Monday, July 16, 2018 Last Updated 28 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.31 AM

സിനിമയുടെ 'ഗോദയില്‍' പ്രതീക്ഷയുടെ 'ടേക്ക്‌ ഓഫ്‌'

uploads/news/2017/07/129911/sun5.jpg

യുവനടിയെ ആക്രമിച്ച കേസും അമ്മ മീറ്റിംഗിലെ പത്രസമ്മേളന വിവാദവും ദിലീപിന്റെ അറസ്‌റ്റും ജയില്‍ വാസവുമൊക്കെയായി മലയാള സിനിമ ഒരു കാലത്തുമില്ലാത്ത വിവാദചുഴിയില്‍ ഒരു വശത്ത്‌ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ മറു വശത്ത്‌ ബോക്‌സോഫീസിലെ വിജയകണക്കില്‍ പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മുന്നേറ്റത്തിലാണ്‌ വെള്ളിത്തിര.
2017 തുടങ്ങി ആറുമാസം പിന്നിടുമ്പോഴേക്കും കോടികള്‍ വാരിയ നാലു ബംബര്‍ ഹിറ്റുകള്‍ ഇതിനകം പിറന്നുകഴിഞ്ഞു. അങ്കമാലി ഡയറീസും, ഗോദയും, ടേക്ക്‌ ഓഫും, തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ്‌ തിയറ്ററുകളെ ഇളക്കിമറിച്ച്‌ കോടികള്‍ വാരിക്കൂട്ടിയത്‌. ഇവയ്‌ക്ക് പുറമേ ഇരുപതിലധികം ചിത്രങ്ങള്‍ ഹിറ്റുകളാവുകയും മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്‌തു. ഇനി ഓണവും ബക്രീദും ക്രിസ്‌മസും ന്യൂ ഇയറുമെല്ലാം വരാനിരിക്കുന്നതേയുള്ളൂ. ഈ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ അനവധി ബിഗ്‌ബജറ്റ്‌ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്‌.
ഇതില്‍ പലതും വിഷയത്തിലെയും പ്രമേയത്തിലെയും സാങ്കേതിക വിദ്യയിലെയും അവതരണ രീതിയിലെയും പുതുമകള്‍കൊണ്ട്‌ ഹിറ്റും സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമാകുമെന്ന്‌ ഉറപ്പാണ്‌. സിനിമയുടെ ദൃശ്യഭംഗിക്കായി എത്ര കോടികള്‍ മുടക്കാനും നിര്‍മാതാക്കള്‍ തയ്ാറായയും നില്‍ക്കുന്നു. നിലവില്‍ സിനിമയുടെ പിന്നാമ്പുറങ്ങളില്‍നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെങ്കിലും സിനിമയുടെ 'ഗോദയില്‍' പ്രതീക്ഷയുടെ 'ടേക്ക്‌ ഓഫിനാണ്‌' കളമൊരുങ്ങുന്നത്‌.

പിറന്നത്‌ നാല്‌ മെഗാഹിറ്റുകള്‍

2017 ലെ ആദ്യസൂപ്പര്‍ഹിറ്റ്‌ സ്വന്തം പേരിലെഴുതിയത്‌ സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശേരിയാണ്‌. പരീക്ഷണസിനിമകളിലൂടെ എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന ലിജോ ജോസ്‌ ഇത്തവണയും പതിവ്‌ തെറ്റിച്ചില്ല. അങ്കമാലി ഡയറീസ്‌ എന്ന കട്ടലോക്കല്‍ ചിത്രം ബോക്‌സോഫിസില്‍ നിന്ന്‌ വാരിയത്‌ കോടികളാണ്‌. പ്രമുഖതാരങ്ങളെ ഉള്‍പ്പെടുത്താതെ പൂര്‍ണമായും നവാഗതരെ ഉള്‍ക്കൊള്ളിച്ചാണ്‌ സിനിമ ലിജോ ഒരുക്കിയത്‌. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവാണ്‌ ചിത്രം നിര്‍മിച്ചത്‌. നടന്‍ ചെമ്പന്‍ വിനോദായിരുന്നു തിരക്കഥ. പുതുമുഖങ്ങളുടെ മത്സരിച്ചുള്ള അഭിനയം സിനിമയെ സൂപ്പര്‍ഹിറ്റാക്കി.
മലയാള സിനിമയുടെ പ്രതീക്ഷയുടെ ആകാശത്തേക്ക്‌ പറന്നുയര്‍ന്ന ചിത്രമായിരുന്നു ടേക്ക്‌ ഓഫ്‌. ദൃശ്യാനുഭവത്തിലും അവതരണശൈലിയിലും ചിത്രം ഹോളിവുഡിനോട്‌ കിടപിടിച്ചു. മലയാളസിനിമയുടെ പരമ്പരാഗത ശൈലികളോട്‌ മുഖംതിരിച്ചുനിന്ന ഈ സിനിമയില്‍ ഫഹദും കുഞ്ചാക്കോ ബോബനും പര്‍വ്വതിയും അഭിനയപ്രതിഭകൊണ്ട്‌ മത്സരിക്കുകയായിരുന്നു. മലയാള സിനിമയില്‍ എഡിറ്ററായി മേല്‍വിലാസം നേടിയ മഹേഷ്‌ നാരായണന്റെ ആദ്യസംവിധാനസംരംഭമായിരുന്നു സിനിമ. 2014 ല്‍ ഇറാഖ്‌ ആക്രമണത്തില്‍ കുടുങ്ങിക്കിടന്ന നഴ്‌സുമാരുടെ ജീവിതമായിരുന്നു സിനിമ പറഞ്ഞത്‌. എറണാകുളം ജില്ലയിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നുമാത്രം സിനിമ ഒരുകോടിയിലേറെ കളക്‌റ്റ് ചെയ്‌തു.
കുഞ്ഞിരാമായണത്തിലൂടെ മലയാളത്തിന്‌ ഒരു സൂപ്പര്‍ഹിറ്റ്‌ സമ്മാനിച്ച യുവസംവിധായകന്‍ ബേസില്‍ ജോസഫിന്റെ രണ്ടാമത്തെ ചിത്രം ഗോദയും സിനിമകൊട്ടകയില്‍നിന്നും കോടികള്‍ വാരി.
ഗുസ്‌തി എന്ന കായികവിനോദം ഒരു ലഹരിപോലെ സിരകളില്‍ പടര്‍ന്നു പിടിച്ച കണ്ണാടിക്കല്‍ ഗ്രാമത്തിലേക്കാണ്‌ ബേസില്‍ പ്രേക്ഷകരെ ഇത്തവണ കൂട്ടിക്കൊണ്ടുപോയത്‌. കേവലമൊരു ഗുസ്‌തിക്കഥയ്‌ക്കപ്പുറം, ചില കൊച്ചു നൊമ്പരങ്ങളും തമാശകളും പ്രണയവുമൊക്കെ ഇഴചേര്‍ന്ന ഒരു ഗുസ്‌തി -കോമഡി എന്റര്‍ടെയ്‌നറായിരുന്നു ഗോദ. മലയാളത്തില്‍ പുത്തന്‍ താരോദയമായി മാറിക്കൊണ്ടിരിക്കുന്ന ടോവിനോ തോമസാണ്‌ സിനിമയില്‍ നായകനായെത്തിയത്‌.
മഹേഷിന്റെ പ്രതികാരം എന്ന വ്യത്യസ്‌തമായ സിനിമ കാഴ്‌ച മലയാളിക്ക്‌ സമ്മാനിച്ച ദിലീഷ്‌ പോത്തന്റെ മറ്റൊരു 'ബ്രില്ല്യന്റ്‌ ' വര്‍ക്കായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പതിവ്‌ സിനിമകളുടെ കെട്ടുകാഴ്‌ചകളെ കാറ്റില്‍ പറത്തി തന്നെയാണ്‌ ദിലീഷ്‌ രണ്ടാമത്തെ അത്ഭുതം പ്രേക്ഷകര്‍ക്കായി കരുതിവച്ചത്‌.
സജീവ്‌ പാഴൂരിന്റെ തിരക്കഥയിലാണ്‌ ദിലീഷ്‌ തൊണ്ടിമുതലും ദൃക്‌സാക്ഷിയും അണിയിച്ചൊരുക്കിയത്‌. മലയാളത്തില്‍ ആദ്യമായി ക്രിയേറ്റീവ്‌ ഡയറക്‌ടര്‍ എന്ന പോസ്‌റ്റ് സൃഷ്‌ടിച്ച്‌, അതിന്റെ ഇരിപ്പിടത്തില്‍ ശ്യാംപുഷ്‌കരനും തിരക്കഥയെ മനോഹരമാക്കാനുണ്ടായിരുന്നു. ഫഹദിന്റെ അഭിനയമായിരുന്നു സിനിമയെ സൂപ്പര്‍ഹിറ്റ്‌ ചാര്‍ട്ടിലെത്തിച്ചത്‌.

വാണവരും വീണവരും

മമ്മൂട്ടി നായകനായ ഗ്രേറ്റ്‌ ഫാദര്‍ വര്‍ഷങ്ങള്‍ക്കിടയില്‍ തിയറ്ററുകളിലെത്തി കോടികള്‍ വാരിയ ചിത്രങ്ങളില്‍ പ്രഥമസ്‌ഥാനത്താണ്‌. അമ്പത്‌ കോടി കളക്‌റ്റ് ചെയ്‌തുവെന്നാണ്‌ അണിയറക്കാര്‍ അവകാശപ്പെടുന്നത്‌. ടോവിനോ നായകനായ ടോം ഇമ്മട്ടി സംവിധാനം ചെയ്‌ത ഒരു മെക്‌സിക്കന്‍ അപാരതയും തിയറ്ററുകളില്‍ നിന്നും ലാഭം കൊയ്‌തു. ജിബു ജേക്കബ്‌ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ നായകനായ മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ കുടുംബപ്രേക്ഷകരെ ആവേശം കൊള്ളിച്ചു. അമല്‍നീരദ്‌ സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം സി.ഐ.എ, സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ജോമോന്റെ സുവിശേഷം, രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്‌ത കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടം, നിവിന്‍ പോളിയുടെ സഖാവും ബിജുമേനോന്റെ രക്ഷാധികാരി ബൈജുവും, ലക്ഷ്യവും, പൃഥ്വിരാജിന്റെ എസ്രയും ഹിറ്റ്‌ചാര്‍ട്ടില്‍ ഇടം പിടിച്ചു.
വിനീത്‌ ശ്രീനിവാസന്റെ എബിയും ഒരു സിനിമാക്കാരനും, മഞ്‌ജുവാര്യരുടെ സൈറ ബാനുവും അസിഫ്‌ അലിയുടെ അഡ്വഞ്ചര്‍ ഓഫ്‌ ഓമനക്കുട്ടനും , സണ്‍ഡേ ഹോളിഡേയും നിര്‍മാണചെലവിലെ കുറവുകൊണ്ട്‌ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. ഫഹദിന്റെ റോള്‍ മോഡല്‍സും ജയറാമിന്റെ അച്ചായന്‍സും വലിയ അഭിപ്രായം നേടിയില്ലെങ്കിലും നിര്‍മാതാവിന്‌ നഷ്‌ടം വരുത്തിയില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മിഥുന്‍ മാനുവേല്‍ തോമസ്‌ സംവിധാനം ചെയ്‌ത അലമാരയും, സിദ്ദിഖ്‌ സംവിധാനം ചെയ്‌ത ഫുക്രിയും ദിലീപ്‌ നായകനായ ജോര്‍ജേട്ടന്‍സ്‌ പൂരവും മുടക്കുമതല്‍ നേടിയെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതില്‍ ചില സിനിമകള്‍ക്ക്‌ സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ തുകയാണ്‌ തുണയായത്‌.
എന്നാല്‍ വാനോളം പ്രതീക്ഷകളുയര്‍ത്തി തിയേറ്ററുകളിലെത്തിയ രഞ്‌ജിത്ത്‌-മമ്മൂട്ടി ചിത്രം പുത്തന്‍ പണവും മേജര്‍ രവി -മോഹന്‍ലാല്‍ ചിത്രം 1972 ബിയോണ്ട്‌ ബോര്‍ഡറും, ലാല്‍ ജൂനിയര്‍-ആസിഫ്‌ അലി ചിത്രം ഹണി ബീ ടൂവും. ജയരാജ്‌-കുനാല്‍ കപൂര്‍ ബ്രഹ്‌മാണ്ഡ ചിത്രം വീരവും പ്രേക്ഷകരെ നിരാശപ്പെടുത്തി. മുടക്കുമുതലിലെ വലുപ്പം മൂലം പ്രഥ്വിരാജ്‌-മുരളിഗോപി ചിത്രം ടിയാനും നഷ്‌ടത്തിന്റെ അക്കൗണ്ടിലാകും അടയാളപ്പെടുത്താന്‍ പോവുന്നത്‌.

വരാനിരിക്കുന്നത്‌ വിജയത്തിന്റെ പൂക്കാലം തന്നെ

സൂപ്പര്‍സ്‌റ്റാറുകള്‍ സജീവമായി പോരാട്ടത്തിനിറങ്ങുന്ന കാലമാണ്‌ വരാന്‍പോകുന്നത്‌. ലാലിന്റെ രണ്ട്‌ ചിത്രങ്ങളും മമ്മുട്ടിയുടെ നാല്‌ ചിത്രങ്ങളുമാണ്‌ 2017 അവസാനിക്കുന്നതിന്‌ മുമ്പ്‌ റിലീസിംഗിനെത്തുന്നത്‌.
മോഹന്‍ലാലിന്റെ ബി. ഉണ്ണികൃഷ്‌ണന്‍ ചിത്രം വില്ലനും ലാല്‍ ജോസ്‌ ചിത്രം വെളിപാടിന്റെ പുസ്‌തകവും മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്‌ക്കുന്നില്ല. ലാലിന്റെ ആരാധകരെ തൃപ്‌തിപ്പെടുത്തുവാന്‍ കഴിയുന്ന എല്ലാ രസക്കൂട്ടുകളും സിനിമയില്‍ ചേരുംപടി ചേര്‍ത്തിട്ടുണ്ട്‌. മമ്മൂട്ടിയുടെ ശ്യംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്‌റ്റാറാ, അജയ്‌ വാസുദേവ്‌ ചിത്രം മാസ്‌റ്റര്‍ പീസ്‌, നവാഗതനായ ശരത്‌ സംവിധാനം ചെയ്യുന്ന പരോളും, മമ്മുട്ടി പോലീസ്‌ വേഷത്തിലെത്തുന്ന സ്‌ട്രീറ്റ്‌ ലൈറ്റുമാണ്‌ ഏറ്റമുട്ടലിന്‌ ഒരുങ്ങുന്ന മമ്മുട്ടി ചിത്രങ്ങള്‍. എന്നാല്‍ യുവതാരനിരയില്‍ നിന്ന്‌ ഇവര്‍ക്ക്‌ കടുത്ത മത്സരങ്ങളെ നേരിടേണ്ടി വരും. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്യുന്ന മൂത്തോനും അല്‍ത്താഫ്‌ സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിലെ ഇടവേളയും, ശ്യാമപ്രസാദ്‌ ചിത്രം ഹേയ്‌ ജൂഡും ഈ വര്‍ഷം തീയേറ്ററുകളിലെത്തും. അതിനിടെ നിവിന്‍ നായകനാകുന്ന തമിഴ്‌ ചിത്രം റിച്ചിയും ഈ വര്‍ഷം റിലീസിംഗിനുള്ള ഒരുക്കത്തിലാണ്‌. ഗൗതം മേനോനാണ്‌ സംവിധാനം.
ആദം ജോണും വിമാനവുമായാണ്‌ പൃഥ്വി പോരാട്ടത്തിനെത്തുന്നത്‌. വിമാനത്തില്‍ പത്ത്‌ കിലോ തൂക്കം കുറച്ചാണ്‌ പൃഥ്വി യുടെ വരവ്‌. വ്യത്യസ്‌ത ഗെറ്റപ്പുകള്‍ക്ക്‌ നിരന്തരം ശ്രമിക്കുന്ന ജയസൂര്യ ഫുട്‌ബോള്‍ താരം സത്യന്റെ ജീവിതമാക്കിയെടുക്കുന്ന 'ക്യാപ്‌റ്റനും' , രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാംഭാഗം പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡുമായി ഏറ്റുമുട്ടലിനുണ്ട്‌.
തൊട്ടതെല്ലാം പൊന്നാക്കുന്ന സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ട്രാന്‍സു'മായാണ്‌ ഫഹദിന്റെ മത്സരം. എന്നാല്‍ സിനിമ ഈ വര്‍ഷം ഷൂട്ടിംഗ്‌ പൂര്‍ത്തിയാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്‌. എന്നാല്‍ ഫഹദ്‌ പ്രധാനവേഷത്തിലെത്തുന്ന വേലൈക്കാരനും ഉടന്‍ തന്നെ തിയറ്ററുകളിലെത്തും. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി നായകപട്ടം കീഴടക്കിയ ടോവിനോ തോമസും ആഷീഖ്‌ അബു സംവിധാനം ചെയ്യുന്ന 'മായാനദി'യും തമിഴ്‌ നടന്‍ ധനുഷ്‌ നിര്‍മ്മിക്കുന്ന 'തരംഗ'വുമായി ഏല്ലാവര്‍ക്കും ഭീഷണിയായുണ്ട്‌.
ബോളിവുഡ്‌ സംവിധായകന്‍ ബിജോയ്‌ നമ്പ്യാരുടെ ആദ്യമലയാള സംവിധായക സംരംഭമായ സോളയാണ്‌ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ റിലീസ്‌. നടന്‍ സിദ്ധാര്‍ഥ്‌ ഭരതന്‍ സംവിധാനം ചെയ്യുന്ന 'വര്‍ണ്യത്തില്‍ ആശങ്കയി'ലാണ്‌ കുഞ്ചാക്കോ ബോബന്റെ പ്രതീക്ഷ. ലേഡി സൂപ്പര്‍സ്‌റ്റാറായി മുന്നേറുന്ന മഞ്‌ജുവാര്യര്‍ക്ക്‌ മൂന്ന്‌ റിലീസിംഗുണ്ട്‌. ഉദാഹരണം സുജാത, എഴുത്തുക്കാരി മാധവിക്കുട്ടിയുടെ ജീവിതം പകര്‍ത്തുന്ന ആമി, മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ ഭാവപകര്‍ച്ച അവതരിപ്പിക്കുന്ന 'മോഹന്‍ലാല്‍' എന്നീ ചിത്രങ്ങളിലാണ്‌ മഞ്‌ജു കേന്ദ്രകഥാപാത്രമാകുന്നത്‌.
ദിലീപിനെ നായകനാക്കി രതീഷ്‌ അമ്പാട്ട്‌ സംവിധാനം ചെയ്യുന്ന കമ്മരസംഭവവും, അരൂണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയും ഉടന്‍ തീയറ്ററുകളിലെത്തേണ്ട ചിത്രങ്ങളായിരുന്നു. എന്നാല്‍ ദിലീപ്‌ ജയിലിലായതിനെ തുടര്‍ന്ന്‌ റിലീസിംഗ്‌ ഡേറ്റ്‌ ഇനിയും മാറുമോയെന്ന്‌ വ്യക്‌തമല്ല. പ്രേക്ഷകര്‍ ഏറെ ഇഷ്‌ടപ്പെടുന്ന ബിജുമേനോന്റെതായി ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക്ക്‌ ടോംസിലും , നടന്‍ നീരജ്‌ മാധവ്‌ തിരക്കഥ എഴുതി ഗിരീഷ്‌ സംവിധാനം ചെയ്യുന്ന 'ലവകുശ'യിലുമാണ്‌ റിലീസിംഗിന്‌ ഒരുങ്ങുന്നത്‌. അസിഫ്‌ അലി നായകനാകുന്ന തൃശ്ശൂവപേരൂര്‍ ക്ലിപ്‌തവും വിജയം തന്നെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. എബ്രിഡ്‌ ഷൈന്‍ സംവിധാനം ചെയ്യുന്ന നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ്‌ നായകനാകുന്ന പൂമരവും, ഹാപ്പി വെഡ്‌ഡിംഗ്‌ എന്ന ന്യൂജനറേഷന്‍ വിജയചിത്രത്തിന്‌ ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന 'ചങ്ക്‌സും' ഹിറ്റ്‌ചാര്‍ട്ടില്‍ ഇടം തേടുമെന്നുതന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. നിലവില്‍ മുപ്പതിനടുത്ത്‌ മലയാള സിനിമകളുടെ ഷൂട്ടിംഗാണ്‌ ഇപ്പോള്‍ കേരളത്തിനകത്തും, പുറത്തുമായി നടന്നുകൊണ്ടിരിക്കുന്നത്‌. ഈ സിനിമകളില്‍ പലതും വമ്പന്‍ വിജയം തന്നെ ലക്ഷ്യംവയ്‌ക്കുമ്പോള്‍ ലാഭങ്ങളുടെ കണക്കെടുപ്പില്‍ ബോക്‌സോഫീസില്‍ ഏറ്റവും ചലനമുണ്ടാക്കുന്ന വര്‍ഷമായി 2017 മാറുമെന്നുറപ്പാണ്‌.

Ads by Google
Sunday 23 Jul 2017 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW