Sunday, July 23, 2017 Last Updated 1 Min 49 Sec ago English Edition
Todays E paper
എം.എസ്‌. സന്ദീപ്‌
Sunday 23 Jul 2017 02.28 AM

ഇടുക്കി സ്വദേശിക്കു നാല്‌ പാസ്‌പോര്‍ട്ട്‌: കേസ്‌ അട്ടിമറിച്ചു

passport

ഇടുക്കി: സംസ്‌ഥാനത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസുകളില്‍ നിന്ന്‌ ഒരേ വിലാസത്തില്‍ ഒന്നിലേറെ പാസ്‌പോര്‍ട്ട്‌ വിതരണം ചെയ്‌ത സംഭവത്തിലെ അന്വേഷണം അട്ടിമറിച്ചു. ഇതേത്തുടര്‍ന്ന്‌ കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണത്തിലിരുന്ന വ്യക്‌തി രാജ്യംവിട്ടു. ഉന്നതരുടെ ഗൂഢാലോചനയുടെ ഭാഗമാണ്‌ രാജ്യസുരക്ഷയ്‌ക്കു തന്നെ ഭീഷണിയായേക്കാവുന്ന അന്വേഷണം അട്ടിമറിച്ചത്‌.

കേസ്‌ അന്വേഷണത്തിലിരിക്കെ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ അലിയാര്‍ രാജ്യം വിട്ടതായി സൂചനയുണ്ടെന്ന്‌ കാണിച്ച്‌ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട്‌ നല്‍കി. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ രണ്ടാം പ്രതിയാണ്‌ അലിയാര്‍. ഇയാളുടെ സഹോദരന്‍ പരീതിന്‌ പാസ്‌പോര്‍ട്ട്‌ അന്വേഷണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നടത്തിയ അന്വേഷണമാണ്‌ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്‌. പ്രാഥമിക അന്വേഷണത്തില്‍ പരീത്‌ ഇതിനു മുന്‍പ്‌ വിദേശയാത്ര നടത്തിയതായി പോലീസിനു വിവരം ലഭിച്ചു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പരീതിന്റെ കൈയില്‍നിന്ന്‌ നാലു പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. പാസ്‌പോര്‍ട്ടില്‍ ഒന്നില്‍ പരീതിന്റെയും മറ്റൊന്നില്‍ അലിയാരുടെയും മറ്റ്‌ തിരിച്ചറിയാത്ത രണ്ടുപേരുടേയും ചിത്രങ്ങളാണ്‌ നല്‍കിയിരുന്നത്‌.

എറണാകുളം മേഖലാ ഓഫീസില്‍നിന്ന്‌ നാല്‌ പാസ്‌പോര്‍ട്ട്‌ നല്‍കിയതായി പോലീസിന്‌ വിവരം ലഭിക്കുകയും ഇതുസംബന്ധിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പോലീസിന്‌ ലഭിക്കുകയുമായിരുന്നു.

കഴിഞ്ഞ എട്ടിന്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. പരീതിനും അലിയാര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്‌ എടുക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഇവരെ ഉടന്‍ അറസ്‌റ്റു ചെയ്യണമെന്നും ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കണമെന്നുമാണ്‌ ചട്ടം. എന്നാല്‍, ഉന്നത ഇടപെടലുകളെ തുടര്‍ന്ന്‌ സംഭവം ഒതുക്കിവച്ചിരിക്കുകയായിരുന്നു. മംഗളം ഈ വാര്‍ത്ത പുറത്തുവിട്ടതോടെ സംഭവം വിവാദമാകുകയും നിലവിലുള്ള അന്വേഷണം മാറ്റി കഞ്ഞിക്കുഴി സി.ഐക്ക്‌ അന്വേഷണച്ചുമതല നല്‍കുകയും ചെയ്‌തിരുന്നു.

പാസ്‌പോര്‍ട്ട്‌ ഓഫീസിലെ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെയാണ്‌ ഇയാള്‍ കൂടുതല്‍ പാസ്‌പോര്‍ട്ട്‌ സ്വന്തമാക്കിയതെന്ന്‌ പോലീസിന്‌ ആദ്യം തന്നെ സംശയം തോന്നിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ എറണാകുളം പാസ്‌പോര്‍ട്ട്‌ ഓഫീസിലെത്തി വിവരം ശേഖരിക്കുകയും ചെയ്‌തു. പിന്നീട്‌ അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ്‌ അലിയാര്‍ രാജ്യം വിട്ടതായുള്ള സൂചനകള്‍ രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അന്വേഷണ ഉദ്യോഗസ്‌ഥരുടെ വീഴ്‌ചയാണ്‌ ഇതിനു പിന്നിലെന്ന്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌. ഒന്നിലേറെ പാസ്‌പോര്‍ട്ടുകള്‍ ഒരാള്‍ക്കു നല്‍കിയതിനു പിന്നില്‍ ഉന്നതരുണ്ടെന്നും മനുഷ്യക്കടത്ത്‌ ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും സംശയം ഉടലെടുത്തിരുന്നു.
ഇവരുടെ ബന്ധുവിനെ മുന്‍പ്‌ കോടികളുടെ ഹാഷിഷ്‌ ഓയില്‍ കേസുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റു ചെയ്‌തിരുന്നു. അടിയന്തരമായി നടപടിയെടുക്കേണ്ടതും ഉയര്‍ന്ന ഏജന്‍സികള്‍ അന്വേഷിക്കണ്ടതുമായ കേസ്‌ ഉന്നതര്‍ കുടുങ്ങുമെന്ന കാരണത്താല്‍ അട്ടിമറിക്കാന്‍ നീക്കം നടന്നിരുന്നു.

ഇതിനിടെയാണ്‌ അലിയാര്‍ രാജ്യം വിട്ടതായുള്ള വിവരങ്ങള്‍ പോലീസിനു ലഭിക്കുന്നത്‌. പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ ചിലരും, ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനും സംഭവത്തില്‍ ഇടപെടലുകള്‍ നടത്തിയതായും സൂചനയുണ്ട്‌.

Ads by Google
TRENDING NOW