Friday, July 06, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.20 AM

അഭിമാനിക്കുന്നു പക്ഷേ മറക്കും

uploads/news/2017/07/130343/1.jpg

ഇന്ത്യന്‍ വനിതാ സ്‌പോര്‍ട്‌സിന്‌ എന്നും രണ്ടാം സ്‌ഥാനമേ ലഭിച്ചിട്ടുള്ളു. ആണ്‍ മേല്‍ക്കോയ്‌മയ്‌ക്കു പിന്നില്‍ നിന്നു പൊരുതി വെള്ളി വെളിച്ചത്തിലേക്കു വന്ന ഒരു പി.ടി. ഉഷയ്‌ക്കോ ഒരു മേരി കോമിനോ അപ്പുറം വനിതാ സ്‌പോര്‍ട്‌സ് മേഖലയ്‌ക്ക് സ്വന്തമായ ഒരു വ്യക്‌തിത്വം കഴിഞ്ഞ ദിവസം വരെ രാജ്യത്ത്‌ അനുവദിച്ചു കൊടുത്തിട്ടില്ല.
അതിന്‌ ഏറ്റവും മികച്ച ഉദാഹരണം തേടിയെങ്ങും പോകേണ്ട. ഇന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ക്രിക്കറ്റ്‌ രംഗത്തേക്കു മാത്രം നോക്കിയാല്‍ മതി. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റ്‌ എന്നാല്‍ പുരുഷ ക്രിക്കറ്റ്‌ മാത്രമായിരുന്നു.
പുരുഷ ടീമിന്‌ പിന്നാലെയായിരുന്നു എന്നും ക്യാമറാക്കണ്ണുകള്‍. അവര്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും. ആര്‍ഭാടം കാണിക്കാന്‍ പണം കൊണ്ട്‌ അഭിഷേകം. ഉയര്‍ന്ന ജീവിത നിലവാരം... പിന്നെയും ഒരുപാട്‌. ഇതിന്റെ പകുതി പോയിട്ട്‌ കാല്‍ഭാഗം ശ്രദ്ധപോലും വനിതാ ടീമിന്‌ ലഭിച്ചിട്ടില്ല.
എന്തിന്‌ പുരുഷ ടീമിന്റെ മത്സരങ്ങള്‍ ലൈവ്‌ സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചപ്പോള്‍ വനിതാ ടീമിന്റെ മത്സരങ്ങള്‍ എത്രതവണ ആരാധകര്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്‌; വിരലില്‍ എണ്ണാം.
ഇത്തരം വേര്‍തിരിവുകള്‍ക്ക്‌ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല; രാജ്യത്തിന്റെ സംസ്‌കാരം തന്നെ അത്തരത്തിലാണ്‌. സ്‌പോര്‍ട്‌സ് രംഗം വിട്ട്‌ സിനിമാ ലോകത്തേക്കോ, രാഷ്‌ട്രീയ രംഗത്തേക്കോ നോക്കിയാലും ഇതുതന്നെയാകും കാണാനാകുക.
ഇനി സ്‌പോര്‍ട്‌സ് സിനിമയായാലും അതിനു മാറ്റമുണ്ടാകില്ല. സ്‌പോര്‍ട്‌സ് പ്രമേയമാക്കി ചിത്രീകരിച്ച അനേകം ബോളിവുഡ്‌ സിനിമകളുണ്ട്‌. ലഗാന്‍ മുതല്‍ ഏറ്റവും ഒടുവില്‍ ദംഗല്‍ വരെ.
ലഗാന്‍ ഉള്‍പ്പടെ അനേകം സിനിമകള്‍ പുരുഷന്മാരുടെ സ്‌പോര്‍ട്‌സ് മികവിനെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഒരു ചക്‌ദേ ഇന്ത്യയോ ഒരു ദംഗലോ മാത്രമുണ്ടായിരുന്നുള്ളു വനിതാ സ്‌പോര്‍ട്‌സിനെ പിന്തുണയ്‌ക്കാന്‍. മഹേന്ദ്ര സിങ്‌ ധോണിയുടെയും സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും മില്‍ഖാ സിങ്ങിന്റെയുമൊക്കെ ബയോപിക്‌ വന്നപ്പോള്‍ വനിതാ പ്രാതിനിധ്യം ഒരു മേരി കോമിലൊതുങ്ങി.
ഇങ്ങനെയൊക്കെയാണ്‌ ഇന്ത്യയില്‍ വനിതാ സ്‌പോര്‍ട്‌സ്. ഇക്കഥ ഇന്നലെ വരെ. ഈ സമീപനത്തില്‍ കണ്ട മാറ്റമായിരുന്നു മിതാലി രാജിന്റെയും സംഘത്തിന്റെയും ലോകകപ്പ്‌ ഫൈനല്‍ മത്സരം കാണാന്‍ രാജ്യം ഒരുമിച്ചത്‌. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ വനിതാ ടീം കളിക്കാനിറങ്ങിയപ്പോള്‍ രാജ്യം മുഴവന്‍ പ്രാര്‍ഥനയുമായി ഒപ്പമുണ്ടായിരുന്നു; ദേശീയ വികാരം അലയടിച്ചുയരുകയായിരുന്നു; ഇന്ത്യയിലെ വനിതാ സ്‌പോര്‍ട്‌സ് രംഗത്തെ അപൂര്‍വ സംഭവം.
അതിന്‌ ക്രെഡിറ്റ്‌ നല്‍കേണ്ടത്‌ ഐ.സി.സിക്കാണ്‌. ഇതാദ്യമായി അവര്‍ വനിതാ ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രഷണം ചെയ്‌തു. അതുഗ 139 രാജ്യങ്ങളില്‍. കൂടാതെ പുരുഷ ടീമിനു നല്‍കുന്ന തരത്തില്‍ ആകര്‍ഷകമായ പ്രൈസ്‌ മണിയും നല്‍കി; 20 ലക്ഷം പൗണ്ട്‌.
ഈ ലൈവ്‌ സംപ്രഷണം ഇന്ത്യയുടെ വനിതാ സ്‌പോര്‍ട്‌സ് രംഗത്തെയാണ്‌ മാറ്റിയത്‌. ഒരു രാത്രി വെളുത്തപ്പോള്‍ മിതാലി രാജിനെക്കുറിച്ചോ ഹര്‍മന്‍ പ്രീത്‌ കൗറിനെക്കുറിച്ചോ കേട്ടിട്ടില്ലാത്തവര്‍ പോലും അവരുടെ ആരാധകരായി. രാജ്യത്തിന്റെ മുക്കിലും മൂലയിലും ദേശീയപതാകയും ഇവരുടെ ചിത്രങ്ങളുമേന്തി ജയ്‌വിളിക്കാന്‍ ആരാധകരുണ്ടായി.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്‌ ലഭിച്ച ഈ ഉണര്‍വ്‌ ഒരുവേള നശ്വരമായിരിക്കും. കലാശപ്പോരിനിറങ്ങിയ വനിതകള്‍ക്കു പിന്നില്‍ രാജ്യം ഒന്നിച്ച്‌ അണിനിരന്നതും പിന്തുണച്ചതും ജയ്‌ വിളിച്ചതും എല്ലാം ക്ഷണികമായിരിക്കും. കാരണം യഥാര്‍ത്ഥത്തില്‍ വനിതാ ക്രിക്കറ്റ്‌ രംഗം ഒരു പോരാട്ടത്തിലാണ്‌. കൊടുമുടിക്കു മുകളില്‍ നില്‍ക്കുന്ന പുരുഷ ടീമിനു നല്‍കുന്ന പരിഗണനയില്‍ അല്‍പമെങ്കിലും താഴെ വീണുലഭിച്ചാല്‍ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍.
ലോകകപ്പ്‌ ഫൈനലിലെത്തിയതോടെ വനിതാ ടീമിനു ലഭിച്ച ആരാധക പിന്തുണയിലും വിശ്വാസമില്ല. അവരും ഇന്നല്ലെങ്കില്‍ നാളെ കൊഴിഞ്ഞുപോകും. വെറുംവാക്ക്‌ പറയുന്നതല്ല, ചരിത്രം പഠിപ്പിച്ചതാണ്‌.
ഇതാദ്യമായല്ല ഇന്ത്യന്‍ വനിതകള്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനല്‍ കളിക്കുന്നത്‌. 2005-ലും മിതാലിയുടെ നേതൃത്വത്തില്‍ അവര്‍ കലാശപ്പോരിനിറങ്ങിയിരുന്നു. അന്നും ഇതുപോലെ പിന്തുണയ്‌ക്കാനും ജയ്‌വിളിക്കാനും ആരാധകര്‍ കൂടിയിരുന്നു. പക്ഷേ കൊഴിഞ്ഞുപോകാന്‍ അധികദിനം വേണ്ടി വന്നില്ല. ഇക്കുറിയും അങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്‌.
കപില്‍ ദേവും സച്ചിന്‍ തെണ്ടുല്‍ക്കറും മഹേന്ദ്ര സിങ്‌ ധോണിയുമൊക്കെ ആരാധക മനസില്‍ പതിറ്റാണ്ടുകളോളം ഇതിഹാസവും ദൈവവും ക്യാപ്‌റ്റന്‍ കൂളുമൊക്കെയായി തുടരും. പക്ഷേ, ലോകകപ്പ്‌ നേടിയില്ലെങ്കിലും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മിതാലി രാജിന്റെയും ഹര്‍മന്‍പ്രീതിന്റെയുമൊക്കെ പേരുകള്‍ അധികം താമസിയാതെ മറവിയിലേക്കു മറയും. കാരണം ഇത്‌ ഇന്ത്യയാണ്‌...

Ads by Google
Tuesday 25 Jul 2017 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW