Tuesday, July 25, 2017 Last Updated 47 Min 27 Sec ago English Edition
Todays E paper
Tuesday 25 Jul 2017 02.07 AM

ബഹിരാകാശ ശാസ്‌ത്രജ്‌ഞന്‍ യു.ആര്‍. റാവു അന്തരിച്ചു

uploads/news/2017/07/130481/d3.jpg

ബംഗളുരു: വിശ്രുത ബഹിരാകാശ ശാസ്‌ത്രജ്‌ഞനും ഐ.എസ്‌.ആര്‍.ഒ. മുന്‍ ചെയര്‍മാനുമായ യു.ആര്‍. റാവു (85) അന്തരിച്ചു.
1975-ല്‍ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതു മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍ തുടങ്ങി ആദിത്യ എന്ന നിര്‍ദിഷ്‌ട സൗരദൗത്യം വരെയുള്ള ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്നു. ഇന്ത്യയുടെ ഉപഗ്രഹ, റോക്കറ്റ്‌ സാങ്കേതികവിദ്യകള്‍ ലോകോത്തരമാക്കിയതിലും റാവുവിന്റെ വിരല്‍സ്‌പര്‍ശമുണ്ടായിരുന്നു.
1984 മുതല്‍ 10 വര്‍ഷം ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാനായി പ്രവര്‍ത്തിച്ചു. സ്‌പേസ്‌ കമ്മിഷന്‍ ചെയര്‍മാനും സെക്രട്ടറിയുമായിരിക്കെ അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളാണ്‌ എ.എസ്‌.എല്‍.വി. റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിലും ലോകത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയ പി.എസ്‌.എല്‍.വി, ജി.എസ്‌.എല്‍.വി. വിക്ഷേപണ വാഹനങ്ങളുടെ രൂപകല്‍പനയിലുമെത്തിയത്‌. ക്രയോജനിക്‌ സാങ്കേതികവിദ്യയുടെ വികസനത്തിലും അണിയറശില്‍പിയായി.
ബഹിരാകാശ മേഖലയ്‌ക്കു മികച്ച സംഭാവന നല്‍കിയ റാവുവിനെ പത്മഭൂഷണ്‍ (1976), പത്മവിഭൂഷണ്‍ (2017) ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു.
ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ കീഴില്‍ കോസ്‌മിക്‌ റേ ശാസ്‌ത്രജ്‌ഞനായായിരുന്നു തുടക്കം. മസാച്യുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ അധ്യാപകനായും ഡാളസിലെ ടെക്‌സാസ്‌ സര്‍വകലാശാലയില്‍ഗവേഷകനായും പ്രവര്‍ത്തിച്ച ശേഷം 1966-ല്‍ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച്‌ ലാബറട്ടറിയില്‍ അധ്യാപകനായി ഇന്ത്യയില്‍ തിരിച്ചെത്തി.
അഹമ്മദാബാദ്‌ ഫിസിക്കല്‍ റിസര്‍ച്ച്‌ ലാബിന്റെ ഭരണസമിതി ചെയര്‍മാനായും തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ ചാന്‍സലറുമായി പ്രവര്‍ത്തിക്കുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ബംഗളുരുവിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യയും രണ്ടു മക്കളുമുണ്ട്‌.
ഭാസ്‌കര, ആപ്പിള്‍, രോഹിണി, ഇന്‍സാറ്റ്‌-1, ഇന്‍സാറ്റ്‌-2 ശ്രേണിയിലെ വിവിധോദ്ദേശ്യ വാര്‍ത്താവിനിമയ, കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു. ഐ.ആര്‍.എസ്‌-1എ, ഐ.ആര്‍.എസ്‌-1ബി, ഐ.ആര്‍.എസ്‌-1സി, ഐ.ആര്‍.എസ്‌-1ഡി റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലും പങ്കാളിയായി.
കോസ്‌മിക്‌ റേ, ഇന്റര്‍പ്ലാനറ്ററി ഫിസിക്‌സ്‌, സാറ്റലൈറ്റ്‌ ആന്‍ഡ്‌ റോക്കറ്റ്‌ ടെക്‌നോളജി, ഹൈ എനര്‍ജി അസ്‌ട്രോണമി തുടങ്ങിയ വിഷയങ്ങളില്‍ 350-ല്‍പ്പരം പ്രബന്ധങ്ങളും നിരവധി പുസ്‌തകങ്ങളും തയാറാക്കി.വാഷിങ്‌ടണ്‍ ഡിസിയിലെ സാറ്റലൈറ്റ്‌ ഹാള്‍ ഓഫ്‌ ഫെയിമിലും മെക്‌സിക്കോയിലെ ഐ.എ.എഫ്‌. ഹാള്‍ ഓഫ്‌ ഫെയിമിലും അംഗമായി. റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു.

Ads by Google
Tuesday 25 Jul 2017 02.07 AM
YOU MAY BE INTERESTED
TRENDING NOW