Sunday, July 22, 2018 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 03.07 AM

ഇത്‌ കാഞ്ചനസീതയുടെ കാലം

uploads/news/2017/07/129961/re4.jpg

അശ്വമേധത്തിനായി രാമന്‍ ഒരുങ്ങി.
നൈമിശം എന്ന സ ്‌ഥലം ദേവലോകംപോലെയായി മാറി. ഭടന്മാരും മന്ത്രിമാരും രാജാക്കന്മാരും മുനിമാരും എത്തിച്ചേര്‍ന്നു. മന്ദിരങ്ങളും യജ്‌ഞശാലയുമുയര്‍ന്നു. പുതിയ ജനപദം രൂപംകൊണ്ടു.
എങ്ങും വിജയഭേരികള്‍! മന്ത്രജപങ്ങള്‍!
കുതിരക്കുളമ്പടിയൊച്ചകള്‍!
രാമന്‍ ഏവരുടെയും അനുഗ്രഹം തേടി.
അപ്പോഴാണ്‌ ഒരു കാര്യം വെളിവായത്‌, രാജാവ്‌ ഭാര്യയൊന്നിച്ചുവേണം യാഗം ദീക്ഷിക്കാനെന്ന്‌.അങ്ങനെയാണ്‌ ആചാര്യമതം. വിവാഹിതനല്ലാത്തയാള്‍ 'പാതിമനുഷ്യന്‍' മാത്രമാണ്‌. രാമന്‌ ഭാര്യയുണ്ട്‌. പക്ഷേ, അകലെയാണ്‌. നൈമിശത്തുനിന്നു മാത്രമല്ല, രാമന്റെ മനസില്‍നിന്നുപോലും. വാല്‌മീകിയുടെ ആശ്രമത്തില്‍ കഴിയുകയാണ്‌ രാമനുപേക്ഷിച്ച വൈദേഹി. ആ സ്‌ഥിതിക്ക്‌ യാഗം വഴിപോലെ ദീക്ഷിക്കുന്നതെങ്ങനെ? എന്തു ചെയ്യും?
ഏറെയുണ്ട്‌ കുറുക്കുവഴികള്‍. പെട്ടെന്നു ലോകംചുറ്റണമെങ്കില്‍ അച്‌ഛനമ്മമാരെ വലംവച്ചാല്‍ മതി! വിദേശത്തു കഴിയണമെന്ന ദുര്‍വിധി മാറ്റാന്‍ തോടുകടന്നിട്ട്‌ തിരിച്ചു വന്നാല്‍ മതി! അതുപോലെ യാഗപത്നിയായി സീതവേണമെന്നില്ല, സീതയുടെ പൊന്‍പ്രതിമയുണ്ടാക്കിയാലും മതി! കാഞ്ചനസീത!
വസിഷ്‌ഠന്റെ നിര്‍ദേശപ്രകാരം ശ്രീരാമകല്‍പ്പന ഉടനുണ്ടായി. സ്വര്‍ണത്തില്‍ നിര്‍മിച്ച സീതാരൂപം തയാറായി. കാഞ്ചനസീതയെ മുന്‍നിര്‍ത്തി അശ്വമേധം നടന്നു! അപ്പോള്‍, വാല്‌മീകിയുടെ ആശ്രമത്തില്‍ ശ്രീരാമപുത്രന്മാരായ ലവനും കുശനും രാമചരിതം പാടിപ്പഠിക്കുകയായിരുന്നു! അവരാണല്ലോ പിന്നീട്‌ രാമന്റെ യാഗാശ്വത്തെ തടയുന്നതും.
കാഞ്ചനസീത ഒരു അടയാളമാണ്‌. സ്‌ത്രീ അനിവാര്യയല്ല എന്നതിന്റെ ദൃഷ്‌ടാന്തം. കാഞ്ചനമണിമന്ദിരങ്ങള്‍ നിറഞ്ഞ ലങ്കാപുരിയും സ്വര്‍ണമാന്‍പേടയും കാഞ്ചനസീതയുമൊക്കെ സ്വാര്‍ത്ഥ മോഹങ്ങളുടെ അടയാളങ്ങളാകുന്നു.
അര്‍ദ്ധനാരീശ്വരസങ്കല്‍പം പുലരുന്ന ഭൂമിയിലാണ്‌ കാഞ്ചനസീതയും നിലകൊള്ളുന്നത്‌!
വിജ്‌ഞാനം കൂടി ആര്‍ജിച്ചുകഴിഞ്ഞാല്‍ നമ്മുടെ സ്‌ത്രീകള്‍ ലോകത്തിലെ ഏതു സ്‌ത്രീയെക്കാളും സാമര്‍ത്ഥ്യമുള്ളവളായിരിക്കുമെന്ന്‌ സ്വാമി വിവേകാനന്ദന്‍ നിരീക്ഷിക്കുന്നുണ്ട്‌. കാഞ്ചനമല്ല, ആന്തരിക പ്രഭയാണ്‌ അവളില്‍ പ്രകാശം ചൊരിയേണ്ടതെന്നു സാരം. നമ്മളാകട്ടെ സരസ്വതി, യമുന, സിന്ധു, കാവേരി നദികള്‍ക്ക്‌ ദേവീഭാഗം കല്‌പിച്ചു നല്‍കിയിട്ടുമുണ്ട്‌.
സമര്‍പ്പണമായിരുന്നു സീതയുടെ ലക്ഷണം. ഏതു പരിസ്‌ഥിതിയിലും രാമന്‌ സീതയേയും സീതയ്‌ക്ക് രാമനേയും തിരിച്ചറിയാമായിരുന്നത്രെ. ഈ ഗാഢബന്ധം ശിവനും പാര്‍വതിയും വേഷംമാറിവന്ന്‌ പരീക്ഷിച്ചറിഞ്ഞിട്ടുമുണ്ട്‌.
രാമനോടുള്ള സീതയുടെ ഭക്‌തികണ്ട്‌ അത്രിമഹര്‍ഷിയുടെ ഭാര്യയായ അനസൂയ ദിവ്യമായ മാലയും വസ്‌ത്രാഭരണങ്ങളും അംഗരാഗവും സീതയ്‌ക്ക് വനവാസകാലത്ത്‌ ദാനം ചെയ്‌തതായാണ്‌ കഥ. രാവണന്റെ വിമാനത്തില്‍ ലങ്കയിലേക്കുള്ള യാത്രയില്‍ സീത തന്റെ ആഭരണങ്ങള്‍ ഉപേക്ഷിക്കുന്നുണ്ട്‌. ഇത്‌ യാത്രാപഥം സൂചിപ്പിക്കാനാവാം. ആടയാഭരണങ്ങളോടുള്ള വിരക്‌തികൊണ്ടാകാം.
അഗ്നിപരീക്ഷയ്‌ക്കുശേഷം പട്ടാഭിഷേക സമയത്തുമാത്രമേ സീത ആഭരണങ്ങളണിയുന്നുള്ളു. പട്ടാഭിഷേകം കഴിഞ്ഞപ്പോള്‍ പ്രിയ സചിവനായ ഹനുമാന്‌ തന്റെ ഏറ്റവും വിശിഷ്‌ടമായ മാല സമ്മാനിക്കുകയും ചെയ്‌തു. പിന്നീട്‌ വാല്‌മീകിയുടെ ആശ്രമത്തിലേക്കായിരുന്നല്ലോ സീതയുടെ യാത്ര.
എന്നാല്‍, ഇന്ന്‌ പുതിയ കാഞ്ചനസീതമാരുടെ കാലം.
ബന്ധുരക്കാഞ്ചനക്കൂട്ടില്‍ക്കഴിയുന്ന കാഞ്ചനസീതമാര്‍ക്കായി നമ്മള്‍ വിലപേശുന്നു. യാഗങ്ങളിലും ആഘോഷങ്ങളിലും കാഞ്ചനസീതാ വിഗ്രഹങ്ങള്‍ മിഴിവേകുന്നു. ആയിരം അന്തപ്പുരങ്ങളിലും പുറത്തും അവ കാഴ്‌ചവസ്‌തുക്കളാകുന്നു. ഒടുവില്‍, ആരാധനയുടെ കാലം കഴിയുമ്പോള്‍ നഗരസാഗരത്തിലെ കുമിളകളായിപ്പൊടിഞ്ഞു തീരുന്നു.
