Tuesday, October 31, 2017 Last Updated 21 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 02.26 PM

പ്രസവശേഷം നടുവേദന ; പ്രസവസമയത്ത്നട്ടെല്ലിന് എടുക്കേണ്ടി വന്ന കുത്തിവയ്പുകള്‍ കൊണ്ടാണോ?

uploads/news/2017/07/130276/askdrgalacolgy240717.jpg

ആര്‍ത്തവം നിലച്ചാല്‍ ആദ്യത്തെ ആഴ്ചയില്‍തന്നെ യൂറിന്‍ പരിശോധനയിലൂടെ ഗര്‍ഭധാരണം ഉറപ്പുവരുത്താം. അതില്‍ സംശയം ഉണ്ടെങ്കില്‍ രക്തപരിശോധന നടത്താവുന്നതാണ് .

ഗര്‍ഭധാരണം തിരിച്ചറിയാന്‍


എനിക്ക് 22 വയസ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമായി. ഗര്‍ഭധാരണം സംഭവിച്ചു കഴിഞ്ഞാല്‍ എന്തെല്ലാം ശാരീരികമാറ്റങ്ങളിലൂടെ അത് തിരിച്ചറിയാന്‍ സാധിക്കും. ഗര്‍ഭധാരണത്തിന്റെ എത്രാമത്തെ ആഴ്ചയാണ് ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കുക. എപ്പോള്‍ മുതല്‍ ഡോക്ടറെ കണ്ടു തുടങ്ങണം. ഭക്ഷണക്രമത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം. ശരീരം അധികം അനങ്ങിയുള്ള ജോലികള്‍ ചെയ്യുന്നതുകൊണ്ട് അബോര്‍ഷന്‍ സംഭവിക്കുമോ. വ്യായാമം ചെയ്യാമോ?
----- സനിത ,പാലാരിവട്ടം

ഗര്‍ഭിണിയാണോയെന്ന് അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന ആര്‍ത്തവം നിലയ്ക്കുന്നതാണ്. ആര്‍ത്തവംനിലച്ചാ ല്‍ ആദ്യത്തെ ആഴ്ചയില്‍തന്നെ യൂറിന്‍ പരിശോധനയിലൂടെ ഗര്‍ഭധാരണം ഉറപ്പുവരുത്താം. അതില്‍ സംശയം ഉണ്ടെങ്കില്‍ രക്തപരിശോധന നടത്താവുന്നതാണ്.

രക്തപരിശോധനയില്‍ പ്രഗ്നന്‍സി ഹോര്‍മോണ്‍ ഉണ്ടോയെന്നു നോക്കി ഗര്‍ഭധാരണം ഉറപ്പുവരുത്താം. സാധരണ ഒരുപെണ്‍കുട്ടിയ്ക്ക് യൂറിന്‍ പരിശോധനയുടെ ആവശ്യമേയുള്ളൂ. ചിലര്‍ക്ക് ആര്‍ത്തവം നിലച്ച് ആദ്യആഴ്ചയില്‍തന്നെ ശാരീരിക മാറ്റങ്ങള്‍ അനുഭവപ്പെടാം.

പ്രഗ്നന്‍സി ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ ഓരോരുത്തരുടെ ശരീരവും പ്രതികരിക്കുന്നത് വ്യത്യസ്തരീതിയിലായിരിക്കും. ചിലര്‍ക്ക് ഒരുമാറ്റവും കണ്ടെന്നു വരില്ല.

ഛര്‍ദി, ഓക്കാനം, രുചിക്കുറവ്, ഗ്യാസ്, ചെറിയതലകറക്കം, ക്ഷീണം, ഉമ്മിനീരിന്റെ അളവ് കൂടുക, നെഞ്ചെരിച്ചില്‍, വയറുനിറഞ്ഞിരിക്കുന്നപോലെതോന്നുക, ചുരുക്കം ചിലരില്‍ ആര്‍ത്തവസമയത്തേതുപോലെ ചെറിയവേദനകള്‍ എന്നിവയെല്ലാം ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം.

യൂറിന്‍ പരിശോധനയിലൂടെ ഗര്‍ഭധാരണം ഉറപ്പുവരുത്തിയാല്‍ ഉടന്‍ ഡോക്ടറെ കണ്ടു തുടങ്ങാം. ഗ്യാസ്, രുചിക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഗര്‍ഭിണിയെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. ഗര്‍ഭസ്ഥശിശുവിന് ആദ്യത്തെ മൂന്നു മാസങ്ങളില്‍ പോഷകാംശങ്ങള്‍ വളര്‍ച്ചയ്ക്ക് വളരെയധികം ആവശ്യമായതിനാല്‍ അമ്മ കഴിക്കുന്ന ഭക്ഷണം പ്രധാനമാണ്.

അതിനാല്‍ ഛര്‍ദിയുണ്ടെങ്കിലും കുറഞ്ഞ ഇടവേളകളിലായി ഭക്ഷണം കഴിക്കണം. ഗര്‍ഭിണിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക. അധികം മസാലയുള്ള ഭക്ഷണം, അധികം ചൂടുള്ള ഭക്ഷണം ഇവ അസിഡിറ്റിക്കു കാരണമാകുന്നതിനാല്‍ ഒഴിവാക്കുക. സമീകൃതാഹാരം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മത്സ്യം മാംസം തുടങ്ങിയവയെല്ലാം ഭക്ഷണക്രമത്തില്‍ അടങ്ങിയിരിക്കണം.

പഴുത്ത പപ്പായ, പൈനാപ്പിള്‍ എന്നിവ കഴിക്കുന്നത് അബോര്‍ഷനു കാരണമാകുമെന്ന് ഒരു തെറ്റായ ധാരണയുണ്ട്്. ഈ ധാരണ ശരിയല്ല. ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പച്ച കപ്പളങ്ങയില്‍ അടങ്ങിയിട്ടുള്ള ചില എന്‍സൈമുകള്‍ അബോര്‍ഷനു കാരണമാകാമെന്ന് പറയുന്നുണ്ട്.

ശരീരം അനങ്ങിയുള്ള ജോലികള്‍ ചെയ്യുന്നതുകൊണ്ട് സാധാരണ ഗര്‍ഭധാരണത്തില്‍ അബോര്‍ഷന്‍ സംഭവിക്കുന്നില്ല. ശരീരം അനങ്ങിയുള്ള ജോലികള്‍ കൂടുതലായി ചെയ്യുന്നത് നടുവേദനയക്കു കാരണമായേക്കാം. മിതമായ രീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികള്‍ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല.

പ്രസവശേഷം നടുവേദന


എനിക്ക് 27 വയസ്. പ്രസവം കഴിഞ്ഞിട്ട് രണ്ട് മാസമായി. സിസേറിയനായിരുന്നു. പ്രസവസമയത്ത് നട്ടെല്ലിന് എടുക്കേണ്ടി വന്ന കുത്തിവയ്പുകള്‍ കൊണ്ടാണോയെന്ന് അറിയില്ല, ഇപ്പോള്‍ നടുവിനു ശക്തമായ വേദനയാണ്. ഈ നടുവേദന കുറച്ച് കഴിയുമ്പോള്‍ മാറുമോ? അടുത്ത പ്രസവവും സിസേറിയനാകാന്‍ സാധ്യതയുണ്ടോ? രണ്ടാമത്തെ പ്രസവത്തിനുള്ള ആരോഗ്യകരമായ ഇടവേള എത്രയാണ്? എത്രനാളുകള്‍ക്ക് ശേഷം ശാരീരികബന്ധമാകാം?
----- പൂജ, അടൂര്‍

പ്രസവസമയത്ത് നട്ടെല്ലിന് എടുക്കേണ്ടി വരുന്ന കുത്തവയ്പുകള്‍ നടുവേദനയ്ക്ക് കാരണമാകുമെന്ന ധാരണ തെറ്റാണ്. മുമ്പത്തെ അപേക്ഷിച്ച് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നിന്റെ പ്രത്യേകതയും സൂചിയുടെ വലിപ്പക്കുറവുമെല്ലാം നടുവേദനയ്ക്കുള്ള സാധ്യത കുറച്ചു.

മറ്റ് പല കാരണങ്ങള്‍ കൊണ്ടും നടുവേദന ഉണ്ടാകാം. പുറത്ത് ആയാസം വരുന്ന രീതിയില്‍ ഇരുന്ന് കുഞ്ഞിന് പാല്‍ കൊടുക്കുക, വിശ്രമത്തിന്റെ അഭാവം, പുറത്തെ മസിലുകളുടെ ആയാസം കൂടുതല്‍ ഇവയെല്ലാം നടുവേദനയ്ക്ക് ഇടയാക്കും.

നന്നായി വിശ്രമം എടുത്തശേഷവും നടുവേദന മാറുന്നില്ലെങ്കില്‍ ഓര്‍ത്തോപീഡിഷനെ കാണിക്കണം. ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ മാത്രമേ സിസേറിയന്‍ വേ
ണോയെന്നു പറയാന്‍ കഴിയൂ. അതിനാല്‍ അടുത്ത പ്രസവം സിസേറിയനായിരിക്കുമോ എന്ന് ഇപ്പോഴേ പറയാന്‍ സാധിക്കില്ല.

മറുപിള്ള, ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ കിടപ്പ്, എല്ലുകളുടെ ഘടന ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് സിസേറിയനാണോ അല്ലയോ എന്നു നിശ്ചയിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന് മാത്രമേ ഇതേക്കുറിച്ച് പറയാന്‍ കഴിയൂ.

രണ്ട്, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമം. ഭാര്യയ്ക്കും ഭര്‍ത്താവിനും ശാരീരികവും മാനസികവുമായ പൂര്‍ണതൃപ്തിയുള്ളപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ പ്രസവത്തിനു ശേഷം രണ്ട്, മൂന്ന് മാസത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്.

ഗര്‍ഭപാത്രം ഇറങ്ങുന്നു


ഞാന്‍ 54 വയസുള്ള വീട്ടമ്മയാണ്. ഗര്‍ഭപാത്രം ഇറങ്ങുന്നതാണ് എന്റെ പ്രശ്‌നം. ഡോക്ടറെ കാണിച്ചപ്പോള്‍ പുറത്തേക്കുള്ള തള്ളല്‍ കുറവാണെന്നും നന്നായി പുറത്തേക്ക് തള്ളിയശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യാമെന്നും പറഞ്ഞു. പിന്നീട് പരിശോധനയൊന്നും നടത്തിയില്ല. ഒരുവര്‍ഷമായി പരിശോധിച്ചിട്ട്. തള്ളലിനു മാറ്റമൊന്നുമില്ല. ഇത് നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ല. ഡോക്ടറെ വീണ്ടും കാണേണ്ടതുണ്ടോ? സര്‍ജറി ആവശ്യമായി വരുമോ? ഭാരം കൂടിയ വസ്തുക്കള്‍ എടുത്തുയര്‍ത്തുന്നത് ദോഷം ചെയ്യുമോ?
----- മേഴ്‌സി, കോതനല്ലൂര്‍

ഗര്‍ഭപാത്രം പുറത്തേക്ക് തള്ളുക എന്ന അവസ്ഥ നിത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ശസ്ത്രക്രിയ ആവശ്യമായി വരും. നടക്കാന്‍ ബുദ്ധിമുട്ട്, ദുര്‍ഗന്ധം, വജനയില്‍ നിന്നുള്ള സ്രവങ്ങള്‍ എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍. അത്തരം സാഹചര്യങ്ങളിലാണ് സര്‍ജറി വേണ്ടി വരുന്നത്.

കത്തില്‍നിന്നും നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മനസിലാക്കുന്നത്. ചിലരില്‍ ഗര്‍ഭപാത്രത്തിനൊപ്പം മൂത്രസഞ്ചിയും പുറത്തേക്ക് തള്ളിയതായി കാണാം. ആ സാഹചര്യത്തിലും സര്‍ജറി വേണ്ടി വരും.

നിങ്ങള്‍ക്ക് ആ പ്രശ്‌നവുമില്ല. ഉണ്ടെങ്കില്‍ ഡോക്ടര്‍ പറയേണ്ടതായിരുന്നു. അടിവയറ്റില്‍ ഭാരം ഉണ്ടാക്കുന്ന കാര്യങ്ങള്‍ കുറയ്ക്കുക, മലശോധനസമയത്ത് ബലം പിടിക്കാതിരിക്കുക, അമിതഭാരമുള്ള സാധനങ്ങള്‍ എടുക്കാതിരിക്കുക, ശക്തമായ ചുമ ഉണ്ടാകുകയാണെങ്കില്‍ മരുന്ന് കഴിച്ച് മാറ്റുക എന്നീ കരുതലുകള്‍ ഉണ്ടെങ്കില്‍, സര്‍ജറി ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്്.

രണ്ട് വര്‍ഷം കൂടുമ്പോള്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
ഗര്‍ഭപാത്രത്തിന്റെ തള്ളല്‍ കൂടിയോയെന്ന് അറിയാന്‍ ഇത് സഹായിക്കും. നിത്യജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഇത്തരം തള്ളലുകളെ പേടിക്കേണ്ടതില്ല.

സ്തനങ്ങള്‍ക്ക് വലിപ്പക്കുറവ്


19 വയസുള്ള കോളേജ് വിദ്യാര്‍ത്ഥിനിയാണ്. എന്റെ സ്തനങ്ങള്‍ക്ക് വലിപ്പം തീരെ കുറവാണ്. കൂടാതെ പുക്കിളിനു ചുറ്റിലും സ്തനത്തിനു ചുറ്റും ധാരാളം രോമങ്ങളുണ്ട്. ഇത് എന്നെ വല്ലാതെ വിഷമത്തിലാക്കുന്നു. ആര്‍ത്തവം ക്രമമാണ്. മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ല. സ്തനവളര്‍ച്ച കൂട്ടാനും അമിത രോമവളര്‍ച്ച തടയാനും എന്താണ് ചെയ്യേണ്ടത്?
----- നിമ്മി, ചങ്ങനാശേരി

ആര്‍ത്തവം കൃത്യമായതിനാല്‍ അമിത രോമവളര്‍ച്ചയെക്കുറിച്ച് ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല. ഇതൊരു സൗന്ദര്യപ്രശ്‌നമായി എടുത്താല്‍ മതി. കോസ്മറ്റിക് ഡെര്‍മറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

അതിനാല്‍ കുട്ടി ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്. സ്തനവളര്‍ച്ച ഓരോരുത്തരുടെയും ശാരീരിക ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഹോര്‍മോണ്‍ ചികിത്സയിലൂടെ സ്തനവളര്‍ച്ച കൂട്ടാമെങ്കിലും ഈ പ്രായത്തില്‍ ഹോര്‍മോണ്‍ ചികിത്സ നന്നല്ല.

ആഹാരം ശരിയായി കഴിച്ച് ശരീരം പുഷ്ടിപ്പെടുത്തുന്നതിലൂടെ കുറെയൊക്കെ അഭംഗി പരിഹരിക്കാവുന്നതാണ്. എന്നിട്ടും അഭംഗി അനുഭവപ്പെടുകയോ ഒട്ടും പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്തനവലിപ്പം കൂട്ടാവുന്നതാണ്. ഈ രീതി ചിലവേറിയതാണ്.

ഗൈനക്കോളജി
ഡോ. ഷെറിന്‍ വര്‍ഗീസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ഭാരത് ഹോസ്പിറ്റല്‍ , കോട്ടയം

Ads by Google
Advertisement
Ads by Google
TRENDING NOW