Friday, October 20, 2017 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
ഉണ്ണി വി.ജെ. നായര്‍
Sunday 23 Jul 2017 02.47 AM

എന്‍.ഡി.എ. വിടാനൊരുങ്ങി ബി.ഡി.ജെ.എസ്‌, വലവിരിച്ച്‌ യു.ഡി.എഫ്‌.

BDJS, NDA, UDF

കൊല്ലം: ബി.ജെ.പിയുടെ നിരന്തരമായ അവഗണനയും മെഡിക്കല്‍ കോളജ്‌ കോഴയിടപാടിലെ വിവാദവും കനത്തതോടെ ബി.ഡി.ജെ.എസ്‌. എന്‍.ഡി.എ. വിടാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ചു ബി.ഡി.ജെ.എസ്‌. സ്‌ഥാപകനായ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മകനും ബി.ഡി.ജെ.എസ്‌. അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയോടു യുക്‌തമായ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു.

പിന്നാക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയാകാതെ കേരളത്തില്‍ ബി.ജെ.പി. രക്ഷപ്പെടില്ലെന്നും ബി.ഡി.ജെ.എസ്‌. ഘടകക്ഷിയാണെന്നു പറഞ്ഞു പിറകെ നടക്കുന്നതല്ലാതെ ബി.ജെ.പി. അവരെ അംഗീകരിച്ചിട്ടില്ലെന്നും സംസ്‌ഥാന ബി.ജെ.പിയില്‍ അഴിമതി കൊടികുത്തി വാഴുന്നുവെന്നും കോഴവിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ അവസ്‌ഥയില്‍ ബി.ഡി.ജെ.എസ്‌. ഘടകകക്ഷിയായി തുടരുന്നതില്‍ രാഷ്‌ട്രീയനേട്ടമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ എന്‍.ഡി.എ. വിടാനുള്ള നീക്കത്തിന്‌ ബി.ഡി.ജെ.എസ്‌. തുടക്കമിടുന്നത്‌.

വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ശക്‌തമായ തീരുമാനം ഉണ്ടാകാനാണു സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കും പ്രത്യേകിച്ച്‌ ബി.ജെ.പിക്കും വോട്ട്‌ വര്‍ധിക്കാന്‍ കാരണമായതു തങ്ങളാണെന്ന അവകാശവാദം ഉന്നയിച്ചിരുന്ന ബി.ഡി.ജെ.എസിനെ തെരഞ്ഞെടുപ്പിനുശേഷം പാടെ അവഗണിക്കുന്ന നിലപാടാണ്‌ ബി.ജെ.പി. കേന്ദ്ര-സംസ്‌ഥാന നേതൃത്വം സ്വീകരിച്ചത്‌. അന്നുമുതല്‍ ബി.ഡി.ജെ.എസ്‌. അമര്‍ഷത്തിലുമായിരുന്നു. അടുത്തിടെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ കേരളത്തിലെത്തിയപ്പോള്‍ വെള്ളാപ്പള്ളി അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കാതിരുന്നതും ഇതിന്റെ ഭാഗമാണ്‌.

സമ്മര്‍ദതന്ത്രങ്ങള്‍ നിരവധി പ്രയോഗിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യം നിലനില്‍ക്കെയാണ്‌ ഇപ്പോള്‍ സംസ്‌ഥാന ബി.ജെ.പി. നേതാക്കള്‍ക്കെതിരേ മെഡിക്കല്‍ കോളജ്‌ കോഴ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. ഇതു നാണക്കേടുണ്ടാക്കുന്നതു തങ്ങള്‍ക്കുകൂടിയാണെന്ന തിരിച്ചറിവാണ്‌ ബി.ജെ.പിക്കെതിരേ രൂക്ഷമായി പ്രതികരിക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്‌. സ്‌ഥാനമാനങ്ങള്‍ കിട്ടാത്ത അതൃപ്‌തി വേറെയും. ബി.ജെ.പി.-എന്‍.ഡി.എ. ബന്ധം ഉപേക്ഷിച്ചു പുറത്തുവരണമെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. അടുത്ത കാലത്തൊന്നും ബി.ജെ.പി. സംസ്‌ഥാനത്ത്‌ അധികാരത്തില്‍ വരില്ലെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം മറ്റു നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ അവസ്‌ഥയില്‍ എന്‍.ഡി.എയില്‍ ഘടകകക്ഷിയായി തുടരേണ്ടെന്നുതന്നെയാണു വെള്ളാപ്പള്ളിയുടെ നിലപാട്‌. തുഷാര്‍ വെള്ളാപ്പള്ളി പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും വെള്ളാപ്പള്ളിയുടെ നിലപാടിനോടു യോജിച്ചതായാണു വിവരം. ബി.ജെ.പി. നേതാക്കളില്‍ പ്രതീക്ഷയറ്റ സ്‌ഥിതിക്ക്‌ എന്‍.ഡി.യില്‍ തുടരേണ്ടതില്ലെന്നുതന്നെയാണ്‌ അദ്ദേഹത്തിന്റെ തീരുമാനമെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു.

ബി.ജെ.പി. സംസ്‌ഥാന നേതാക്കളുടെ പാരയാണ്‌ ബി.ഡി.ജെ.എസിന്‌ സ്‌ഥാനമാനങ്ങള്‍ കിട്ടാന്‍ തടസമായതെന്നും വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും കരുതുന്നു. ഇതിനിടെ എന്‍.ഡി.എ. വിട്ടുവന്നാല്‍ ബി.ഡി.ജെ.എസിനെ യു.ഡി.എഫില്‍ ചേര്‍ക്കാനുള്ള നീക്കങ്ങള്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്‌. തങ്ങള്‍ക്ക്‌ ഒരു മുന്നണിയുമായും അയിത്തമില്ലെന്ന ബി.ഡി.ജെ.എസിന്റെ മുന്‍ നിലപാട്‌ യു.ഡി.എഫ്‌. കണക്കിലെടുക്കുന്നു. വെള്ളാപ്പള്ളിക്കെതിരേ നിലകൊണ്ടിരുന്ന വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനം രാജിവച്ചതോടെ ബി.ഡി.ജെ.എസിനെ യു.ഡി.എഫിലെത്തിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളതെന്നു നേതാക്കള്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്തു വെള്ളാപ്പള്ളിയെയും ബി.ഡി.ജെ.എസിനെയും യു.ഡി.എഫിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സുധീരന്റെ ശക്‌തമായ എതിര്‍പ്പുമൂലം നടന്നില്ല.

ഇക്കഴിഞ്ഞ എസ്‌.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുകയും ചെയ്‌തിരുന്നു. കൊല്ലത്തു വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച്‌ അട്ടിമറി വിജയം കരസ്‌ഥമാക്കിയ എസ്‌.എന്‍. ട്രസ്‌റ്റ്‌ സംരക്ഷണസമിതി പാനലിലെ 10 പേരില്‍ ഭൂരിപക്ഷവും ഇടതുപക്ഷക്കാരായിരുന്നു. സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ രഹസ്യ ഇടപെടലാണു വെള്ളാപ്പള്ളിയുടെ ഔദ്യോഗിക പാനലിനു പാരയായത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്ന ബി.ഡി.ജെ.എസ്‌. കാര്യമായ ഒരു ചലനവും സൃഷ്‌ടിച്ചില്ലെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്‌. ഈഴവസമുദായത്തില്‍നിന്നുള്ള ഇടതുപക്ഷ വോട്ടുകള്‍ ഭിന്നിച്ചില്ലെന്ന കണക്കുകൂട്ടല്‍ എല്‍.ഡി.എഫ്‌. നടത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW