Friday, July 20, 2018 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.47 AM

സ്‌ത്രീ പീഡനക്കേസ്‌ : വിന്‍സെന്റ്‌ അറസ്‌റ്റില്‍, റിമാന്‍ഡ്‌ ചെയ്‌തു

uploads/news/2017/07/129958/k1.jpg

തിരുവനന്തപുരം: സ്‌ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായി അറസ്‌റ്റു ചെയ്യപ്പെട്ട കോവളം എം.എല്‍.എ: എം. വിന്‍സെന്റിനെ റിമാന്‍ഡ്‌ ചെയ്‌തു. സ്‌പീക്കറുടെ അനുവാദം വാങ്ങി എം.എല്‍.എ. ഹോസ്‌റ്റലില്‍ മൂന്നുമണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്‌റ്റ്‌. പേരൂര്‍ക്കട പോലീസ്‌ ക്ലബിലെത്തിച്ചശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ വിന്‍സെന്റിനെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.
കോടതി സമുച്ചയത്തിന്‌ മുന്നില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നടന്ന ഉന്തുംതള്ളലും ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. കനത്ത പോലീസ്‌ സുരക്ഷയോടെ മജിസ്‌ട്രേറ്റിനു മുന്നിലേക്കെത്തിയ വിന്‍സെന്റ്‌ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. തന്റെ അറസ്‌റ്റ്‌ രാഷ്‌ട്രീയപ്രേരിതമാണെന്നും രാജിവയ്‌ക്കില്ലെന്നും വിന്‍സെന്റ്‌ വ്യക്‌തമാക്കി. തല്‍ക്കാലം രാജി വേണ്ടെന്ന നിലപാടില്‍തന്നെയാണു കെ.പി.സി.സി. നേതൃത്വവും.
ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതേത്തുടര്‍ന്ന്‌ ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചെന്നുമുള്ള പരാതിയിലാണ്‌ കോവളം എം.എല്‍.എയായ എ. വിന്‍സെന്റിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. സംഭവുമായി ബന്ധപ്പെട്ട്‌ നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി. ഹരികുമാര്‍, പാറശാല എസ്‌.ഐ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എം.എല്‍.എ. ഹോസ്‌റ്റലിലെത്തി വിന്‍സെന്റിനെ ചോദ്യം ചെയ്‌തു. തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം രാഷ്‌ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ വിന്‍സെന്റിന്റെ വാദം. എന്നാല്‍, പരാതിക്കാരിയായ വീട്ടമ്മയുമായി അഞ്ചു മാസത്തിനിടെ 900 തവണയിലധികം ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘം കാണിച്ചതോടെ ഇക്കാര്യത്തില്‍ വ്യക്‌തമായ വിശദീകരണം നല്‍കാന്‍ എം.എല്‍.എയ്‌ക്ക് കഴിയാതെ വന്നു. തുടര്‍ന്ന്‌ ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്‌തമാക്കുന്ന മറ്റു ചില തെളിവുകള്‍ കൂടി ലഭിച്ചതോടെയാണ്‌ അറസ്‌റ്റ്‌ ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്‌.
അതിനിടെ, മുന്‍കൂര്‍ ജാമ്യം തേടി വിന്‍സെന്റ്‌ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ചോദ്യംചെയ്യല്‍ തുടരുന്നതിനിടെയാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്‌. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്‌ചത്തേക്കു മാറ്റിവച്ചതോടെ അറസ്‌റ്റിനു കളമൊരുങ്ങുകയായിരുന്നു. എം.എല്‍.എ. ഹോസ്‌റ്റലില്‍ നടന്ന ചോദ്യംചെയ്യലിനു ശേഷം വിന്‍സെന്റ്‌ സ്വന്തം വാഹനത്തില്‍ പേരൂര്‍ക്കട പോലീസ്‌ ക്ലബിലേക്കെത്താന്‍ അന്വേഷണം സംഘം നിര്‍ദേശിക്കുകയായിരുന്നു. ഒരു സഹായിക്കൊപ്പം പോലീസ്‌ ക്ലബ്ബിലെത്തിയ എം.എല്‍.എയുടെ അറസ്‌റ്റ്‌ അന്വേഷണസംഘം രേഖപ്പടുത്തി. 354, 376 ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്‌റ്റ്‌. പോലീസ്‌ വാഹനത്തില്‍ പോലീസ്‌ ആസ്‌ഥാനത്തെത്തിച്ച വിന്‍സെന്റിനെ പിന്നീട്‌ വൈദ്യപരിശോധനയ്‌ക്കായി നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക്‌ എത്തിച്ചു.
പരിശോധനയ്‌ക്കുശേഷം റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ തയാറാക്കുന്നതുവരെ നെയ്യാറ്റിന്‍കര പോലീസ്‌ സ്‌റ്റേഷനിലാണ്‌ വിന്‍സന്റിനെ ഇരുത്തിയിരുന്നത്‌. ഇതിനിടെ എം.എല്‍.എയ്‌ക്കു പിന്തുണയുമായെത്തിയ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചത്‌ നേരിയ സംഘര്‍ഷത്തിനു വഴിവച്ചു. സ്‌റ്റേഷനില്‍ നിന്നും നെയ്യാറ്റിന്‍കര കോടതി സമുച്ചയത്തിനടുത്ത
മജിസ്‌ട്രേറ്റിന്റെ ക്വാര്‍ട്ടേഴ്‌സിലാണ്‌ വിന്‍സെന്റിനെ ഹാജരാക്കിയത്‌. മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ വിന്‍സെന്റ്‌ സഞ്ചരിച്ച വാഹനത്തിനു നേരേ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു.
അറസ്‌റ്റ്‌ തനിക്കെതിരായ രാഷ്‌ട്രീയ പകപോക്കലാണെന്നു വിന്‍സെന്റ്‌ മാധ്യമങ്ങളോടു പ്രതികരിച്ചു. രാഷ്‌ട്രീയ പ്രേരിതമായാണ്‌ തന്നെ അറസ്‌റ്റ്‌ ചെയ്‌തത്‌. രാജിവയ്‌ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ അറസ്‌റ്റിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ശക്‌തമായ സമ്മര്‍ദ്ദമുണ്ടായെന്നും നെയ്യാറ്റിന്‍കര ജില്ലാ ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ വിന്‍സെന്റ്‌ പറഞ്ഞു.
വിന്‍സെന്റ്‌ തത്‌കാലം രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണു കെ.പി.സി.സി നേതൃത്വവും. ഇതിനു മുമ്പ്‌ ലൈംഗിക ആരോപണ വിധേയരായ എം.എല്‍.എമാരായ ജോസ്‌ തെറ്റയില്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ എം.എല്‍.എ. സ്‌ഥാനം രാജിവച്ചിരുന്നില്ല. അതിന്റെ ചുവടു പിടിച്ചാണ്‌ തത്‌കാലം വിന്‍സെന്റ്‌ രാജി വയ്‌ക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം കരുതുന്നത്‌. കുറ്റക്കാരനാണെന്നു നിയമപരമായി തെളിഞ്ഞാല്‍ മാത്രം വിന്‍സെന്റിന്റെ രാജി വാങ്ങാനാണു തീരുമാനം. എന്നാല്‍, വിന്‍സെന്റ്‌ രാജിവച്ച്‌ അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്‌ മഹിളാ നേതാക്കളായ ഷാനി മോള്‍ ഉസ്‌മാനും ബിന്ദു കൃഷ്‌ണയും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്‌. എം. വിന്‍സന്റിനെ ഇന്നലെ വൈകിട്ടോടെ നെയ്യാറ്റിന്‍കരയിലെത്തിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി: ഹരികുമാറിന്റെ നേതൃത്വത്തില്‍ എം.എല്‍.എയെ തിരുവനന്തപുരത്തുള്ള പോലീസ്‌ ആസ്‌ഥാനത്തുനിന്നു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ ശാരീരിക പരിശോധനകള്‍ നടത്തി. വന്‍ പോലീസ്‌ സന്നാഹത്തോടെയായിരുന്നു നെയ്യാറ്റിന്‍കരയിലെത്തിച്ചത്‌.
ആശുപത്രി പരിസരത്തു യൂത്ത്‌ കോണ്‍ഗ്രസ്‌-കെ.എസ്‌.യു. പ്രവര്‍ത്തകര്‍ ഒരുഭാഗത്തും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മറുഭാഗത്തും നിലയുറപ്പിച്ചത്‌ സംഘര്‍ഷത്തിന്‌ ഇടയാകുമെന്ന പ്രതീതിയുണ്ടാക്കി.
ശാരീരികപരിശോധനയ്‌ക്കുശേഷം എം.എല്‍.എ. ആശുപത്രിയില്‍നിന്നു പുറത്തേക്കു വന്ന സമയം യൂത്ത്‌ കോണ്‍ഗ്രസ്‌-കെ.എസ്‌.യു. പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു മുദ്രാവാക്യം വിളിച്ചു. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ എം.എല്‍.എ. രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കി. ബഹളത്തിനിടയിലൂടെ എം.എല്‍.എയെ നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പിയുടെ ഓഫീസിലേക്കു കൊണ്ടുപോയി.
എം.എല്‍.എയെ കള്ളക്കേസില്‍ കുടുക്കിയെന്ന്‌ ആരോപിച്ച്‌ മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷനില്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്‌് സംഘര്‍ഷത്തിനിടയാക്കി. നെയ്യാറ്റിന്‍കര ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ എം. വിന്‍സന്റിനെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.

ബി.എസ്‌. രാജേഷ്‌

Ads by Google
Sunday 23 Jul 2017 02.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW