Saturday, June 30, 2018 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 01.53 AM

സ്വര്‍ണമാനിനെ തേടുന്നവര്‍...

uploads/news/2017/07/130144/re5.jpg

സൂര്യന്‍ കടലില്‍ മറയുന്നതുകണ്ട്‌ ദുഃഖിക്കേണ്ടതില്ല.
ഇതേ സൂര്യന്‍തന്നെയാണ്‌ പ്രഭാതത്തില്‍ ഉദിക്കുന്നതും.
സന്ധ്യയുടെ ദുഃഖസ്‌മൃതികളില്‍നിന്നാണ്‌ പുലരിയുടെ പൂക്കള്‍ വിടരുന്നത്‌.
പൂക്കള്‍ കൊഴിയുന്നത്‌ പുതിയവ വിടരാനാണ്‌ എന്നറിയുകയാണ്‌ മുഖ്യം. അതുപോലെയാണ്‌ സുഖദുഃഖങ്ങളുടെ അവസ്‌ഥയും. വിടര്‍ന്ന പൂവിലും ആനന്ദം കണ്ടെത്തുമ്പോള്‍ മനസു തെളിയുന്നു. കര്‍മവും ധര്‍മവും പുലരുന്നു. ഈ സത്യം മനസിലാക്കാത്തവര്‍ മാരീചവേഷം പൂണ്ട സ്വര്‍ണമാനിനെത്തേടി കാടുകളിലലയുന്നു. സ്വര്‍ണമാനിനെ കിട്ടിയാല്‍ സ്വര്‍ഗവാതില്‍ തുറക്കുമെന്നാണ്‌ അവരുടെ ധാരണ. കനകമൃഗത്തെപ്പോലെ സ്വര്‍ഗവും ഒരു മായാസ്വപ്‌നമാണെന്ന്‌ അവരറിയുന്നില്ല. ഹൃദയശുദ്ധിയും അതുവഴി ലഭിക്കുന്ന മനഃസുഖവുമാണ്‌ സ്വര്‍ഗം. എന്തൊക്കെ നേടിയാലും മനസിനെ ജയിച്ചില്ലെങ്കില്‍ എന്തുവിശേഷം?
രാവണന്റെ കാര്യമെടുക്കുക. വായു ഭക്ഷിച്ച്‌ പഞ്ചാഗ്നി മദ്ധ്യത്തില്‍ ഏകാഗ്രചിത്തനായി ഒറ്റക്കാലിന്‍മേല്‍ ആയിരം വര്‍ഷം തപസു ചെയ്‌തു! എന്നിട്ടും ഫലമില്ലാതായപ്പോള്‍ ശിരസുവെട്ടി അഗ്നിയില്‍ ഹോമിച്ചു. ബ്രഹ്‌മാവിനെ പ്രസാദിപ്പിച്ച്‌ ഇച്‌ഛക്കൊത്ത വരങ്ങള്‍ നേടി. ഒപ്പം തപസനുഷ്‌ഠിച്ച സഹോദരന്‍ വിഭീഷണനോ? കൊഴിഞ്ഞുവീഴുന്ന ഒരു ആലില ഒരു ദിവസം തിന്ന്‌ ആയിരം കൊല്ലം തപസു ചെയ്‌തു! രണ്ടുപേരും നേടിയത്‌ വ്യത്യസ്‌ത വരങ്ങള്‍! രണ്ടുപേര്‍ക്കും രണ്ടു ജീവിതാവസ്‌ഥകള്‍!
ഒരിക്കല്‍ ബ്രഹ്‌മഹത്യാ പാപമേറ്റ ഇന്ദ്രന്റെ അവസ്‌ഥ കര്‍മഗതി എന്തെന്ന്‌ നമുക്ക്‌ വ്യക്‌തമാക്കിത്തരുന്നു.
ബ്രഹ്‌മഹത്യാ പാപംകൊണ്ട്‌ ഭയന്ന ഇന്ദ്രന്‍ പതിനാലു ലോകങ്ങളിലൂടെ പലായനം ചെയ്‌തു. അഭയം കിട്ടിയില്ല.
ഒടുവില്‍ ഈശാനകോണിലുള്ള സരസില്‍ മുങ്ങി. അവിടെ താമരപ്പൂവില്‍ ഒളിച്ചിരുന്നു! ആയിരംവര്‍ഷം കഴിഞ്ഞപ്പോള്‍ ദേവേന്ദ്രന്‍ ശുദ്ധനായി.
ദുഷ്‌കര്‍മ്മങ്ങളേറെ ചെയ്‌ത അജാമിളന്റെ കഥയും ഉദാഹരണം. എന്തിനേറെ? വാത്മീകിയുടെ കഥതന്നെ ഒരു ദൃഷ്‌ടാന്തമാണല്ലോ.
രത്നമയമായ കൊമ്പുകളോടും രത്‌്നവിചിത്രമായ രോമങ്ങളോടും കൂടിയ പൊന്മാനായി മാറാന്‍ മാരീചനെ പ്രേരിപ്പിച്ചത്‌ രാവണനായിരുന്നു. രാമഭക്‌തനായിരുന്നിട്ടും മാരീചന്‌ രാമനെ ചതിക്കേണ്ടിവന്നു.
രാമനും സീതയും താമസിച്ചിരുന്ന പഞ്ചവടിയിലേക്ക്‌ മാരീചന്‍ സ്വര്‍ണമാനായി മറയുമ്പോള്‍ രാവണന്‍ സന്യാസിവേഷം ധരിച്ചുകഴിഞ്ഞിരുന്നു. ആശ്രമത്തിനു മുമ്പിലെ പൂച്ചെടികള്‍ക്കിടയിലൂടെ മിന്നിമറഞ്ഞ പൊന്മാനിനെ കണ്ടപ്പോള്‍ സീത കൗതുകവിവശയായി. ഭര്‍ത്താവേ കണ്ടീലയോ കനകമൃഗമെത്രയും ചിത്രം! ചിത്രം! രത്നഭൂഷിതമിദം! എന്നാണല്ലോ സീത പറയുന്നത്‌. നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ലക്ഷ്‌മണനെ കാവലിരുത്തി രാമന്‍ വാളും ആവനാഴിയും വില്ലുമായി മാനിനെ പിടിക്കാന്‍ യാത്രയായി.
മാരീചന്‍ കാട്ടില്‍ മറഞ്ഞു. ഒളിഞ്ഞും തിരിഞ്ഞും മറഞ്ഞും പാഞ്ഞു. രാമന്‌ കാര്യം മനസിലായി. മായാരൂപിയായ രാക്ഷസനുനേരെ ശരം പ്രയോഗിച്ചു. അമ്പുകൊണ്ട സമയത്ത്‌ മാരീചന്‍ രാമന്റെ ശബ്‌ദത്തില്‍ ഉറക്കെ വിലപിച്ചു.
അയ്യോ! സീതേ! ലക്ഷ്‌മണാ!
മാരീചന്റെ നിലവിളി കേട്ടതോടെ സീത സംഭ്രമിച്ച്‌ കാട്ടിലേക്കോടാന്‍ ഭാവിച്ചു. സീതയുടെ നിര്‍ബന്ധം മൂലം ലക്ഷ്‌മണന്‍ രാമനെത്തിരഞ്ഞ്‌ കാട്ടിലേക്കു പോയി. അപ്പോഴായിരുന്നല്ലോ സന്യാസിരൂപിയായ രാവണന്റെ ആഗമനം.
മഹാപുരുഷനായ രാമനുപോലും മായപൊന്‍മാന്റെ പിന്നാലെ പോകേണ്ടിവന്നു! അതോടെ കഷ്‌ടതകളുടെ കണ്ണീര്‍ച്ചാലുകള്‍ തീര്‍ത്ത വഴികളിലൂടെ രാമലക്ഷ്‌മണന്‍മാര്‍ നടന്നലഞ്ഞു.
അശോക വനത്തില്‍ സീതയുടെ മുമ്പില്‍ വന്നുനിന്ന രാവണന്‍ എത്രയോ പതിതനായിരുന്നു?. അലങ്കരിക്കപ്പെട്ട ശ്‌മശാനവൃക്ഷംപോലെ അദ്ദേഹം നിലകൊണ്ടു! ഒടുവില്‍ നിന്ദിതനായി മടങ്ങുകയും ചെയ്‌തു!
രാമനും സീതയും രാവണനുമൊക്കെ സ്വര്‍ണമാനിനെ തേടിയവരാണ്‌! പര്‍ണശാലകളിലും നന്ദനോദ്യാനങ്ങളിലും കൊട്ടരങ്ങളിലും മാരീചന്മാര്‍ ഇന്നും തക്കംപാര്‍ത്തിരിക്കുന്നു! മനസുകൊണ്ടോ കര്‍മംകൊണ്ടോ ഏതൊരു ജീവിയേയും ഉപദ്രവിക്കാതിരിക്കുകയാണ്‌ ആവശ്യം. ദാനത്താലും ധര്‍മ്മത്താലും ജീവികളെ ഉദ്ധരിക്കുകയാണ്‌ ധര്‍മ്മ. ശരണാഗതരെ രക്ഷിക്കുകയാണ്‌ കര്‍മം. എങ്കില, സ്വര്‍ണമാനിനെത്തേടി അലയേണ്ടിവരികയില്ല. നഷ്‌ടസ്വര്‍ഗങ്ങളെയോര്‍ത്ത്‌ ഖേദമുണ്ടാകില്ല.

Ads by Google
Monday 24 Jul 2017 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW