Thursday, December 14, 2017 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.47 AM

മെഡിക്കല്‍ കോളജ്‌ കോഴ : ബി.ജെ.പി. നേതൃത്വം അന്വേഷിക്കും

uploads/news/2017/07/129959/k2.jpg

തിരുവനന്തപുരം: ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ്‌ അഴിമതിയെക്കുറിച്ചു പാര്‍ട്ടി കേന്ദ്ര നേതൃത്വം അനേ്വഷിക്കും. ഇതുസംബന്ധിച്ച്‌ അനേ്വഷിച്ച സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.പി. ശ്രീശന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും സംസ്‌ഥാന നേതൃത്വത്തിന്റെ ഇതുവരെയുള്ള വിലയിരുത്തലുകളും കേന്ദ്രത്തിന്‌ കൈമാറും.
ഇക്കാര്യത്തില്‍ നേരിട്ട്‌ അനേ്വഷണം നടത്തിയശേഷം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന്‌ ജോയിന്റ്‌ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്‌ പാര്‍ട്ടി സംസ്‌ഥാന കോര്‍ക്കമ്മിറ്റി യോഗത്തില്‍ വ്യക്‌തമാക്കി. അഴിമതിയുമായി ബന്ധപ്പെട്ടവരും റിപ്പോര്‍ട്ട്‌ ചോര്‍ത്തിയവരും എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കും. പാര്‍ട്ടിയുടെ പ്രതിച്‌ഛായയെ ബാധിച്ച വിഷയമായതിനാല്‍ സംസ്‌ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ അനേ്വഷണത്തോട്‌ സഹകരിക്കുന്നതാണ്‌ ഉചിതമെന്നും സന്തോഷ്‌ പറഞ്ഞു. അനേ്വഷണ റിപ്പോര്‍ട്ട്‌ ആവശ്യമെങ്കില്‍ വിജിലന്‍സ്‌ സംഘത്തിന്‌ കൈമാറാനും തീരുമാനമായി.
യോഗത്തിനിടെ തന്റെ ഭാഗം വിശദീകരിച്ച സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌ വികാരാധീനനായി. റിപ്പോര്‍ട്ട്‌ ചോര്‍ന്നതിനു പിന്നില്‍ തന്റെ രാഷ്‌ട്രീയഭാവി തകര്‍ക്കാനുള്ള നീക്കമാണെന്ന്‌ ആരോപിച്ച അദ്ദേഹം, ഇക്കാര്യത്തില്‍ സമഗ്രമായ അനേ്വഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം കൈകാര്യം ചെയ്യുമെന്ന്‌ വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ടുമായാണ്‌ കോര്‍ക്കമ്മിറ്റി അംഗങ്ങള്‍ സംസ്‌ഥാന ഭാരവാഹികളുടെ യോഗത്തിലെത്തിയത്‌.
അഴിമതിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന ആവശ്യമാണ്‌ സംസ്‌ഥാന നേതാക്കള്‍ ഉന്നയിച്ചത്‌. അഴിമതിരഹിതമായ കേന്ദ്രസര്‍ക്കാരിനെ പോലും പ്രതിക്കൂട്ടിലാക്കി. അതുകൊണ്ടുതന്നെ കുറ്റക്കാരാരും രക്ഷപ്പെടരുത്‌. എം.ടി. രമേശിനെതിരേ ഒരാള്‍ പോലും യോഗത്തില്‍ സംസാരിച്ചില്ല. എന്നാല്‍, വിനോദ്‌ തനിച്ച്‌ ഇത്തരമൊരു ഇടപാട്‌ നടത്താന്‍ സാധ്യതയില്ലെന്നും ഇതിനു പിന്നിലെ വ്യക്‌തികളെ പുറത്തുകൊണ്ടു വരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന അനേ്വഷണറിപ്പോര്‍ട്ട്‌ പുറത്തുവിട്ടയാള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ആരോപണവിധേയനായ വിനോദിനെ വൈകിയെങ്കിലും പുറത്താക്കിയ സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നടപടിയെ അനുമോദിച്ച നേതാക്കള്‍ പരോക്ഷമായി അദ്ദേഹത്തെ വിമര്‍ശിക്കാനും മറന്നില്ല. പ്രസിഡന്റിന്റെ പഴ്‌സണല്‍ സ്‌റ്റാഫുകളായ രണ്ടു പേര്‍ കേരളത്തിലും ഡല്‍ഹിയിലും അഴിമതിക്ക്‌ ചുക്കാന്‍പിടിച്ചതിനെ നിയന്ത്രിക്കാനായില്ല. വിജിലന്‍സ്‌ അനേ്വഷണവുമായി ബന്ധപ്പെട്ട്‌ രാകേഷ്‌ നായര്‍ക്കെതിരേ തെളിവു നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വൈകാരികമായാണ്‌ സംസാരിച്ചത്‌. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണുണ്ടായത്‌. താനടക്കമുള്ളവര്‍ പ്രതിക്കൂട്ടിലാണെന്ന തരത്തില്‍ പ്രചാരണമുണ്ടാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെപ്പോലും അപകീര്‍ത്തിപ്പെടുത്തുന്ന സംഭവമാണുണ്ടായത്‌. അതിനാല്‍, സമഗ്രമായ അനേ്വഷണത്തിലൂടെ വസ്‌തുതകള്‍ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. എം.ടി. രമേശ്‌ ഏറെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന അവസരത്തില്‍ നടന്ന നേതൃയോഗങ്ങളില്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്‌ണദാസിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായി. കൃഷ്‌ണദാസ്‌ വിഭാഗത്തിലെ പ്രമുഖനായാണ്‌ രമേശ്‌ അറിയപ്പെടുന്നത്‌.

Ads by Google
Sunday 23 Jul 2017 02.47 AM
YOU MAY BE INTERESTED
TRENDING NOW