Tuesday, July 17, 2018 Last Updated 35 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.31 AM

ആട്ടവിളക്കിനു പിന്നിലെ വേഷപ്പകര്‍ച്ചകള്‍

uploads/news/2017/07/129912/sun1.jpg

തൗര്യത്രകത്തിലെന്നും പരീക്ഷണങ്ങള്‍ ഉണ്ടായിട്ടും നൃത്തത്തിലും വാദ്യത്തിലും ഗീതത്തിലുമുള്ള പുതിയ പരീക്ഷണങ്ങള്‍ ചിലത്‌ സ്വീകരിക്കപ്പെടുകയും ചിലത്‌ തിരസ്‌കരിക്കപ്പെടുകയും ചെയ്‌തു. ശാസ്‌ത്രീയനൃത്ത വേദികളാകട്ടെ പാരമ്പര്യ തനിമ ചോരാതെ പുതിയ തലങ്ങള്‍ തേടുന്നുണ്ട്‌. എന്നാല്‍ പാരമ്പര്യ വേദികളിലെ പരീക്ഷണങ്ങള്‍ വിമര്‍ശന വിധേയവുമാണ്‌.
കാലത്തിനൊത്തു മാറുന്ന അരങ്ങുകളില്‍ പാരമ്പര്യം കൈവിടാതെ നില്‍ക്കുന്നത്‌ തനത്‌ കലകള്‍ മാത്രമാണ്‌. എന്നാല്‍ ഇതിലും ധൈര്യസമേതം കൈവയ്‌ക്കുന്ന ചിലരുണ്ട്‌. അനിവാര്യമായ മാറ്റം ആഗ്രഹിക്കുന്ന ചില കലാകാരന്മാര്‍. അവരാകട്ടെ വ്യത്യസ്‌തമായ ചിന്തകളുമായി അരങ്ങുകളിലെ സമ്മോഹന രൂപങ്ങളായി. അവരുടെ വ്യത്യസ്‌തതകള്‍ കാലത്തിനൊപ്പം ഒരുപക്ഷേ കാലത്തിനു മുന്‍പേ സഞ്ചരിച്ച്‌ ചരിത്രമാകും. പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്‌ പുറത്തേക്ക്‌ പോകാത്ത കലാരൂപമാണ്‌ കഥകളി എന്ന ചിന്തയ്‌ക്കും മാറ്റമുണ്ടായിരിക്കുന്നു. അത്തരം മാറ്റത്തിന്റെ പ്രതിഫലനമാണ്‌ ചങ്ങമ്പുഴയുടെ 'രമണന്‍' അരങ്ങിലെത്താനുള്ള പ്രചോദനം. രമണനും ചന്ദ്രികയും ശൃംഗാര രസത്തിലൂന്നി പ്രണയവും വിരഹവും കളിവിളക്കിനു പിന്നില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരന്മാരും വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഇതിലൊരാളാണ്‌ കലാമണ്ഡലം കൃഷ്‌ണപ്രസാദ്‌ എന്ന അനുഗൃഹീത നടന്‍.
രമണനിലെ മദനനെ അവതരിപ്പിച്ച്‌ കഥകളിയിലും ഇങ്ങനെയൊക്കെയാകാം എന്ന്‌ ആസ്വാദകനോട്‌ വിളിച്ചു പറയുകയായിരുന്നു അദ്ദേഹം. അച്‌ഛന്റെ കൈപിടിച്ച്‌ കഥകളി ഗ്രാമം എന്നു വിശേഷിപ്പിക്കാവുന്ന ആലപ്പുഴ ജില്ലയിലെ ഏവൂര്‍ എന്ന ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച കൃഷ്‌ണപ്രസാദിന്‌ കഥകളി വെറുമൊരു കാഴ്‌ച മാത്രമായിരുന്നില്ല. അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന ജീവിതം തന്നെയായിരുന്നു. കാരുണ്യസിന്ധുവായ ഏവൂര്‍ ശ്രീകൃഷ്‌ണന്റെ മുന്നില്‍ 13-ാം വയസില്‍ ഗുരുദക്ഷിണയിലെ ശ്രീകൃഷ്‌ണനെ അവതരിപ്പിച്ച്‌ അരങ്ങേറ്റം കുറിച്ച ഈ നാട്യപ്രതിഭ താന്‍ അനുഭവിച്ചറിഞ്ഞ കലയില്‍ പുതിയ പാതകള്‍, പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ അദ്‌ഭുതമായി കാണേണ്ടതില്ല. അത്‌ സ്വാഭാവികം മാത്രമാണ്‌.
മാതുലനായ കൂത്തുകലാകാരന്‍ കുഞ്ഞിക്കൃഷ്‌ണനും തികഞ്ഞ കലാ ആസ്വാദകനായ അച്‌ഛന്‍ കെ.പി.മാധവന്‍നായരുമായിരുന്നു കൃഷ്‌ണപ്രസാദിലെ കലാകാരനെ തൊട്ടുണര്‍ത്തിയത്‌. അമ്മ രുഗ്മിണിയമ്മയും അച്‌ഛനുമായിരുന്നു കലയിലും ജീവിതത്തിലും മാര്‍ഗദര്‍ശികള്‍. അച്‌ഛനോടൊപ്പം ഏവൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ കഥകളി രാവുകളില്‍ ഉറങ്ങാതിരുന്നു കണ്ട കലയെ പിന്നീട്‌ ഹൃദയത്തില്‍ പ്രതിഷ്‌ഠിക്കുകയായിരുന്നു. അതിനെ ദൈവീകമായ അനുഭൂതിയായി അദ്ദേഹം കരുതി. ഏവൂര്‍ ശങ്കരന്‍നായരും കൃഷ്‌ണന്‍നായരുമായിരുന്നു ആദ്യ ഗുരുക്കന്മാര്‍. പത്താം ക്ലാസിലെ പഠനത്തിനു ശേഷം ഏവൂരിലെ വീട്ടില്‍ നിന്ന്‌ കലാമണ്ഡലത്തിലേക്ക്‌.
കൃഷ്‌ണപ്രസാദിലെ കലാകാരന്‍ പരുവപ്പെട്ടത്‌ കലാമണ്ഡലത്തിലെ ശിക്ഷണത്തിലാണ്‌. കടുത്ത ചിട്ടകളോടെയുള്ള പഠനം. കലാമണ്ഡലം ബാലസുബ്രഹ്‌മണ്യം, കലാമണ്ഡലം എം.പി.എസ്‌.നമ്പൂതിരി, വാഴേങ്കട വിജയന്‍, കലാമണ്ഡലം വാസുപ്പിഷാരടി, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടി തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിലുള്ള അഭ്യസനം കൃഷ്‌ണപ്രസാദിന്‌ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു.
1978 മുതല്‍ 1986 വരെയുള്ള എട്ടു വര്‍ഷം കലാമണ്ഡലത്തില്‍. പഠിക്കുമ്പോള്‍ തന്നെ മികച്ച കഥകളി വിദ്യാര്‍ഥിയ്‌ക്കുള്ള സമ്മാനവും കൃഷ്‌ണപ്രസാദിന്‌ ലഭിച്ചു. കലാമണ്ഡലത്തിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയ്‌ക്ക് മികച്ച പ്രകടനത്തിനു നല്‍കുന്ന കുമ്മിണി വാസുദേവന്‍ നമ്പൂതിരി അവാര്‍ഡും ലഭിച്ചു. കലാമണ്ഡലത്തിലെ പഠനശേഷം പൂര്‍ണമായും അരങ്ങില്‍. പച്ചയ്‌ക്കും കത്തിയ്‌ക്കുമൊപ്പം മിനുക്കും ബ്രാഹ്‌മണ വേഷവും. കളിവിളക്കിനു പിന്നില്‍ ഏതു വേഷത്തിലും നവരസങ്ങളാടാന്‍ തനിക്കു കഴിയുമെന്ന്‌ തെളിയിച്ച്‌ നടന വിസ്‌യമാവുകയായിരുന്നു കൃഷ്‌ണപ്രസാദ്‌.
ഓരോ അരങ്ങും കൃഷ്‌ണപ്രസാദിലെ കലാകാരന്‌ പുതിയ അനുഭവമായി. ഈ അനുഭവങ്ങളാണ്‌ പുതിയ പരീക്ഷണങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രചോദനമാകുന്നത്‌. ലളിത കോമള പദാവലികളാല്‍ ആസ്വാദകനിലേക്ക്‌ ഏറെ ഇറങ്ങിച്ചെന്ന കര്‍ണശപഥമായാലും നളചരിതമായാലും ആസ്വാദകന്റെ മനസില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ഈ കലാകാരന്‌ കഴിഞ്ഞു. നാലു ദശാബ്‌ദക്കാലമായി കളിവിളക്കിനു പിന്നില്‍ വേഷങ്ങള്‍ കെട്ടിയാടുന്ന ഈ പ്രതിഭയ്‌ക്ക് അധ്യാപനം ഒരു നിയോഗമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ മുദ്രകളും ശ്ലോകങ്ങളും പകര്‍ന്നു നല്‍കി അവരെ കഥകളിയുടെ വേഷപ്പകര്‍ച്ചകളിലൂടെ കൂട്ടിക്കൊണ്ടുപോകുന്ന അധ്യാപനമെന്ന മഹാ സപര്യയിലേക്ക്‌ കടക്കണമെന്ന ആഗ്രഹം ഏറെക്കാലമായി മനസിലുണ്ടായിരുന്നു.
അതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്ന ചിന്ത സജീവമായി മനസില്‍ നിറഞ്ഞപ്പോഴാണ്‌ നിയോഗം പോലെ ഹരിപ്പാട്ട്‌ ആരംഭിച്ച കേരള കലാമണ്ഡലത്തിന്റെ അനക്‌സിന്റെ പ്രിന്‍സിപ്പല്‍ ആകാനുള്ള ദൗത്യം തേടിയെത്തിയത്‌. അതോടെ സ്വന്തമായ സ്‌ഥാപനമെന്ന ചിന്ത മാറ്റിവച്ച്‌ കലാമണ്ഡലത്തിലെത്തുന്ന വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറി. കലാമണ്ഡലത്തിലെ പഠനകാലം പരുവപ്പെടുത്തിയെടുത്ത കഥകളി വിദ്യാര്‍ഥി ഇന്ന്‌ കഥകളി വിദ്യാര്‍ഥികള്‍ക്ക്‌ മികച്ച ഗുരുനാഥനാണ്‌. പൂര്‍വസൂരികളുടെ-ഒപ്പം കൃപാസിന്ധുവായ ശ്രീകൃഷ്‌ണന്റെ അനുഗ്രഹമാണ്‌ ഇതിന്റെ പിന്നിലെന്ന്‌ കൃഷ്‌ണപ്രസാദ്‌ വിശ്വസിക്കുന്നു.
ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. കഥകളിയിലെ ചൊല്ലിയാട്ടത്തിന്‌ വാഴേങ്കട കുഞ്ഞുനായര്‍ അവാര്‍ഡ്‌, പള്ളിപ്പുറം ഗോപാലന്‍നായര്‍ അവാര്‍ഡ്‌, ഗുരു ചെങ്ങന്നൂര്‍ പുരസ്‌കാരം, നാട്യരത്ന പുരസ്‌കാരം, മാധവ്‌ജി പുരസ്‌കാരം, വാരണാസി അവാര്‍ഡ്‌, കേരള കലാമണ്ഡലം കുഞ്ഞുണ്ണി ഭാഗവതര്‍ എന്‍ഡോവ്‌മെന്റ്‌ എന്നിവ ലഭിച്ചു. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ കഥകളിയ്‌ക്കുള്ള ജൂനിയര്‍ ഫെലോഷിപ്പും 2017 ല്‍ സീനിയര്‍ ഫെലോഷിപ്പും ലഭിച്ചു. കലാമണ്ഡലത്തിലെഅധ്യാപനത്തിനൊപ്പം നിരവധി കുട്ടികളെ വീട്ടിലെത്തിയും അല്ലാതെയും കഥകളി അഭ്യസിപ്പിക്കുന്നുണ്ട്‌. വളരെയേറെ ശിഷ്യസമ്പത്തുള്ള ഇദ്ദേഹം ഫ്രാന്‍സിലും ഗള്‍ഫ്‌ രാജ്യങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്‌. ഒരുപക്ഷേ ഇന്നത്തെ കാലത്ത്‌ കേരളത്തിലെക്കാളും ആസ്വാദകര്‍ വിദേശത്തുണ്ടെന്നാണ്‌ ഇദ്ദേഹത്തിന്റെ പക്ഷം. അത്‌ യാഥാര്‍ത്ഥ്യമാണു താനും. കടല്‍ കടന്നുപോകുമ്പോഴാണ്‌ നമ്മുടെ തനതു കലകള്‍ക്ക്‌ പ്രൗഢിയുണ്ടാകുന്നതും അവ സംരക്ഷിക്കപ്പെടുന്നതും.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Sunday 23 Jul 2017 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW