Wednesday, December 13, 2017 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 03.38 PM

വേണ്ടി വന്നാല്‍ അഭിനയിക്കാനും തയ്യാര്‍

മേനകയുടെ ഇളയമകള്‍ കീര്‍ത്തി അഭിനയരംഗത്ത് തിളങ്ങുമ്പോള്‍ സാങ്കേതിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മൂത്തമകള്‍ രേവതി.
uploads/news/2017/07/130293/Weeklyrevathisuresh3.jpg

താരസന്തതികള്‍ മാതാപിതാക്കളുടെ വഴിയെ മാത്രം സഞ്ചരിക്കുമ്പോള്‍ സിനിമയില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസില്‍ സൂക്ഷിച്ച പെണ്‍കുട്ടിയാണ് നടി മേനകയുടെ മകള്‍ രേവതി.

കാഴ്ചയില്‍ അമ്മയോട് സാദൃശ്യമുള്ള രേവതി കര്‍മ്മമേഖലയില്‍ വഴിമാറി ചിന്തിച്ചപ്പോള്‍ എല്ലാവിധ പിന്‍തുണയും നല്‍കി ഒപ്പം നിന്നു മേനകയും ഭര്‍ത്താവ് സുരേഷ്‌കുമാറും.

യു.എസില്‍ നിന്നും ചലച്ചിത്ര നിര്‍മ്മാണത്തില്‍ ബിരുദപഠനം പുര്‍ത്തിയാക്കി തിരിച്ചെത്തിയ രേവതി കിന്‍ഫ്രാ പാര്‍ക്കില്‍ രേവതി കലാമന്ദിര്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ സാരഥ്യം വഹിക്കുന്നു.

പ്രിയദര്‍ശന്റെ സംവിധാനസഹായിയായി സിനിമയുടെ പ്രായോഗിക പാഠങ്ങള്‍ പഠിച്ചു തുടങ്ങിയ രേവതിയുടെ ലക്ഷ്യം സിനിമാ സംവിധാനമാണ്. വേണ്ടി വന്നാല്‍ അമ്മയുടെ വഴിയില്‍ ഒരു കൈ പയറ്റി നോക്കാനും രേവതിക്ക് മടിയില്ല.

ഫിലിം അക്കാദമിയുടെ മേല്‍നോട്ടച്ചുമതല?


ഒരുപാട് സന്തോഷമുണ്ട്. കാരണം സിനിമാലോകത്ത് പുതിയ പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ അക്കാദമിക്ക് തുടക്കമിട്ടത്. സിനിമാസ്വപ്നം മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് നല്ലൊരു പരിശീലനമാണ് ഈ അക്കാദമിയില്‍ നല്‍കുന്നത്.

സിനിമാഫോട്ടോഗ്രഫി, ഡയറക്ഷന്‍, സ്‌ക്രീന്‍ പ്ലേ, സൗണ്ട് റിക്കാര്‍ഡിംഗ് ആന്റ് ഡിസൈന്‍, ഫിലിം ആക്ടിംഗ് എന്നിവയാണ് അക്കാദമിയിലെ പഠനവിഷയങ്ങള്‍. ഒരു ഫിലിം സ്‌കൂളിന് വേണ്ട അത്യാധുനിക സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. അതാത് മേഖലയിലെ വിദഗ്ദ്ധരും പരിചയസമ്പന്നരുമാണ് ക്ലാസുകളെടുക്കുന്നത്.

ഈ അക്കാദമിയില്‍ ഒരു പക്ഷേ ഞാന്‍ മാത്രമാണ് ചെറുപ്പക്കാരി എന്നു പറയാം. മറ്റുള്ളവരെല്ലാം 50 വയസിനുമേല്‍ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ ഒരു ബോസ് എന്ന നിലയില്‍ 'അതുചെയ്യ്, ഇതുചെയ്യ്' എന്നിങ്ങനെ കല്പിക്കാന്‍ സാധിക്കില്ല.

പകരം എന്തെങ്കിലുമൊന്ന് കാണിച്ചുകൊടുത്ത് അവരുടെ അഭിപ്രായം ആരായുകയാണ് ഞാന്‍ ചെയ്യുന്നത്. ഈ അക്കാദമിയില്‍ പഠിച്ചിറങ്ങിയ ഒരു കുട്ടിക്ക് അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യണമെങ്കില്‍ ഞങ്ങള്‍ ആ കുട്ടിയെ പ്രിയദര്‍ശന്‍ അങ്കിളിന്റെ അടുത്തേയ്ക്ക് വിടും.

അതുപോലെ എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങി ഏത് മേഖലയിലും നമുക്ക് ബന്ധങ്ങളുണ്ട്.കഴിഞ്ഞവര്‍ഷം ആക്ടിംഗ് പഠിച്ചിറങ്ങിയ ജയദീപ് എന്ന കുട്ടി സംവിധായകന്‍ ജയരാജിന്റെ 'വീരം' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. കഴിവുള്ളവര്‍ക്ക് അവസരം നല്‍കുകവഴി നാളെയുടെ താരങ്ങളെ സമ്മാനിക്കുകയാണ് രേവതി കലാമന്ദിര്‍.

ചെറുപ്പത്തിലേ അഭിനയിക്കാന്‍ വന്ന അമ്മയ്ക്ക് സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ അന്നുമിന്നും പൂര്‍ണമായി അറിയില്ലായെന്ന് എപ്പോഴും പറയുമായിരുന്നു. അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ സിനിമയെക്കുറിച്ച് പൂര്‍ണമായും മനസിലാക്കണമെന്ന ഉദ്ദേശവും ഞങ്ങള്‍ക്കുണ്ട്.

ഫിലിം അക്കാദമിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ കുടുംബജീവിതം?


ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ. ഭര്‍ത്താവ് നിതിന്‍ ഓഡിറ്ററാണ്. നേരത്തെ ഗ്രാഫിക് ഡിസൈനറായിരുന്നു. ഇപ്പോഴും 3 ഗ്രാഫിക് ഡിസൈനിംഗ് കമ്പനികളുണ്ട് ചെന്നൈയില്‍. അക്കാദമിയുമായി ബന്ധപ്പെട്ട വര്‍ക്കുകളൊക്കെ നിതിനാണ് ചെയ്തു തരുന്നത്. അദ്ദേഹം ചെന്നൈയിലും ഞാന്‍ നാട്ടിലുമാണ്.

രണ്ടുപേര്‍ക്കും ജോലിത്തിരക്കുകളായതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ തമ്മില്‍ കാണുകയുള്ളൂ. ഒന്നുകില്‍ ഞാന്‍ അങ്ങോട്ട് പോകും, അല്ലെങ്കില്‍ നിതിന്‍ ഇങ്ങോട്ട് വരും. ഞങ്ങള്‍ രണ്ട് സ്ഥലങ്ങളിലായതിനാല്‍ വഴക്കടിക്കാനുള്ള ചാന്‍സ് കിട്ടില്ല.

അഥവാ വഴക്കുണ്ടാക്കിയാല്‍ത്തന്നെ മാസത്തില്‍ 2 പ്രാവശ്യം മാത്രമല്ലേ കാണാന്‍ സാധിക്കൂ എന്നു പറഞ്ഞ് ഞങ്ങള്‍ പിണക്കം അവസാനിപ്പിക്കുകയാണ് പതിവ്. നിതിന്‍ ആളൊരു പാവമാണ് കേട്ടോ. (ചിരിക്കുന്നു) എന്റെ അച്ഛനെപ്പോലെ പരോപകാരിയാണ്.

വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങള്‍ കോയമ്പത്തൂരിലുള്ള നിതിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടു. ഞങ്ങളെല്ലാവരും അങ്ങോട്ടേയ്ക്ക് ഓടിച്ചെന്നു. അതൊരു പഞ്ചാബി കുടുംബമായിരുന്നു. അവരുടെ ഭര്‍ത്താവിന് ഫിക്‌സ് വന്നു കിടക്കുകയാണ്.

അതു കണ്ടയുടനെ ആ പഞ്ചാബിക്കാരനെ നിതിന്റെ കാറില്‍ക്കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയം ഞാന്‍ നിതിന്റെ സുഹൃത്തിന്റെ വീട്ടിലാണ് .ആ പഞ്ചാബിക്കാരന്റെ സഹോദരന്‍ വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയ ശേഷമാണ് നിതിന്‍ തിരിച്ചുപോന്നത്.

TRENDING NOW