Tuesday, June 26, 2018 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 01.55 AM

വിപണികളുടെ കരുത്ത്‌

നിഫ്‌റ്റി ചരിത്രനേട്ടത്തിനു അരികെ. തെരഞ്ഞെടുത്ത 50 ഓഹരികളുടെ പ്രവര്‍ത്തനത്തെ അടിസ്‌ഥാനമാക്കിയാണ്‌ വിപണിയില്‍ നിഫ്‌റ്റിയുടെ വിധിയെഴുതുന്നത്‌. ഇന്നലെ നിഫ്‌റ്റി 53 പോയിന്റ്‌ നേട്ടത്തില്‍ 9,968.95ലെത്തി. നിഫ്‌റ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചപ്രകടനമാണിത്‌.
ബ്ലുച്ചിപ്‌ ഓഹരികളായ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, എഫ്‌.എം.സി.ജി. വമ്പന്‍ ഐ.ടി.സി, ഇന്‍ഫോസിസ്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എസ്‌.ബി.ഐ. എന്നിവയുടെ ഓഹരികളുടെ കുതിപ്പാണ്‌ ഇതിനു കാരണം. ബി.എസ്‌.ഇ. സെന്‍സെക്‌സും ഇന്നലെ മികച്ച പ്രകടനത്തോടെ 32,232.63ലെത്തിയിരുന്നു. വിപണികളുടെ മികച്ച പ്രതികരണത്തിനു കാരണങ്ങള്‍ ഇതൊക്കെയാണ്‌;

വരുമാനത്തിലുള്ള ശുഭാപ്‌തിവിശ്വാസം

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോര്‍പ്പറേറ്റ്‌ മേഖല മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. കാലവര്‍ഷം മികച്ചതായതും ചരക്ക്‌- സേവന നികുതിയുടെ ചരിത്ര പ്രഖ്യാപനവും നടപ്പാക്കലും വിപണികളുടെ ആവേശം ഇരട്ടിയാക്കി. വിപണികളില്‍ മറ്റു പ്രതികൂല ഘടകങ്ങളില്ലാത്തതും നിക്ഷേപകരെ സ്വാധിനിക്കും. അതിനാല്‍ത്തന്നെ മേഖല മികച്ച നേട്ടമുണ്ടാക്കുമെന്നാണ്‌ വിലയിരുത്തല്‍.
വിപണികളുടെ കുതിപ്പും ഈ പ്രതീക്ഷയിലാണ്‌. 2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ച വരുമാനത്തേക്കാള്‍ മെച്ചപ്പെട്ടുള്ള ഫലമുണ്ടായതാണ്‌ വിപണികള്‍ക്ക്‌ കരുത്തേകുന്നത്‌. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, അംബുജ സിമെന്റ്‌സ്‌, ടെലികോം ടവര്‍ ആന്‍ഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ദാതാക്കളായ ഭാരതി ഇന്‍ഫ്രാടെല്‍, ധനകാര്യ കമ്പനിയായ ഇന്ത്യാ ബുള്‍സ്‌ ഹൗസിങ്‌ ഫിനാന്‍സ്‌, ആഭ്യന്തര മീഡിയ കമ്പനി സീ എന്റര്‍ടൈന്‍മെന്റ്‌ എന്നിവയുടെ പ്രവര്‍ത്തന മികവില്‍ ഓഹരികള്‍ കുതിച്ചുയര്‍ന്നു.
വരും പാദത്തിലും കമ്പനികള്‍ മികവ്‌ തുടരുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ്‌ വിപണികള്‍.

വിദേശനിക്ഷേപം ഉയര്‍ന്നു

വിപണികള്‍ സജീവമയതോടെ വിദേശത്തുനിന്നുള്ള പണവും പ്രവഹിക്കുകയാണ്‌. വിദേശ നിക്ഷേപകരും നിക്ഷേപ സ്‌ഥാപനങ്ങളും ഓഹരികള്‍ വാങ്ങുന്ന തിരക്കിലാണ്‌. പ്രാദേശിക നിക്ഷേപസ്‌ഥാപനങ്ങള്‍ക്കും ഇത്‌ ആവേശം പകരുന്നതാണ്‌.
മുന്‍നിര ഓഹരികളുടേയും മൂച്വല്‍ ഫണ്ടുകളുടേയും പ്രകടനങ്ങളും വിപണികളുടെ കുതിപ്പിനാധാരമാണ്‌. ഈ മാസം വിദേശനിക്ഷേപത്തിന്റെ കുത്തൊഴുക്കാണ്‌ വിപണിയില്‍ ദൃശ്യമായത്‌. 240 കോടി യു.എസ്‌. ഡോളറിന്റെ നിക്ഷേപമാണ്‌ നടന്നത്‌.
ജി.എസ്‌.ടിയുടെ നല്ല രീതിയിലുള്ള നടത്തിപ്പും കോര്‍പറേറ്റ്‌ വരുമാനത്തിലുള്ള പ്രതീക്ഷകളും കാരണം ഇതുവരെ 25 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്‌.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂലൈ 3 മുതല്‍ 21 വരെയുള്ള കാലയളവില്‍ 2,977 കോടി രൂപയുടെ നിക്ഷേപം ഇക്വിറ്റികളിലും 12,371 കോടി രൂപയുടെ നിക്ഷേപം കടപ്പത്ര വിപണിയിലും 15,348 കോടി രൂപയുടെ അറ്റനിക്ഷേപം നടക്കുകയും ചെയ്‌തു. കഴിഞ്ഞ അഞ്ച്‌ മാസക്കാലയളവില്‍(ഫെബ്രുവരി- ജൂണ്‍) 1.6 ലക്ഷം കോടി രൂപയുടെ അറ്റമൂല്യനിക്ഷേപം നടന്നുവെന്നാണ്‌ പുതിയ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.

നിരക്കുകള്‍ കുറയുമെന്നു പ്രതീക്ഷ

റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 1.54 ശതമാനം താഴുകയും വ്യാവസായിക ഉല്‍പാദനം 1.7 ശതമാനമായി കുറയുകയും ചെയ്‌ത സാഹചര്യത്തില്‍ അടുത്ത മാസം നടക്കുന്ന ധനനയ അവലോകനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ കുറയ്‌ക്കുമെന്ന പ്രതീക്ഷയിലാണ്‌ നിക്ഷേപ സമൂഹം.
ചരിത്രത്തിലെത്തന്നെ ഏറ്റവും താഴ്‌ന്ന ഈ നിരക്കുകള്‍ സമ്പദ്‌വ്യവസ്‌ഥ ദൃഢമാകുന്നതിന്റെ സൂചനയാണ്‌ നല്‍കുന്നതെന്ന്‌ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ അരവിന്ദ്‌ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഇതിനു മുമ്പ്‌ വിപണികള്‍ ഇതുപോലൊരു പ്രതിഭാസത്തിന്‌ സാക്ഷ്യം വഹിച്ചത്‌ 1999ലും അതിനുമുമ്പ്‌ 1978 ഓഗസ്‌റ്റിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലൂ ചിപ്പ്‌ ഓഹരികളുടെ മിന്നും പ്രകടനം

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, വിപ്രോ, ഐ.സി.ഐ.സി.ഐ. ബാങ്ക്‌ എന്നിവയുടെ ഓഹരികള്‍ വിപണിയില്‍ കുതിപ്പു തുടരുകയാണ്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ 52 ആഴ്‌ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. ജിയോ ഫോണ്‍, കേബിള്‍ ടി.വി. എന്നിവയുടെ പ്രഖ്യാപനങ്ങളാണ്‌ കമ്പനിയ്‌ക്ക്‌ കരുത്തായത്‌. വിപ്രോ 11,000 കോടിയുടെ ഓഹരികള്‍ മടക്കി വാങ്ങാന്‍ തീരുമാനിച്ചതും ഓഹരി മൂല്യം ഉയര്‍ത്തി.

കരുതല്‍ ധനാനുപാതം കൂടി

ജൂലൈ 14-ന്‌ അവസാനിച്ച ആഴ്‌ചയില്‍ രാജ്യത്തെ വിദേശനാണ്യ ശേഖരം 2.681 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്‌ 389.059 ബില്യണ്‍ ഡോളറായി. ഇതുവഴി രാജ്യത്തിന്റെ വിദേശനാണ്യ ആസ്‌തി(എഫ്‌.സി.എ) വര്‍ധിച്ചതായി ആര്‍.ബി.ഐയുടെ കണക്കുകള്‍ വ്യക്‌തമാക്കി. മുന്‍ ആഴ്‌ചയില്‍ കരുതല്‍ ധനാനുപാതം 161.9 മില്യണ്‍ ഡോളര്‍ കുറഞ്ഞ്‌ 386.377 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം സ്വര്‍ണത്തിന്റെ കരുതല്‍ നിക്ഷേപം 20.348 ബില്യണ്‍ ഡോളറായി തുടരുകയാണ്‌.

Ads by Google
Tuesday 25 Jul 2017 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW