്വം തള്ളിയെങ്കിലും കേന്ദ്രക്കമ്മിറ്റിയില്‍ ബലപരീക്ഷണത്തിന്‌ തയാറെടുത്താണ്‌ ബംഗാള്‍ഘടകം വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്‌.

വി.എസിന്റെ കുറിപ്പ്‌ ഇംഗ്ലീഷില്‍ വായിക്കും

ന്യൂഡല്‍ഹി: രാജ്യസഭാ സ്‌ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ ഇംഗ്ലീഷില്‍ തയാറാക്കിയ കുറിപ്പ്‌ ഇന്ന്‌ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വയ്‌ക്കും. തന്റെ അഭിപ്രായം ഇതാണെന്നും ചര്‍ച്ച നടക്കുമ്പോള്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഈ കുറിച്ച്‌ വി.എസ്‌, യെച്ചൂരിക്ക്‌ കൈമാറുകയായിരുന്നു. കേന്ദ്രക്കമ്മിറ്റിയുടെ അജന്‍ഡ തീരുമാനിക്കുന്നതിനിടെ കുറിപ്പ്‌ ലഭിച്ച കാര്യം യെച്ചൂരി മറ്റു നേതാക്കളെ അറിയിച്ചു.

വര്‍ഗീയ, ഫാസിസ്‌റ്റ്‌ ശക്‌തികളെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ മറ്റാരെക്കാളും സി.പി.എം. തന്നെയാണ്‌ സമീപകാലത്തായി മുന്നില്‍ നില്‍ക്കുന്നതെന്ന്‌ ചൂണ്ടിക്കാണിക്കുന്ന കുറിപ്പില്‍ രാജ്യസഭയില്‍ യെച്ചൂരിയുടെ സാന്നിധ്യം ആവശ്യമാണെന്നും വ്യക്‌തമാക്കുന്നു. മുഖ്യശത്രുവായ വര്‍ഗീയ ശക്‌തികള്‍ക്ക്‌ ബദലൊരുക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായവും വി.എസ്‌. പ്രകടിപ്പിക്കുന്നുണ്ട്‌.

സി.പി.എമ്മിലെ വിഭാഗീയതയില്‍ യെച്ചൂരിയും വി.എസും കാലങ്ങളായി പരസ്‌പരം സഹായിച്ചാണ്‌ വളര്‍ന്നത്‌. സംസ്‌ഥാനതലത്തില്‍ പിണറായി പക്ഷത്തെ സംരക്ഷിച്ച്‌ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നിലപാടെടുക്കുമ്പോള്‍ വി.എസിന്‌ ഒപ്പം നിന്നത്‌ യെച്ചൂരി തന്നെ.

അതേസമയം, കേന്ദ്രതലത്തില്‍ പ്രതിസന്ധി വരുമ്പോള്‍ യെച്ചൂരിക്ക്‌ കൈത്താങ്ങുമായി വി.എസ്‌.പതിവായെത്തുന്നുണ്ട്‌. പാര്‍ട്ടി സെക്രട്ടറി സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെടാനുള്ള നീക്കത്തിന്‌ കാരാട്ട്‌ പക്ഷം വഴിതടഞ്ഞപ്പോള്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്‌ വേളയില്‍ യെച്ചൂരിക്ക്‌ പിന്തുണയുമായും അദ്ദേഹം രംഗത്തെത്തിയിരുന്നു. അതേസമയം പാര്‍ട്ടിവിരുദ്ധ പ്രവൃത്തിയെന്ന്‌ പിണറായി പക്ഷം കുറ്റപ്പെടുത്തിയപ്പോള്‍ വി.എസിനെ പലവട്ടം സംരക്ഷിച്ചു നിര്‍ത്തിയതും യെച്ചൂരി തന്നെ. അതിന്റെ ആവര്‍ത്തനമാണ്‌ ഇന്നലെ കേന്ദ്ര ക്കമ്മിറ്റിയിലും പ്രകടമായത്‌.

Ads by Google
TRENDING NOW