Sunday, February 25, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.43 AM

സി.എ.ജി. റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം, സൈന്യത്തിന്‌ ആയുധക്ഷാമം

uploads/news/2017/07/129939/d1.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ ആയുധങ്ങളുടെയും യുദ്ധസാമഗ്രികളുടെയും വന്‍ ക്ഷാമം നേരിടുന്നുവെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്‌. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തികളിലും പാകിസ്‌താനുമായി അതിര്‍ത്തി പങ്കിടുന്ന കശ്‌മീരിലും യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കെയാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌.
രാജ്യത്തിന്റെ പ്രതിരോധസേനയുടെ ആയുധശേഖരത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സി.എ.ജി പുറത്തിറക്കിയിരിക്കുന്നത്‌. 2013 ഓടെ സൈന്യത്തിന്റെ ആയുധ ശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും 15 ദിവസം നീണ്ടുനില്‍ക്കുന്ന യുദ്ധമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ തക്ക ആയുധങ്ങള്‍ സൈന്യത്തിന്റെ പക്കല്‍ ഇല്ലെന്നും ആദ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കരസേനയ്‌ക്ക്‌ ആയുധം ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ സംഭരണശാലയായ ഓര്‍ഡനന്‍സ്‌ ഫാക്‌ടറി ബോര്‍ഡിനെതിരേ (ഒ.എ.ഫ്‌.ബി) രൂക്ഷ വിമര്‍ശനമാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. 2013 മാര്‍ച്ചിന്‌ ശേഷം ഒ.എ.ഫ്‌.ബി സൈന്യത്തിന്‌ വിതരണം ചെയ്‌ത ആയുധങ്ങളുടെ അളവില്‍ വന്‍ തോതിലുള്ള കുറവുണ്ടെന്നും പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വച്ച ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ആമ്യുണിഷന്‍ മാനേജ്‌മെന്റ്‌ ഇന്‍ ആര്‍മി, 2015 എന്ന ഉന്നതതല റിപ്പോര്‍ട്ടില്‍ വലിയ ആശങ്കയാണ്‌ ഉയര്‍ത്തുന്നത്‌. സൈന്യത്തിന്‌ വിതരണം ചെയ്യുന്ന ആയുധങ്ങളുടെ ഗുണനിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നുണ്ട്‌.
ആയുധ ശേഖരങ്ങളുടെ കാര്യക്ഷമയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളും മൂന്നു വര്‍ഷമായി ഉണ്ടായിട്ടില്ല. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധസാഹചര്യം നേരിടേണ്ടി വന്നാല്‍ അതു പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്‌ സാധിച്ചേക്കില്ല. ടി-72 ബിഎല്‍ടി ടാങ്കുകള്‍ നിര്‍മിക്കുന്ന തമിഴ്‌നാട്ടിലെ ഹെവി വെഹിക്കിള്‍ ഫാക്‌ടറി, ടാങ്കുകള്‍ ലഭ്യമാക്കുന്നത്‌ താമസിപ്പിക്കുന്നുണ്ടെന്നും സി.എ.ജി വിമര്‍ശിക്കുന്നുണ്ട്‌. രൂപ കല്‍പ്പനയില്‍ മാറ്റംവരുത്തിയതാണ്‌ പദ്ധതി വൈകാന്‍ കാരണമെന്നും കുറ്റപ്പെടുത്തുന്നുണ്ട്‌. ടി-90 ടാങ്കുകളില്‍ ഘടിപ്പിക്കാനുള്ള റേഡിയേറ്റര്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ കൊടുത്ത എച്ച്‌.വി.എഫ്‌ ഫാക്‌ടറിക്ക്‌ അവ മുന്‍പരിചയമില്ലെന്നും വിമര്‍ശിക്കുന്നുണ്ട്‌.
കമ്പനി നിര്‍മിച്ച 2.78 കോടി രൂപയ്‌ക്കുള്ള റേഡിയേറ്ററുകള്‍ നിശ്‌ചിതസാങ്കേതിക ആവശ്യങ്ങള്‍ക്ക്‌ അനുസൃതമായി പൊരുത്തപെടുന്നില്ലെന്നും ഇത്തരം റേഡിയേറ്ററുകള്‍ സൈനികവാശ്യങ്ങള്‍ക്ക്‌ പര്യാപ്‌തമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. എന്‍.സി.സി. ഡയറക്‌ടര്‍ ജനറല്‍ നടപടിക്രമങ്ങള്‍ മറികടന്ന്‌ മൈക്രോലൈറ്റ്‌ എയര്‍ക്രാഫ്‌റ്റുകളുടെ 34 എന്‍ജിന്റെ അറ്റകുറ്റപ്പണിക്കായി കരാര്‍ നല്‍കിയതിനെയും സി.എ.ജി. കുറ്റപ്പെടുത്തുന്നുണ്ട്‌. കൂടാതെ, നിലവിലുള്ള വിമാനത്തിന്റേതിനേക്കാള്‍ കുറഞ്ഞ ഉപയോഗമായിരുന്നിട്ടും പോലും 52.91 കോടി രൂപ മുടക്കി 110 അധിക മൈക്രോലൈറ്റ്‌ എയര്‍ക്രാഫ്‌റ്റ്‌ വാങ്ങിയതിനെയും വിമര്‍ശിക്കുന്നുണ്ട്‌.
ജമ്മു കശ്‌മീരിലെ ഉറിയിലുള്ള സൈനിക ക്യാമ്പിന്‌ നേരേ നടന്ന ആക്രമണം നേരിടാന്‍ 20,000 കോടി രൂപയുടെ ആയുധങ്ങളാണ്‌ സൈന്യം ഉപയോഗിച്ചത്‌. ഇതോടെ, രാജ്യത്തെ ആയുധശേഖരത്തില്‍ വന്‍ കുറവുണ്ടായി. ഇതു പരിഹരിക്കാന്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പ്രതിരോധ മന്ത്രാലയമോ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആകാശ നിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍( ഡി.ആര്‍.ഡി.ഒ) 6.20 കോടി രൂപാ ചെലവില്‍ ബലൂണ്‍ ഇറക്കുമതി ചെയ്‌തതിനെയും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. ഇത്‌ ന്യായീകരിക്കാവില്ല. 49.50 കോടി രൂപ ചെലവഴിച്ചെങ്കിലും പദ്ധതി അതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയമായിരുന്നുവെന്നും സി.എ.ജി. നിരീക്ഷിക്കുന്നു.

Ads by Google
Sunday 23 Jul 2017 02.43 AM
YOU MAY BE INTERESTED
TRENDING NOW