Tuesday, October 17, 2017 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Sunday 23 Jul 2017 02.43 AM

യെച്ചൂരിയുടെ രാജ്യസഭാംഗത്വം വീണ്ടും ചര്‍ച്ചയാകും: സിപിഎം പിബി - സിസി യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Seetharam Yechuri

ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വ വിഷയത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇന്ന്‌ വീണ്ടും പോളിറ്റ്‌ ബ്യൂറോ യോഗം നടക്കും. തുടര്‍ന്നു നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയാകും.

ഇതിനൊപ്പം പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പും പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിശ്‌ചയിക്കലും കേന്ദ്ര സര്‍ക്കാറിനെതിരായ പ്രക്ഷോഭ പരിപാടികളുമാകും പോളിറ്റ്‌ ബ്യൂറോ യോഗത്തിന്റെ പ്രധാന അജണ്ട. കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താനായി രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും. പുതിയ സംസ്‌ഥാനമെന്ന നിലയില്‍ തെലുങ്കാന അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന്‌ വേദിയാകാനുള്ളസാധ്യതയുണ്ട്‌.

അടുത്ത മാസം 18ന്‌ രാജ്യസഭയിലെ കാലാവധി തീരുന്ന യെച്ചൂരിയെ വീണ്ടും ബംഗാളില്‍നിന്നു മത്സരിപ്പിക്കണമെന്ന നിലപാടാണ്‌ ബംഗാള്‍ ഘടകത്തിന്റേത്‌. കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി മാത്രമേ യെച്ചൂരിക്കു ജയിക്കാന്‍ സാധിക്കുകയുള്ളൂ.

മത്സരിക്കുന്നത്‌ യെച്ചൂരിയാണെങ്കില്‍ പിന്തുണയ്‌ക്കാമെന്നു കോണ്‍ഗ്രസ്‌ നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്‌ പാര്‍ട്ടി അണികള്‍ക്കും സംസ്‌ഥാന ഘടകങ്ങള്‍ക്കും തെറ്റായ സന്ദേശഗമാകും നല്‍കുകയെന്നും ഈ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ്‌ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെയും ഒപ്പമുള്ളവരുടെയും അഭിപ്രായം.

എന്നാല്‍, ഇത്തവണയും ബംഗാള്‍ ഘടകം ഇതേ ആവശ്യംതന്നെ പി.ബിയില്‍ ഉന്നയിക്കാനാണു സാധ്യത. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണമെന്നാകും ബംഗാള്‍ ഘടകം ആവശ്യപ്പെടുക. അത്തരമൊരു സാഹചര്യം രൂപപ്പെട്ടാല്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായശേഷം ഇരു ഗ്രൂപ്പുകളുടേയും ആദ്യ ബലാബല പരീക്ഷണത്തിന്‌ ഇത്തവണത്തെ കേന്ദ്ര കമ്മിറ്റി യോഗം വേദിയാകും. ഈ വിഷയത്തില്‍ കാരാട്ട്‌ പക്ഷത്തിനാണ്‌ പിന്തുണയെന്ന്‌ നേരത്തെ തന്നെ കേരളഘടകം വ്യക്‌തമാക്കിയിട്ടുമുണ്ട്‌. ആരെങ്കിലും ഉന്നയിക്കുകയാണെങ്കില്‍ ഏത്‌ വിഷയവും പി.ബി ചര്‍ച്ചചെയ്യുമെന്ന്‌ കാരാട്ട്‌ പക്ഷത്തെ പ്രമുഖ നേതാവും പി.ബി അംഗവുമായി എസ്‌.രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.
ബംഗാള്‍, മധ്യപ്രദേശ്‌, ഗുജറാത്ത്‌ സംസ്‌ഥാനങ്ങളിലായി പത്തു രാജ്യസഭാ സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. പത്രിക നല്‍കാനുള്ള അവസാന തിയതി ഈ മാസം 28. ബംഗാളില്‍ ഒഴിവു വരുന്ന ആറില്‍ അഞ്ച്‌ സീറ്റിലും നിലവിലെ കക്ഷിനിലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌ വിജയിക്കാന്‍ സാധിക്കും. കോണ്‍ഗ്രസ്‌ പിന്തുണച്ചാല്‍ ശേഷിക്കുന്ന ഒരു സീറ്റില്‍ സി.പി.എമ്മിന്‌ വിജയിക്കാം.

രാജ്യസഭയിലേക്ക്‌ ഒരാള്‍ പരമാവധി രണ്ട്‌ തവണ അംഗമായാല്‍ മതിയെന്നാതാണ്‌ സി.പി.എമ്മിന്റെ കീഴ്‌വഴക്കമെന്നതും യെച്ചൂരിക്കു തിരിച്ചടിയാണ്‌. എന്നാല്‍ ഈ കീഴ്‌വഴക്കം മാറ്റി യെച്ചൂരിയെ മത്സരിപ്പിച്ചില്ലെങ്കില്‍ 2020 നുശേഷം ബംഗാള്‍ ഘടകത്തിന്‌ രാജ്യസഭയില്‍ പ്രാതിനിധ്യമില്ലാതാകുമെന്നാണ്‌ യെച്ചൂരി പക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌.

Ads by Google
Advertisement
TRENDING NOW