Sunday, July 22, 2018 Last Updated 27 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 01.51 AM

പരിമിതം പരമാധികാരം

uploads/news/2017/07/130441/bft1.jpg

രാജ്യത്തിന്റെ പരമാധികാരിയാണു പ്രഥമപൗരന്‍. പക്ഷേ, അദ്ദേഹത്തിന്റെ അധികാരദണ്ഡിനു ഭരണഘടനയില്‍ അളവുണ്ട്‌. അതിര്‍ത്തിരേഖകൊത്തിവച്ച സിംഹാസനത്തിലാണു പരമാധികാരിയുടെ വാഴ്‌ച. സര്‍വസൈന്യാധിപനും യുദ്ധത്തിന്റെയും സമാധാനത്തിന്റെയും അവസാനവാക്കുമാണ്‌. എന്നിട്ടും ആര്‍ക്കെതിരേയും വാളെടുക്കാനാകില്ല. "ചുറ്റും ഏറെ ജലം, കുടിക്കാന്‍ തുള്ളി പോലുമില്ലെ"ന്ന ചൊല്ല്‌ രാഷ്‌ട്രപതിയുടെ കാര്യത്തില്‍ പരമാര്‍ഥം. ബ്രിട്ടീഷ്‌ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കിമാറ്റാതെ തന്നെയാണു രാജ്യത്തിന്റെ ഭരണസംവിധാനങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്‌.
ഇവിടെ ഭരണം നിര്‍വഹിക്കുന്നത്‌ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌.
അദ്ദേഹത്തെയും മന്ത്രിസഭാംഗങ്ങളെയും നിയമിക്കുന്നത്‌ പ്രസിഡന്റാണു താനും. നിയമനിര്‍മാണത്തില്‍ മുഖ്യപങ്ക്‌ പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കാണ്‌. സഭ പാസാക്കുന്ന ബില്‍ അംഗീകരിക്കാന്‍ രാഷ്‌ട്രപതിയുടെ കൈയൊപ്പു പതിയണം. ഭരണഘടനനിലവില്‍ വന്ന കാലത്ത്‌ ആദ്യം മന്ത്രിസഭയുടെ ഉപദേശം നിരാകരിക്കാന്‍ അധികാരമുണ്ടായിരുന്നു. എന്നാല്‍, 42-ാമത്തെ ഭരണഘടനാഭേദഗതിയോടെ ഈ അധികാരം എടുത്തുകളഞ്ഞു. എങ്കിലും 44-ാം ഭരണഘടനാഭേദഗതിയോടെ പാര്‍ലമെന്റ്‌ പാസാക്കുന്ന ഏതു ബില്ലും ഒരുപ്രാവശ്യം മടക്കി അയയ്‌ക്കാം. കെ.ആര്‍. നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്‌ട്രീയ താല്‍പര്യവും സമ്മര്‍ദവും വകവയക്കാതെ ഇങ്ങനെ ബില്ലുകള്‍ മടക്കി അയച്ചിട്ടുണ്ട്‌. ഇതു വീണ്ടും ചര്‍ച്ച ചെയ്‌ത്‌ പാസാക്കി അയച്ചാല്‍ എന്തു ന്യൂനതയുണ്ടെങ്കിലും പ്രസിഡന്റ്‌ അംഗീകരിച്ചേ മതിയാകൂ. എങ്കിലും ബില്ലു പിടിച്ചുവയ്‌ക്കാനും അലിഖിത നിയമമുണ്ട്‌.
ഭരണഘടന ഭൂരിപക്ഷ ബലത്തില്‍ സര്‍ക്കാരുകള്‍ അധികാരം ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ഓര്‍ഡിനന്‍സുകളിറക്കുന്നത്‌. ഇതിലുടെ പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കാനാകും. കഴിഞ്ഞദിവസം നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ ഇതിനെതിരേയുള്ള മുന്നറിയിപ്പാണു സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ്‌ പ്രണബ്‌ മുഖര്‍ജി നല്‍കിയത്‌. മതിയായപരിശോധനയും ചര്‍ച്ചയുമില്ലാതെ ഓര്‍ഡിനന്‍സിലൂടെ നിയനിര്‍മാണം നടത്തുന്നത്‌ ഉപേക്ഷിക്കമെന്ന്‌ അദ്ദേഹം അഭ്യര്‍ഥിച്ചത്‌ ഇതിന്റെ അപകടം തിരിച്ചറിഞ്ഞതു കൊണ്ടാണ്‌. പാര്‍ലമെന്റിന്റെ നടപടിക്രമം തടസപ്പെടുന്നതും പാര്‍ലമെന്ററി ജനാധിപത്യം ദുര്‍ബലമാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഭാനടപടികള്‍ തുടച്ചയായി തടസപ്പെടുമ്പോള്‍ ഇരുസഭകളുടെയും സയുക്‌ത സമ്മേളനം വിളിക്കാന്‍ പ്രസിഡന്റിന്‌ അധികാരമുണ്ട്‌. ഭരണഘടനയുടെ അന്തസത്ത നിലനിര്‍ത്താനുള്ള വലിയ ദൗത്യമാണ്‌ പ്രസിഡന്റ്‌ ഏറ്റെടുക്കുന്നത്‌.
രാജ്യത്തിന്റെ ഭരണനിര്‍വഹണാധികാരം പ്രസിഡന്റില്‍ നിക്ഷിപ്‌തമാണെന്നും നേരിട്ടോ തന്റെ സഹായികളായ ഉദ്യോഗസ്‌ഥര്‍ മുഖേനയോ ഭരണനിര്‍വഹണം നടത്താമെന്നും കടിഞ്ഞാണ്‍ കൈയിലുണ്ടെങ്കിലും ആര്‍ട്ടിക്കിള്‍ 53 പ്രകാരം ഭരിക്കാനാകുന്നില്ലെന്നും ഭരണഘട തയാറാക്കാന്‍ മുഖ്യപങ്കു വഹിച്ച ബി.എന്‍. റാവു നിരീക്ഷിച്ചിരുന്നു. കോണ്‍സ്‌റ്റിറ്റ്യുവന്റ്‌ അസംബ്ലിയിലെ കെ.എം. മുന്‍ഷി, മുന്‍ രാഷ്‌ട്രപതിമാരായിരുന്ന രാജേന്ദ്രപ്രസാദ്‌, സെയില്‍സിങ്‌, കെ. ആര്‍. നാരായണ്‍ എന്നിവര്‍ ഈ വ്യാഖ്യാനത്തെ വെല്ലുവിളിച്ചിരുന്നു. ഏറ്റവും പ്രമുഖ വ്യക്‌തിയെന്നതിനുപരി രാഷ്‌ട്രപതി, രാജ്യത്തിന്റെ അഖണ്ഡതയുടെ മൂര്‍ത്തീഭാവമാണെന്നും മുന്‍ഷി വ്യക്‌തമാക്കിയിട്ടുണ്ട്‌. പാര്‍ലമെന്ററി സര്‍ക്കാര്‍ അരാജകത്വത്തിേലക്കു പതിക്കുന്നതു തടയുകയാണു പ്രധാനദൗത്യമെന്നും അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്‌.
മന്ത്രിസഭയുടെ സഹായിയായും ഉപദേശമനുസരിച്ചും രാഷ്‌ട്രപതി പ്രവര്‍ത്തിക്കണമെന്ന്‌ ബി.ആര്‍. അംബേദ്‌കര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം ഭരണഘടന വ്യവസ്‌ഥ ചെയ്‌തിട്ടില്ലായിരുന്നു. എന്നാല്‍, ഭരണഘടന നിലവില്‍ വന്നശേഷം തന്റെ ഹിതനസരിച്ചു ബില്ലുകളില്‍ തിരുമാനമെടുക്കാന്‍ ആഗ്രഹിക്കുന്നെന്നു സൂചിപ്പിച്ച്‌ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനു രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ്‌ കത്തെഴുതി. ഭരണനിര്‍വഹണ കാര്യങ്ങളില്‍ മാത്രം മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാല്‍ മതിയെന്നും നിയമനിര്‍മാണകാര്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന്റെ അടിസ്‌ഥാനത്തില്‍ അറ്റോര്‍ണി ജനറലായിരുന്ന എം.സി. സെതല്‍വാദിനെ ഇക്കാര്യത്തില്‍ തിരുമാനമെടുക്കാന്‍ നിയോഗിച്ചു. അദ്ദേഹം നെഹ്‌റുവിനെ സന്തോഷിപ്പിക്കുന്ന റിപ്പോര്‍ട്ടാണു നല്‍കിയത്‌. രാഷ്‌ട്രപതി റബര്‍സ്‌റ്റാമ്പാണെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, ഇന്ത്യന്‍ ലോ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ഉദ്‌ഘാടനവേയില്‍ തന്റെ വിയോജിപ്പ്‌ രാജേന്ദ്രപ്രസാദ്‌ പ്രകടിപ്പിച്ചിരുന്നു.
ബ്രിട്ടിഷ്‌ ഭരണത്തില്‍ രാജാവിനാണു പരമാധികാരമുള്ളത്‌. അതു പിന്തുര്‍ച്ചയായി കിട്ടുന്നതാണ്‌. ഇവിടെ അങ്ങനെയല്ല. പ്രധാനമന്ത്രി ഇന്ത്യയില്‍ ഒരു സഭയുടെ അധിപനാണ്‌. രാഷ്‌ട്രപതി ഇരുസഭകളുടെയും തലവനും. ഇദ്ദേഹത്തെ ഇംപീച്ചു ചെയ്യാനും വ്യവസ്‌ഥയുണ്ട്‌. രാം ജവായ കപാറും പഞ്ചാബ്‌ സംസ്‌ഥാവും തമ്മിലുള്ള കേസിലും രാഷ്‌ട്രപതിയുടെ അധികാരത്തെക്കുറിച്ചു തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്‌.
നീതിനിര്‍വഹണം, സൈന്യം, നയതന്ത്രകാര്യം, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിവയില്‍ രാഷ്‌ട്രപതിക്കു വലിയ അധികാരമുണ്ട്‌. സംസ്‌ഥാന രൂപീകരണം, അതിര്‍ത്തിമാറ്റം, മൗലികാവകാശനിയമഭേദഗതി തുടങ്ങിയ ബില്ലുകള്‍ അവതിരിപ്പിക്കുന്നതിനു മുന്‍കൂട്ടി അദ്ദേഹത്തിന്റെ അനുമതി തേടണം.
സംസ്‌ഥാ സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള ഭരണഘടനാ ചുമതലകളില്‍ രാഷ്‌ട്രപതിയുടെ തീരുമാനം നിര്‍ണായകമാണ്‌. ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാനും അധികാരമുണ്ട്‌. ബജറ്റ്‌ സമ്മേളനം രാഷ്‌ട്രപതിയുടെ നയപ്രസംഗത്തോടെ മാത്രമേ ആരംഭിക്കൂ. ഭരണഘടനാ സ്‌ഥാപന നിയമനങ്ങളും നടത്തുന്നത്‌ അദ്ദേഹമാണ്‌. എങ്കിലും സര്‍ക്കാരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാനാകും പുതിയ രാഷ്‌ട്രപതി രാംകോവിന്ദ്‌ ശ്രമിക്കുക. കാരണം തന്നെ തെരഞ്ഞെടുത്തവരെ അദ്ദേഹത്തിനറിയാം. അധികാരത്തിന്റെ പരിധിയും തിരിച്ചറിയുന്നുണ്ട്‌.

സ്‌റ്റീഫന്‍ അരീക്കര

Ads by Google
Tuesday 25 Jul 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW