Sunday, July 23, 2017 Last Updated 13 Min 17 Sec ago English Edition
Todays E paper
Sunday 23 Jul 2017 02.43 AM

ഇടനിലക്കാരെ പൂട്ടാന്‍ കേന്ദ്രം

uploads/news/2017/07/129937/d3.jpg

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജിന്‌ അനുമതി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ടു ബി.ജെ.പി. കേരളഘടകത്തിനെതിരേ ഉയര്‍ന്ന കോഴ ആരോപണത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാരും ബി.ജെ.പി. കേന്ദ്ര നേതൃത്വവും ഇടനിലക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. മന്ത്രാലയങ്ങളിലെ അവിഹിത ഇടപെടലുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനായെന്ന്‌ അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാറിനു കേരളത്തിലെ കോഴ വിവാദവും ഇടനിലാക്കാരുടെ സാന്നിധ്യവും തിരിച്ചടിയാണ്‌.
കോഴ ഇടപാടില്‍ ഇടനിലക്കാരനായി നിന്ന സതീഷ്‌ നായര്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്തും അധികാരദല്ലാളായിരുന്നെന്ന വിവരം ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌. ഇത്തരം ദല്ലാളുമാരുടെ ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മന്ത്രാലയങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു. വര്‍ഷങ്ങളായി ഒരേ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇടപാടുകള്‍ക്ക്‌ ചരടുവലിക്കുകയും ചെയ്‌തുകൊണ്ടിരുന്ന മുതിര്‍ന്ന ഉദ്യോഗസ്‌ഥരെയൊക്കെയും ഇതിന്റെ ഭാഗാമായി സ്‌ഥലം മാറ്റി. ഉദ്യോഗസ്‌ഥരെ പ്രധാനമന്തിയുടെ ഓഫീസില്‍ നിന്ന്‌ നേരിട്ട്‌ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കി. എന്നാല്‍ ഇപ്പോഴും ദല്ലാളുമാര്‍ അധികാര ഇടനാഴിയില്‍ സജീവമാകുന്നുവെന്ന സൂചനയാണ്‌ മെഡിക്കല്‍ കോഴ ആരോപണം.
കേരളത്തില്‍ വിവാദമായ മെഡിക്കല്‍ കോളജ്‌ കോഴ ഇടപാട്‌ പാര്‍ട്ടി സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിച്ച്‌ ചെയ്‌തതല്ലെന്നും വ്യക്‌തികളുടെ ഇടപെടല്‍ മാത്രമാണെന്നുമാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്‌ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ വലിയ ജാഗ്രതക്കുറവുണ്ടായെന്നും ഇത്‌ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ പരിചയക്കുറവും ഡല്‍ഹിയില്‍ ഇടപെടാനുള്ള പരിമിതിയും ചിലര്‍ മുതലെടുത്തെന്നും പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിട്ടുണ്ട്‌.
അധ്യാത്മിക സംഘടനാ രംഗത്ത്‌ സജീവമായ തൊടുപുഴ സ്വദേശിയുടെ സഹോദരനാണ്‌ സതീഷ്‌നായര്‍. ഇയാളാണ്‌ സഹോദരനെ കുമ്മനത്തിന്‌ പരിചയപ്പെടുത്തിയതെന്നാണ്‌ അറിയുന്നത്‌. ഈ സൗഹൃദം ഉപയോഗിച്ച്‌ സതീഷ്‌ നായര്‍ അടക്കമുള്ളവര്‍ മറ്റെന്തൊക്കെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടാകുമെന്നതിനെകുറിച്ചും പാര്‍ട്ടി നേതൃത്വം അന്വേഷിക്കുന്നുണ്ട്‌. ആര്‍.എസ്‌.എസിന്റെ പ്രാദേശിക നേതാവായിരുന്ന മലബാര്‍ മേഖലയില്‍നിന്നുള്ള നേതാവ്‌ സ്‌ത്രീ വിഷയത്തില്‍ കുടുങ്ങി ആര്‍.എസ്‌.എസില്‍ നിന്ന്‌ പുറത്താക്കപ്പെട്ടിട്ടും പഴയ ബന്ധം ഉപയോഗിച്ച്‌ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ നേതൃത്വത്തിന്‌ ലഭിച്ച വിവരം.
കുമ്മനം ചുമതലയേറ്റതോടെ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച ആര്‍.എസ്‌.എസ്‌. നേതൃത്വം തുടര്‍ച്ചയായി ചുമതല വഹിച്ചിരുന്ന മുരളീധരപക്ഷത്തെ നേതാക്കളെ ഒഴിവാക്കിയിരുന്നു. ഇതോടെ ഈ നേതാക്കള്‍ പൂര്‍ണമായും നിസഹകരിച്ചതോടെ പുതിയ ഭാരവാഹികളുടെ പരിചയക്കുറവ്‌ പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിച്ചു. ഇത്തരം കാര്യങ്ങളും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്‌.

Ads by Google
Sunday 23 Jul 2017 02.43 AM
YOU MAY BE INTERESTED
TRENDING NOW