പട്ടുചേലകളും ആടയാഭരണങ്ങളുമാണ്‌ കരുതലിന്റെയും സ്‌നേഹത്തിന്റെയും നിദര്‍ശനം.
ഇന്ദ്രന്‍ അഹല്യയെത്തേടിയതും ദുഷ്യന്തന്‍ ശകുന്തളയെ കാമിച്ചതും വീരഗാഥകളായി കൊണ്ടാടുകയാണ്‌ പുതിയ കാലം. പൂവള്ളികള്‍ മൂടിക്കിടക്കുന്ന കാട്ടുകിണറുകള്‍ പുതിയ വൈദേഹിമാര്‍ക്ക്‌ ചതിക്കുഴികള്‍ തീര്‍ക്കുന്നു. അഗ്നിപരീക്ഷകള്‍ പലതും കടന്നെത്തിയാലും അവര്‍ നമ്മള്‍ക്ക്‌ സ്വീകാര്യരല്ല. പ്രണയം എന്ന ത്യാഗത്തിന്‌ പ്രതിഫലം ലഭിക്കുന്നില്ല.
പരീക്ഷണങ്ങളില്‍നിന്ന്‌ പ്രകൃതി മാത്രമാണ്‌ അവരെ രക്ഷിക്കുന്നത്‌. പ്രകൃതിയുടെ മടിയില്‍ അവര്‍ സുരക്ഷിതരാണ്‌. സീത അഗ്നിപരീക്ഷ കഴിഞ്ഞശേഷമാണ്‌ ലങ്കയില്‍നിന്ന്‌ രാമന്റെ സവിധത്തിലണഞ്ഞത്‌. സത്യം തെളിയിക്കാനായി അഗ്നിയില്‍ പ്രവേശിച്ചപ്പോള്‍ അഗ്നിദേവതയായ വിഭാസു ഉടനെ വൈദേഹിയെ തന്റെ മടിയിലിരുത്തി രാമന്‌ നല്‍കുകയായിരുന്നു! സത്യവാനെ സാവിത്രിക്ക്‌ യമധര്‍മന്‍ തിരിച്ചുനല്‍കിയപോലെ! കാലങ്ങള്‍ കഴിഞ്ഞ്‌ വീണ്ടും സത്യപരീക്ഷയ്‌ക്ക് തയാറായ സീതയെ ഭൂമിദേവിതന്നെ സ്വീകരിക്കുകയും ചെയ്‌തു. ഇത്‌ പ്രകൃതിയുടെ തീരുമാനമാണ്‌. ഇലയും പൂവും കായുമൊക്കെ സ്വധര്‍മം ചെയ്‌തു കഴിയുമ്പോള്‍ പ്രകൃതിയിലേക്ക്‌ നിഷ്‌ക്രമിക്കുന്നത്‌ സ്വാഭാവികവുമാണല്ലോ. സീതയുടെ അന്തര്‍ദ്ധാനവും അതുകൊണ്ടുതന്നെയാകാം. പക്ഷേ, ജന്മചക്രങ്ങളുടെ ആവര്‍ത്തനങ്ങളില്‍ സീതയും പുനര്‍ജനിക്കുന്നു!
പുതിയ കാലത്ത്‌ നിസ്വരുടെ കറുത്ത താലിച്ചരടില്‍പ്പോലും കനകാംശം തേടുന്നവരാണ്‌ നമ്മള്‍. കനകവും കാമിനിയും ഒന്നുതന്നെയാകുന്നു. കനകമില്ലാതെ കാമിനിയില്ല.
കണ്ണാടിമേശകള്‍ക്കുള്ളില്‍ നിരത്തിയ ആഭരണങ്ങള്‍ അവള്‍ക്കുള്ളതാണ്‌. ആഘോഷങ്ങളില്‍ അവള്‍ ശ്രദ്ധാകേന്ദ്രം. മാറ്റും തൂക്കവും തിട്ടപ്പെടുത്തിയ വധുവാണല്ലോ അവള്‍.

Ads by Google
Sunday 23 Jul 2017 03.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW