Sunday, July 23, 2017 Last Updated 13 Min 30 Sec ago English Edition
Todays E paper
Sunday 23 Jul 2017 02.31 AM

ഉലകം ചുറ്റി ചപ്പാത്തിക്കുട്ടി

uploads/news/2017/07/129910/sun4.jpg

കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു പ്രഭാതം. കൊച്ചിയിലെ ഒരു തെരുവുനായയ്‌ക്കു രാജയോഗം ഉദിച്ചുയര്‍ന്നത്‌ അന്നാണ്‌. ഏതു നായയ്‌ക്കും ഒരു ദിവസമുണ്ടെന്ന ചൊല്ല്‌ 'ചപ്പാത്തി'യുടെ കാര്യത്തില്‍ അന്വര്‍ഥമായത്‌ യുക്രെയിന്‍ ദമ്പതികളായ യൂജിന്‍ പീറ്ററസിന്റെയും ക്രിസ്‌റ്റിന മസലോവയുടെയും വരവോടെയാണ്‌.
ഫോര്‍ട്ടുകൊച്ചിയിലെ തെരുവില്‍ ജീവന്‍ പൊലിയാറായി കിടന്ന നായ്‌ക്കുട്ടിയുടെ രോദനം ഇവരുടെ കരളലിയിച്ചു. പിന്നെയൊന്നും ആലോചിച്ചില്ല. പാതിയടഞ്ഞ കണ്ണുമായി കരഞ്ഞു തളര്‍ന്നു കിടന്ന അവനെയങ്ങു ദത്തെടുത്തു. മെലിഞ്ഞുണങ്ങിയ വയറും ഗോതമ്പിന്റെ നിറവുമുള്ള അവനു യുജിനും ക്രിസ്‌റ്റീനയും തങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യന്‍ ഭക്ഷണമായ 'ചപ്പാത്തി'യുടെ പേരുമിട്ടു.
പിന്നെ ജീവന്‍ നിലനിര്‍ത്താനുള്ള ഓട്ടമായി.ആദ്യം ധാരാളം വെള്ളം നല്‍കി. കൈക്കുഞ്ഞിനെയെന്ന പോലെ തോര്‍ത്തില്‍ പൊതിഞ്ഞെടുത്തു. ഒടുവില്‍ ആളൊന്നുഷാറായപ്പോള്‍ ദേഹം മുഴുവന്‍ ചെള്ളു പെരുകി. പിന്നെ മൃഗാശുപത്രികളില്‍ കയറിയിറങ്ങി. പലവിധ മരുന്നുകള്‍ പരീക്ഷിച്ചു. ചെള്ളും ചൊറിച്ചിലും മാറ്റിയെടുത്തു.
നിത്യേന തെരുവുനായ്‌ക്കള്‍ പെറ്റുപെരുകി വഴിനടക്കാന്‍പോലും കഴിയാതായ കൊച്ചുകേരളത്തില്‍നിന്നു കണ്ടെടുത്ത ചപ്പാത്തിക്കിന്നു ലക്ഷക്കണക്കിന്‌ ആരാധകരുണ്ട്‌. ചപ്പാത്തിയേയും കൂട്ടിയുള്ള യുക്രെയ്‌ന്‍ ദമ്പതിമാരുടെ ലോകയാത്ര അത്ര എളുപ്പമായിരുന്നില്ല. ഓരോ രാജ്യത്തും നായ്‌ക്കുട്ടിയുമായി പ്രവേശിക്കാന്‍ ഓരോ നിയമക്കുരുക്കായിരുന്നു. താമസിക്കാന്‍ ഇടം കിട്ടാനും ബുദ്ധിമുട്ട്‌. ഹോട്ടലുകളും ഹോസ്‌റ്റലുകളും ചപ്പാത്തിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതാണ്‌ അടുത്ത പൊല്ലാപ്പായത്‌.മുംബൈയില്‍ ഭക്ഷണം പോലും നിരസിക്കപ്പെട്ട അവസ്‌ഥയുണ്ടായി. എങ്കിലും ചപ്പാത്തിയെ അവര്‍ കൈവിട്ടില്ല.
പക്ഷേ, നേപ്പാളില്‍ ചപ്പാത്തിക്കു ബുദ്ധക്ഷേത്രങ്ങളില്‍ പോലും പ്രവേശനം ലഭിച്ചു. ഫിലിപ്പീന്‍സ്‌ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ ചപ്പാത്തി കണ്ടുകഴിഞ്ഞു. ഈ യാത്രാവിശേഷങ്ങള്‍ പങ്കുവയ്‌ക്കാന്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ പിന്തുടരുന്ന ഫേസ്‌ബുക്‌ പേജും ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ടും അവനുണ്ട്‌. നിലവില്‍ ഫിലിപ്പീന്‍സില്‍ വേനല്‍ ആഘോഷിക്കുന്ന ചപ്പാത്തി, യുജിനും ക്രിസ്‌റ്റീനയ്‌ക്കും ഒപ്പം അവരുടെ സുഹൃത്തിന്റെ കല്യാണം കൂടാന്‍ യുക്രെയ്‌നിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്‌.

ഉമാദേവി

Ads by Google
Sunday 23 Jul 2017 02.31 AM
YOU MAY BE INTERESTED
TRENDING NOW