Sunday, July 22, 2018 Last Updated 26 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 12.14 PM

ബഹ്‌റൈനിൽ കഫാല വ്യവസ്ഥ പൂർണമായും ഒഴിവാക്കി

uploads/news/2017/07/130254/gulf240717f.jpg

മനാമ : ബഹ്‌റൈനിൽ ഇനി വിദേശികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാം. ഇന്നലെ മുതൽ രാജ്യത്ത് കഫാല വ്യവസ്ഥ പൂർണമായും ഒഴിവാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പ്രഖ്യാപിച്ചു. സ്‌പോൺസർമാരില്ലാത്ത ബഹ്‌റൈനിൽ വിദേശികൾക്ക് രണ്ട് വർഷ കാലാവധിയുള്ള ഫ്‌ളെക്‌സി പെർമിറ്റ്, ഫ്‌ളെക്‌സി ഹോസ്പിറ്റാലിറ്റി പെർമിറ്റ് എന്നിങ്ങനെ രണ്ട് വിധം ഇഖാമ (താമസരേഖ)കളാണ് ഇനി മുതൽ ഇഷ്യു ചെയ്യുക.

ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, സാലൂണുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഫ്‌ളെക്‌സി ഹോസ്പിറ്റാലിറ്റി പെർമിറ്റ് വേണ്ടത്. മറ്റുള്ള അവിദഗ്ധ മേഖലകളിലെ തൊഴിലാളികൾക്ക് ഫ്‌ളെക്‌സി പെർമിറ്റ് ഉപയോഗിച്ച് രാജ്യത്തെ ഏതു കമ്പനികളിലും പാർട്ട് ടൈം വ്യവസ്ഥയിലോ ഫുൾ ടൈം വ്യവസ്ഥയിലോ ജോലി ചെയ്യാൻ സാധിക്കും. ഇഷ്ടമുള്ള സമയത്ത് നാട്ടിൽ പോകാനും വരാനും വിദേശ പൗരന് അനുവാദമുണ്ടായിരിക്കും.

പക്ഷേ, നിയമത്തിന് മുമ്പിൽ പൂർണമായ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നതിന് പുറമെ, മെഡിക്കൽ ഇൻഷുറൻസ്, സോഷ്യാൽ ഇൻഷുറൻസ്, വർക്ക് പെർമിറ്റ്, റെസിഡൻസ് പെർമിറ്റ്, നാട്ടിലേക്കുള്ള ടിക്കറ്റ് എന്നിവക്കുള്ള ചെലവുകൾ സ്വയം വഹിക്കാനും വിദേശികൾ ബാധ്യസ്ഥരാകും. 10 ദിവസമായി സ്‌പോൺസർഷിപ്പ് ഒഴിവാക്കുന്നതിനെ കുറിച്ച് എൽ.എം.ആർ.എ വിവിധ തൊഴിൽ സംഘടനകളെയും ക്ലബ്ബുകളെയും സഹകരിപ്പിച്ച് അന്തിമ തയാറെടുപ്പുകളിലായിരുന്നു.

നിയമലംഘകരായി രാജ്യത്ത് കഴിയുന്ന 48,000 വിദേശികൾക്ക് പദവി ശരിയാക്കുന്നതിനുള്ള അവസരവും ബഹ്‌റൈൻ ഭരണകൂടം ഇതുവഴി നൽകിയിട്ടുണ്ട്. സുരക്ഷാ, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത ഏതൊരു വിദേശ തൊഴിലാളിക്കും രണ്ട് വർഷത്തേക്ക് റെസിഡൻസ് പെർമിറ്റ് പുതുക്കാൻ അവസരമുണ്ടായിരിക്കും. പക്ഷേ, കൈവശമുള്ള പാസ്‌പോർട്ടിൽ ചുരുങ്ങിയത് ആറ് മാസമെങ്കിലും കാലാവധി ശേഷിച്ചിരിക്കണം.

സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽനിന്ന് 33150150 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ കൂടിക്കാഴ്ചക്കുള്ള സമയം അറിയിച്ച് മറുപടി ലഭിക്കും. നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് 90 ബഹ്‌റൈൻ ദിനാർ, രണ്ട് വർഷത്തെ റെസിഡൻസ് പെർമിറ്റിന് 449 ദിനാറും മെഡിക്കൽ ഇൻഷുറൻസിന് 144 ദിനാറും കെട്ടിവെച്ചാണ് എൽ.എം.ആർ.എ ഓഫീസുകളെ സമീപിക്കേണ്ടത്. ഓരോ മാസവും പെർമിറ്റ് പുതുക്കുന്നതിന് 30 ദിനാറും കെട്ടിവെക്കണം. ആറ് മാസം കൂടുമ്പോൾ നീല നിറത്തിലുള്ള ഫ്‌ളെക്‌സി പെർമിറ്റ് കാർഡ് സൗജന്യ നിരക്കിൽ പുതുക്കാവുന്നതാണ്.

അതേസമയം, പെർമിറ്റ് ലഭിക്കുന്നതിന് ഇടനിലക്കാരുടെ സഹായം തേടാൻ പാടില്ലെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഓർമിപ്പിച്ചു. ഇതേ കുറിച്ച് കൂടുതൽ അറിയുന്നതിന് 17103103 എന്ന ഹോട്ട്‌ലൈൻ നമ്പർ സ്ഥാപിച്ചതായും എൽ.എം.ആർ.എ വ്യക്തമാക്കി.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Monday 24 Jul 2017 12.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW