Friday, June 29, 2018 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 04.36 PM

സെല്‍ഫിയില്‍ ഭ്രമിച്ചാല്‍...

uploads/news/2017/07/130306/selfylifestyil240717.jpg

സെല്‍ഫിയാണിന്ന് താരം. ആഘോഷങ്ങളിലും പൊതുചടങ്ങുകളിലും സെല്‍ഫി ഒരു അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. എന്നാല്‍ സെല്‍ഫി ചിലപ്പോഴൊക്കെ വില്ലനായി മാറാറുണ്ട്...

നരേന്ദ്രമോദി മുതല്‍ സച്ചിന്‍തെണ്ടുല്‍ക്കര്‍ വരെ, അമിതാഭ്ബച്ചന്‍ മുതല്‍ ഷാരൂഖ്ഖാന്‍ വരെ... ചെറുതും വലുതുമായ സെലിബ്രിറ്റികളുടെ എത്രയെത്ര സെല്‍ഫികളാണ് ആരാധകരെ വിസ്മയിപ്പിച്ചത്. പിന്നെ ആളുകള്‍ വെറുതെയിരിക്കുമോ.? സെല്‍ഫിയാണ് ഇപ്പോഴത്തെ താരം.

ട്രെന്‍ഡ്/വ്യത്യസ്തമായ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ചും, വെടിയേറ്റും, ഷോക്കേറ്റും ഉയരത്തില്‍നിന്നും വീണും ആളുകള്‍ മരിക്കുന്നു. എന്നാല്‍ ഇത്രയധികം സംഭവവികാസങ്ങളുണ്ടായിട്ടും സെല്‍ഫിയുടെ ജനപ്രീതിയില്‍ കുറവൊന്നും ഉണ്ടായിട്ടില്ല.

ഫോട്ടോഷോപ്പും മറ്റ് സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതടക്കം സെല്‍ഫി ഭ്രമം കൂടിക്കൂടി വരുന്നു. സെല്‍ഫി ഭ്രമം അമിതമാകുന്നത് അനവധി പ്രശ്‌നങ്ങളുണ്ടാക്കും.

പക്ഷേ മണി സേവിംഗ് ആപ്പായ വൗച്ചര്‍ ക്ലൗഡ് നടത്തിയ വ്യത്യസ്തമായ സര്‍വേയില്‍ അമിതമായ സെല്‍ഫി പ്രേമം ആത്മാഭിമാനം കുറയ്ക്കും എന്നാണ് കണ്ടെത്തിയത്.സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും പറയുന്നത് സെല്‍ഫിയിലെ ചിരിക്ക് പിന്നില്‍ ആത്മാഭിമാനക്കുറവാണെന്നാണ്.

മാനസികപ്രശ്‌നങ്ങള്‍


സെല്‍ഫിയോടുള്ള കടുത്ത ആരാധന ഒരു മാനസികപ്രശ്‌നമായാണ് വിലയിരുത്തപ്പെടുന്നത്. ആത്മാരാധനയുള്ളവരാണത്രേ ദിവസവും സെല്‍ഫികള്‍ക്ക് പിന്നാലെ പായുന്നത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സെല്‍ഫിയോട് താല്‍പര്യം കാണിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്വന്തംരൂപത്തില്‍ അഭിമാനിക്കുന്നവര്‍ക്കാണത്രേ (നാര്‍സിസ്റ്റ്) സെല്‍ഫി പ്രേമം കൂടുതല്‍. മറ്റുള്ളവരുടെ പ്രശംസയ്ക്ക് വേണ്ടി സ്വന്തം സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരേറെയാണ്.

മറ്റുള്ളവരുടെ ശ്രദ്ധനേടാനും ധാരാളം 'ലൈക്കുകള്‍' നേടാനും വ്യത്യസ്തമായ പോസുകളിലെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നതിന്റെ പിന്നില്‍ ഈ മാനസികാവസ്ഥയാണ്.

അമേരിക്കയിലെ ഒരു ശാസ്ത്രസംഘടനയുടെ പഠനപ്രകാരം ''ഒരു വ്യക്തി ഒരു ദിവസം (കത്രിക പോസുകളില്‍) മൂന്ന് സെല്‍ഫികള്‍ എടുക്കുകയാണെങ്കില്‍ ആ വ്യക്തിക്ക് നാസിസം എന്ന മാനസികപ്രശ്‌നമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു.

പത്തൊന്‍പതുകാരനായ ഒരു ബ്രിട്ടീഷ് യുവാവിന്റെ കഥ കേള്‍ക്കൂ... സെല്‍ഫി അവനൊരു വിനോദമായിരുന്നു. ദിവസവും 200 സെല്‍ഫികള്‍ക്കുവരെ അവന്‍ പോസുചെയ്യുമായിരുന്നു. ഇത് അവനില്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഒടുവില്‍ വ്യത്യസ്തമായൊരു സെല്‍ഫിയെടുക്കാന്‍ അവിശ്വസനീയമായ ഒരു പോസ് കൊടുക്കാന്‍ അവന്‍ തീരുമാനിച്ചു.

എന്തായിരുന്നു അതെന്നല്ലേ....? ആത്മഹത്യയുടെ സെല്‍ഫിയെടുക്കാനാണവന്‍ തീരുമാനിച്ചത്. പക്ഷേ സെല്‍ഫി ക്യാമറ ശരിയായ ദിശയില്‍ ഉറപ്പിക്കാന്‍ കഴിയാഞ്ഞതിനാല്‍ അവനതില്‍ പരാജയപ്പെട്ടു. ഒടുവില്‍ ജീവിതം മാനസികാരോഗ്യകേന്ദ്രത്തില്‍ അവസാനിക്കുകയും ചെയ്തു. പിന്നീട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അവന്റെ മറുപടി ഇങ്ങനെയായിരുന്നു.

''ഏറ്റവും മികച്ച സെല്‍ഫി എടുക്കുന്നതെങ്ങനെയെന്ന തിരച്ചിലിലായിരുന്നു ഞാന്‍. പക്ഷേ എന്നെക്കൊണ്ടതിന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മരിക്കാന്‍ തിരുമാനിച്ചു. എനിക്ക് എന്റെ കൂട്ടുകാരെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, എന്റെ ജീവിതമെല്ലാം സെല്‍ഫി പ്രേമത്തിന്റെ പേരില്‍ നഷ്ടപ്പെട്ടു.

ആരോഗ്യപ്രശ്‌നങ്ങള്‍


ഗ്രൂപ്പ് സെല്‍ഫികള്‍ തലമുടിക്ക് ദോഷം ചെയ്യുമെന്നാണ് മറ്റൊരു പഠനഫലം. ഗ്രൂപ്പ് സെല്‍ഫിയെടുക്കുമ്പോള്‍ എല്ലാവരുടെയും മുഖങ്ങള്‍ സ്‌ക്രീനില്‍ കിട്ടാന്‍വേണ്ടി നമ്മള്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കും. ഇത് തലയില്‍നിന്ന് തലയിലേക്ക് പേനും താരനും മറ്റും പകര്‍ത്താനുള്ള സാധ്യത കൂട്ടുന്നു.

തമാശയെന്ന് കരുതി ചിരിച്ച് തള്ളാന്‍ വരട്ടെ, വിദഗ്ദ്ധര്‍ പറയുന്നത് കൗമാരക്കാരില്‍ സെല്‍ഫിഭ്രമം ഇത്തരത്തില്‍ തലയില്‍ രോഗാണുക്കള്‍ പകരാന്‍ സാധ്യത കൂടുന്നുവെന്നാണ്. ബ്രിട്ടനില്‍ നടന്ന പഠനമനുസരിച്ച് യുവതികള്‍ സെല്‍ഫിക്കുവേണ്ടി ആഴ്ചയില്‍ ആറുമണിക്കൂറിലധികം ചെലവഴിക്കുന്നു. ഇതവരുടെ ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറയ്ക്കുന്നു.

ദുരുപയോഗവും ഇന്റര്‍നെറ്റും


ഒരാള്‍ സെല്‍ഫിയെടുത്താല്‍ ആദ്യം ചെയ്യുക അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നതാണ്. ഇല്ലെങ്കില്‍ ആര്‍ക്കും സമാധാനമുണ്ടാവില്ല. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോ എല്ലാവര്‍ക്കും കാണാനാകുന്നതരത്തിലാണെങ്കില്‍ മറ്റൊരാള്‍ അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അത് ദുരുപയോഗം ചെയ്യാനും മറ്റുള്ള സൈറ്റുകളില്‍ നമ്മുടെ അനുവാദമില്ലാതെ പ്രചരിക്കാനും പിന്നെയധികം സമയം വേണ്ട.

ചെറിയ കുട്ടിക്കുപോലും ഉപയോഗിക്കുവാന്‍ കഴിയുന്നതരത്തിലുള്ള ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകള്‍ ഇന്ന് സുലഭമാണ്. ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് മനസിലുള്ള പകവീട്ടുന്നതും ഇന്നൊരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.

ഇതിനെ മറികടക്കാനുള്ള ഏകമാര്‍ഗം ഫോട്ടോകള്‍ ഇന്റര്‍നെറ്റിലിടുമ്പോള്‍ മറ്റാരും കാണാത്തവിധം 'പ്രൈവസി' സെറ്റ് ചെയ്യലാണ്. നമ്മുടെ നേരിയ അശ്രദ്ധ ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

സെലിബ്രിറ്റി സെല്‍ഫി


അറിയപ്പെടുന്നൊരു സിനിമതാരത്തോടൊപ്പം, അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നൊരു ക്രിക്കറ്റ് താരത്തോടൊപ്പം ഒരു ചിത്രവും, അവരോട് സംസാരിക്കാനും കൂടെനിന്ന് ഫോട്ടോയെടുക്കാനും ഏറിയാല്‍ ഒരു ഓട്ടോഗ്രാഫ് തരപ്പെടുത്തിയാലും ലോകം കീഴടക്കിയ സന്തോഷമായിരുന്നു പഴയ തലമുറയ്ക്ക്.

ഇന്നത് സെല്‍ഫിക്ക് വഴിമാറി, താരവുമായി ചേര്‍ന്ന് സെല്‍ഫിയെടുത്ത് തല്‍സമയം ഫെയ്‌സ്ബുക്കില്‍ ലൈവാകുന്നവരാണധികവും. പക്ഷേ ഇവര്‍ നടത്തുന്ന ഈ സെല്‍ഫീ കടന്നുകയറ്റം പല താരങ്ങള്‍ക്കും ദഹിക്കാനാവുന്നതല്ലെന്നതാണ് വാസ്തവം.

കൊല്‍ക്കത്ത എയര്‍പോര്‍ട്ടിലെത്തിയ വിദ്യാബാലനും, ആരാധകനൊപ്പം സെല്‍ഫിക്കുവേണ്ടി നേരിടേണ്ടിവന്ന ബുദ്ധിമുട്ട് വാര്‍ത്തകളില്‍ നാം വായിച്ചതാണ്.

ആരാധകര്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പൊതുസ്ഥലത്തെ സെല്‍ഫി ശ്രമങ്ങളില്‍ തങ്ങളുടെ മനോനിലകൂടി പരിഗണിക്കണമെന്നുമാണ് നടി പാര്‍വതിയും ഗായകന്‍ യേശുദാസും വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

താന്‍ ചത്ത് മീന്‍പിടിക്കരുത് എന്ന പഴമൊഴി ഇവിടെ അന്വര്‍ഥമാവുകയാണ്. മരിച്ചാലും വേണ്ടില്ല, പ്രശസ്തി നേടിയാല്‍ മതി എന്ന നിലയിലുള്ള ഇത്തരം സാഹസങ്ങളെ കാലാതിവര്‍ത്തികളും അനശ്വരരുമാവാനുള്ള മനുഷ്യന്റെ അദമ്യമോഹത്തിന്റെ ബഹിര്‍സ്ഫുരണമായാണ് മനോവിഷമങ്ങള്‍ കണക്കാക്കുന്നത്.

പടമെടുത്ത് അനശ്വരരാവാന്‍ അതിസാഹസികതയ്ക്ക് മുതിരുമ്പോള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ക്കുവേണ്ടി മാത്രമല്ല നിങ്ങളെ വേണ്ടവര്‍ക്ക് കൂടിയുള്ളതാണ് ഈ ജീവിതം.

കുട്ടികളിലെ സെല്‍ഫി ഭ്രമം


കൗമാരക്കാര്‍ക്കിടയില്‍ ആസക്തിയായി മദ്യലഹരിപോലെ മാറിക്കഴിഞ്ഞ പ്രതിഭാസമാണ് സെല്‍ഫിയും. കാലത്തിന്റെ മാറ്റമാണിത്. സുബോധമില്ലാത്ത സാഹചര്യത്തില്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശരീരത്തിനുമേല്‍ മനസിന്റെ നിയന്ത്രണം കുറയും. അപ്പോള്‍ അപകടങ്ങള്‍ ക്ഷണിക്കാത്ത അതിഥികളാവും. മുതിര്‍ന്നവരുടെ സെല്‍ഫിഭ്രമം കുട്ടികളിലും പകര്‍ച്ചവ്യാധിപോലെ ബാധിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല.

പണ്ടൊക്കെ ക്യാമറ ശരാശരി ബാല്യത്തിന് അപ്രാപ്യമായിരുന്നു. വളരെയേറെ ചെലവുള്ള സംഗതിയായിരുന്നു ഫോട്ടോഗ്രഫി. വിശേഷാവസരങ്ങളിലോ ചില സ ര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കോ മാത്രമായി ഒതുങ്ങിയിരുന്നു അത്.

പണ്ടുകാലത്ത് 'ഫോട്ടോ പിടിക്കല്‍', സെല്ലുലോയ്ഡ് ഡിജിറ്റല്‍ സാങ്കേതികയിലേക്ക് വഴിമാറിയതോടെ ചിത്രമെടുപ്പ് എളുപ്പവും ചെലവില്ലാത്തതുമായെന്നു മാത്രമല്ല ഫോണില്‍പോലും സാധ്യവുമായി. കുട്ടികള്‍ക്കുപ്പോലും എടുക്കാമെന്ന സൗകര്യമാണ് അതിന്റെ സവിശേഷത.

ഓര്‍മവയ്ക്കുന്ന കാലം മുതല്‍ക്കേ ഇന്ന് കുട്ടി കണ്ടുപരിചയിക്കുന്ന നിത്യജീവിതത്തിലെ ഉപകരണങ്ങളിലൊന്നാണ് മൊബൈല്‍ഫോണ്‍. ഗെയിമുകള്‍ക്കൊപ്പം അതിലെ ക്യാമറാപ്രവര്‍ത്തനവും അവര്‍ക്ക് എളുപ്പം വഴങ്ങുന്നു. 'സെല്‍ഫി'യെടുക്കുകയെന്നത് ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് കൗതുകത്തെക്കാള്‍ ശീലമായി മാറിക്കഴിഞ്ഞു.

സെല്‍ഫിക്കായുള്ള സാഹസം


മറ്റുള്ളവരുടെ മുമ്പില്‍ താരമാവുകയെന്നതാണ് സെല്‍ഫിക്ക് പിന്നിലുള്ള പ്രചോദനം. 'നീയൊരു സംഭവമാടോ' എന്ന് കൂട്ടുകാരെക്കൊണ്ട് പറയിക്കാന്‍വേണ്ടി ഏതറ്റം വരെയും പോകും.

ഇപ്പോള്‍ പുതുമയ്ക്കുവേണ്ടി വലിയ ടവറുകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും മലകളുടെയും മുകളില്‍നിന്ന് സെല്‍ഫിയെടുക്കുന്നു. സ്വന്തം ആത്മഹത്യയുടെ വരെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.

ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സൗഹൃദ കുടുംബസംഗമങ്ങളും തല്‍സമയം ഫോണില്‍ പകര്‍ത്തുന്നതും, സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും നല്ലതു തന്നെ. എന്നാലത് അപകടങ്ങളിലേക്ക് വഴിമാറുന്നത് നന്നല്ല. കൂടുതല്‍ 'ലൈക്കുകളും' 'കമന്റും' നേടി വൈറലായി മാറാന്‍ വേണ്ടി എന്ത് സാഹസികത്തിനും മുതിരുന്നവരുടെ മനോനില സാധാരണമായിരിക്കില്ല.

സെല്‍ഫി പഠനവിഷയവും


സെല്‍ഫി ലോകത്തില്‍ വരുത്തിയ മാറ്റങ്ങളാണ് യു.എസിലെ ഒരു സര്‍വകലാശാലയില്‍ പഠനവിഷയമാണ്. സെല്‍ഫിയെടുത്തും സെല്‍ഫി 'പഠിച്ചു'മാണ് ക്ലാസ്.

ഫണ്ണി സെല്‍ഫി


ഒരു വശത്ത് സെല്‍ഫി വിവാദമെങ്കില്‍ മറുവശത്ത് തമാശയാണ്. പയ്യാമ്പലം ബീച്ചിലുള്ള സവാരിക്കുതിരയ്‌ക്കൊപ്പം സെ ല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയുവാവിന്റെ നെഞ്ചിന്റെ വലതുഭാഗത്താണ് കടിയേറ്റതടക്കം പലതും.

'അറ്റന്‍ഡന്‍സ്' വിത്ത് സെല്‍ഫി


ഇതെന്താ സംഭവമെന്ന് ഒന്നു ചിന്തിച്ചില്ലേ? സംഭവം സിമ്പിളാണ്. സെല്‍ഫിയെടുക്കുന്നതിന്റെ ദോഷവശങ്ങള്‍ മാത്രം നിരത്തി പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സെല്‍ഫിയെ കുടുതല്‍ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളോടൊപ്പമുള്ള സെല്‍ഫിയെടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇങ്ങനെയെടുക്കുന്ന സെല്‍ഫികള്‍ 'അറ്റന്‍ഡന്‍സ് വിത്ത് സെല്‍ഫി' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ടീച്ചര്‍ തന്നെ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുകയും വേണം.

മരണകാരണമായ സെല്‍ഫികള്‍


സെല്‍ഫി ഭ്രമം എത്രയോ ജീവന്‍ അപഹരിക്കുന്നുണ്ടെന്നറിയാമോ? സെല്‍ഫിയെടുക്കാനായി ജീവന്‍കളഞ്ഞ ഒരുപാട് പേരുടെ കഥകള്‍ ലോകമെമ്പാടും പുറത്തുവന്നിട്ടുണ്ട്.

അതിനുദാഹരണമാണ്, 2014 ഓഗസ്റ്റില്‍ ഷൊര്‍ണൂര് പതിനാല് വയസുകാരന്‍ സെല്‍ഫിയെടുക്കാനായി ട്രെയിന് മുകളില്‍ കയറി ഷോക്കേറ്റ് മരിച്ചതും, ബംഗളൂരുവില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ കനാലില്‍ വീണ് മരിച്ചതും, പൊന്മുടിയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ പത്തൊന്‍പതുകാരന് കാല്‍വഴുതിവീണ് അപകടം സംഭവിച്ചതുമെല്ലാം. ഇനിയും ഈ കണക്ക് കൂടിവരുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

പരിഹാരമാര്‍ഗങ്ങള്‍


സെല്‍ഫി ഭ്രമം കുറയ്ക്കാനും സെല്‍ഫിയെടുക്കുന്ന ശീലം മാറ്റാനും ആദ്യം ചെയ്യേണ്ടത് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക എന്നതാണ്. സ്വന്തം രൂപത്തിനെക്കുറിച്ചുള്ള അമിതചിന്ത കുറയുമ്പോള്‍ തന്നെ ഇത് പരിഹരിക്കാം. ബാഹ്യരൂപമല്ല ആന്തരികഭംഗിയിലാണ് കാര്യമെന്ന് തിരിച്ചറിയുക.

സെല്‍ഫിയില്‍ മാറ്റങ്ങള്‍ ഒന്നും തന്നെയില്ലാതെ പോസ്റ്റ് ചെയ്യുന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളര്‍ത്തുന്നു. സെല്‍ഫിയോടുള്ള അമിത താത്പര്യം കാരണം പഠനത്തിലും മറ്റുമുള്ള ശ്രദ്ധകുറഞ്ഞാല്‍ അതിനോട് തീര്‍ത്തും നോ പറയേണ്ടത് അനിവാര്യമാണ്.

സ്വയം തീരുമാനിച്ചാല്‍ സെല്‍ഫിയെന്ന വലിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നതാണ്. ഒന്ന് ശ്രമിച്ചാല്‍ മതി... ആത്മവിശ്വാസത്തോടെ മുന്നേറാം.

ഇരട്ടസെല്‍ഫിയുമായി വിവോ ഫോണ്‍


രണ്ട് സെല്‍ഫിക്യാമറകളാണ് ഈ ഫോണിന്റെ മുഖ്യസവിശേഷത. ഇതില്‍ ഒന്ന് സോണി സെന്‍സറോടുകൂടിയ 20 മെഗാപിക്‌സല്‍ ക്യാമറയും മറ്റൊന്ന് എട്ട് മെഗാപിക്‌സല്‍ ക്യാമറയുമാണ്. 27,980 രൂപയാണ് ഇതിന്റെ വില. വൈറ്റ്- ഗോള്‍ഡ് കളര്‍ കോമ്പിനേഷനിലാണ് ഈ ഫോണ്‍ ലഭ്യമാകുക. ഒട്ടനവധി സവിശേഷതകളോടുകൂടിയ സെല്‍ഫി ക്യാമറയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ഓപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3


ഗ്രൂപ്പ് സെല്‍ഫിയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. 19,990 രൂപയാണ് വില. അടുത്തിടെ പുറത്തിറക്കിയ എഫ് 3 പ്ലസിന് ശേഷം ഗ്രൂപ്പ് സെല്‍ഫി ജനറേഷനെ ലക്ഷ്യംവച്ചുള്ള ഡ്യൂവന്‍ ഫ്രണ്ട് ക്യാമറ സെല്‍ഫി എക്‌സ്‌പോര്‍ട്ടില്‍ രണ്ടാമത്തേതാണ് എഫ് 3. വ്യക്തിഗത സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഗ്രൂപ്പ് സെല്‍ഫക്കായി വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ഡ്യൂവല്‍ ഫ്രണ്ട് ക്യാമറയാണ് എഫ് 3.

സെല്‍ഫി വിത്ത് സെലിബ്രിറ്റി


വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാല്‍, രാത്രി ഒറ്റയ്ക്ക് നടക്കുമ്പോള്‍, അപകടസന്ധിയില്‍ പെട്ടുവെന്നു തോന്നിയാല്‍ സ്ത്രീകള്‍ ഭയക്കരുതെന്ന സന്ദേശവുമായി നടി മഞ്ജുവാര്യയുടെ സെല്‍ഫി വീഡിയോ അടുത്തിടെ പ്രശസ്തമായി.

കേരളപോലീസിന്റെ സ്ത്രീ സൗഹൃദ പിങ്ക് പോലീസിന്റെ ഈ വീഡിയോയില്‍ നിങ്ങളുടെ സുരക്ഷയും ആശ്രയും നിങ്ങളുടെ വിരല്‍ത്തുമ്പിലാണെന്നും പിങ്ക് പോലീസിന്റെ ട്രോള്‍ നമ്പറായ 1515 ഡയല്‍ ചെയ്താല്‍ 24 മണിക്കൂറും അടിയന്തിര സേവനങ്ങള്‍ ഉറപ്പാക്കാമെന്നും ഇതില്‍ പറയുന്നു.

സെല്‍ഫിഗേള്‍ എന്നാണ് ഹര്‍ഭജന്‍സിംഗിന്റെ മകളായ കുഞ്ഞ് ഹിനയ ഇപ്പോള്‍ അറിയപ്പെടുന്നത്. ഒരു മാലാഖയെപ്പോലെ ഒരു സുന്ദരിയായ അവളോടൊപ്പം സെല്‍ഫിയെടുക്കാന്‍ സച്ചിനും കോഹ്‌ലിയും യുവി യുമടക്കം വമ്പന്‍നിര മത്സരിക്കുകയാണ്. എന്തായാലും കുഞ്ഞ് ഹിനയ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരു താരമായി മാറിയിരിക്കുകയാണ്.

ബോളിവുഡ് നടന്‍ രണ്‍വീര്‍സിംഗിനൊപ്പമുള്ള സച്ചിന്റെ മകള്‍ സാറയുടെ സെല്‍ഫിയും വൈറലാണ്. ക്യാമറാക്കണ്ണില്‍ അധികം ഇടം നേടാത്ത ആളാണ് സാറ. ഗോസിപ്പുകളില്‍ നിന്നെല്ലാം അകന്നുകഴിയുന്ന സച്ചിനും കുടുംബത്തിനും ഇത് തലവേദനയാകുമോയെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.

സെല്‍ഫി ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച വാര്‍ത്തയാണ് തമിഴ്ഗായിക സുചിത്രയുടെ വെളിപ്പെടുത്തല്‍. തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ ധനുഷ്, അനിരുദ്ധ്, തൃഷ, ഹന്‍സിക തുടങ്ങിയവരുടെ സെല്‍ഫികളാണ് സുചിത്ര തന്റെ തുറുപ്പുചീട്ടാക്കിയത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവമായിരുന്നു ഇത്.

മോനിഷ മോഹന്‍

Ads by Google
Monday 24 Jul 2017 04.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW