Tuesday, July 17, 2018 Last Updated 38 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.31 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/07/129913/sun2.jpg

ഒരു ഞായറാഴ്‌ചയായിരുന്നു അത്‌. രാമുണ്ണിയുടെ ഉറ്റസുഹൃത്ത്‌ യൂനുസ്‌ കുഞ്ഞിന്റെ റബ്ബര്‍തോട്ടത്തിലെ ഷീറ്റ്‌ ഉണക്കുന്ന പുരയില്‍ അവന്റെ ബാപ്പ വിശ്രമത്തിനായി ഒരുക്കിയ മുറിയുണ്ട്‌. അതിന്റെ താക്കോല്‍ കൈമാറുമ്പോള്‍ യൂനുസ്‌ പ്രത്യേകം പറഞ്ഞു.
''മുറിക്കകത്ത്‌ ഒരു കയറ്റുകട്ടിലും പഞ്ഞിമെത്തയുമുണ്ട്‌. സിംഗിള്‍ കോട്ടായതു കൊണ്ട്‌ വീതി കുറയും. കിടക്കുമ്പോള്‍ ഒന്ന്‌ അഡ്‌ജസ്‌റ്റ് ചെയ്യേണ്ടി വരും''
അതൊന്നും സാരമില്ല എന്ന മട്ടില്‍ തലയാട്ടി കൊണ്ട്‌ രാമു ഒരു വഷളന്‍ ചിരി ചിരിച്ചു.
ക്ഷേത്രത്തിലേക്ക്‌ എന്ന വ്യാജേനയാണ്‌ സൗമിനി പതിവ്‌ പോലെ വീട്ടില്‍ നിന്നിറങ്ങിയത്‌. സാധാരണയിലും നേരത്തെ അവള്‍ പറഞ്ഞ സ്‌ഥലത്ത്‌ എത്തി. രാമു റബ്ബര്‍ പുരയില്‍ നിന്ന്‌ അത്‌ കണ്ടു. അവളൂടെ കണ്ണുകളില്‍ ആഗ്രഹത്തേക്കാള്‍ പരിഭ്രാന്തിയുണ്ടായിരുന്നു.
''എന്തിനാ പേടിക്കുന്നത്‌. ഞാനില്ലേ കൂടെ..''
അവന്‍ ആശ്വസിപ്പിച്ചു.
''അതാ കൂടുതല്‍ പേടി...''
അവള്‍ ചിരിച്ചു. ആ നോട്ടവും ചിരിയും രാമുവിന്റെ ഹൃദയം തുളച്ചു.
മുടിയില്‍ നിറയെ അവള്‍ മുല്ലപ്പൂ ചൂടിയിരുന്നു. നനഞ്ഞ മുടിയില്‍ നിന്ന്‌ ഇറ്റുവീഴുന്ന വെളളത്തുളളികളും കാച്ചെണ്ണയുടെയും മുല്ലപ്പൂവിന്റെയും സമ്മിശ്രഗന്ധവും അയാളൂടെ നിയന്ത്രണരേഖകള്‍ തച്ചുടച്ചു.
പുരയ്‌ക്കുളളില്‍ കയറി വാതില്‍ ബന്ധിച്ചത്‌ ഓര്‍മ്മയുണ്ട്‌. പിന്നീട്‌ എന്തൊക്കെ സംഭവിച്ചെന്ന്‌ രാമുവിന്‌ തന്നെ നിശ്‌ചയമില്ല. എല്ലാം കഴിഞ്ഞ്‌ വിയര്‍ത്തൊലിച്ച്‌ കിടക്കുമ്പോള്‍ രാമു പറഞ്ഞു.
''ഈ വിയര്‍പ്പിന്റെയും മുല്ലപ്പൂവിന്റെയും ചേര്‍ന്നുളള മണം ഭയങ്കര രസമാണ്‌''
സൗമിനി അതിന്‌ മറുപടി പറഞ്ഞില്ല. അവളുടെ മുഖത്ത്‌ വന്നപ്പോഴുളള തിളക്കം രാമു കണ്ടില്ല. ആസക്‌തിയും ഫലപ്രാപ്‌തിയും രണ്ടും രണ്ടാണെന്ന്‌ ആ കണ്ണുകള്‍ നിശ്ശബ്‌ദം പരിതപിക്കും പോലെ. അത്‌ മനസിലാക്കിയിട്ടെന്ന പോലെ രാമു കുറ്റസമ്മതം നടത്തി.
''ആദ്യമായതു കൊണ്ട്‌ ആകെയൊരു പകപ്പായിരുന്നു. വല്ലവരും കണ്ടെങ്കിലോ എന്ന പേടി വേറെ..''
അത്‌ ശരിയാവാമെന്ന്‌ അവള്‍ക്കും തോന്നി. വലിയ ആഹ്‌ളാദങ്ങള്‍ക്ക്‌ മുന്‍പേയുളള സൂചകം മാത്രമായി അവള്‍ ആ നിമിഷങ്ങളെ കണ്ടു. വസ്‌ത്രങ്ങള്‍ ധരിക്കും മുന്‍പ്‌ മാറിലേക്ക്‌ കണ്ണുകള്‍ പായിച്ച്‌ അവള്‍ പറഞ്ഞു.
''ഒന്നു കൂടി..''
രാമു അവളുടെ മുന്നില്‍ ഒരു നവജാതശിശുവായി. എത്രനേരം നീണ്ടുനിന്നു എന്ന്‌ അവര്‍ക്കു തന്നെ ഉറപ്പില്ല. സൗമിനി പുളഞ്ഞുകൊണ്ടേയിരുന്നു. അവന്റെ മുടിയിഴകള്‍ കൈവിരലുകള്‍ക്കുളളില്‍ ഒതുക്കി അവള്‍ പിടിച്ചു വലിച്ചു. മതി...എന്ന്‌ അവള്‍ പറയുവോളം അവന്‍ ശിശുവായി.
അവന്റെ മൂക്കിന്‍ തുമ്പില്‍ പിടിച്ചു വലിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.
''എനിക്കിഷ്‌ടായി...''
രാമുവിന്‌ സമാധാനമായി. തന്റെ വീഴ്‌ചകള്‍ക്ക്‌ തത്‌കാലം ഒരു പരിഹാരമായിരിക്കുന്നു.
വസ്‌ത്രങ്ങള്‍ വാരിച്ചുറ്റി അവള്‍ പോയ്‌ക്കഴിഞ്ഞിട്ടും രാമുവിന്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തനിക്ക്‌ ഇതിനൊക്കെയുളള ധൈര്യം എവിടെ നിന്ന്‌ കിട്ടി?
വിരുദ്ധമായ മാനസികാവസ്‌ഥയിലാണ്‌ അയാള്‍ വീട്ടിലേക്ക്‌ നടന്നത്‌. ആദ്യവേഴ്‌ചയുടെ കൗതുകവും ആഹ്‌ളാദവും, സൗമിനി ആഗ്രഹിച്ച തലത്തില്‍ എത്താന്‍ കഴിയാത്തതിന്റെ കുറ്റബോധം, അവള്‍ക്ക്‌ വയറ്റിലുണ്ടായാല്‍ വന്നുപെടാവുന്ന പൊല്ലാപ്പുകള്‍, സൗമിനിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞാലുളള സംഘര്‍ഷങ്ങള്‍, എല്ലാം അയാളെ മഥിച്ചു. ദൈവമേ ഒരു കുഴപ്പവും വരാതെ കാത്തുകൊളളണേ..അയാള്‍ മനസുരുകി പ്രാര്‍ത്ഥിച്ചു.
''എന്ത്‌ പോക്രിത്തരവും കാണിച്ചിട്ട്‌ രക്ഷപ്പെടാനുളള വഴിയാണോടാ ദൈവം..''
മുന്‍പൊരിക്കല്‍ കുഞ്ഞുണ്ണി ഉന്നയിച്ച ചോദ്യം രാമുവിന്റെ ഓര്‍മ്മയില്‍ തടഞ്ഞു.
രാത്രി വീട്ടിലെത്തുമ്പോള്‍ പിന്നില്‍ കൈകള്‍ കെട്ടി മുറ്റത്ത്‌ കൂടെ ഉലാത്തുകയായിരുന്നു കുഞ്ഞുണ്ണി. ഇടക്കിടെ വഴിയിലേക്ക്‌ നോക്കുന്നുമുണ്ട്‌. വരാന്തയില്‍ കുത്തിയിരിപ്പുണ്ട്‌ അമ്മ. ദൂരെ നിന്നേ രാമു അത്‌ കണ്ടു.
രാമു ഒന്നും സംഭവിക്കാത്ത മട്ടില്‍ രണ്ടും കല്‍പ്പിച്ച്‌ മുറ്റത്തേക്ക്‌ വലതു കാല്‍ വച്ച്‌ കയറി.
''എന്താ നിന്റെ ഉദ്ദേശം?''
പതിവില്ലാത്ത ചോദ്യം കേട്ട്‌ രാമുണ്ണി ഞെട്ടി. അച്‌ഛന്‍ കട്ടകലിപ്പിലാണ്‌.
രാമു ചോദ്യത്തിന്റെ ആന്തരാര്‍ത്ഥം പിടികിട്ടാതെ തലകുമ്പിട്ട്‌ നിന്നു.
''ഇങ്ങനെ കണ്ടകടച്ചാണികളെ പോലെ അഴിഞ്ഞാടി നടന്നാല്‍ നിന്റെ ജീവിതമാകുമെന്നാണോ വിചാരിക്കുന്നത്‌''
അച്‌ഛന്‌ വല്ല സൂചനയും കിട്ടിയിരിക്കുമോ എന്ന ഉള്‍ഭയം രാമുവിനെ ഗ്രസിച്ചു.
''ഞാനെന്തു ചെയ്‌തെന്നാണ്‌ അച്‌ഛന്‍ പറഞ്ഞു വരുന്നത്‌?''
ഒന്നും അറിയാത്ത മട്ടില്‍ രാമു മറുചോദ്യം ഉന്നയിച്ചു.
''നീ എന്താ ചെയ്‌തിട്ടുളളത്‌. ഉത്തരവാദിത്തത്തോടെ ഏതെങ്കിലും ഒരു കാര്യം നീ ചെയ്‌തിട്ടുണ്ടോ? വയസ്‌ 32 കഴിഞ്ഞു. സ്‌ഥിരമായ ഒരു തൊഴിലില്ല. പെണ്ണും പെടക്കോഴീമില്ല. ഉത്തരവാദിത്തം തീരെയില്ല. പിന്നെങ്ങനെ നീ ശരിയാകും''
രാമുവിന്‌ ശ്വാസം നേരെ വീണു.
അച്‌ഛന്‍ പറഞ്ഞു വരുന്നതും താന്‍ ആശങ്കപ്പെടുന്നതും രണ്ടും രണ്ടാണ്‌.
''തറവാട്ട്‌ വക ക്ഷേത്രം പുനരുദ്ധാരണം നടത്തി ഒരു ട്രസ്‌റ്റ് ഉണ്ടാക്കി വേണ്ട പരസ്യങ്ങളും കൊടുത്താല്‍ ഒരു തൊഴിലന്വേഷിച്ച്‌ നീ അലയേണ്ടി വരില്ല. നടവരവും ദക്ഷിണയും വഴിപാടുകളും പിന്നെ ഉത്സവപ്പിരിവും ഹോമം, സ്‌പെഷല്‍പൂജ, പ്രശ്‌നവിധി, പ്രശ്‌നപരിഹാരം, ജാതകമെഴുത്ത്‌...എല്ലാം കൂടി മാസം എത്രരൂപ വരുമാനം ഉണ്ടാവുമെന്ന്‌ അറിയ്വോ നിനക്ക്‌. എത്ര തവണ ഞാനിതൊക്കെ പറഞ്ഞു. എന്നിട്ട്‌ വല്ല വിലയും കല്‍പ്പിച്ചോ നീയ്‌''
രാമു മറുപടികളില്ലാതെ തലകുനിച്ചു നിന്നു.
''എന്ത്‌ പറഞ്ഞാലും മുഖത്ത്‌ നോക്കാതെയുളള നിന്റെയീ നില്‍പ്പ്‌ തന്നെ അപലക്ഷണമാണ്‌''
രാമു മുഖം ഉയര്‍ത്തി കുഞ്ഞുണ്ണിയെ നോക്കി
''നിന്റെ ഭാവിയെക്കുറിച്ച്‌ എന്തെങ്കിലും പദ്ധതി നിന്റെ മനസിലുണ്ടോ? അതാണ്‌ എനിക്കറിയേണ്ടത്‌''
''രാമു നീ എന്തെങ്കിലും ഒരു മറുപടി പറയ്‌''
കുഞ്ഞുണ്ണിയുടെ ഭാര്യ ലീലാമണി ഏറ്റുപിടിച്ചു. ഇത്രയും കാലം ഒപ്പം നിന്ന അമ്മ പോലും തനിക്കെതിരേ തിരിഞ്ഞിരിക്കുന്നുവെന്ന്‌ രാമുണ്ണിക്ക്‌ വ്യക്‌തമായി.
''ക്ഷേത്രപണി എനിക്ക്‌ പറ്റിയതല്ല. വേണോങ്കി ഞാന്‍ മാജിക്കിന്‌ പോകാം. നമ്മുടെ അപ്പനപ്പൂപ്പന്‍മാരായി ചെയ്‌തു വന്ന തൊഴിലല്ലേ?''
കുഞ്ഞുണ്ണിക്ക്‌ കലിപ്പ്‌ മൂത്തു.
''രാമു..നീ ആലോചിക്കാതെ വര്‍ത്താനം പറേരുത്‌. ആ കാലമാന്നോ ഈ കാലം. ഇന്ന്‌ ആര്‍ക്കു വേണം മാജിക്കും കോപ്പും ഒക്കെ. ചാനലില്‍ കൂടി അതിന്റെ സീക്രട്ട്‌ മുഴുവന്‍ വെളിപ്പെടുത്തുകാ കൊടികെട്ടിയ മാജിക്കുകാര്‌...അപ്പഴാ അവന്റെയൊരു ഒടുക്കത്തെ മാജിക്ക്‌...''
അതല്ലാതെ വെറെ പണിയൊന്നും എനിക്കറിയൂല്ല...''
രാമു കൈമലര്‍ത്തി.
''അറിയില്ലേല്‍ പഠിക്കാന്‍ ശ്രമിക്കണം. പളളിക്കൂടത്തീ പോയി ചൊവ്വേ നേരെ പഠിച്ചിരുന്നേലീ കൊഴപ്പം വല്ലോം വരുവായിരുന്നോ..''
രാമു വീണ്ടും മൗനത്തില്‍ അഭയം തേടി
''മാജിക്കില്‍ അവനൊന്ന്‌ ശ്രമിച്ചുനോക്കട്ടെ. വല്ല ഗുണോം കിട്ടിയാ തൊടരാം.അല്ലേ നിര്‍ത്താം''
ലീല ഒരു പോംവഴി നിര്‍ദ്ദേശിച്ചു.
രാമു കൃതജ്‌ഞതാപൂര്‍വമായ ഒരു നോട്ടം അമ്മയുടെ നേര്‍ക്ക്‌ അയച്ചു.
''അമ്മേം മകനും കൂടി എന്താന്നു വച്ചാ ചെയ്‌തോ. ഒടുക്കം അതിന്റെ ഫലോം അനുഭവിച്ചോളണം''
അതും പറഞ്ഞ്‌ കുഞ്ഞുണ്ണി ചാടിത്തുള്ളി ഇറങ്ങി പോയി.
നാടകത്തിനും ബാലെയ്‌ക്കും വേഷഭൂഷാദികള്‍ വാടകയ്‌ക്ക് കൊടുക്കുന്നിടത്തു നിന്നാണ്‌ മജീഷ്യന്റെ കോട്ടും സ്യൂട്ടും തലപ്പാവും മാന്ത്രികവടിയും രാമു സംഘടിപ്പിച്ചത്‌. മുത്തശ്ശന്‍ കേളുവിന്റെ കാലത്ത്‌ ഉപയോഗിച്ചിരുന്ന വേഷങ്ങള്‍ ചിതലെടുത്തു പോയി. വേഷമിട്ട്‌ വാടകക്കാരന്റെ കണ്ണാടിയില്‍ നോക്കി അഴകും പാകവും ചേര്‍ച്ചയും ഉറപ്പു വരുത്തി.
''നല്ല സ്‌റ്റൈലായിട്ടുണ്ട്‌''
കടക്കാരന്‍ ആന്‍ഡ്രൂ പ്രോത്സാഹനകമന്റ ്‌ പാസാക്കി.
''ഈ സ്‌റ്റൈലിന്‌ എന്ത്‌ വാടകയാവും?''
രാമു കമന്റ ്‌ ഇഷ്‌ടപ്പെടാത്ത മട്ടില്‍ ചോദിച്ചു
''1000 ഉറുപ്പികക്കാണ്‌ സാധാരണ കൊടുക്കാറ്‌. കുഞ്ഞിനായതു കൊണ്ട്‌ 700 ഉറുപ്പികക്ക്‌ തരാം''
''എനിക്കെന്താ പ്രത്യേകത. നമ്മള്‌ തമ്മി വല്ല മുജ്‌ജന്മ ബന്ധോം ഒണ്ടോ? ''
''അതല്ല...പിന്നെ..''
ആന്‍ഡ്രൂസ്‌ തലചൊറിഞ്ഞു.
''വേഷം കെട്ട്‌ എടുക്കാതെ മര്യാദയ്‌ക്ക് ഉളള റേറ്റ്‌ പറ ആന്‍ഡ്രൂച്ചേട്ടാ...എനിക്കിത്‌ പതിവായി വേണ്ടതാ. അതിന്റെ റിഡക്ഷനും തരണം''
ആന്‍ഡ്രൂ ഒരു ഒലത്തിയ ചിരി ചിരിച്ചു.
''ശരി 500 ന്‌ ഉറപ്പിച്ചു''
''ആര്‌ ഒറപ്പിച്ചു. ഞാന്‍ 250 തരും. കച്ചവടം പൊടിപൊടിച്ചാല്‍ റേറ്റ്‌ കൂട്ടിത്തരും.എന്താ?''
''കുഞ്ഞിന്റെ മനസ്‌ അങ്ങനാന്നേല്‍ പിന്നങ്ങനെ തന്നാകട്ടെ...''
ആന്‍ഡ്രൂസ്‌ ഒരു വെഡക്ക്‌ ചിരി ചിരിച്ചു.
രാമുണ്ണി വസ്‌ത്രം ഭംഗിയായി പൊതിഞ്ഞ്‌ ഒരു പ്ലാസ്‌റ്റിക്ക്‌ കൂട്ടിലിട്ട്‌ തിരിഞ്ഞു നടന്നു.
''കുഞ്ഞേ അഡ്വാന്‍സ്‌ വല്ലതും...?''
''അതൊന്നും കയ്യിലില്ല ചേട്ടാ... ഷോ കഴിഞ്ഞ്‌ വന്ന്‌ മൊത്തത്തോടെ തന്നേക്കാം''
നടത്തയ്‌ക്കിടയില്‍ തിരിഞ്ഞു നോക്കാതെ രാമുണ്ണി പറഞ്ഞു.
പരിചയമുളള കുട്ടിയായതു കൊണ്ട്‌ തര്‍ക്കത്തിനൊന്നും ആന്‍ഡ്രൂസ്‌ നിന്നില്ല. അല്ലെങ്കിലും കളികള്‍ കുറവുളള കാലമാണ്‌. തര്‍ക്കിച്ചും ഉടക്കിട്ടും ഉളള കഞ്ഞിയില്‍ പാറ്റയിടുന്നത്‌ ബുദ്ധിയല്ല. ആന്‍ഡ്രൂസ്‌ കണക്ക്‌കൂട്ടി.
അയാളുടെ കണക്ക്‌കൂട്ടല്‍ പിഴച്ചില്ല. കൊണ്ടുപോയതിന്റെ പിറ്റേമാസം രാമുണ്ണി വസ്‌ത്രം തിരികെ കൊണ്ട്‌വന്ന്‌ തന്നു. വാടകയും തന്നു. ആന്‍ഡ്രൂസിന്‌ സന്തോഷമായി.
''നല്ല കൊയ്‌ത്താരുന്നില്യോ..''
രാമുണ്ണിയുടെ മുഖത്തെ മ്ലാനത കണ്ടിട്ടും അയാള്‍ ചോദിച്ചു.
''കൊയ്‌ത്തും മെതിയും നന്നായിരുന്നു. പലതും എന്റെ ദേഹത്തായിരുന്നൂന്ന്‌ മാത്രം''
നീര്‌ വച്ച കണ്‍തടം ഉയര്‍ത്തികാട്ടി രാമുണ്ണി പറഞ്ഞു.
''കല്ല്‌ ഇവിടെ തട്ടി നിന്നത്‌ മഹാഭാഗ്യം. ഇല്ലാരുന്നേല്‍ ഒരു കണ്ണ്‌ പോയി കിട്ടിയേനെ..''
''കുഞ്ഞ്‌ പറഞ്ഞു വരുന്നത്‌...?''
''ങ്‌ാ..അത്‌ തന്നെ...''
''അതെന്താ കുഞ്ഞേ...ശരിക്ക്‌ കളി പഠിക്കാതാന്നോ തട്ടേ കേറീത്‌''
'' അത്യാവശ്യം നമ്മുടെ നാട്ടീ കാണുന്ന എല്ലാ വിദ്യകളും പഠിച്ചിട്ട്‌ തന്നാ പോയത്‌. പക്ഷെ ജനം പുരോഗമിച്ചു പോയി ആന്‍ഡ്രൂ ചേട്ടാ. ഈ ടിവിയും ഇന്റര്‍നെറ്റും ഒക്കെ വന്നതോടെ ഇതിന്റെയൊക്കെ രസവും പുതുമയും പോയി. പല മാജിക്കിന്റെയും സീക്രട്ട്‌ നമ്മളേക്കാള്‍ നന്നായി നാട്ടുകാര്‍ക്ക്‌ അറിയാം. അച്‌ഛന്‍ പറഞ്ഞപ്പോ ഞാനത്‌ കാര്യമാക്കിയില്ല. ങ്‌ാ..മൂത്തവര്‍ ചൊല്ലൂം മുതുനെല്ലിക്ക ആദ്യം കയ്‌ക്കും പിന്നെ...''
ആന്‍ഡ്രൂസ്‌ തലകുമ്പിട്ട്‌ അല്‍പ്പസമയം എന്തോ ആലോചിച്ചു. പിന്നെ കൈനീട്ടി വാങ്ങിയ കാശ്‌ അതേപടി തിരിച്ചേല്‍പ്പിച്ചു.
''അത്‌ വേണ്ട. ചേട്ടന്‍ വച്ചോ...ആരായാലും ഞാന്‍ കൊടുക്കണ്ടതല്ലേ..''
''സാരമില്ല. നിനക്ക്‌ കാശുണ്ടാവുമ്പോള്‍ ഞാന്‍ വാങ്ങിച്ചോളാം. തത്‌കാലം നീ ചെല്ല്‌..''
രാമുണ്ണിയുടെ കണ്ണ്‌ നിറഞ്ഞു. അത്യാഗ്രഹക്കാരന്‍ മാപ്പിളയെന്ന്‌ നാട്ടുകാര്‌ ഭളള്‌ പറയുന്ന മനുഷ്യനാണ്‌ തന്നോട്‌ വിട്ടുവീഴ്‌ച കാണിക്കുന്നത്‌. എല്ലാവരും കുറ്റപ്പെടുത്തുമ്പോള്‍, ഒറ്റപ്പെടുത്തുമ്പോള്‍ ദൈവം ചില കോണുകളില്‍ നിന്ന്‌ കനിവിന്റെ ഉറവ നമ്മിലേക്ക്‌ ഒഴുക്കുന്നു.
''നന്ദിയുണ്ട്‌...''
അത്രമാത്രം പറഞ്ഞ്‌ രാമുണ്ണി തിരിഞ്ഞു നടന്നു.
വെയില്‍ കനത്ത വഴികളിലുടെ കുടയും തണലും പ്രത്യാശയുമില്ലാതെ നടക്കുമ്പോള്‍ ജീവിതം രാമുണ്ണിയെ തുറിച്ചു നോക്കി. രാമുണ്ണി ജീവിതത്തെയും. എന്താണ്‌ തന്റെ വഴിയെന്ന്‌ എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൃത്യമായ ഒരു തൊഴില്‍ ഇല്ല. ലക്ഷ്യമില്ല. അറിവുകളില്ല.
ഓളത്തിന്റെ ചലനങ്ങള്‍ക്കൊത്ത്‌ ഇളകിമറിഞ്ഞ്‌ അലക്ഷ്യമായി എങ്ങോട്ടോ ഒഴുകുന്ന പൊങ്ങുതടിയാണ്‌ അയാള്‍ക്ക്‌ ഓര്‍മ്മവന്നത്‌.
പക്ഷെ ഒന്ന്‌ അയാള്‍ക്ക്‌ ഉറപ്പുണ്ട്‌. ഏത്‌ പാഴ്‌ത്തടിയും തനിക്ക്‌ അജ്‌ഞാതമായ ഏതോ ലക്ഷ്യത്തില്‍ ചെന്ന്‌ തട്ടി നില്‍ക്കും. അങ്ങനെയൊന്ന്‌ എവിടെയോ തന്നെയും കാത്തിരിപ്പുണ്ട്‌. അനിവാര്യമായ വിധി എന്ന്‌ വിളിക്കുന്നത്‌ അതിനെയാവാം. അറിയില്ല.

(തുടരും)

Ads by Google
Sunday 23 Jul 2017 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW