Tuesday, July 25, 2017 Last Updated 47 Min 20 Sec ago English Edition
Todays E paper
Tuesday 25 Jul 2017 02.12 AM

യു.ഡി.എഫ്‌, കെ.പി.സി.സി. യോഗങ്ങള്‍ ഇന്ന്‌; വിന്‍സെന്റിന്റെ അറസ്‌റ്റ്‌ മുഖ്യവിഷയമാകും

uploads/news/2017/07/130507/k5.jpg

തിരുവനന്തപുരം: ഇന്നു ചേരുന്ന യു.ഡി.എഫ്‌., കെ.പി.സി.സി. നേതൃയോഗങ്ങളില്‍ എം. വിന്‍സെന്റ്‌ എം.എല്‍.എയുടെ അറസ്‌റ്റ്‌ മുഖ്യചര്‍ച്ചാ വിഷയമായേക്കും. സംസ്‌ഥാന സര്‍ക്കാരിനും മെഡിക്കല്‍കോളജ്‌ കോഴയില്‍പ്പെട്ട ബി.ജെ.പിക്കുമെതിരായ പ്രക്ഷോഭപരിപാടികള്‍ ചര്‍ച്ച ചെയ്യാനാണു യോഗങ്ങളില്‍ വിളിച്ചിരുന്നത്‌. അതിനിടെയാണ്‌ സ്‌ത്രീപീഡനക്കേസില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. അറസ്‌റ്റിലായത്‌. രാവിലെ 10ന്‌ യു.ഡി.എഫ്‌. യോഗവും 11.30ന്‌ കെ.പി.സി.സി. നേതൃയോഗവുമാണു നിശ്‌ചയിച്ചിരിക്കുന്നത്‌. മണ്ഡലംതലത്തില്‍ മുന്നണി പുനഃസംഘടിപ്പിക്കണമെന്ന ജനതാദളി(യു)ന്റെ ആവശ്യം യു.ഡി.എഫ്‌. ചര്‍ച്ച ചെയ്യും. അതേ സമയം, യു.ഡി.എഫ്‌. യോഗം വിളിച്ചതിന്‌ തൊട്ടുപിന്നാലെ കെ.പി.സി.സി. നേതൃയോഗവും വിളിച്ചതില്‍ മുന്നണിയില്‍ അതൃപ്‌തിയുണ്ട്‌.
എം. വിന്‍സെന്റ്‌ വിഷയത്തില്‍ അദ്ദേഹത്തിനു നീതി ലഭിച്ചില്ലെന്ന വികാരമാണു ഘടകകക്ഷികള്‍ക്കുള്ളത്‌. ജോസ്‌ തെറ്റയിലിനു മൂന്നാഴ്‌ച സമയം കൊടുത്തപ്പോള്‍ മുന്നറിയിപ്പില്ലാതെയാണു വിന്‍സെന്റിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഈ സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്നാണ്‌ മുന്നണിയുടെ പൊതുനിലപാട്‌. പക്ഷേ ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്‌ക്കുന്നതാണ്‌ നല്ലതെന്നാണ്‌ ജെ.ഡി.യുവിന്റെ അഭിപ്രായം.
യു.ഡി.എഫ്‌. യോഗത്തിന്‌ ശേഷമാണ്‌ കെ.പി.സി.സി. നേതൃയോഗം ചേരുന്നത്‌. കര്‍ഷകസംരക്ഷണ യാത്ര, കുടുംബയോഗങ്ങള്‍, സംഘടനാതെരഞ്ഞെടുപ്പ്‌, സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായ പ്രക്ഷോഭം എന്നിവ ചര്‍ച്ചചെയ്യുന്നതിനാണു യോഗം ചേരുന്നത്‌. എന്നാല്‍, വിന്‍സെന്റ്‌ വിഷയം ഉന്നയിക്കാന്‍ ചിലരെങ്കിലും തയാറെടുക്കുന്നുണ്ട്‌.
പാര്‍ട്ടിയില്‍ ആലോചിക്കാതെ വിന്‍സെന്റിനെ പദവികളില്‍നിന്ന്‌ ഒഴിവാക്കിയതില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയുണ്ട്‌. രാഷ്‌ട്രീയകാര്യസമിതിയോഗം ചേര്‍ന്നശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നു കെ. മുരളീധരന്‍ പറഞ്ഞു.
എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കേണ്ട എന്നാണു പാര്‍ട്ടിയുടെ നിലപാടെങ്കില്‍ എന്തിനു പാര്‍ട്ടി പദവികളില്‍നിന്ന്‌ ഒഴിവാക്കിയെന്നാണു കോണ്‍ഗ്രസില്‍ ഉയരുന്ന ചോദ്യം. അതേസമയം പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ ചിലര്‍ വിന്‍സെന്റ്‌ രാജിവയ്‌ക്കണമെന്ന നിലപാടിലാണ്‌. അത്‌ അംഗീകരിക്കാന്‍ എ ഗ്രൂപ്പ്‌ തയാറല്ല. ആരെങ്കിലും രാജി ആവശ്യം ഉന്നയിച്ചാല്‍ ശക്‌തമായി നേരിടാനാണു തീരുമാനം. സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കടുത്ത നിലപാട്‌ സ്വീകരിച്ചു പാര്‍ട്ടിയും മുന്നണിയും മുന്നോട്ടുപോകുമ്പോള്‍ ഈ വിഷയം അതിനെ ദുര്‍ബലമാക്കുമെന്നും വാദിക്കുന്നവരുമുണ്ട്‌.
വിന്‍സെന്റ്‌ രാജിവയ്‌ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ മഹിളാ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുന്നതു തടയാന്‍ ശ്രമിച്ചാല്‍ ശക്‌തമായ നിലപാടു സ്വീകരിക്കുന്നതിനും വിന്‍സെന്റിനെതിരേ ഹൈക്കമാന്‍ഡിനെ സമീപിക്കുന്നതിനും മഹിളാ നേതാക്കള്‍ ധാരണയായിട്ടുണ്ട്‌.

Ads by Google
Tuesday 25 Jul 2017 02.12 AM
YOU MAY BE INTERESTED
TRENDING NOW